ബിഷപ്പ് ജെയിംസ് ആനാപറമ്പില്‍, ആലപ്പുഴ ബിഷപ്പ് ജെയിംസ് ആനാപറമ്പില്‍, ആലപ്പുഴ 

എല്ലാവരെയും ദൈവമക്കളാക്കി ഉയര്‍ത്തുന്ന ദൈവസ്നേഹം

ആലപ്പുഴ രൂപതാദ്ധ്യക്ഷന്‍, ബിഷപ്പ് ജെയിസ് ആനാപറമ്പില്‍ ക്രിസ്തുമസ് നാളില്‍ പങ്കുവച്ച സന്ദേശം - ശ്ബ്ദരേഖയോടെ...

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു നല്കിയ ഈ സന്ദേശത്തിന് അഭിവന്ദ്യ പിതാവിന് നന്ദിപറയുന്നു. വൈദിക വിദ്യാര്‍ത്ഥികളുടെ രൂപീകരണത്തിലും അദ്ധ്യായനത്തിലും നിറഞ്ഞുനിന്ന പിതാവിന്‍റെ ജീവിതം ഇനി അജപാലന മേഖലയില്‍ ഫലദായകമാവട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

ബിഷപ്പ് ആനാപറമ്പിലിന്‍റെ സന്ദേശം


മഹാമാരിക്കിടയിലെ ക്രിസ്തുമസ്

തിരുപ്പിറവിയുടെ സന്തോഷാശംസകൾ ഹൃദയപൂർവ്വം നേരുന്നു. നമ്മൾ ഒത്തിരി ഏറെ പ്രതിസന്ധികൾ അതിജീവിക്കുന്നതിനിടയിലാണ് ഈ വർഷത്തെ നമ്മുടെ ക്രിസ്തുമസ് ആഘോഷം. ഒത്തുചേരലുകൾ, സമ്മേളനങ്ങൾ, വിരുന്നാഘോഷങ്ങൾ ഉപേക്ഷിച്ചുകൊണ്ടോ ലളിതമാക്കികൊണ്ടോ മറ്റുമാണ് ഈ വർഷം നമ്മൾ തിരുനാളിനെ വരവേൽക്കുന്നത്. കൊറോണ വൈറസിന്‍റെ വ്യാപനത്തെ നിയന്ത്രിക്കാനാവാതെ പലയിടത്തും അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ക്രിസ്തുമസിന്‍റെ സന്തോഷം നമുക്ക് നഷ്ടപ്പെടുത്താനോ വേർപെടുത്താനോ ആവില്ല. കാരണം അത് ക്രിസ്തുമസ് തന്നെയാണ് എന്നതാണ്. നിങ്ങൾ രക്ഷയുടെ ഉറവിടത്തിൽ നിന്ന് സന്തോഷപൂർവ്വം ജലം ശേഖരിക്കുവിൻ എന്ന് ഏശയ്യാ പ്രവാചകൻ ആഹ്വാനം ചെയ്ത ഐശ്വര്യത്തിന്‍റെയും ദൈവകരുണയുടെയും നേർക്കാഴ്ച ഈ പിറവിത്തിരുനാളിൽ നമുക്ക് ദർശിക്കാനാകും. പ്രവാചകന്‍റെ വാക്കുകൾ തുടർന്ന് നാം ശ്രവിക്കുന്നു: ഞാൻ കർത്താവിൽ അത്യധികം ആനന്ദിക്കുന്നു, എന്‍റെ ആത്മാവ് ദൈവത്തിൽ ആനന്ദം കൊള്ളുന്നു. വരൻ പുഷ്പമാല്യം അണിയുന്നത് പോലെയും, വധു ആഭരണഭൂഷിതയാകുന്നപോലെയും അവിടുന്ന് എന്നെ രക്ഷയുടെ ഉടയാടകൾ ധരിപ്പിക്കുകയും നീതിയുടെ മേലങ്കി അണിയിക്കുകയും ചെയ്തു.

സകലര്‍ക്കും ആനന്ദം പകരുന്ന ക്രിസ്തുമസ്

ആരെയും ഒഴിച്ചു നിർത്താത്ത സന്തോഷമാണ് ക്രിസ്മസിന്‍റേത്. മഹാനായ ലെയോ പാപ്പയുടെ തിരുപ്പിറവി പ്രസംഗത്തിലെ വാക്കുകൾ വളരെ അർത്ഥവത്താണ്. പാപ്പാ പറയുന്നു: ഈ സന്തോഷത്തിൽനിന്ന് ഒരാളും പുറത്തല്ല. കാരണം സന്തോഷത്തിന്‍റെ അടിസ്ഥാനം എല്ലാവർക്കും ഒന്നാണ്, പൊതുവാണ്. മരണത്തിനും പാപത്തിനും നിത്യമായ അന്ത്യം വരുത്തുവാനായി നമ്മുടെ രക്ഷകൻ ആഗതനായപ്പോൾ ശിക്ഷ അർഹിക്കാത്തവരായി ആരെയും കണ്ടില്ല. എല്ലാവരുടെയും രക്ഷയ്ക്കുവേണ്ടിയാണ് അവിടുന്ന് വന്നത്. ആകയാൽ വിശുദ്ധർ സന്തോഷിക്കട്ടെ. കാരണം അവർ തങ്ങളുടെ വിജയകിരീടത്തോടടുക്കുന്നു; പാപികൾ സന്തോഷിക്കട്ടെ കാരണം അവർക്ക് പൊറുതി നൽകപ്പെട്ടിരിക്കുന്നു. വിജാതിയർ ഉന്മേഷം കൊള്ളട്ടെ, എന്തെന്നാൽ അവർ ജീവനിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നു.

ക്രിസ്തുമസ് തരുന്ന ദൈവികവെളിച്ചം

ക്രിസ്തുമസ് കാലം സന്ദർശനങ്ങളും സമ്മാന കൈമാറ്റങ്ങളുടെയും സമയമാണല്ലോ. നാം നേരിടുന്ന കൊറോണ ദുരന്തം സന്ദർശനങ്ങൾ നിർണായകമാംവിധം കുറച്ചിട്ടുണ്ട്. സമ്മാനങ്ങൾ നമ്മൾ ഒരുപക്ഷേ പോസ്റ്റ് വഴിയോ, കൊറിയർ വഴിയോ പങ്കിടുകയും കൂടുതൽ കമനീയമാക്കുവാൻ ശ്രമിച്ചിട്ടുമുണ്ടാകാം. നമ്മുടെ ഭൗതിക സന്തോഷങ്ങളെ പങ്കുവയ്ക്കാൻ നാമുപയോഗിക്കുന്ന സമ്മാനങ്ങളെക്കാൾ എത്ര വിലപ്പെട്ടതാണ് ക്രിസ്തുമസ് നമുക്ക് പങ്കുവച്ചു നൽകുന്ന സമ്മാനം. അത് ഭൗമിതലമാകെ പ്രകാശിപ്പിക്കുന്ന സൂര്യതേജസ്സിനേക്കാൾ വിസ്‌തൃതവും, സൗമ്യ ശീതളവുമാണ്. നീതി സൂര്യനായ ദൈവം പാപാന്ധകാരത്തെ നീക്കി നമുക്ക് പ്രകാശം വിതറുന്ന അനുഗ്രഹ സമ്മാനമാണ് ക്രിസ്തുമസ് പ്രദാനം ചെയ്യുന്നത്.

ഈ മഹോത്സവത്തിന്‍റെ മൂന്ന് ആത്മീയ സന്തോഷങ്ങള്‍

നമുക്ക് ആത്മീയ സന്തോഷം പകരുന്ന മൂന്നു സമ്മാനങ്ങളെ എടുത്തു പറയാൻ ഞാനാഗ്രഹിക്കുന്നു. അവ പരസ്പരം പൂരകവും ഒരേസമയം തന്നെ സംഭവിക്കുന്നതുമാണ്. ക്രിസ്തുമസ് രാത്രിയിലെ ദിവ്യപൂജയിൽ പ്രഥമ വായനയിൽ ഏശയ്യാ പ്രവാചകനിൽ നിന്നും നാം ശ്രവിക്കുന്നത് ഇപ്രകാരമാണ്.

1) നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു.
നമുക്ക് ഒരു പുത്രൻ നൽകപ്പെട്ടിരിക്കുന്നു (ഏശയ്യ 9:6). ക്രിസ്തുമസിന്‍റെ പ്രഥമ സമ്മാനം ദൈവപുത്രൻ തന്നെയാണ്. പിതാവായ ദൈവം തന്‍റെ ഏകജാതനെ നമുക്ക് സമ്മാനമായി നൽകിയിരിക്കുകയാണ്. നമ്മുടെ രക്ഷയെ മുൻനിർത്തിയുള്ള സമ്മാനമാണ് തൻറെ ഏകജാതനെ നമുക്ക് നൽകുകവഴി ദൈവം ചെയ്തിരിക്കുന്നത്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ നാം വായിക്കുന്നതുപോലെ 'തൻറെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിനാണിത്'. ദൈവം ലോകത്തിന് രക്ഷ പ്രധാനം ചെയ്യുന്നത് ക്രിസ്തുവിലൂടെയാണ്. സ്വർഗ്ഗവും ഭൂമിയും പരസ്പരം പ്രവേശിക്കുന്ന വാതിൽ ക്രിസ്തുവാണ്. ഈശോ അരുൾചെയ്തിട്ടുള്ളത് പോലെ 'ഞാനാണ് വാതിൽ, എന്നിലൂടെ പ്രവേശിക്കുന്നവർ രക്ഷപ്രാപിക്കും. അവർ അകത്തു വരികയും പുറത്തു പോവുകയും മേച്ചിൽസ്ഥലം കണ്ടെത്തുകയും ചെയ്യും'.

2) ക്രിസ്തുമസ്സിന്‍റെ രണ്ടാമത്തെ സമ്മാനം ദൈവമക്കളാകാനുള്ള അധികാരം
ക്രിസ്തു നമുക്ക് പങ്കുവെച്ചു നൽകുന്നു എന്നതാണ്. മനുഷ്യാവതാരത്തെ കുറിച്ചുള്ള വി.യോഹന്നാന്‍റെ ധ്യാനഗീതിയാണ് യോഹന്നാന്‍റെ സുവിശേഷത്തിലെ ആരംഭത്തിൽ നാം ശ്രവിക്കുന്നത്. 1-Ɔο അധ്യായം 12-Ɔο വാക്യം ഇപ്രകാരമാണ് "അവിടുത്തെ സ്വീകരിച്ചവർക്കെല്ലാം ദൈവമക്കളാകാൻ അധികാരം നൽകി". പിതാവായ ദൈവം തന്‍റെ ഏകജാതനു നൽകിയ അധികാരത്തിലുള്ള പങ്കാളിത്തമാണ് പുത്രൻ നമുക്കും പങ്കുവച്ചു നൽകുന്നത്. എന്താണ് ഈ അധികാരം? പുത്രനാണ് ഈ അധികാരത്തിന് മാതൃക നമുക്ക് നൽകുന്നത്. അവിടുത്തെ വാക്കുകളിലും സ്വജീവിതം സമർപ്പിച്ചുകൊണ്ട് ദൈവഹിതത്തിനു വഴങ്ങാൻ ആടുകൾക്കായി ജീവൻ ഹോമിക്കുവാൻ അവിടുന്ന് തിരഞ്ഞെടുത്ത സ്വാതന്ത്ര്യ വിനിയോഗമാണ് അധികാരം. സഹോദര സ്നേഹത്തെപ്രതി ജീവൻ സമർപ്പിക്കുവാനുള്ള ഈ സ്വാതന്ത്ര്യമാണ് ദൈവമക്കൾക്കുള്ള സ്വഭാവ സവിശേഷത. ക്രിസ്തുനാഥന്‍റെ വരവ് ഈ സമർപ്പണത്തിന്‍റെ പരമകാഷ്ടയെ പ്രാപിക്കുവാൻ നമ്മെ കഴിവുറ്റവരാകുന്നു. സഹോദര സ്നേഹത്തിനുള്ള സ്വാതന്ത്ര്യലബ്ധി നാം പ്രാപിച്ചിരിക്കുന്നു എന്ന് സാരം. അവിടുത്തെ പരിശുദ്ധാത്മാവിനെ നമ്മിൽ വർഷിച്ചുകൊണ്ട് ഈ കഴിവ് അവിടുന്ന് നമുക്കു പ്രദാനം ചെയ്തിരിക്കുന്നു.

3) ദൈവത്തെ പിതാവേ, എന്നു വിളിക്കുന്ന സ്വാതന്ത്ര്യം 
മൂന്നാമത്തെ സമ്മാനം തന്‍റെ ഏകജാതനെ നാം സ്വീകരിച്ച പ്രഥമ സമ്മാനത്തോടും അവിടുത്തെ അധികാരത്തിൽ സ്നേഹത്തിനായി സ്വയം സമർപ്പിക്കുവാനായിട്ടുള്ള അധികാരത്തിൽ പങ്കുചേരാൻ നമുക്ക് ലഭിച്ച രണ്ടാമത്തെ സമ്മാനത്തോടും ചേർന്നു വായിക്കാവുന്നതാണ്. ദൈവത്തെ പിതാവേ, എന്നു വിളിക്കാനായിട്ട് (1യോഹന്നാൻ 1:18) നാം പ്രാപിക്കുന്ന പുത്രസ്വീകാര്യത എന്ന സമ്മാനം. മുമ്പ് സൂചിപ്പിച്ച ധ്യാനഗീതത്തിലെ സമാപനമാകുന്ന യോഹന്നാന്‍റെ സുവിശേഷം 1-Ɔο അധ്യായം 18-Ɔο വാക്യം ഇപ്രകാരമാണ്. 'ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്ധം പുലർത്തുന്ന ദൈവം തന്നെയായ ഏകജാതനാണ് അവിടുത്തെ നമുക്ക് വെളിപ്പെടുത്തിയത്'. പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പയുടെ 'നാം സോദരർ' എന്ന ചാക്രികലേഖനം അടിവരയിടുന്ന ക്രൈസ്തവ ആത്മീയതയുടെ മാറ്റുരയ്ക്കുന്ന കാര്യം ദൈവം നമ്മുടെയെല്ലാം പിതാവാണ് എന്നതാണ്. ക്രിസ്തുമസ്, പിതാവ് തന്‍റെ പുത്രനെ ലോകത്തിനു സമ്മാനിച്ച ദിനമായിരിക്കുന്നിടത്തോളം തന്നെ ക്രിസ്തുനാഥൻ തന്നെ സ്വർഗീയ പിതാവിനെ നമുക്ക് വെളിപ്പെടുത്തിയ സുദിനം കൂടിയാണ്. നിഗൂഢനായിരിക്കുന്ന പിതാവുമായി പുത്രനിലൂടെ ബന്ധം പുലർത്താനും, അവിടെത്തോടൊപ്പം ദൈവത്തെ പിതാവേ എന്ന് വിളിക്കുവാനുമുള്ള സ്വാതന്ത്ര്യവും കരഗതമാകുന്നു. ദൈവമക്കൾ എന്ന നിലയിൽ സ്വയം തിരിച്ചറിയുകയും അതിന്‍റെ ഉത്തരവാദിത്വലേക്ക് നാം ഉണരുകയും ചെയ്യുമ്പോൾ മാത്രമേ ഈ ഭൂമിയിൽ സ്വർഗ്ഗരാജ്യം നിർമ്മിക്കുവാൻ നമുക്ക് സാധിക്കുകയുള്ളൂ.

ഈ മൂന്ന് അനുഗ്രഹങ്ങളും സുവിശേഷ സവിശേഷമായ വിധം പ്രാപിക്കുവാനും അവ നൽകുന്ന അനന്തമായ സന്തോഷം ഹൃദയം നിറയെ ഉൾക്കൊള്ളുവാനും പരസ്പരം കൈമാറ്റം ചെയ്യുവാനും ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. എല്ലാവർക്കും ഹൃദ്യമായ ക്രിസ്തുമസ് പുതുവത്സര ആശംസകൾ

+ ജെയിംസ് ആനാപ്പറമ്പിൽ
ആലപ്പുഴ മെത്രാൻ.
…………………………..

 ആലപ്പുഴ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ജെയിസ് ആനാപ്പറമ്പില്‍ ക്രിസ്തുമസ്നാളില്‍  പങ്കുവച്ച ക്രിസ്തുമസ് സന്ദേശം.  

ഗാനമാലപിച്ചത് ജെറി അമല്‍ദേവിന്‍റെ "സിങ് ഇന്ത്യ ഗായക"  സംഘമാണ്. രചന മഹാകവി ചെറിയാന്‍ കുനിയന്തോടത്ത് സി. എം. ഐ., സംഗീതം ജെറി അമല്‍ദേവ്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 December 2020, 15:44