2020.10.09 GIUSEPPE VERSALDI cardinale 2020.10.09 GIUSEPPE VERSALDI cardinale 

സഭയുടെ വിദ്യാഭ്യാസ മേഖലയില്‍ വേണ്ടുന്ന കാലികമായ മാറ്റങ്ങള്‍

വിദ്യാഭ്യാസ മേഖലയെ സമൂഹവുമായി സംയോജിപ്പിച്ചുകൊണ്ട് അസ്തിത്വത്തിന്‍റെ നവമായ രൂപങ്ങള്‍ കണ്ടെത്താമെന്ന് - കര്‍ദ്ദിനാള്‍ ജുസേപ്പെ വേര്‍സാള്‍ഡി.

- ഫാദര്‍  വില്യം   നെല്ലിക്കല്‍ 

1. കൂട്ടായ്മയുടെ സംസ്ക്കാരത്തിനായി
വിദ്യാഭ്യാസമേഖലയെ കരുപ്പിടിപ്പിക്കണം

ഇന്നിന്‍റെ സാമൂഹിക ചുറ്റുപാടുകള്‍ കൂട്ടായ്മയുടെയും പങ്കുവയ്ക്കലിന്‍റെയും ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് ആവശ്യപ്പെടുന്നതെന്ന്, വത്തിക്കാന്‍റെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായുള്ള സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ജുസ്സേപ്പെ വേഴ്സാള്‍ഡി ഉദ്ബോധിപ്പിച്ചു. എന്നും തുടരേണ്ട സഭയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് മഹാമാരിയുടെ വ്യാപനം ആഗോളവ്യാപകമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ പൊതുവായ നിര്‍ദ്ദേശങ്ങള്‍ നല്കിക്കൊണ്ട് സെപ്തംബര്‍ അവസാനത്തില്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് കര്‍ദ്ദിനാള്‍ ഇങ്ങനെ പ്രസ്താവിച്ചത്.

സുവിശേഷത്തില്‍നിന്നും സഭാപ്രബോധനങ്ങളില്‍നിന്നും ശക്തി സംഭരിച്ച് ഔദാര്യത്തോടും തുറവോടുംകൂടെ യഥാര്‍ത്ഥത്തിലുള്ള കൂട്ടായ്മയുടെ സംസ്കാരത്തിനായി സഭയുടെ വിദ്യാഭ്യാസ മേഖലയെ  ഉപയോഗപ്പെടുത്തണമെന്ന് കര്‍ദ്ദിനാള്‍ വേഴ്സാള്‍ഡി ഉദ്ബോധിപ്പിച്ചു.  ക്ലേശപൂര്‍ണ്ണമായ ഇക്കാലഘട്ടത്തില്‍ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും യൂണിവേഴ്സിറ്റികളിലും സമൂഹത്തിന്‍റെ നന്മയ്ക്കായ് സേവനംചെയ്യാന്‍ കഴിവുള്ളവരെ പരിശീലിപ്പിച്ചെടുക്കേണ്ടത് അനിവാര്യമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

2.  സ്വാര്‍ത്ഥത കൈവെടിയാം
നല്കുമ്പോഴാണ് ലഭിക്കുന്നതെന്നും, നല്കുന്നതില്‍ സന്തോഷമുണ്ടാകുമെന്നും (നടപടി 20, 35) ഇന്നത്തെ യുവതലമുറയെ സഹോദരങ്ങളുടെയും സമൂഹത്തിന്‍റെയും നന്മയ്ക്കായി സേവനംചെയ്യുവാന്‍ സന്നദ്ധതയുള്ളവരായി രൂപപ്പെടുത്തണമെന്ന് വചനത്തിന്‍റെ അടിസ്ഥാനത്തില്‍ കര്‍ദ്ദിനാള്‍ അഭിപ്രായപ്പെട്ടു. പ്രതിസന്ധിയുടെ ഇക്കാലഘട്ടം ഒരിക്കലും നിസംഗതയുടെയും സ്വാര്‍ത്ഥതയുടെയും ഭിന്നിപ്പിന്‍റെയും ഒരു കാലമാണുവരുതെന്നും, ലോകം മുഴുവനും ക്ലേശിക്കുമ്പോള്‍  കൂട്ടായ്മയോടെ കൈകോര്‍ത്തുനിന്ന് മഹാമാരിയുടെ പ്രതിസന്ധിയെ മറികടക്കാന്‍ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കരുത്താര്‍ജ്ജിക്കണമെന്ന് കര്‍ദ്ദിനാള്‍ വേര്‍സാള്‍ഡി വിജ്ഞാപനത്തിലൂടെ ഉദ്ബോധിപ്പിച്ചു. 

3. അനിവാര്യമായ പാരസ്പരികത
മനുഷ്യകുലം എത്രത്തോളം ബലഹീനവും വ്രണത സ്വഭാവമുള്ളതുമാണെന്നാണ്  ഒരു വര്‍ഷത്തോളം ആകുമ്പോഴും പ്രതിവിധി കാണാനാവാതെ ജനങ്ങള്‍ ക്ലേശിക്കുന്ന ലോകവ്യാപകമായ ഈ മഹാമാരി നമ്മെ പഠിപ്പിക്കുന്നത്. അതിനാല്‍ വിദ്യാഭ്യാസ മേഖലയില്‍ മുന്‍പൊരിക്കലും ഇല്ലാത്ത ഒരു പാരസ്പരികത, കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി  ഇതര മതങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടതാണ്. കാരണം, കൂടുതല്‍ തുറവോടെയും  അന്വോന്യം ശ്രവിക്കുവാനുള്ള സന്നദ്ധതയോടെയും പരസ്പര ധാരണയോടെയും ജീവിക്കാന്‍ കഴിവുള്ളൊരു കൂട്ടായ്മയുടെ സംസ്കാരം സമൂഹത്തില്‍ വളര്‍ത്തുവാന്‍ പോരുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുവാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കേ സാധിക്കൂവെന്ന് വിജ്ഞാപനം വ്യക്തമാക്കുന്നു.

4. മതപരവും സാംസ്കാരികവുമായി
വളര്‍ത്തിയെടുക്കേണ്ട  കൂട്ടായ്മ

ഈ ലക്ഷ്യം സാധിക്കണമെങ്കില്‍ പ്രാദേശിക തലത്തില്‍ത്തന്നെ കൂടുതല്‍ സ്ഥാപനങ്ങളുടെ  കൂട്ടായ്മ ആദ്യം വളര്‍ത്തിയെടുക്കേണ്ടത് ആവശ്യമാണ്. മതപരമായും സാംസ്കാരികമായും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഐക്യവും സൗഹൃദവും സാഹോദര്യവും വളര്‍ത്തിയെടുക്കേണ്ടത് കാലികമായ ആവശ്യമാണ്. സഹവര്‍ത്തിത്വത്തിന്‍റെ നവമായ രൂപങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒരുക്കേണ്ടത് അടിയന്തിരമായ ആവശ്യമാണെന്ന് വത്തിക്കാന്‍റെ നിര്‍ദ്ദേശം വ്യക്തമാക്കുന്നു. അതിനാല്‍ ദീര്‍ഘവീക്ഷണത്തോടെ വിദ്യാഭ്യാസ മേഖലയെ കാണുകയും ഫലവത്തായ നവീകരണ പദ്ധതികള്‍ സൃഷ്ടിക്കുവാന്‍ വിവിധ സമൂഹങ്ങളും സ്ഥാപനങ്ങളും തമ്മില്‍ ഒരു ധാര്‍മ്മിക പങ്കുവയ്ക്കലിന്‍റെ ക്രമീകരണങ്ങളും കൂട്ടായ്മയും വളര്‍ത്തിയെടുക്കാന്‍ പരിശ്രമിക്കണമെന്ന് വിജ്ഞാപനം അഭ്യര്‍ത്ഥിക്കുന്നു. വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ അജപാലന മേഖലയില്‍ ഉള്ളവരെയും ഇതര സാമൂഹിക നേതാക്കളെയും ഉള്‍പ്പെടുത്തിക്കൊണ്ട് സംയോജിതമായ കൂട്ടായ്മയ്ക്കായി പരിശ്രമിക്കേണ്ടതാണ്.

5. വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ
അര്‍പ്പണത്തെ ശ്ലാഘിക്കുന്ന സഭ

മഹാമാരിയുടെ കെടുതിയിലും കുട്ടികളുടെയും യുവജനങ്ങളുടെയും വിദ്യാഭ്യാസം നിന്നുപോകാതെ മുന്നോട്ടു കൊണ്ടുപോകുന്നതിന് സ്ഥാപനങ്ങള്‍ എടുക്കുന്ന ഏറെ ശ്രമകരമായ ഓണ്‍-ലൈന്‍ പദ്ധതികളെയും  ചിലയിടങ്ങളില്‍ സ്വീകരികരിച്ചിട്ടുള്ള വര്‍ദ്ധിച്ച സ്ഥലസജ്ജീകരണങ്ങളുടെയും, സന്നദ്ധസേവകരുടെയും, അദ്ധ്യാപകരുടെ കൂടുതലായ നിയമനത്തിന്‍റെയും നവമായ ക്രമീകരണങ്ങളെ വത്തിക്കാന്‍ ശ്ലാഘിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. ഏറെ ആശങ്കകളും അനിശ്ചിതത്ത്വവും മുന്നില്‍ തങ്ങിനില്ക്കെയും കുട്ടികളുടെയും യുവതലമുറയുടെയും ഭാവി സുരക്ഷിതമാക്കാനും  വിദ്യാഭ്യാസ മേഖലയെ പരിരക്ഷിക്കുവാനും വളര്‍ത്തുവാനും സാമൂഹിക നേതാക്കള്‍ പ്രത്യേക ശ്രദ്ധ കൈക്കൊള്ളേണ്ടതും വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ പൂര്‍വ്വോപരി അര്‍പ്പണത്തോടെ പ്രവര്‍ത്തിക്കേണ്ടതും ആവശ്യമാണ്.


6. പതറാതെ മുന്നേറാം
പതറാതെ ഭാവിയെ ധൈര്യത്തോടും പ്രത്യാശയോടുംകൂടെ സ്വീകരിക്കാം. അതിനാല്‍ അസ്തിത്വത്തിന്‍റെ നവമായ രൂപങ്ങള്‍ കണ്ടെത്താന്‍ കത്തോലിക്കാ സ്ഥാപനങ്ങള്‍ ജീവജലത്തിന്‍റെ സ്രോതസ്സും  സത്യവും ജീവനുമായ ക്രിസ്തുവിന്‍റെ വഴി ഉള്‍ക്കൊള്ളണമെന്നും സമാധാനത്തിന്‍റെയും നീതിയുടെയും പ്രത്യാശ കൈവെടിയരുതെന്നും ഉദ്ബോധിപ്പിച്ചുകൊണ്ടാണ് കര്‍ദ്ദിനാള്‍ വേഴ്സാള്‍ഡി സന്ദേശം ഉപസംഹരിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 October 2020, 15:58