തിരയുക

Vatican News
2020.07.01 SANTA MARIA GORETTI 2020.07.01 SANTA MARIA GORETTI 

ബാലിക രക്തസാക്ഷിയും ചാരിത്ര്യശുദ്ധിക്ക് മാതൃകയും

മരിയ ഗൊരേറ്റിയുടെ വിശുദ്ധപദ പ്രഖ്യാപനത്തിന്‍റെ 70-Ɔο വാര്‍ഷികാചരണവും 130-Ɔο ജന്മദിനവും. പുണ്യവതിയുടെ അനുസ്മരണം ജൂലൈ 6-ന്.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. വിശുദ്ധപദവിയില്‍ 70 വര്‍ഷങ്ങള്‍
ജനനത്തിന്‍റെ 130-Ɔο വാര്‍ഷികം

മാനഭംഗ ശ്രമത്തെ ചെറുത്തുനിന്നുകൊണ്ട് സ്ത്രീത്വത്തിന്‍റെ അന്തസ്സും സമഗ്രതയും കാത്തുപാലിച്ച ഇറ്റലിയിലെ മാര്‍ക്കെ പ്രദേശത്തെ കൊറിനാള്‍ഡോ ഗ്രാമത്തിലെ 11 വയസ്സുകാരി മരിയ ഗൊരേറ്റിയുടെ സ്വര്‍ഗ്ഗീയ വിശുദ്ധിയുടെ 70 വര്‍ഷങ്ങള്‍ 2020 ജൂണ്‍ 24-ന് സഭ അനുസ്മരിച്ചു. 1950 ജൂണ്‍ 24-Ɔο തിയതിയായിരുന്നു പിയൂസ് 12-Ɔമന്‍ പാപ്പാ ഗൊരേറ്റിയെ രക്തസാക്ഷിയായ പുണ്യവതിയായി പ്രഖ്യാപിച്ചത്. പുണ്യപദം ചൂടിയതിന്‍റെ 70-Ɔο വാര്‍ഷികം മരിയ ഗൊരേറ്റിയുടെ ജനനത്തിന്‍റെ 130-Ɔο വാര്‍ഷികം കൂടിയാണ്. അയല്‍വാസിയായ കര്‍ഷകയുവാവ് അവളുടെമേല്‍ നടത്തിയ മാനഭംഗശ്രമത്തെ മരണത്തോളം സര്‍വ്വശക്തിയോടുംകൂടെ ചെറുക്കുകയും വിജയംനേടുകയും ചെയ്ത ഗൊരേറ്റിയെ ധീരയായ രക്ഷസാക്ഷിയും സ്ത്രീകുലത്തിന് മാതൃകയുമെന്ന് വിശുദ്ധപദ പ്രഖ്യാപന ചടങ്ങില്‍ പാപ്പാ വിശേഷിപ്പിച്ചു.

2. ആഗോളശ്രദ്ധ പിടിച്ചുപറ്റിയ
മരിയ ഗൊരേറ്റിയുടെ വിശുദ്ധപദവി

ഇറ്റലിയില്‍നിന്നും ഇതര യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും മാത്രമല്ല ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍നിന്നും രാഷ്ട്രനേതാക്കളും ജനപ്രതിനിധികളും സംഘടനകളും ജീവിതപരിശുദ്ധിക്കായി അത്യപൂര്‍വ്വ ധീരത കാണിച്ച കൊച്ചുപുണ്യവതിയുടെ വിശുദ്ധപദ പ്രഖ്യാപനത്തില്‍ പങ്കെടുക്കുവാനുള്ള ആഗ്രഹം വളരെ മുന്‍കൂറായി വത്തിക്കാനെ അറിയിക്കുവാന്‍ തുടങ്ങി. അങ്ങനെ നിത്യനഗരത്തില്‍ എത്തിച്ചേരുവാന്‍ സാദ്ധ്യതയുള്ള വിശ്വാസികളുടെയും തീര്‍ത്ഥാടകരുടെയും വന്‍ജനാവലി കണക്കിലെടുത്തുകൊണ്ട് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ നാളതുവരെയും നടത്തിയിരുന്ന പാപ്പാ മുഖ്യകാര്‍മ്മികത്വംവഹിക്കുന്ന വിശുദ്ധപദപ്രഖ്യാപനവും ദിവ്യബലിയുമെല്ലാം ചരിത്രത്തില്‍ ആദ്യമായി വത്തിക്കാന്‍റെ വിശാലമായ ചത്വരത്തിലേയ്ക്ക് മാറ്റിവച്ചു. അന്ന് മൂന്നു ലക്ഷത്തില്‍ അധികം വിശ്വാസികള്‍ ചടങ്ങില്‍ പങ്കെടുത്തതായി ഈ ചരിത്രസംഭവത്തെ സംബന്ധിച്ച രേഖകള്‍ വ്യക്തമാക്കുന്നു.

3. ലോക മനഃസാക്ഷിയെ സ്പര്‍ശിച്ച സംഭവം
മാനവികതയുടെ മനഃസാക്ഷിയെ സ്പര്‍ശിച്ച ചരിത്രസംഭവമായിരുന്നു യുവരക്തസാക്ഷിയായ മരിയ ഗൊരേറ്റിയുടെ വിശുദ്ധപദ പ്രഖ്യാപന കര്‍മ്മങ്ങള്‍. അതിനെ തുടര്‍ന്ന് ചുരുങ്ങിയ കാലയളവില്‍ ലോകമെമ്പാടും വിശുദ്ധയുടെ നാമത്തില്‍ ദേവാലയങ്ങളും സ്ഥാപനങ്ങളും സംഘടനകളും തുറക്കപ്പെട്ടു. തന്‍റെ ചാരിത്ര്യം സംരക്ഷിക്കുവാന്‍വേണ്ടി ജീവന്‍ സമര്‍പ്പിച്ച 11 വയസ്സുകാരിയുടെ ധീരതയും നന്മയും ലോകമനഃസ്സാക്ഷിയെ സ്പര്‍ശിക്കുകയും ആയിരങ്ങളുടെ കരളലിയിപ്പിക്കുകയും ചെയ്തു.

4. മരിയ ഗൊരേറ്റിയുടെ വിശ്വാസപൈതൃകം
വിശുദ്ധരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തിക്കൊണ്ട് മരിയ ഗൊരേറ്റിയെന്ന കൊച്ചുരക്തസാക്ഷിയെ ലോകത്തിന്, പ്രത്യേകിച്ച് യുവതലമുറയ്ക്ക് സഭ ചാരിത്ര്യവിശുദ്ധിക്ക് മാതൃകയായി നല്കുകയുണ്ടായി. സ്ത്രീകളുടെ അന്തസ്സും സമഗ്രതയും വേണ്ടുവോളം വിലമതിക്കാത്തൊരു ലോകത്തിന് ചാരിത്ര്യത്തെപ്രതിയുള്ള ഈ ഗ്രാമീണ ബാലികയുടെ രക്തസാക്ഷിത്വം ഇന്നും വെല്ലുവിളിയായി നില്ക്കുന്നു. മനുഷ്യരുടെ മുന്നില്‍ എന്നപോലെ ദൈവത്തിന്‍റെ മുന്നിലും മനഃസാക്ഷിയെക്കുറിച്ചുള്ള മൂല്യബോധം വളര്‍ത്തണമെന്ന് വിശുദ്ധ മരിയ ഗൊരേറ്റി പഠിപ്പിക്കുന്നു. സ്ത്രീകളെ വസ്തുക്കളെപ്പോലെ ഉപയോഗിക്കയും, കുട്ടികളെപ്പോലും ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരകളാക്കുകയും ചെയ്യുന്ന ഇന്നത്തെ ലോകത്ത് വിശുദ്ധയുടെ ജീവിതമാതൃക ഏറെ പ്രസക്തമാണ്.

5. ക്ഷമയും മാനസാന്തരവും

നെഞ്ചില്‍ കുത്തേറ്റ് മരണശയ്യയില്‍ കിടക്കുമ്പോഴും തന്‍റെ അതിക്രമിയായ അലസാന്ദ്രോ സെരെനേലിയോട് മരിയ ഗൊരേറ്റി ക്ഷമിച്ചത് ആ യുവാവിന്‍റെ മാനസാന്തരത്തിന് വഴിതെളിയിച്ചു. ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്ന സെരനേലി ജീവിതത്തിന്‍റെ ശിഷ്ടഭാഗം ഫ്രാന്‍സിസ്ക്കന്‍ സന്ന്യാസ സമൂഹത്തില്‍ ചേര്‍ന്ന് മൂന്നാംസഭാംഗമായി ജീവിച്ചു. ഒരു എളിയ സഹായിയായും സഹോദരനുമായി അനുതപിച്ചും പ്രായശ്ചിത്തംചെയ്തും മരണംവരെ നല്ലജീവിതം നയിച്ചു.

മരിയ ഗൊരേറ്റിയുടെ വിശുദ്ധപദ പ്രഖ്യാപന ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ ഏറെ വിനീത ഹൃദയനായി അലസാന്ദ്രോ സെരിനേലിയും 1950 ജൂണ്‍ 24-ന് വത്തിക്കാനില്‍ എത്തിയിരുന്നു. വന്‍ജനാവലിയെ സാക്ഷിനിറുത്തി ഇറ്റലിയുടെ ബാലികയായ രക്തസാക്ഷിയെ പിയൂസ്
12-Ɔമന്‍ പാപ്പാ വിശുദ്ധയായി പ്രഖ്യാപിച്ചപ്പോള്‍ അള്‍ത്താരവേദിയുടെ പാര്‍ശ്വത്തില്‍ ജനക്കൂട്ടത്തിനിടയില്‍ അനുതാപത്തിന്‍റെ കണ്ണീരണിഞ്ഞ് നമ്രശിരസ്കനായി അലാസന്ദ്രോ സെരിനേലി നില്ക്കുന്നുണ്ടായിരുന്നു. അത് മാനസാന്തരത്തിന്‍റെയും ദൈവികമായ ക്ഷമാദാനത്തിന്‍റെയും മൗനസാക്ഷ്യമായിരുന്നു. ക്ഷമിക്കുവാനും ആ ക്ഷമ ഏറ്റുവാങ്ങി മാനസാന്തരപ്പെടുവാനുമുള്ള മനസ്സിന്‍റെ തുറവ് ദൈവകൃപയാണെന്ന് അലാസാന്ദ്രോ സാക്ഷ്യപ്പെടുത്തുന്നു.

6. വിശുദ്ധയുടെ  ഹ്രസ്വ ജീവിതരേഖ
1890 ഒക്ടോബര്‍ 16-ന് മദ്ധ്യഇറ്റലിയിലെ മാര്‍ക്കെ പ്രദേശത്ത് കൊരിനാള്‍ഡോ ഗ്രാമത്തിലെ കര്‍ഷക കുടുംബത്തില്‍ മരിയ ഗൊരേറ്റി ജനിച്ചു. ആറുമക്കളില്‍ മരിയ മൂന്നാമത്തവളായിരുന്നു. നന്നേ ചെറുപ്പത്തിലെ പിതാവ് മലേറിയ പിടിപെട്ടു മരിച്ചു. പിന്നെ അമ്മയാണ് മക്കളോടു ചേര്‍ന്ന് കുടുംബത്തെ പോറ്റിയത്. അമ്മ മക്കളെ അനുസരണയിലും ദൈവഭക്തിയിലും വളര്‍ത്തി. നിത്യേന പ്രാര്‍ത്ഥിക്കുന്ന കുടുബമായിരുന്നു അത്. സ്വഭാവവൈശിഷ്ട്യവും വിനീതഭാവവും കൊണ്ട് മരിയ വീട്ടിലും നാട്ടിലും പ്രിയപ്പെട്ടവളായിരുന്നു.

7. പാപത്തെക്കാള്‍ മരണം ഏറ്റെടുത്തവള്‍
1905 ജൂലൈ 5-ന് തൊട്ടടുത്തുള്ള കളപ്പുരയിലെ ജോലിക്കാരനായ യുവാവ്, അലസാന്ദ്രോ സെരിനേലി കാമാസക്തിയോടെ മരിയയെ ഒരു മുറിയില്‍ ബന്ധിയാക്കി. ദൈവനാമത്തില്‍ തന്നെ മോചിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അയാള്‍ കൂട്ടാക്കിയില്ല. അതിക്രമിയുടെ ദുരാഗ്രഹങ്ങളെ മരിയ ചെറുത്തുനിന്നു. ജീവന്‍ നഷ്ടമായാലും പാപംചെയ്യാന്‍ അനുവദിക്കില്ലെന്നായിരുന്നു അവളുടെ നിലപാട്. പ്രേരണകള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും മരിയ വഴിപ്പെടാതായപ്പോള്‍ സഹികെട്ട അലസാന്ദ്രോ കത്തിയെടുത്ത് 14 വട്ടം അവളെ കുത്തി മുറിപ്പെടുത്തിയിട്ട് ഓടി രക്ഷപെട്ടു. രക്തം വാര്‍ന്നൊലിച്ചു കിടന്ന മരിയയെ ഗ്രാമവാസികള്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും, ഘാതകനോടു ക്ഷമിക്കുന്നുവെന്ന് അവസാനമായി മൊഴിഞ്ഞുകൊണ്ട് വിശുദ്ധിയുടെ വെള്ളരിപ്രാവ് മിഴിയടച്ചു.

ജീവിതവിശുദ്ധി തേടുന്നവര്‍ക്കും, ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്കും, യുവജനങ്ങള്‍ക്കും മരിയ ഗൊരേറ്റി മാതൃകയും മദ്ധ്യസ്ഥയുമാണ്.
 

01 July 2020, 07:27