Japan marks 75th anniversary of Hiroshima peace memorial park, 06-08-2020 Japan marks 75th anniversary of Hiroshima peace memorial park, 06-08-2020 

ദുരന്തസ്മരണകളെ പുനര്‍ജനിക്കുള്ള ശക്തിയാക്കാം

ആഗസ്റ്റ് 9, ഞായര്‍ - വത്തിക്കാനിലെ ത്രികാലപ്രാര്‍ത്ഥന ശുശ്രൂഷയുടെ അന്ത്യത്തില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ ആശംസകളും അഭിവാദ്യങ്ങളും...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. ജപ്പാനിലെ ദുരന്താനുസ്മരണം -
ആണവനിരായുധീകരണത്തിനുള്ള ഉണര്‍ത്തുവിളി

ജപ്പാനിലെ ഹിരോഷിമ നാഗസാക്കി നഗരങ്ങളില്‍ 1945-ന്‍റെ ആഗസ്റ്റ് 6, 9 തിയതികളില്‍ ആറ്റോമിക്ക് ബോംബ് വര്‍ഷിച്ചതിന്‍റെ 75-Ɔο വാര്‍ഷികമാണെന്ന് പാപ്പാ അനുസ്മരിപ്പിച്ചു. ജപ്പാനിലേയ്ക്കു കഴിഞ്ഞവര്‍ഷം - 2019 നവംബറില്‍ നടത്തിയ അപ്പസ്തോലിക സന്ദര്‍ശനം നന്ദിയോടെ അനുസ്മരിക്കുമ്പോള്‍, ആണവ നിരായുധീകരണത്തിനായി ലോകരാഷ്ട്രങ്ങളോടുള്ള തന്‍റെ ക്ഷണം ആവര്‍ത്തിക്കുകയാണെന്ന് പാപ്പാ പ്രസ്താവിച്ചു.

2. ലബനോന്‍ പുനര്‍ജനിക്കട്ടെ!
ചത്വരത്തില്‍ കൊടിയുമായി നിന്നിരുന്ന ഒരുകൂട്ടം ലബനോന്‍കാരുടെ  സാന്നിദ്ധ്യം മനസ്സിലാക്കിക്കൊണ്ട് പാപ്പാ തുടര്‍ന്നു. തന്‍റെ ചിന്ത ആഭ്യന്തര പ്രതിസന്ധികളില്‍ ക്ലേശിക്കുന്ന ലെബനോനിലേയ്ക്ക് തിരിയുകയാണെന്ന് പ്രസ്താവിച്ചു. കഴിഞ്ഞദിവസം, ആഗസ്റ്റ് 4-നുണ്ടായ വന്‍സ്ഫോടനം ആ നാടിന്‍റെ പുനര്‍ജനിക്കും പൊതുനന്മയ്ക്കുമായി സകലരെയും വെല്ലുവിളിക്കുന്നതായും ക്രിയാത്മകമായും കാണണമെന്ന് പാപ്പാ ആഹ്വാനംചെയ്തു. നൂറ്റാണ്ടുകളായി വളര്‍ന്ന സംസ്കാരങ്ങളുടെ സംഗമസ്ഥാനവും, തനതായ വ്യക്തിത്വവുമുള്ള നാടാണത്. അതാനാല്‍ ദൈവസഹായത്താലും സകലരുടെയും സഹകരണത്താലും ലബനോന്‍ സ്വാതന്ത്ര്യത്തിലും ശക്തിയിലും പൂനര്‍ജനിക്കട്ടെയെന്ന് പാപ്പാ പ്രാര്‍ത്ഥിച്ചു.

ക്ലേശങ്ങളുടെ മലകയറുന്ന ജനങ്ങളോട് ലെബനോനിലെ സഭ ഐക്യദാര്‍ഢ്യത്തോടും അനുകമ്പയോടും, മെയ്യും മനസ്സും തുറന്ന് പിന്‍തുണയ്ക്കുകയും ജനങ്ങളുടെ കൂടെ നില്ക്കണമെന്നും ഉദ്ബോധിപ്പിച്ചു. ലെബനോനിലെ മെത്രാന്മാരും വൈദികരും സന്ന്യസ്തരും സുവിശേഷദാരിദ്ര്യത്തിനു അനുയോജ്യമായൊരു ജീവിതശൈലിയില്‍ ആര്‍ഭാടം ഒഴിവാക്കി വേദനിക്കുന്ന ജനങ്ങളുടെകൂടെ നില്ക്കണെന്നും പാപ്പാ അഭ്യര്‍ത്ഥിച്ചു.

3. ദീര്‍ഘദൂരം നടന്നെത്തിയവരും
സൈക്കിളില്‍ വന്നവരും

റോമാക്കാരെയും അന്യനാടുകളില്‍നിന്നെത്തിയ തീര്‍ത്ഥാടകരെയും കുടുംബങ്ങളെയും ഇടവക സമൂഹങ്ങളെയും സംഘടനകളെയും പാപ്പാ തുടര്‍ന്ന് അഭിവാദ്യംചെയ്തു. ക്രേമാ രൂപതയിലെ പിയനെന്‍ഗേയില്‍നിന്നും എത്തിയ യുവജനങ്ങളെ പ്രത്യേകമായി അഭിവാദ്യംചെയ്തു. വിത്തോര്‍ബോയില്‍നിന്നും പുരാതനമായ “വിയ ഫ്രാന്‍സിയേന”യിലൂടെ കാല്‍നടയായി വത്തിക്കാനില്‍ എത്തിയ യുവജനങ്ങള്‍ക്കും പാപ്പാ അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ജന്മശതാബ്ദിവര്‍ഷത്തിന്‍റെ ഭാഗമായി, പോളണ്ടില്‍നിന്നും സൈക്കിളില്‍ തീര്‍ത്ഥാടകരായി വത്തിക്കാനില്‍ എത്തിയവര്‍ക്കും മറ്റു പോളണ്ടുകാര്‍ക്കും പാപ്പാ അഭിവാദ്യങ്ങള്‍ നേര്‍ന്നു.

4. ശുഭാശംസകളോടെ...

ഏവര്‍ക്കും ശുഭദിനം ആശംസിച്ചുകൊണ്ടും തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ മറന്നുപോകരുതെന്ന് പ്രത്യേകം അഭ്യര്‍ത്ഥിച്ചുകൊണ്ടുമാണ് പാപ്പാ ത്രികാലപ്രാര്‍ത്ഥന പരിപാടി ഉപസംഹരിച്ചത്. മന്ദസ്മിതത്തോടെ കരങ്ങള്‍ ഉയര്‍ത്തി അഭിവാദ്യംചെയ്തുകൊണ്ട് പാപ്പാ ജാലകത്തില്‍നിന്നും മെല്ലെ പിന്‍വാങ്ങി. അപ്പോള്‍ ജനങ്ങള്‍ ആര്‍ത്തുവിളിച്ചു... viva il Papa…!! പാപ്പാ നീണാള്‍  വാഴട്ടെ!!
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 August 2020, 12:26