റോമില്‍ ഒക്ടോബര്‍ 20-ന് നടന്ന സാഹോദര്യത്തിനായുള്ള മതങ്ങളുടെ  പ്രാര്‍ത്ഥനയ്ക്കു ശേഷം... റോമില്‍ ഒക്ടോബര്‍ 20-ന് നടന്ന സാഹോദര്യത്തിനായുള്ള മതങ്ങളുടെ പ്രാര്‍ത്ഥനയ്ക്കു ശേഷം... 

“കണ്ണുകള്‍ കാതുകളിലൂടെ കാണുന്നതുപോലുള്ള” സാഹോദര്യം

ഈ ലോകത്ത് സാഹോദര്യം വളര്‍ത്തുന്നതില്‍ മതങ്ങള്‍ തമ്മിലുണ്ടാകേണ്ട സാഹോദര്യ വീക്ഷണത്തെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസ്....

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. സാഹോദര്യത്തിന്‍റെ അത്യപൂര്‍വ്വ ചിന്തകള്‍
സഹോദര്യത്തെ കേന്ദ്രമാക്കി ഒക്ടോബര്‍ മാസാരംഭത്തില്‍ പ്രസിദ്ധീകരിച്ച “എല്ലാവരും സഹോദരങ്ങള്‍,” Fratelli Tutti എന്ന സാമൂഹിക ചാക്രിക ലേഖനത്തിന്‍റെ അവസാനം, 8-Ɔο അദ്ധ്യായത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച അത്യപൂര്‍വ്വമായ ചിന്തകള്‍ :
നമ്മുടെ ലോകത്ത് സാഹോദര്യത്തിനായി സേവനംചെയ്യുന്നതില്‍ മതങ്ങള്‍ക്കുള്ള പങ്കും കടമയും നിര്‍വചിച്ചുകൊണ്ടാണ് പാപ്പാ മതസൗഹാര്‍ദ്ദത്തിനും സമാധാനത്തിനുമായി ആഹ്വാനംചെയ്യുന്നത്. സകലത്തിന്‍റെയും പിതാവായ ദൈവത്തില്‍ വിശ്വസിക്കുന്നവരാണ് മതവിശ്വാസികള്‍ എല്ലാവരും തന്നെ, മതങ്ങള്‍ എല്ലാംതന്നെ! നാം വ്യത്യസ്ത മതസ്ഥരാണെങ്കിലും ഓരോ മനുഷ്യവ്യക്തിയെയും ദൈവത്തിന്‍റെ സൃഷ്ടിയായും ജീവനായും കാണുകയും ആദരിക്കുകയും ചെയ്യണമെന്നാണ് അവയുടെ വിശ്വാസ സംഹിത. നയതന്ത്രപരമായ സഹിഷ്ണുതയും പരിഗണനയും പാലിക്കുന്നതു മാത്രമല്ല മതങ്ങളുടെ സഹവര്‍ത്തിത്വം എന്നു പ്രസ്താവിക്കുന്ന ഭാരതത്തിലെ മെത്രാന്‍ സംഘം മതാന്തര സംവാദത്തെക്കുറിച്ച് പ്രബോധിപ്പിക്കുന്നത് പാപ്പാ ചാക്രികലേഖനത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. “സൗഹൃദം ലക്ഷ്യമാക്കുന്ന സംവാദവും, സത്യത്തിന്‍റെയും സ്നേഹത്തിന്‍റെയും ചൈതന്യവും, ആദ്ധ്യാത്മിക-ധാര്‍മ്മിക മൂല്യങ്ങളുടെ പരസ്പരം പങ്കുവയ്ക്കലുംവഴി സാമൂഹിക ഒരുമയും സമാധാനവും സമൂഹത്തില്‍ കൈവരിക്കുവാന്‍ മതങ്ങള്‍ക്കാവണം” എന്നാണ്.

2. സാമാന്യ യുക്തിക്ക് അതീതമായ സാഹോദര്യം
മനുഷ്യര്‍ക്കിടയിലെ സമത്വം ഉള്‍ക്കൊള്ളുന്നതിന് സാമാന്യ യുക്തിബോധം മതിയാകും. എന്നാല്‍ പൗരന്മാര്‍ എന്ന നിലയിലുള്ള സഹജീവനത്തിന് ഉപരിയായി സാഹോദര്യം വളര്‍ത്തിയെടുക്കുവാന്‍ അതു മതിയാകില്ല. ബഹുസ്വരതയും വൈവിധ്യവും വിഷമകരമായ ജീവിതപരിസ്ഥിതികളുമാണ് ഇന്നത്തെ യാഥാര്‍ത്ഥ്യം. ആരേയും വെറുക്കാത്തതും അടിമച്ചമര്‍ത്താത്തതും ഒഴിവാക്കാത്തതുമായ സാമൂഹ്യനീതിയാണ് ഇന്നിന്‍റെ ആവശ്യം. പരസ്പരം സമാധാനത്തില്‍ ജീവിക്കുവാന്‍ കഴിയണമെങ്കില്‍, നാം അനാഥരല്ല, ഒരേ കുടുംബത്തിലെ മക്കളാണ് എന്ന സാഹോദര്യബോധം ഉണ്ടായെങ്കിലേ കഴിയൂ.

3. വ്യത്യസ്തത അംഗീകരിക്കാം
വ്യത്യസ്തതയെ അംഗീകരിക്കുവാനും ആദരിക്കുവാനും വിശുദ്ധ അഗസ്റ്റിന്‍റെ വാക്കുകള്‍ പാപ്പാ ഫ്രാന്‍സിസ് ഉദ്ധരിക്കുന്നുണ്ട്. കാതുകള്‍ കണ്ണുകളിലൂടെ കാണുന്നു. കണ്ണുകള്‍ കാതുകളിലൂടെ കേള്‍ക്കുന്നു.  പരസ്പര ആശ്രിതത്വമാണ് ജീവിതത്തിന് പൂര്‍ണ്ണത കൈവരുത്തുന്നത്.  അദൃശ്യനായ ദൈവത്തിന്‍റെ ദൃശ്യഗോചരമായ പ്രതിരൂപമാണ് മനുഷ്യന്‍ എന്നതിനെ നിരാകരിക്കുമ്പോഴാണ് സമഗ്രാധിപത്യവും അടിച്ചമര്‍ത്തലും ഉടലെടുക്കുന്നത്. ഒരു വ്യക്തിക്കോ സംഘത്തിനോ വംശത്തിനോ, എന്തിന് ഒരു രാഷ്ട്രത്തിനുപോലും ഒരു  വ്യക്തിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുവാന്‍ പ്രകൃതിദത്തമായ അവകാശമില്ല.  എന്തിന്, ഒരു സാമൂഹ്യഗാത്രത്തിലെ ഭൂരിപക്ഷത്തിനുപോലും അതിനുള്ളിലെ ന്യൂനപക്ഷത്തെ അമര്‍ച്ചചെയ്യുവാന്‍ അവകാശമില്ലെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

വ്യത്യസ്ത മതവിശ്വാസികള്‍ എന്ന നിലയില്‍ നാം വൈവിധ്യമാര്‍ന്ന രീതികളിലാണെങ്കിലും ഈശ്വരവിശ്വാസമുള്ളവര്‍  ലോകത്തിനു നന്മയുടെ സാക്ഷ്യംവഹിക്കുന്നത് പ്രയോജനകരമാണെന്നു നമുക്കറിയാം.  പ്രത്യയശാസ്ത്രപരമായ ശാഠ്യങ്ങളോ സ്വാര്‍ത്ഥ ലക്ഷ്യങ്ങളോ മതാനുയായികള്‍ക്കിടയില്‍ കടന്നുകൂടിയാല്‍ ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ എളുപ്പമല്ലെന്നും പാപ്പാ രേഖപ്പെടുത്തുന്നു.

4. മതത്തിന്‍റെ പരിഗണനയില്ലാതെ
സകലര്‍ക്കും സ്നേഹമാകുന്ന ദൈവം

ക്രൈസ്തവര്‍ ന്യൂനപക്ഷമായ രാജ്യങ്ങളില്‍ അവരുടെ വിശ്വാസ ജീവിതവും ആരാധനാ സ്വാതന്ത്ര്യവും മാനിക്കപ്പെടണം.  അതുപോലെ,  ക്രൈസ്തവര്‍ ഭൂരിപക്ഷമായ രാജ്യങ്ങളില്‍ ഇതര മതസ്ഥരുടെ സ്വാതന്ത്ര്യവും ഉറപ്പുവരുത്തണം.  മതങ്ങള്‍ ഒത്തുചേര്‍ന്ന് സമാധാനപൂര്‍വ്വമായ സഹയാത്ര സാദ്ധ്യമാണ്. കാരണം, ദൈവം കണ്ണുകള്‍ കൊണ്ടല്ല അറിയുന്നത്, ഹൃദയംകൊണ്ടാണ്. മതത്തിന്‍റെ പരിഗണനയില്ലാതെ തന്നെ ഓരോരുത്തരോടുമുള്ള  ദൈവത്തിന്‍റെ സ്നേഹം സമാനമാണ്.  നിരീശ്വരനാണെങ്കില്‍പ്പോലും അതില്‍  ‍വ്യത്യാസമില്ല. അടിസ്ഥാനപരമായ മതവിശ്വാസങ്ങളില്‍ വിദ്വേഷത്തിനോ അക്രമത്തിനോ സ്ഥാനമില്ല. എന്നാല്‍ മതബോധനം വളച്ചൊടിച്ച്, വംശീയതയും ഇതര സമൂഹങ്ങളോടു സ്പര്‍ദ്ദയും വിദ്വേഷവും വളര്‍ത്തുന്ന രീതിയാണ് ഇന്ന് സമൂഹത്തെ ഛിന്നഭിന്നമാക്കുന്നത്. സ്നേഹിക്കാത്തവര്‍ അല്ലെങ്കില്‍ സ്നേഹമില്ലാത്തവര്‍ ദൈവത്തെ അറിയുന്നില്ല, കാരണം ദൈവം സ്നേഹമാണ് (യോഹ. 4, 8).

5. ഭീകരവാദം അപലപനീയം
ഭീകരവാദം അപലപിക്കപ്പെടേണ്ടതും ജനജീവിതത്തിനു ഭീഷണിയുമാണ്. അത് കിഴക്കുനിന്നോ പടിഞ്ഞാറുനിന്നോ, വടക്കുനിന്നോ തെക്കുനിന്നോ ആയാലും അപലപനീയമാണ്. വ്യത്യസ്ത മതങ്ങള്‍ക്കും  സംസ്കാരങ്ങള്‍ക്കും  പരസ്പരം മനസ്സിലാക്കുവാനും സംവദിക്കുവാനും സാധിച്ചാല്‍ ലോകത്ത് പൊതുനന്മയില്‍ ഒത്തുചേരുന്നതും ഊന്നിനില്ക്കുന്നതുമായ സാഹോദര്യം കൈവരിക്കുവാന്‍  സാധിക്കുമെന്ന പ്രത്യാശ കൈവെടിയരുതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

6. മതങ്ങള്‍ക്കപ്പുറം ആഗ്രഹിക്കേണ്ട സാഹോദര്യം
ഈജിപ്തിലെ വലിയ ഇമാം അഹമ്മദ് അല്‍ തയ്യീബും ഒത്തു അബുദാബിയില്‍ 2019 ഫെബ്രുവരിയില്‍ നടത്തിയ സഹോദര്യസംഗമത്തില്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയുടെ  അവസാനഭാഗത്ത് മതങ്ങള്‍ തമ്മിലുണ്ടാകേണ്ട  സാഹോദര്യത്തെക്കുറിച്ച്  പാപ്പാ   അനുസ്മരിക്കുന്നുണ്ട്.   “മതങ്ങള്‍ ഒരിക്കലും യുദ്ധമോ സ്പര്‍ദ്ദയോ ആക്രമണമോ ഉണര്‍ത്തിവിട്ട് രക്തച്ചൊരിച്ചിലിന് വഴിവയ്ക്കുകയില്ലെന്നു  ഞങ്ങള്‍ പ്രതിജ്ഞചെയ്യുകയാണ്. മതങ്ങള്‍ പഠിപ്പിക്കുന്ന സത്യമാര്‍ഗ്ഗത്തില്‍നിന്നുള്ള വ്യതിചലനമാണ് ഈ ദുരന്തയാഥാര്‍ത്ഥ്യത്തിന് കാരണം. സര്‍വ്വശക്തനായ ദൈവത്തിന് ആരുടേയും കാവല്‍വേണ്ട,  ജനങ്ങളെ ഭീതിപ്പെടുത്തുവാനായി ദൈവനാമം ആരും ഉപയോഗിക്കുവാനും പാടില്ല”   (cf. Human Fraternity Declaration, Abudhabi, Feb. 2019).
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 November 2020, 13:32