തിരയുക

ഭാരത മെത്രാൻ സമിതിയുടെ ലോഗോ ഭാരത മെത്രാൻ സമിതിയുടെ ലോഗോ 

പോലീസുകാരുടെ മർദ്ദനത്തെ ശക്തമായി അപലപിച്ച് ലോകസഭാ കൗൺസിലും, ഭാരത മെത്രാൻ സമിതിയും

തമിഴ്നാട്ടിൽ പോലീസുകാരുടെ ക്രൂര മർദ്ദനമേറ്റ് അച്ഛനും മകനും മരണമടഞ്ഞ സംഭവത്തെ ലോകസഭാ കൗൺസിൽ (W.C.C.) ശക്തമായി അപലപിച്ചു

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

കോവിഡ് 19 നെ പ്രതിരോധിക്കാന്‍ നല്‍കിയ നിയന്ത്രണങ്ങൾ മാനിച്ചില്ല എന്ന കാരണം പറഞ്ഞാണ് തമിഴ്നാട്ടിലെ തുത്തുക്കുടിയിൽ കഴിഞ്ഞ ജൂൺ 19 ന് ജയരാജും മകൻ ഫെനിക്സും അനുവദിച്ച സമയത്തേക്കാളേറെ കട തുറന്നു വച്ചുവെന്ന കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ടത്. ലോക്കപ്പിൽ  മൂന്ന് ദിവസത്തെ ക്രൂരപീഡനങ്ങൾക്ക് ശേഷം ആശുപത്രിയിലെത്തിച്ച അവർ ഏതാനും മണിക്കൂറുകൾക്കകം മരണമടഞ്ഞു.

W. C. C. യുടെ ഇടക്കാല ജനറൽ സെക്രട്ടറിയായ റവ. ലോആൻ സൗക ‘ബുദ്ധിഹീനമായ അക്രമണം’ എന്നാണതിനെ അപലപിച്ചത്.  അമേരിക്കയിലെ ജോർജ്ജ് ഫ്ളോയിഡിന്‍റെ കൊലപാതകത്തെ അനുസ്മരിപ്പിക്കുന്ന ഈ സംഭവം ഇന്ത്യയിലെ ക്രൈസ്തവ സമൂഹങ്ങളിൽ ശക്തമായ ധാർമ്മിക രോഷമാണ് ഉണർത്തിയത്. പല ക്രിസ്തീയ സമൂഹങ്ങളും സ്വതന്ത്രമായ അന്വേഷണത്തിനാവശ്യപ്പെടുകയും പോലീസ് സേനയുടെ നവീകരണത്തിനായി ശബ്ദമുയർത്തുകയും ചെയ്തു.

ദേശീയ സഭാ കൗൺസിൽ സെക്രട്ടറിയായ റവ. അസീർ എബനേസർ, ഒരു പ്രസ്താവനയിൽ, മത വർഗ്ഗീയ ന്യൂനപക്ഷങ്ങൾക്കും സ്ത്രീകൾക്കും കുട്ടികൾക്കും ബലഹീനർക്കും നേരെ  നിയമം അടിച്ചേൽപ്പികാനുള്ള നീക്കത്തെ തള്ളി പറഞ്ഞു. ഈ സമൂഹങ്ങൾക്കെതിരെയുള്ള മുൻവിധികളുടെ വാല്യങ്ങളാണ് ഇത്തരം സംഭവങ്ങൾ വിളിച്ചു പറയുന്നതെന്നും അദ്ദേഹം തന്‍റെ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. 

ഭാരത മെത്രാൻ സമിതിയും ഇക്കാര്യത്തിൽ പ്രസ്താവന നടത്തിയിരുന്നു. മെത്രാൻ സമിതിയുടെ അദ്ധ്യക്ഷനായ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, അംഗീകരിക്കാനാവാത്ത കൊടും ക്രൂരതയാണിതെന്നും, കുറ്റക്കാരെ ശിക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കാനും ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ ആരോപണ വിധേയരായ നാല് പോലീസുകാരും ജോലിയിൽ നിന്ന് താത്കാലികമായി പിരിച്ചുവിടപ്പെടുകയും ജൂലൈ രണ്ടിന് തമിഴ്നാട് ഹൈക്കോടതി അവർക്കെതിരെ കുറ്റം ചുമത്തുകയും ചെയ്തിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 July 2020, 15:41