Foto copertina civilta cattolica Foto copertina civilta cattolica 

“കത്തോലിക്ക സംസ്കാരം” പ്രസിദ്ധീകരണത്തിന് 170 വയസ്സ്

“ലാ ചിവില്‍ത്താ കത്തോലിക്ക” (La Civilta Catholica) - “കത്തോലിക്ക സംസ്കാരം” എന്ന ഈശോ സഭയുടെ മാസിക 170-Ɔο വാര്‍ഷികം അനുസ്മരിച്ചു.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. പ്രസിദ്ധീകരണത്തിന്‍റെ ജൂബിലി
ഈശോ സഭാംഗങ്ങളുടെ പത്രാധിപസമിതി, സുപ്പൂരിയര്‍ ജനറല്‍ അര്‍ത്തൂരെ സോസയോടൊപ്പം ഇറ്റാലിയന്‍ പ്രസിഡന്‍റ്, സേര്‍ജോ മത്തരേലയ്ക്കൊപ്പമാണ് മാസികയുടെ ജൂബിലി ലളിതമായി ആചരിച്ചത്. പ്രധാനമായും ഇറ്റാലിയന്‍ ഭാഷയിലും, ഇംഗ്ലിഷിലും ഏതാനും യൂറോപ്യന്‍ ഭാഷകളിലും ഇറക്കുന്ന ഏറെ സമുന്നത ബൗദ്ധിക നിലവാരമുള്ള സഭാവാര്‍ത്തകളുടെ പ്രസിദ്ധീകരമാണിത്. ജൂലൈ 9-ന് റോമിലെ കുരിനാലെ പ്രസിഡന്‍ഷ്യല്‍ മന്ദിരത്തിലാണ് “ലാ ചിവില്‍ത്താ കത്തോലിക്ക”യുടെ പ്രവര്‍ത്തകര്‍ ഇറ്റാലിയന്‍ പ്രസിഡന്‍റ് മത്തരേലയുടെ ആതിഥ്യം സ്വീകരിച്ചത്.

2. ഇറ്റാലിന്‍ പ്രസിഡന്‍റിന്‍റെ അഭിനന്ദങ്ങള്‍
കത്തോലിക്ക സഭയുടെ പ്രബോധനങ്ങളുടെയും ആത്മീയ പൈതൃകത്തിന്‍റെയും അടിസ്ഥാന പ്രമാണമാണ് ഉള്ളടക്കത്തില്‍ “ലാ ചിവില്‍ത്താ കത്തോലിക്ക” പ്രസിദ്ധീകരണമെന്ന് പ്രസിഡന്‍റ് മത്തരേല തന്‍റെ പ്രഭാഷണത്തിന് ആമുഖമായി പ്രസ്താവിച്ചു. ഇന്ന് ലോകത്തിന് ആകമാനം ഭീഷണിയായി നില്ക്കുന്ന മഹാമാരി പഠിപ്പിക്കുന്നത് രാഷ്ട്രങ്ങളുടെ തട്ടുകളായുള്ള നിലപാടും, സ്വാര്‍ത്ഥമായ അധികാര ചിന്തയും വെടിഞ്ഞ് രാജ്യാന്തര കൂട്ടായ്മയുടെയും സഹകരണത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മനോഭാവം വളര്‍ത്താനുള്ള തുറവും ചിന്താഗതിയുമാണ് വികസിപ്പിക്കേണ്ടതെന്ന് പ്രസിഡന്‍റ് പ്രസ്താവിച്ചു. സംസ്കാരങ്ങളും ദേശങ്ങളും ജനതകളും ഒരുമയോടെ ചിന്തിക്കുവാനും പാരസ്പരികതയില്‍ ഭൂമുഖത്ത് ജീവിക്കുന്ന ഒരു ആഗോളസംസ്കാരം വളര്‍ത്തുവാന്‍ കത്തോലിക്ക സംസ്കാരം എന്ന പേര് ഉള്‍ക്കൊള്ളുന്ന സമര്‍ത്ഥമായ ഈ സംരംഭത്തിനു സാധിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് പ്രസിഡന്‍റ് മത്തരേല പ്രഭാഷണം ഉപസംഹരിച്ചത്.

3. ഈശോസഭാ തലവന്‍റെ അഭിവാദ്യങ്ങള്‍
ചരിത്രത്തിലെ ഐതിഹാസികമായ മാറ്റങ്ങളോടു പ്രതികരിക്കുവാനുള്ള ഊര്‍ജ്ജമാണ് പ്രസിദ്ധീകരണത്തിന് ഇന്ന് ആവശ്യമെന്നും, പൂര്‍വ്വോപരി സൂക്ഷ്മനിരീക്ഷണത്തോടും ബുദ്ധിസാമര്‍ത്ഥ്യത്തോടുംകൂടെ കാലികമായ വ്യതിയാനങ്ങളെ ജനങ്ങള്‍ക്കു വ്യാഖ്യാനിച്ചു നല്കുവാനുള്ള കരുത്ത് പത്രാധിപസമിതിക്ക് ആവശ്യമാണെന്ന് ഈശോസഭയുടെ സുപ്പീരിയര്‍ ജനറല്‍ സംഗമത്തെ അഭിസംബോധനചെയ്തുകൊണ്ടും പ്രസിഡന്‍റ് മത്തരേലയെ അഭിവാദ്യം ചെയ്തുകൊണ്ടും നടത്തിയ പ്രഭാഷണത്തില്‍ പ്രസ്താവിച്ചു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 July 2020, 07:42