ജീവിത ചുറ്റുപാടുകളെ നവീകരിക്കാം സൃഷ്ടിയെ ശക്തിപ്പെടുത്താം

സെപ്തംബര്‍ 1-മുതല്‍ ഒക്ടോബര്‍ 4-വരെ - സൃഷ്ടിയെ ക്രിയാത്മകമാക്കുവാനുള്ള ഒരു മാസക്കാലം.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

“സൃഷ്ടിയെ ക്രിയാത്മകമാക്കുവാനുള്ള കാല”ത്തെ (Season of Creation 2020)  ഫലവത്താക്കണമെന്ന്, സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണ്‍ അനുസ്മരിപ്പിച്ചു. ഒരുമാസം നീളുന്ന കര്‍മ്മപരിപാടികളില്‍ പങ്കെടുക്കുവാന്‍ വത്തിക്കാന്‍ സകലരെയും ക്ഷണിക്കുന്നു.  പരിസ്ഥിതിയുടെ സുസ്ഥിതിയെ സംബന്ധിച്ച പാപ്പാ ഫ്രാന്‍സിസിന്‍റെ ചാക്രികലേഖനം, "അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ"- യുടെ (Laudato Si') ഈ വര്‍ഷം ആചരിക്കുന്ന 5-Ɔο വാര്‍ഷികം കണക്കിലെടുത്തുകൊണ്ടുമാണ് ഈ പ്രത്യേക അഭ്യര്‍ത്ഥ മുന്നോട്ടുവയ്ക്കുന്നത്.

1. ക്രിയാത്മകതയ്ക്കുള്ള കാലം – കൂട്ടായ പരിശ്രമം
അനുവര്‍ഷം സെപ്തംബര്‍ 1-മുതല്‍ ഒക്ടോബര്‍ 4-വരെയാണ്  സൃഷ്ടിയുടെ ക്രിയാത്മകതയ്ക്കുള്ള കാലമായി ക്രൈസ്തവലോകം ആചരിക്കുന്നത്. സൃഷ്ടിക്കായുള്ള ആഗോള പ്രാര്‍ത്ഥനാദിനമായ സെപ്തംബര്‍ 1-ന് ആരംഭിച്ച് പ്രകൃതിയുടെ മദ്ധ്യസ്ഥനായ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ തിരുനാള്‍ദിനമായ ഒക്ടോബര്‍ 4-നാണ് ഒരുമാസം നീളുന്നതാണ് ഈ ആചരണം. നമ്മുടെ ജീവിതചുറ്റുപാടുകളെ മെച്ചപ്പെടുത്തിക്കൊണ്ട്, പൊതുഭവനമായ ഭൂമിയെത്തന്നെ കൂടുതല്‍ ക്രിയാത്മകമാക്കുവാനുള്ള സമയമാണിത്. ഇതര ക്രൈസ്തവ സഭകളോടു കൈകോര്‍ത്താണ് ഈ പ്രത്യേക പാരിസ്ഥിതിക പരിപാടികള്‍ നടത്തപ്പെടുന്നത്.  2016-ലാണ് പാപ്പാ ഫ്രാന്‍സിസ് ഇതര ക്രൈസ്തവ സഭകളോടു കൈകോര്‍ത്ത് “സൃഷ്ടിയെ ക്രിയാത്മകമാക്കുവാനുള്ള കാലം” കത്തോലിക്കാസഭയില്‍ ആചരിക്കുവാനുള്ള പ്രഖ്യാപനം നടത്തിയത്.

2. ലക്ഷ്യങ്ങള്‍
പൊതുഭവനമായ ഭൂമിയുടെ സംരക്ഷണത്തിനുള്ള പ്രത്യേക പ്രാര്‍ത്ഥനയിലും പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുവാനുള്ള വാര്‍ഷിക പദ്ധതിയാണ് “സൃഷ്ടിയെ ക്രിയാത്മകമാക്കുവാനുള്ള കാലം”. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഈ പാരിസ്ഥിതിക പരിപാടി ആചരിക്കുന്നതില്‍ പ്രത്യേക പ്രസക്തി കൈവരിക്കുകയാണ്. രോഗങ്ങളാല്‍ ക്ലേശിക്കുന്നവര്‍ക്ക് അടിയന്തിര സഹായം എത്തിച്ചുകൊടുക്കുവാനും, നീതിനിഷ്ഠമായ ഒരു സമൂഹം ലോകത്ത് ക്രമപ്പെടുത്തിയെടുക്കുവാനുമുള്ള ദീര്‍ഘകാല ഫലപ്രാപ്തിക്കായുള്ള പദ്ധതികളാണ് വത്തിക്കാന്‍റെ സമഗ്ര മാനവപുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘം ആവിഷ്ക്കരിക്കുന്ന “സൃഷ്ടിയെ ക്രിയാത്മകമാക്കുവാനുള്ള കാലം”.

3. സംയോജിതമായ പരിസ്ഥിതി

ദുരന്തമായി വന്ന കൊറോണ വൈറസ് പശ്ചാത്തലത്തില്‍  ഇന്നിന്‍റെ ആഗോള വെല്ലുവിളികളെ നേരിടുവാന്‍ നമുക്ക് ആവണമെങ്കില്‍ ലോകത്തെ ഏറ്റവും വ്രണിതാക്കളായ സഹോദരങ്ങളെ ആശ്ലേഷിക്കുകയും അവരെ കൈപിടിച്ച് ഉയര്‍ത്തുകയും, അവരുമായി ഐക്യദാര്‍ഢ്യവും സാഹോദര്യവും വളര്‍ത്താന്‍ സാധിക്കണമെന്നുമാണ്.  അങ്ങനെ ക്രൈസ്തവര്‍ ഒറ്റക്കെട്ടായിനിന്നു പരിശ്രമിച്ചാല്‍ സംയോജിതമായ ഒരു പരിസ്ഥിതി, an Integrated ecology യാഥാര്‍ത്ഥ്യമാക്കാമെന്നാണ് പാപ്പാ ഫ്രാന്‍സിസ് പ്രത്യാശിക്കുന്നതെന്ന്, സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘം ആഗസ്റ്റ് 14-ന് പ്രസിദ്ധീകരിച്ച പ്രസ്താവന വ്യക്തമാക്കി.

“സൃഷ്ടിയെ ക്രിയാത്മകമാക്കുവാനുള്ള കാല”ത്തിന്‍റെ  പരിപാടികള്‍ ക്രമീകരിക്കുന്നത് ഒരു സഭൈക്യ കമ്മറ്റിയാണ്. കൂടുതല്‍ വിവരങ്ങള്‍ക്കുള്ള ലിങ്ക്: seasonofcreation.org

https://youtu.be/qDqGkSb-4Rc

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 August 2020, 07:21