2020.09.19 Living Chapel - Orto Botanico 2020 09 20 2020.09.19 Living Chapel - Orto Botanico 2020 09 20 

ജീവസ്സുറ്റ ഉദ്യാനവേദിയില്‍ “സൃഷ്ടിയുടെ കാലം” ആഘോഷിച്ചു

പ്രകൃതിയുടെ സ്വരം നാം ശ്രവിക്കണമെന്ന്, വത്തിക്കാന്‍റെ പരിസ്ഥിതി ശാസ്ത്രജ്ഞന്‍, ഡോ. ജോഷ്ട്രോം ഐസക് എസ്.ഡി.ബി.

- ഫാദര്‍  വില്യം  നെല്ലിക്കല്‍ 

1. അസ്സീസിയിലെ സിദ്ധന്‍റെ ചൈതന്യവുമായി
റോമിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ തുടക്കമിട്ട ജീവസുറ്റ ഉദ്യാന ദേവാലയത്തില്‍ സെപ്തംബര്‍ 20-ന് ഞായാറാഴ്ച ദിവ്യബലി അര്‍പ്പിക്കവെയാണ് ഫാദര്‍ ജോഷ്ട്രോം ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. ധ്യാനവും സുവിശേഷവത്ക്കരണ സന്നദ്ധതയും നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ വത്തിക്കാന്‍റെ പരിസ്ഥിതി-സൃഷ്ടി ഏകോപനത്തിന്‍റെ ചുമതലയുള്ള ഫാദര്‍ ജോഷ്ട്രോം ദിവ്യബലിമദ്ധ്യേ വചനചിന്തകളും അവസരോചിതമായി പങ്കുവച്ചു. അസ്സീസിയിലെ പോര്‍സ്യൂങ്കോളയില്‍ വിശുദ്ധ ഫ്രാന്‍സിസ് തുടങ്ങിവച്ച പ്രകൃതി രമ്യതയും, 2015-ല്‍ പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച പാരിസ്ഥിതിക ചാക്രികലേഖനം അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെയുടെയും പ്രചോദനം ഉള്‍ക്കൊണ്ട് റോമില്‍ കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഉദ്ഘാടനം നടന്ന ബൃഹത്തായ ഉദ്യാനത്തില്‍ പുനരുപയോഗിച്ച വസ്തുക്കളാല്‍ നിര്‍മ്മിതമായ ശില്പസമുച്ചയത്തില്‍ വൃക്ഷങ്ങളും ചെടികളും ജലധാരകളും സംഗീതധ്വനിയും സമന്വയിപ്പിച്ചുകൊണ്ട് സൃഷ്ടിയുടെ സ്തുതിപാടുന്ന പ്രതീതിയാണ് പച്ചപ്പുള്ള അന്തരീക്ഷത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്.

2. പ്രകൃതിയുടെ നിശ്ശബ്ദതയ്ക്ക് കാതോര്‍ക്കാം!
പ്രകൃതിയുടെ നിശ്ശബ്ദതയ്ക്ക് കാതോര്‍ക്കുവാന്‍ ഫാദര്‍ ജോഷ്ട്രോം വചനചിന്തയ്ക്കിടെ ഉദ്ബോധിപ്പിച്ചു. ഭൂമിയിലേയ്ക്കും സ്രഷ്ടാവിലേയ്ക്കും സഹോദരീ സഹോദരന്മാരിലേയ്ക്കും, വിശിഷ്യാ നമ്മെക്കാള്‍ എളിയവരും പാവങ്ങളുമായവരിലേയ്ക്ക് തിരിയേണ്ടതിന്‍റെ ആവശ്യകതയാണ് സുവിശേഷവും ഇന്നിന്‍റെ ജീവിതചുറ്റുപാടുകളും നമ്മെ വെല്ലുവിളിക്കുന്നതെന്ന് അദ്ദേഹം ആഹ്വാനംചെയ്തു. ദൈവം ദാനമായി തന്ന പൊതുഭവനമായ ഭൂമിസംരക്ഷിക്കുവാന്‍ നാം ഇന്നു ചെയ്യുന്ന ചെറുതും വലുതുമായ എല്ലാക്കാര്യങ്ങളും ഭാവിതലമുറയുടെ നന്മയ്ക്ക് അനിവാര്യമാണെന്ന് തന്‍റെ മുന്നില്‍ മാതാപിതാക്കള്‍ക്കൊപ്പം കുട്ടികളെയും യുവജനങ്ങളെയും കണ്ട ഫാദര്‍ ജോഷ്ട്രോം ഉദ്ബോധിപ്പിച്ചു. ഇന്നിന്‍റെ സാമൂഹിക അടിയന്തിരാവസ്ഥയും മഹാമാരി കാരണമാക്കിയിരിക്കുന്ന ക്ലേശങ്ങളും നമ്മെ വെല്ലുവിളിക്കുന്നത് നാം സ്രഷ്ടാവിലേയ്ക്കും സൃഷ്ടിയിലേയ്ക്കും സഹോദരങ്ങളിലേയ്ക്കും അതിവേഗം തിരിയണമെന്നാണെന്ന് ആവര്‍ത്തിച്ചു പ്രസ്താവിച്ചു. നാം സഹോദരങ്ങള്‍ക്കൊപ്പം നടന്നുകൊണ്ടാണ് ഈ തിരിച്ചുപോക്ക് യാഥാര്‍ത്ഥ്യമാക്കേണ്ടതെന്നും അദ്ദേഹം ആഹ്വാനംചെയ്തു.

3. വത്തിക്കാന്‍റെ പിന്‍തുണയോടെയുള്ള ഉദ്യാനവും കപ്പേളയും
പാപ്പാ ഫ്രാന്‍സിസിന്‍റെ പാരിസ്ഥിതിക പ്രബോധനം, "അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ"-യുടെ ചുവടുപിടിച്ച്,  റോം നഗരമദ്ധ്യത്തില്‍ ആരംഭിച്ച ഉദ്യാന മദ്ധ്യത്തിലാണ് ജീവസ്സുറ്റ കപ്പേള (Living Chapel) സംവിധാനം ചെയ്തിരിക്കുന്നത്. മനവും കലയും പ്രകൃതിയും സമന്വയിപ്പിച്ച സസ്യലതാദികളുടെ ഉദ്യാനത്തിലെ തുറസ്സായ വേദയിലെ കപ്പേളയില്‍ “സൃഷ്ടിയുടെ കാലം” (season of creation) ആഘോഷത്തിന്‍റെ ഭാഗമായിട്ടാണ് വത്തിക്കാന്‍റെ പരിസ്ഥിതി വിദഗ്ദ്ധനായ ഫാദര്‍ ജോഷ്ട്രോമിന്‍റെ ദിവ്യബലി അര്‍പ്പണം നടന്നത്. സമഗ്രമാനവ പുരോഗതിക്കായിയുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പിന്‍തുണയോടെയാണ് ഹരിത ഉദ്യാനവും അതിലെ ജീവസ്സുറ്റ കപ്പേളയും (Living Chapel) യാഥാര്‍ത്ഥ്യമായതും സന്ദര്‍ശകര്‍ക്കും തീര്‍ത്ഥാടകര്‍ക്കുമായി തുറന്നിട്ടിരിക്കുന്നതും. വിസ്തൃമായ ഉദ്യാനത്തിന്‍റെ അന്തരീക്ഷത്തില്‍ സാമൂഹിക അകലം പാലിച്ചു സമ്മേളിച്ചുകൊണ്ട് 1000-ല്‍ അധികം വിശ്വാസികള്‍ സജീവമായി ദിവ്യബലിയില്‍ പങ്കുചേര്‍ന്നു.

4.  “സൃഷ്ടിയുടെ കാല”ത്തെ  ആഘോഷം
ഒക്ടോബര്‍ 4-ന് വിശുദ്ധ ഫ്രാന്‍സിസിന്‍റെ തിരുനാള്‍വരെ നീളുന്ന “സൃഷ്ടിയുടെ കാലം” ആഘോഷമാണ് ഈ ദിനങ്ങളില്‍ പ്രകൃതരമണീയമായ ഉദ്യാനത്തിനെ പ്രത്യേക പ്രമേയം. “അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ” പ്രബോധനത്തിന്‍റെ ഭാഗമായി രൂപംകൊണ്ട സമൂഹങ്ങളും, പ്രത്യേക ക്ഷണപ്രകാരം എത്തിയ ഇവാഞ്ചേലിക്കല്‍ ബാപ്റ്റിസ്റ്റ് സഭയുടെ പ്രതിനിധികളും, സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രതിനിധികളും ദിവ്യബലിയിലും അതിനെതുടര്‍ന്ന് സമുച്ചയം രൂപകല്പന ചെയ്ത കൊണ്‍സുവേലോ ഫബ്രിയാനിയുമായുള്ള ഹ്രസ്വസംവാദത്തിലും പങ്കുചേര്‍ന്നു. അസ്സീസിയിലെ സിദ്ധന്‍റെ സൃഷ്ടിയുടെ ഗീതകങ്ങളും, പാപ്പാ ഫ്രാന്‍സിസിന്‍റെ അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ സ്തുതിപ്പുകളും ഗായകസംഘം ആലപിച്ച ദിവ്യബലിയും, മറ്റു ചടങ്ങുകളും സംഗീതസാന്ദ്രമായതോടൊപ്പം സൃഷ്ടിയുടെ മഹത്വം പ്രകീര്‍ത്തിക്കുന്നതായിരുന്നു.

സലേഷ്യന്‍ വൈദികനും പരിസ്ഥിതി ശാസ്ത്രജ്ഞനുമായ ഫാദര്‍ ജോഷ്ട്രോം അങ്ങേയ്ക്കുസ്തുതിയായിരിക്കട്ടെ ഉദ്യാനത്തിന്‍റെ സംവിധായകരെയും ശില്പികളെയും പ്രവര്‍ത്തകരെയും അഭിനന്ദിക്കുയും, ആശംസകള്‍ നേരുകയും ചെയ്തതോടെയാണ് ഞായറാഴ്ച സായാഹ്നത്തിലെ ഉദ്യാനാഘോഷത്തിന് വിരാമമായത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 September 2020, 09:28