2019.11.16 Cardinale Michael Czerny 2019.11.16 Cardinale Michael Czerny 

പങ്കുവയ്ക്കലിലൂടെ ജീവന്‍ രക്ഷിക്കാം

പാപ്പാ ഫ്രാന്‍സിസിന്‍റെ പേരില്‍ സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ ഉപകാര്യദര്‍ശി കര്‍ദ്ദിനാള്‍ മിഷേള്‍ ചേര്‍ണി ബ്രസീലിലേയ്ക്ക് എഴുതിയ കത്തിന്‍റെ സംഗ്രഹം :

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. ബ്രസീലിലെ ജനകീയ പ്രസ്ഥാനത്തിന് അഭിനന്ദനം
മഹാമാരിയുടെ കെടുതിയില്‍ ക്ലേശിക്കുന്ന ബ്രസീലിലെ ഭൂമിയില്ലാത്തവരുടെ മുന്നേറ്റ സംഘടനയ്ക്ക് (Movement of the Landless in Brazil - MST) ആഗസ്റ്റ് 6-Ɔο തിയതി അയച്ച കത്തിലൂടെയാണ് പാപ്പായുടെ പേരില്‍ കര്‍ദ്ദിനാള്‍ ചേര്‍ണി അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചത്. മഹാമാരിയുടെ കെടുതിയില്‍ ആയിരങ്ങള്‍ മരിക്കുകയും ക്ലേശിക്കുകയും ചെയ്ത സാഹചര്യത്തിലാണ് തങ്ങളുടെ അദ്ധ്വാനഫലമായ 2500 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ പ്രസ്ഥാനം പാവങ്ങള്‍ക്കായി വിതരണംചെയ്തത്.  ചേരികളില്‍ പാര്‍ത്തിരുന്ന ഭൂമിയില്ലാത്ത പാവങ്ങള്‍ 
1980-ളിലാണ് ഉല്പാദനശേഷിയില്ലാതെ തരിശായി കിടന്നിരുന്ന ഭൂമി  കൈയ്യേറുകയും സംഘടിതമായി മുന്നേറുകയും ചെയ്തത്. തുടര്‍ന്ന് കൃഷിയും കാര്‍ഷിക വിളകളും വികസിപ്പിച്ചെടുത്തുകൊണ്ടും തങ്ങള്‍ക്കായി ചെറിയ വീടുകള്‍ കെട്ടിപ്പടുത്തുകൊണ്ടുമാണ് ഭൂമിയില്ലാത്തവരുടെ മുന്നേറ്റ സംഘടന പിറവിയെടുത്തതെന്ന വസ്തുത കര്‍ദ്ദിനാള്‍ ചേര്‍ണി കത്തില്‍ അനുസ്മരിച്ചു.

2. സാധാരണക്കാരുടെ ഔദാര്യത്തിലുള്ള ആനന്ദം
മഹാമാരിയുടെ ഈ ക്ലേശകാലത്ത് സാധാരണക്കാരെ തുണയ്ക്കുവാന്‍ പാവങ്ങളുടെ ജനകീയ പ്രസ്ഥാനം മുന്‍കൈയ്യെടുത്തു നടത്തിയ ഭക്ഷ്യവിതരണത്തെക്കുറിച്ച് അറിഞ്ഞതില്‍ പാപ്പാ ഫ്രാന്‍സിസിനുള്ള അതിയായ സന്തോഷം അറിയിക്കുവാനാണ് താന്‍ ഈ കത്ത് എഴുതുന്നതെന്ന് കര്‍ദ്ദിനാള്‍ ചേര്‍ണി ആമുഖമായി പ്രസ്താവിച്ചു. മനുഷ്യരുടെ അദ്ധ്വാനഫലമായ ഭൂമിയുടെ ഉല്പന്നങ്ങളായ ഭക്ഷ്യവസ്തുക്കള്‍ പാവങ്ങള്‍ക്കും ആവശ്യത്തിലായിരിക്കുന്ന കുടുംബങ്ങള്‍ക്കുമായി പങ്കുവയ്ക്കുന്നത് സമൂഹത്തില്‍ സാഹോദര്യവും ഐക്യദാര്‍ഢ്യവും വളര്‍ത്തുന്ന ദൈവരാജ്യത്തിന്‍റെ അനുഭവമാണ്. വിശന്നിരുന്ന 5000-ത്തോളം പാവപ്പെട്ട ജനങ്ങളെ കണ്ടപ്പോള്‍ അലിവുതോന്നി ഈശോ അത്ഭുതകരമായി അപ്പം വര്‍ദ്ധിപ്പിച്ചു നല്കിയത് അവര്‍ക്ക് ദൈവരാജ്യത്തിന്‍റെ അനുഗ്രഹവും ധാരാളിത്തവുമായിരുന്നെന്ന് കര്‍ദ്ദിനാള്‍ വിശേഷിപ്പിച്ചു (മര്‍ക്കോസ് 6, 34-44). അതിനാല്‍ പങ്കുവയ്ക്കല്‍ ജീവന്‍ നല്കുകയും, സാഹോദര്യം വളര്‍ത്തുകയും, സമൂഹത്തെ രൂപാന്തരപ്പെടുത്തി നവീകരിക്കുകയുംചെയ്യുന്ന ഘടകമാണെന്ന് കര്‍ദ്ദിനാള്‍ വിശദീകരിച്ചു.

3. സന്തോഷത്തോടെ നല്കുന്നവരെ
ദൈവം സ്നേഹിക്കുന്നു

ഭൂമിയില്ലാത്തവരുടെ മുന്നേറ്റ സംഘടനയുടെ സ്നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും ഈ മാതൃക ക്ലേശിക്കുന്നവരെ തുണയ്ക്കുവാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കും. മാത്രമല്ല, “സന്തോഷത്തോടെ നല്കുന്നവരെ ദൈവം സനേഹിക്കു”കയും അനുഗ്രഹിക്കുകയും ചെയ്യുമെന്ന് കര്‍ദ്ദിനാള്‍ ചേര്‍ണി അനുസ്മരിപ്പിച്ചു (2 കൊറി. 9, 7). തങ്ങളുടെ അദ്ധ്വാനഫലം ക്ലേശിക്കുന്നവരുമായി പങ്കുവയ്ക്കുന്ന സാധാരണക്കാരായ കര്‍ഷകരുടെ കൂട്ടായ്മയ്ക്ക് അദ്ദേഹം നന്ദിപറഞ്ഞു. അവര്‍ നല്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളെയും അവരുടെ കുടുംബങ്ങളെയും ദൈവം ആശീര്‍വ്വദിക്കട്ടെ! ക്രിസ്തു അപ്പം വര്‍ദ്ധിപ്പിച്ചു നല്കിയ സംഭവത്തിലെ ദൈവരാജ്യത്തിന്‍റെ സമൃദ്ധി അനുഭവിക്കുവാന്‍ പാവങ്ങളായ കുടുംബങ്ങള്‍ക്കു സാധിക്കട്ടെയെന്ന് പാപ്പാ ഫ്രാന്‍സിസിന്‍റെ പേരില്‍ ആശംസിച്ചുകൊണ്ടുമാണ് കര്‍ദ്ദിനാള്‍ ചേര്‍ണി കത്ത് ഉപസംഹരിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 August 2020, 07:50