തിരയുക

Pilgrims from the Philippines take a selfie ahead of Pope Francis visit for World Youth Day in Cocle Pilgrims from the Philippines take a selfie ahead of Pope Francis visit for World Youth Day in Cocle 

കുട്ടികളെ വിശ്വാസ ജീവിതത്തിന്‍റെ സാക്ഷികളാക്കാം

ഫിലിപ്പീന്‍സിലെ കത്തോലിക്ക വിദ്യാഭ്യാസ പ്രവര്‍ത്തകരോട് പാപ്പാ ഫ്രാന്‍സിസ്...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ വാര്‍ഷികസംഗമം
സെപ്തംബര്‍ 21-മുതല്‍ 25-വരെ മനില കേന്ദ്രീകരിച്ചു നടന്ന വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ ദേശീയ വാര്‍ഷിക സമ്മേളനത്തിന് വത്തിക്കാനില്‍നിന്നും അയച്ച സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. കൊറോണ വൈറസ് ബാധമൂലം “ഓണ്‍-ലൈനി”ല്‍ കണ്ണിചേര്‍ന്ന സംഗമത്തില്‍ രാജ്യത്തെ 1500 കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ പ്രതിനിധികളെയാണ് പാപ്പാ അഭിസംബോധനചെയ്തത്.

2. സുവിശേഷമൂല്യങ്ങള്‍ ജീവിക്കുന്നവരാക്കാം
സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെ രൂപപ്പെടുത്തുന്നതോടൊപ്പം അവരെ കത്തോലിക്കാ അദ്ധ്യാപകര്‍ വിശ്വാസജീവിതത്തിന്‍റെ സാക്ഷികളായും വളര്‍ത്തണമെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റുവഴി അയച്ച സന്ദേശത്തിലൂടെ പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. വിദ്യാഭ്യാസം കാര്യങ്ങള്‍ ബൗദ്ധികമായി മനസ്സിലാക്കുന്നതു മാത്രമാവാതെ, സുവിശേഷമൂല്യങ്ങളും ക്രൈസ്തവ ധാര്‍മ്മികതയും കുട്ടികള്‍ മനസ്സിലാക്കുന്ന വേദിയാക്കി മാറ്റണമെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചു. യുവജനങ്ങള്‍ ക്രൈസ്തവ രൂപീകരണത്തിലൂടെ സമൂഹത്തിന്‍റെയും കുടുംബത്തിന്‍റെയും ഉത്തരവാദിത്ത്വങ്ങള്‍ വിശ്വസ്തതയോടെ കൈകാര്യംചെയ്യുവാന്‍ കെല്പുള്ളവരായി വളരണമെന്നും അവര്‍ ലോകത്തില്‍ വിശ്വാസസാക്ഷികളായി തെളിഞ്ഞുനില്ക്കണമെന്നും പാപ്പാ ആഹ്വാനംചെയ്തു.

3. നന്മയുടെ പ്രയോക്താക്കള്‍
പ്രസ്ഥാനത്തിന്‍റെ പ്രസിഡന്‍റ്, ഫാദര്‍ എല്‍മര്‍ ഡിസോണ്‍ പാപ്പായുടെ സന്ദേശം ഉദ്ഘാടനവേദിയില്‍ വായിക്കുകയും, പ്രതിസന്ധിയുടെ ഇക്കാലഘട്ടത്തില്‍ ക്രൈസ്തവ യുവജനങ്ങള്‍ സമൂഹത്തില്‍ നന്മയുടെയും സ്നേഹത്തിന്‍റെയും പ്രയോക്താക്കളായി ജീവിക്കുവാന്‍ പാപ്പായുടെ സന്ദേശത്തില്‍നിന്നും പ്രചോദനം ഉള്‍ക്കൊള്ളാമെന്ന് സമ്മേളനത്തില്‍ പ്രസ്താവിക്കുകയും ചെയ്തു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 September 2020, 15:30