2020.01.10 Georg Ratzinger 2020.01.10 Georg Ratzinger 

മോണ്‍സീഞ്ഞോര്‍ ജോർജ്ജ് റാത്സിംഗര്‍ അന്തരിച്ചു

മുന്‍പാപ്പാ ബെനഡിക്ട് 16-Ɔമന്‍റെ ജേഷ്ഠ-സഹോദരനും ജര്‍മ്മനിയിലെ മ്യൂനിക്ക്-ഫ്രെയ്സിംങ് അതിരൂപത വൈദികനും സംഗീതജ്ഞനും...

- ഫാദര്‍ വില്യം  നെല്ലിക്കല്‍

1. വൈദികനും സംഗീതജ്ഞനും
 വാർദ്ധക്യ സഹജമായ കാരണങ്ങളാൽ ചികിത്സയിലായിരുന്ന മോണ്‍സീഞ്ഞോര്‍ ജോര്‍ജ്ജിന്‍റെ അന്ത്യം ജൂലൈ 1,  ബുധനാഴ്ച രാവിലെ ജര്‍മ്മനിയില്‍  റിജന്‍സ്ബേര്‍ഗിലെ ആശുപത്രിയില്‍വച്ചായിരുന്നു. പരേതന് 96 വയസ്സായിരുന്നു. രോഗബാധിതനായ സഹോദരനെ കാണുവാൻ വത്തിക്കാനില്‍ വിശ്രമജീവിതം നയിക്കുന്ന   പാപ്പാ ബെനഡിക്ട് ജൂണ്‍ 18-ന് ജർമ്മനിയിലെ റിജന്‍സ്ബര്‍ഗില്‍ എത്തിയിരുന്നു. സഹോദരനോടോപ്പം മൂന്നു  ദിവസങ്ങൾ ചെലവഴിച്ച 93 വയസ്സുകാരന്‍ പാപ്പാ,  19-Ɔο തിയതി ഈശോയുടെ തിരുഹൃദയത്തിരുനാളില്‍ ഒരുമിച്ച് ആശുപത്രിയിലെ കപ്പേളയില്‍ ദിവ്യബലിയര്‍പ്പിച്ച ശേഷമാണ് വത്തിക്കാനിലേയ്ക്കു മടങ്ങിയത്. അത് ഒരു വിടപറയലായിരുന്നു!

2.  “നഷ്ടമാകുന്ന വിശ്വസ്തനായ മാര്‍ഗ്ഗദര്‍ശി”
പാപ്പാ ബെനഡിക്ടിനെക്കാള്‍  മൂന്ന് വയസിന് മൂത്തതായിരുന്നു ജോര്‍ജ്ജ് റാത്സിംഗറെങ്കിലും 1951 ജൂൺ 29-ന് ഇരുവരും ഒരുമിച്ചായിരുന്നു ജര്‍മ്മനിയിലെ ഫ്രെയ്സിംങ് അതിരൂപതയില്‍ പൗരോഹിത്യം സ്വീകരിച്ചത്. 2011-ല്‍ പൗരോഹിത്യത്തിന്‍റെ അറുപതാം വാര്‍ഷികം ഇരുവരും വത്തിക്കാനില്‍ ഒരുമിച്ചാണ് ആഘോഷിച്ചത്. “തന്‍റെ ജീവിതത്തിലുടനീളം ജോര്‍ജ്ജ് സുഹൃത്തു മാത്രമല്ല, വിശ്വസ്തനായ മാർഗ്ഗദർശികൂടിയായിരുന്നു”വെന്നാണ് പാപ്പ ബെനഡിക്ട് സഹോദരനെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.

3. ജോര്‍ജ്ജ് റാത്സിംഗറിന്‍റെ ജീവിതരേഖ
1924 ജനുവരിയിൽ ജനിച്ച ജോർജ്ജ് റാത്സിംഗർ 1935-ലാണ് മൈനർ സെമിനാരിയിൽ ചേരുന്നത്‌. ദേവാലയ സംഗീതത്തിലും, പിയാനോ വായനയിലുമായിരുന്നു കൂടുതൽ താല്പര്യം. പൗരോഹിത്യ സ്വീകരണശേഷം, 1964-മുതൽ 1994-വരെ റിജന്‍സ്ബര്‍ഗ് കത്തീഡ്രൽ ദേവാലയത്തിലെ ഗായകസംഘത്തിന്‍റെ ഡയറക്ടർ ആയിരുന്നു അദ്ദേഹം. കൂടാതെ, ലോകത്തിന്‍റെ പല ഭാഗങ്ങളിലും ദേവാലയ സംഗീത പ്രചാരണത്തിന്‍റെ ഭാഗമായി അദ്ദേഹം സന്ദർശനങ്ങളും സംഗീതസദസ്സുകളും നടത്തിയിട്ടുണ്ട്.

അജപാലന സമര്‍പ്പണവും സംഗീതപാടവവും, നവീകരിച്ച ആരാധനക്രമസംഗീതത്തിനു നല്കിയ സേവനങ്ങളും കണക്കിലെടുത്ത് ഫാദര്‍ ജോർജ്ജ് റാത്സിംഗറിനെ 1967-ല്‍ ജര്‍മ്മനിയിലെ സഭ മോൺസിഞ്ഞോർ പദവി നല്കി ആദരിച്ചു. തന്‍റെ സഹോദരന്‍ പാപ്പാ ബെനഡിക്ടിനെ സന്ദര്‍ശിക്കാന്‍ എല്ലാവര്‍ഷവും വത്തിക്കാനില്‍ എത്തിയിരുന്ന മോണ്‍. ജോര്‍ജ്ജ് റാത്സിംഗറിന് 2008-ൽ ലാസിയോ പ്രവിശ്യ ഇറ്റാലിയൻ പൗരത്വം നല്കിയും ബഹുമാനിച്ചു.

4. റാത്സിംഗര്‍ പൈതൃക സ്മാരകം
ജര്‍മ്മനിയിലെ ബവേറിയയിലെ പോലീസ് ഉദ്യോഗസ്ഥന്‍ ജോസഫ് റാത്സിങ്കറിന്‍റെയും മേരിയുടെയും മൂന്നു മക്കളില്‍ മൂത്തവനായിരുന്ന ജോര്‍ജ്ജ് റാത്സിങ്കര്‍. രണ്ടാമത് സഹോദരി മേരിയായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്നേ സഹോദരി അന്തരിച്ചു. കുടുംബത്തിന്‍റെ അവസാന കണ്ണിയാണ് പാപ്പാ ബെനഡിക്ട്.  പിതൃസ്വത്തും ഭവനവുമായ മെര്‍ട്ടില്‍ ആം ഇന്‍ (Mertyl am Inn or Pentling) ഗ്രാമത്തിലെ റാത്സിംഗര്‍ ഭവനം ഇന്നും പിതൃസ്മാരകമായി സൂക്ഷിക്കുന്ന ഒരു സാംസ്കാരിക സംഗമ വേദിയാണ്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 July 2020, 08:52