പുല്‍ക്കൂടിന്‍റെ  ശില്പി പുല്‍ക്കൂടിന്‍റെ ശില്പി 

പുല്‍ക്കൂടിന്‍റെ ഉത്ഭവത്തെയും പ്രസക്തിയെയും കുറിച്ച് പാപ്പാ ഫ്രാന്‍സിസ്

“അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് അടയാളങ്ങളിലൂടെ ആവിഷ്ക്കരിച്ച ഒരു സുവിശേഷവത്ക്കരണ രീതിയാണ് പുല്‍ക്കൂട് അല്ലെങ്കില്‍ ക്രിബ്ബ്....” - പാപ്പാ ഫ്രാന്‍സിസ്

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

പുല്‍ക്കൂടിന്‍റെ പൊരുളും പ്രാധാന്യവും സംബന്ധിച്ച് “വിസ്മയകരമായ അടയാളം” Admirabile Signum എന്ന പേരിലുള്ള അപ്പസ്തോലിക ലിഖിതത്തിലാണ് പാപ്പാ ഫ്രാന്‍സിസ് ക്രിബ്ബിനെ ഇങ്ങനെ വിവരിക്കുന്നത്. ഡിസംബര്‍ 1, 2019-Ɔമാണ്ട് തന്‍റെ അപ്പസ്തോലിക സ്ഥാനത്തിന്‍റെ ഏഴാം വര്‍ഷത്തില്‍ ഇറ്റലിയില്‍ അസ്സീസി പട്ടണത്തിന് അടുത്ത് ഗ്രേചോയിലുള്ള തിരുപ്പിറവിയുടെ ദേവാലയത്തില്‍വച്ചു പ്രബോധിപ്പിച്ചത്

1.0 പുല്‍ക്കൂടിന്‍റെ പാരമ്പര്യത്തെ പ്രോത്സാഹിപ്പിക്കാം!
ക്രൈസ്തവര്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട ക്രിസ്തുമസ് ക്രിബ്ബ് അല്ലെങ്കില്‍ പുല്‍ക്കൂട് ഇന്നും ലോകത്തെ ഏറെ വിസ്മയിപ്പിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്യുന്നു. ക്രിസ്തുവിന്‍റെ ജനനത്തിന്‍റെ ലഘൂകരിച്ച ചിത്രീകരണം ദൈവപുത്രന്‍റെ മനുഷ്യാവതാര രഹസ്യത്തിന്‍റെ ആനന്ദകരമായ പ്രഘോഷണമാണ്. തിരുവെഴുത്തുകളുടെ ഏടുകളില്‍നിന്നും ഉയിര്‍കൊള്ളുന്ന സുവിശേഷമാണ് തിരുപ്പിറവിയുടെ രംഗചിത്രീകരണം. ലോകത്തുള്ള ഓരോ സ്ത്രീയും പുരുഷനുമായി നേര്‍ക്കാഴ്ച നടത്താന്‍ ദൈവം താഴ്മയില്‍ മനുഷ്യരൂപമെടുത്ത ചരിത്ര സംഭവത്തിന്‍റെ ഒരു ആത്മീയ യാത്രയാണ് ക്രിസ്തുമസ്സിനെക്കുറിച്ചുള്ള ധ്യാനം. നമ്മില്‍ ഒരുവന്‍ ആകുവാന്‍ വേണ്ടുവോളം വിനയാന്വിതമായ മഹല്‍ സ്നേഹമാണ് ദൈവം പ്രകടമാക്കിയതെന്നു ധ്യാനിച്ചാല്‍ നമുക്കും അവിടുത്തോടു ചേര്‍ന്നു ജീവിക്കാന്‍ സാധിക്കും.

1.1 ക്രിസ്തുമസിനു മുന്‍പുള്ള ദിവസങ്ങളില്‍ മനോഹരമായ പുല്‍ക്കൂട് കുടുംബങ്ങളില്‍ നിര്‍മ്മിക്കുന്ന നല്ല പാരമ്പര്യത്തെ ഈ കത്തിലൂടെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം നമ്മുടെ സ്ഥാപനങ്ങളിലും, സ്ക്കൂളുകളിലും, ആശുപത്രികളിലും, ജയിലുകളിലും, നഗരങ്ങളിലെ നാല്ക്കവലകളിലും അത് ഒരുക്കുന്ന പാരമ്പര്യം തുടരണമെന്നും ഓര്‍മ്മിപ്പിക്കുകയാണ്. വ്യത്യസ്തങ്ങളായ വസ്തുക്കള്‍ ഉപയോഗിച്ച് ചെറുതെങ്കിലും മനോഹരമായ പുല്‍ക്കൂടുകള്‍ നിര്‍മ്മിക്കുന്നതില്‍ പ്രകടമാകുന്ന വലിയ ഭാവനയും ക്രിയാത്മകതയും ശ്രദ്ധേയമാണ്.
കുട്ടികളായിരിക്കെ മാതാപിതാക്കളില്‍നിന്നും കാരണവന്മാരില്‍നിന്നും പുല്‍ക്കൂടിന്‍റെ നിര്‍മ്മിതി കണ്ടു പഠിക്കുന്നതോടൊപ്പം, ഈ ജനകീയ ഭക്തിയുടെ സമ്പന്നമായ അറിവ് ചുരുക്കത്തില്‍ ലഭിക്കുന്നതും അവരില്‍നിന്നു തന്നെയാണ്. ഈ നല്ല പാരമ്പര്യം കെട്ടുപോകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. എവിടെയെങ്കിലും ഇനി ഇല്ലാതായിട്ടുണ്ടെങ്കില്‍ത്തന്നെ അത് പുനരാവിഷ്ക്കരിക്കുവാനും പുനര്‍ജീവിപ്പിക്കുവാനും സാധിക്കുമെന്നതിലും സംശയമില്ല.

2.0 പുല്‍ക്കൂടിന് ആധാരം സുവിശേഷങ്ങള്‍
ബെതലഹേമില്‍ ഈശോയുടെ ജനനത്തിന്‍റെ വിവരണം പറയുന്ന സുവിശേഷങ്ങളിലാണ് പുല്‍ക്കൂടിന്‍റെ ഉല്പത്തി കണ്ടെത്താനാവുന്നത്. വിശുദ്ധ ലൂക്കാ സുവിശേഷകന്‍ പച്ചയായി കുറിക്കുന്നത്, “മറിയം തന്‍റെ കടിഞ്ഞൂല്‍പ്പുത്രനെ പ്രസവിച്ചു. പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ് അവനെ പുല്‍ത്തൊട്ടിയില്‍ കിടത്തി. കാരണം, സത്രത്തില്‍ അവര്‍ക്കു സ്ഥലം ലഭിച്ചില്ല”
(2, 7). ലത്തീന്‍ ഭാഷയില്‍ പുല്‍ത്തൊട്ടിക്ക് “പ്രെസീപിയൂം” Presipium, ഇംഗ്ലിഷില്‍ Manger എന്ന വാക്കുകളാണ് ഉപയോഗിക്കുന്നത്.

2.1 അങ്ങനെ ദൈവപുത്രനായിരുന്നിട്ടും അവിടുത്തേയ്ക്കു പിറക്കാന്‍ ഈ ഭൂമിയില്‍ ഇടം ലഭിച്ചത് കാലികള്‍ മേയുന്ന പുല്‍മേട്ടിലാണ്. സ്വര്‍ഗ്ഗത്തില്‍നിന്നും ഇറങ്ങി വന്ന അപ്പമെന്ന് സ്വയം വെളിപ്പെടുത്തിയ അവിടുത്തേയ്ക്ക് ആദ്യ കിടക്കയായി ലഭിച്ചത് വൈക്കോലാണ് (യോഹ. 6, 41). വിശുദ്ധ അഗസ്റ്റിന്‍ മറ്റു സഭാപിതാക്കന്മാര്‍ക്കൊപ്പം ഈ പ്രതീകാത്മകതയില്‍ ഏറെ സംപ്രീതനായി പറയുന്നത്, “പുല്‍ത്തൊട്ടിയില്‍ ശയിച്ചവന്‍ നമ്മുടെ ആത്മീയ ഭോജ്യമായി” (പ്രഭാഷണം 189, 4). തീര്‍ച്ചയായും പുല്‍ക്കൂട് ക്രിസ്തുവിന്‍റെ നിരവധി മൗതിക രഹസ്യങ്ങള്‍ വെളിപ്പെടുത്തുകയും, നമ്മുടെയും ജീവിതങ്ങളിലേയ്ക്ക് ആ ദൈവിക രഹസ്യങ്ങളെ പ്രസരിപ്പിക്കുകയും ചെയ്യുന്നു.

2.2 എന്നിരുന്നാലും പുല്‍ക്കൂടിന്‍റെ ഉത്ഭവം സംബന്ധിച്ച് നമുക്ക് ഏറ്റവും സുപരിചിതമായ കാര്യങ്ങളിലേയ്ക്ക് എത്തിനോക്കുന്നതു നല്ലതാണ്. 1223-ലെ നവംബര്‍ 29-ന് തന്‍റെ സന്ന്യാസ സഭയുടെ നിയമാവലിക്ക് ഓനോറിയൂസ് 3-Ɔമന്‍ പാപ്പായില്‍നിന്നും അംഗീകാരം കിട്ടിയതില്‍പ്പിന്നെ ഇറ്റലിയിലെ ഗ്രേചോ എന്ന ചെറുപട്ടണത്തിലെ ഒരു ഗുഹയില്‍, അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് പതിവുപോലെ പ്രാര്‍ത്ഥിച്ചു കാണണം. അതിനു മുന്‍പെ വിശുദ്ധനഗരം സന്ദര്‍ശിച്ചിട്ടുള്ള വിശുദ്ധന്‍റെ മനസ്സില്‍ ഗ്രേചോ ഗുഹ ബെതലഹേമിന്‍റെ ഓര്‍മ്മകള്‍ ഉണര്‍ത്തിയിട്ടുണ്ടായിരിക്കാം. മാത്രമല്ല, റോമാ നഗര സന്ദര്‍ശനത്തിനിടെ മേരി മേജര്‍ ബസിലിക്കയിലെ (Mary Major Basilica) തിരുപ്പിറവിയുടെ ‘മൊസൈക്ക്’ ചിത്രീകരണങ്ങളും (Nativity scenes), അവിടെ ബെതലഹേമിലെ പുല്‍ത്തൊട്ടിയില്‍നിന്നും കൊണ്ടുവന്നിട്ടുള്ള മരപ്പലകകള്‍ സൂക്ഷിച്ചിരിക്കുന്നു എന്ന വാര്‍ത്തയും ഫ്രാന്‍സിസിന്‍റെ മനസ്സില്‍ ബെതലഹേത്തെക്കുറിച്ചുള്ള ആത്മീയാവേശം ഉണര്‍ത്തിയിട്ടുണ്ടാകാം.

2.3 ഗ്രേചോയില്‍ എന്തു സംഭവിച്ചുവെന്ന് ഫ്രാന്‍സിസ്ക്കന്‍ പാരമ്പര്യം കൃത്യമായി പറയുന്നുണ്ട്. ആ വര്‍ഷം ക്രിസ്തുമസിന് 15 ദിവസംമുന്‍പ് അവിടെ പട്ടണത്തില്‍ അടുത്തു പരിചയമുള്ള ജോണ്‍ എന്നൊരാളോട് ഫ്രാന്‍സിസ് ആവശ്യപ്പെട്ടത്, ഈശോ പിറന്ന ബെതലേഹം കുന്നില്‍ അവിടുന്നു എത്രത്തോളം സൗകര്യക്കുറവുകള്‍ സഹിച്ചാണ് പിറന്നതെന്ന് നഗ്നനേത്രങ്ങള്‍ക്ക് ഗ്രാഹ്യമാകുന്ന വിധത്തില്‍ ജീവനുള്ള കാളയും കഴുതയുമുള്ള ഒരു കാലിത്തൊഴുത്ത് ഒരുക്കാനാണ്. മേരിയും ഉണ്ണിയും, യൗസേപ്പും, ഇടയന്മാരും, മാലാഖമാരുമുള്ള ഒരു പുല്‍ക്കൂട് ഗ്രേചോ ഗുഹയില്‍ പുനരാവഷ്ക്കരിക്കണമെന്നും, ഉണ്ണിയേശുവെ വൈക്കോലില്‍ കിടത്തണമെന്നുമാണ് (ചെലാനോ, 84).

സിദ്ധന്‍ ആവശ്യപ്പെട്ടതു പ്രകാരമുള്ള എല്ലാ സംവിധാനങ്ങളും വിശ്വസ്തനായ ആ സ്നേഹിതന്‍ ഗുഹയില്‍ ഒരുക്കി. ക്രിസ്തുമസ്സ് രാത്രിയില്‍ തന്‍റെ സഹോദരങ്ങളും ഗ്രേചോയുടെ വിവിധ ഭാഗങ്ങളിലെ കൃഷിയിടങ്ങളിലുള്ളവരും സകുടുംബം ഗുഹയിലെത്തി. അവര്‍ പൂക്കളും വിളക്കുകളുമായി ആ ക്രിസ്തുമസ് രാവിനെ കൂടുതല്‍ ഭംഗിയുള്ളതാക്കി. ഫ്രാന്‍സിസ് സ്ഥലത്തെത്തിയപ്പോള്‍ ഗുഹയില്‍ വൈക്കോലും, കാളയെയും കഴുതയെയും കണ്ടു. പിന്നെ അവിടെയുള്ളവരില്‍നിന്നു തന്നെ പുല്‍ക്കൂട്ടിലെ ഉണ്ണിയും അമ്മയും, യൗസേപ്പും, ഇടയന്മാരും മാലാഖമാരുമെല്ലാം തയ്യാറായി നിന്നിരുന്നു. ഉണ്ണിയെ കിടത്തിയ പുല്‍ത്തൊട്ടിക്കു സമീപം വൈദികന്‍ ദിവ്യബലിയര്‍പ്പിച്ചു. മനുഷ്യാവതാരവും ദിവ്യകാരുണ്യവും തമ്മില്‍ ബന്ധിപ്പിക്കുന്ന ചരിത്ര സംഭവമായിരുന്നു അത്. ഗ്രേചോയില്‍ പ്രതിമകള്‍ ഇല്ലായിരുന്നു. അവിടെ ഉണ്ടായിരുന്നവര്‍ തന്നെയാണ് തിരുപ്പിറവിയുടെ രംഗം പൂര്‍ണ്ണമായും പുനരാവിഷ്ക്കരിച്ചത് (ചെലാനോ, 85).

2.4 ഇതാണ് പുല്‍ക്കൂടിന്‍റെ ആരംഭം : അവിടെ ഗ്രേചോ ഗുഹയില്‍ കൂടിയവര്‍ എല്ലാവരും തിരുപ്പിറവിയുടെ മൂലസംഭവത്തില്‍നിന്നു വിദൂരസ്ഥമല്ലാത്തപോലെ ക്രിസ്തുമസ് രാത്രിയുടെ ദിവ്യരഹസ്യത്തില്‍ സജീവമായ ഭക്തിയോടും സന്തോഷത്തോടുംകൂടെ പങ്കുചേര്‍ന്നു.

2.5 വിശുദ്ധ ഫ്രാന്‍സിസിന്‍റെ ആദ്യത്തെ ജീവചരിത്രകാരന്‍ തോമസ് ചെലാനോ രേഖപ്പെടുത്തുന്നത്, ഗ്രേച്യോ ഗുഹയില്‍ ആ രാവില്‍ ആവിഷ്ക്കരിക്കപ്പെട്ട ലളിതവും ഹൃദയസ്പര്‍ശിയുമായ പുല്‍ക്കൂട്ടിലെ ദിവ്യബലിയെ തുടര്‍ന്ന് അവിടെ സന്നിഹിതരായിരുന്ന എല്ലാവര്‍ക്കും ലഭിച്ചത് അത്യപൂര്‍വ്വമായ ഒരു ദര്‍ശനമായിരുന്നു.  ബെതലഹേമിലെ ദിവ്യശിശുവിനെ അവര്‍ കണ്ടുവെന്ന് രേഖപ്പെടുത്തിയിരിക്കുന്നു : 1223-ലെ ക്രിസ്തുമസ് രാത്രിയിലെ ആഘോഷങ്ങള്‍ക്കുശേഷം ഗ്രേചോയില്‍ സമ്മേളിച്ച “എല്ലാവരും ആനന്ദപരവശരായി തങ്ങളുടെ ഭവനങ്ങളിലേയ്ക്കു മടങ്ങി” (ചെലാനോ, 86).

3. 0 അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് തുടക്കമിട്ട പാരമ്പര്യം
ലാളിത്യമാര്‍ന്ന ക്രിസ്തുവിന്‍റെ ജനനം വിശുദ്ധ ഫ്രാന്‍സിസ് പുല്‍ക്കൂട്ടിലെ അടയാളങ്ങളിലൂടെ ആവിഷ്ക്കരിച്ചതുവഴി ഒരു സുവിശേഷവത്ക്കരണ രീതിയാണ് അദ്ദേഹം ലോകത്തിനു നല്കിയത്. അദ്ദേഹത്തിന്‍റെ പ്രബോധനം മനുഷ്യഹൃദയങ്ങളെ സ്പര്‍ശിക്കുകയും, ഇന്നും അത് ക്രൈസ്തവികതയുടെ മനോഹാരിതയും, ഒപ്പം രക്ഷണീയ ദൗത്യത്തിന്‍റെ യഥാര്‍ത്ഥമായ പൊരുളും ലോകത്തിന് വെളിപ്പെടുത്തിത്തരുകയും ചെയ്യുന്നു. വിശുദ്ധ ഫ്രാന്‍സിസ് തിരുപ്പിറവിയുടെ രംഗം ആദ്യമായി പുനരാവിഷ്ക്കരിച്ച സ്ഥലം, ഗ്രേചോ ഇന്നും വിശ്വാസത്തെ ബലപ്പെടുത്തുന്നതും ആത്മീയത വളര്‍ത്തുന്നതുമാണ്. മദ്ധ്യ ഇറ്റലിയുടെ ആല്‍പ്പൈന്‍ കുന്നിന്‍ ചെരുവില്‍ മഞ്ഞുപുതച്ചു കിടക്കുന്ന ഗ്രേചോ പട്ടണം ആത്മാവിന് അഭയമാകുന്ന പുണ്യസ്ഥാനമാണ്.

3.1 എന്തുകൊണ്ടാണ് പുല്‍ക്കൂട് മനുഷ്യഹൃദയങ്ങളില്‍ ഇത്രയേറെ കൗതുകം ഉണര്‍ത്തുകയും ഹൃദയങ്ങളെ സ്പര്‍ശിക്കുകയും ചെയ്യുന്നത്. കാരണം, ആദ്യമായി അത് ദൈവത്തിന്‍റെ ലോലമായ സ്നേഹം വെളിപ്പെടുത്തുന്നു : പ്രപഞ്ച ദാതാവ് സൃഷ്ടിയുടെ താഴ്മയെ പുല്‍കുവോളം വിനീതനായി. പുല്‍ക്കൂട്ടില്‍ പിറന്ന മേരീ സുതനായ ക്രിസ്തു സകല ജീവന്‍റെയും സ്രോതസ്സും സുസ്ഥിതിക്കു കാരണക്കാരനുമാണെന്നു മനസ്സിലാക്കുമ്പോള്‍ ജീവന്‍റെ ദാനം അതിന്‍റെ എല്ലാ നിഗൂഢതയിലും കൂടുതല്‍ ആശ്ചര്യാവഹമായിത്തീരുന്നു. മനുഷ്യര്‍ ജീവിതത്തില്‍ തത്രപ്പെടുകയും നഷ്ടധൈര്യരാവുകയും ചെയ്യുമ്പോള്‍ എന്നും നമുക്കു സാന്ത്വനമേകുവാനും നമ്മുടെ സമീപത്തായിരിക്കുവാനുമായി സ്വര്‍ഗ്ഗീയ പിതാവ് നമുക്കായി ക്രിസ്തുവില്‍ ഒരു സഹോദരനെയും വിശ്വസ്ത സ്നേഹിതനെയും നല്കിയിരിക്കുന്നു.

3.2 നമ്മുടെ ഭവനങ്ങളില്‍ പുല്‍ക്കൂടു നിര്‍മ്മിക്കുമ്പോള്‍ ബെതലഹേമിലെ തിരുപ്പിറവിയുടെ രംഗം പുനരുജ്ജീവിപ്പിക്കുവാനാണ് അതു നമ്മെ സഹായിക്കേണ്ടത്.  സ്വാഭാവികമായും പുല്‍ക്കൂടിനെ ധ്യാനിക്കുവാനും മനസ്സിലാക്കുവാനും സഹായിക്കുന്ന സ്രോതസ്സുകള്‍ സുവിശേഷങ്ങള്‍ തന്നെയാണ്. സുവിശേഷങ്ങ്ള്‍ പറയുന്ന പുല്‍ക്കൂടിന്‍റെ രംഗചിത്രീകരണം ഭാവനയില്‍ എല്ലാം കൊണ്ടുവരുവാന്‍ സഹായകമാണ്. അതു നമ്മുടെ ഹൃദയങ്ങളെ സ്പര്‍ശിക്കുന്നു.
മാത്രമല്ല സജീവവും യഥാര്‍ത്ഥവുമായ സമകാലീന സംഭവങ്ങള്‍പോലെ രക്ഷാകര ചരിത്രം അതിന്‍റെ വിസ്തൃതവും സമ്പൂര്‍ണ്ണവുമായ ചരിത്ര-സാംസ്ക്കാരിക വ്യാപ്തിയില്‍ എല്ലാവര്‍ക്കും അനുഭവവേദ്യമാക്കുകയും ചെയ്യുന്നു.

3.3 ദൈവപുത്രനായ ക്രിസ്തു മനുഷ്യാവതാര സംഭവത്തില്‍ സ്വയം ഏറ്റെടുത്ത ദാരിദ്ര്യം അനുഭവിക്കുവാനും അത് തൊട്ടറിയുവാനും ഫ്രാന്‍സിസ്ക്കന്‍ സഭയുടെ ഉല്പത്തി മുതല്‍ പുല്‍ക്കൂട് പ്രത്യേകമായി സഹായിക്കുന്നു. ബെതലഹേമിലെ ജനനം മുതല്‍ കാല്‍വരിയിലെ കുരിശുമരണം വരെ ക്രിസ്തു നടന്ന അവിടുത്തെ എളിമയുടെയും, ദാരിദ്ര്യത്തിന്‍റെയും, സ്വയാര്‍പ്പണത്തിന്‍റെയും പാത വ്യക്തമായി പിഞ്ചെല്ലുവാന്‍ പുല്‍ക്കൂടു നമ്മെ ക്ഷണിക്കുന്നു. സഹായം തേടുന്ന സഹോദരീ സഹോദരന്മാരോട് കാരുണ്യം കാണിച്ചുകൊണ്ട് അവരില്‍ ക്രിസ്തുവിനെ കാണുവാനും അവിടുത്തെ സേവിക്കുവാനും പുല്‍ക്കൂടു നമ്മെ പ്രേരിപ്പിക്കുന്നു (മത്തായി 25, 31-46).   (തുടരും...)
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 December 2020, 14:02