വത്തിക്കാനിലെ പുല്‍ക്കൂടിന്‍റെ ദൃശ്യബിംബങ്ങള്‍

തീര്‍ത്ഥാടകര്‍ക്കായി സജ്ജമാക്കിയ പുല്‍ക്കൂടിന്‍റെ ഹ്രസ്വവീഡിയോ ചിത്രീകരണം ...

- ഫാദര്‍ വില്യം നെല്ലിക്കല്‍ 
 

1. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പുല്‍ക്കൂടു നിര്‍മ്മിക്കുന്ന പതിവിന് തുടക്കമിട്ടത് വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ്.

2. അത്യാധുനികത തോന്നിക്കുന്ന ഈ പുല്‍ക്കൂടു പാപ്പാ ഫ്രാന്‍സിസിന് സമ്മാനിച്ചതും സജ്ജമാക്കിയതും മദ്ധ്യഇറ്റലിയിലെ കസ്തേലി പ്രദേശത്തെ ജനങ്ങളാണ്.

3. കസ്തേലി പ്രദേശത്തെ കളി‍മണ്‍ പാത്രനിര്‍മ്മാണത്തിന്‍റെ സാംസ്കാരിക പൈതൃകത്തിന്‍റെയും തദ്ദേശീയതയുടെയും പ്രതീകമാണ് അത്യാധുനികത കൂട്ടിയിണക്കിയ സിറാമിക് ബിംബങ്ങളുടെ ഈ പുല്‍ക്കൂട്.

4. പുല്‍ക്കൂടിനോടു ചേര്‍ന്നു തലയുയര്‍ത്തി നില്കുന്ന 65 അടി ഉയരമുള്ള സ്പ്രൂസ് ഇനത്തില്‍പ്പെട്ട ക്രിസ്തുമസ്മരം കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ സ്ലൊവേനിയക്കാര്‍ സമ്മാനമായി വത്തിക്കാനില്‍ എത്തിച്ചതാണ്.

5. ഒരു ഫൈബര്‍ കുടക്കീഴില്‍ പരമ്പരാഗത ശൈലി തെറ്റിച്ച് ഇണക്കിയിരിക്കുന്ന ഒരാള്‍ പൊക്കമുള്ള 30-ല്‍ അധികം സിറാമിക് ബിംബങ്ങളാണ് വത്തിക്കാനിലെ ഈ വര്‍ഷത്തെ പുല്‍ക്കൂട്.

6. കേന്ദ്രഭാഗത്തായി, ഇടതുവശത്ത് യൗസേപ്പിനെയും, വലതുഭാഗത്തു മേരിയെയും, മദ്ധ്യത്തില്‍ പുല്‍ത്തൊട്ടിയിലെ ഉണ്ണിയെയും കാണാം. അവര്‍ക്കു പിന്നില്‍ ഉയര്‍ന്നുനില്ക്കുന്ന വടിവൊത്ത പൂര്‍ണ്ണകായ രൂപം മനുഷ്യാവതാര രഹസ്യത്തിന്‍റെ കേന്ദ്രവും, ആദിയും അന്ത്യവുമായ - ആല്‍ഫയും ഒമേഗയുമായ ക്രിസ്തുതന്നെ!

7. കസ്തേലിയില്‍ സുലഭമായ വെളുത്ത കളിമണ്ണില്‍നിന്നും അല്ലെങ്കില്‍ സിറാമിക്കില്‍നിന്നും അവിടത്തെ ഫൈന്‍ ആര്‍ട്ട്സ് കോളെജിലെ വിദ്യാര്‍ത്ഥികള്‍ രൂപകല്പനചെയ്തു ചുട്ടെടുത്തതാണിവ.

8. ഇരുണ്ടതും ഭാഗികമായി സുതാര്യവുമായ ഫൈബര്‍ഗ്ലാസ് ഷീറ്റില്‍ പ്രതീകാത്മകമായി തീര്‍ത്ത ബെതലഹേം മലഞ്ചെരുവാണ് ക്രിബ്ബിന്‍റെ ചിത്രീകരണത്തിനു പശ്ചാത്തലം.

9. ഒട്ടകങ്ങളും ആടുമാടുകളും പക്ഷിമൃഗാദികളുമായി 30-ല്‍ അധികം വടിവൊത്ത അമൂര്‍ത്ത പൂര്‍ണ്ണകായ പ്രതിമകളാണ് വത്തിക്കാനില്‍ എത്തുന്ന കാണികളുടെ കണ്ണുകള്‍ക്ക് കൗതുകമാകുന്നത്.

10. പൂജരാജാക്കളും, കുഴലൂതുന്ന ഇടയന്മാരും പിന്നെ ആ രാവില്‍ പുല്‍ക്കൂട്ടില്‍ വന്നുചേര്‍ന്ന എളിയവരുടെ അമൂര്‍ത്ത രൂപങ്ങളും ദൈവിക വഴികളിലെ വിസ്മയത്തിന്‍റെ അടയാളങ്ങളാണ്.

11 ബഹിരാകാശ ചാരികളെന്നു തോന്നിക്കുന്ന വിചിത്രരൂപങ്ങള്‍ ജീവിതത്തിന്‍റെ സാധാരണതകളില്‍ കാണേണ്ട ദൈവികതയുടെ അടയാളങ്ങളാണ്.

12. ഇന്നു ലോകം അനുഭവിക്കുന്ന കനത്ത വൈറസ് പ്രഹരത്തിന്‍റെ മൂകതയും, ജീവന്‍റെ നിശ്ചലതയും പരസ്പരമുള്ള അകല്‍ച്ചയും ക്രിബ്ബില്‍ കാണാമെങ്കിലും....

13. ഒരു മഹാമാരിയുടെ ക്ലേശകാലത്ത് ലോകത്തിന് അനിവാര്യമായ സകലത്തിനെയും ക്രിസ്തുവില്‍ ആശ്ലേഷിക്കുന്ന കൂട്ടായ്മയുടെയും കൂടിക്കാഴ്ചയുടെയും സംസ്കാരം ഈ ക്രിബ്ബിന്‍റെ സന്ദേശമാണ്.

14. ഏതു ശൈലിയിലും തരത്തിലും നിര്‍മ്മിച്ചാലും പുല്‍ക്കൂടു സ്നേഹത്തിന്‍റെ സന്ദേശമാണ് (Admirabilis Signum 10, Papa Francesco, 2019).
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 December 2020, 07:38