The grotto of apparition - the actual site of the apparition of the Immaculate  (file foto) The grotto of apparition - the actual site of the apparition of the Immaculate (file foto) 

സമീപത്തില്ലെങ്കിലും സാന്നിദ്ധ്യമാകുന്ന മാതൃകടാക്ഷം

ലൂര്‍ദ്ദിലെ ഗ്രോട്ടോയിലേയ്ക്ക് ചരിത്രത്തില്‍ ആദ്യമായി “ഓണ്‍ലൈന്‍” തീര്‍ത്ഥാടനം

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. ചരിത്രത്തില്‍ ആദ്യമായി
ബര്‍ണഡീറ്റ് സുബീരോ എന്ന ഗ്രാമീണയുവതിക്ക് 1858-ല്‍ ഫ്രാന്‍സിലെ ലൂര്‍ദ്ദ് ഗ്രാമത്തിലെ ഒരു ചെറുഗുഹയില്‍ കന്യകാനാഥ അവസാനമായി ദര്‍ശനം നല്കിയ ദിനമായ ജൂലൈ 16-നാണ് (കര്‍മ്മലനാഥയുടെ തിരുനാളിലാണ്)  തിരുനടയിലേയ്ക്ക് ഓണ്‍-ലൈന്‍ തീര്‍ത്ഥാടനങ്ങള്‍ ചരിത്രത്തില്‍ ആദ്യമായി നടന്നത്. ഈ വര്‍ഷം മഹാമാരിയുടെ ദുരന്തത്തില്‍ ലോകത്ത് എവിടെയും സംജാതമായിരിക്കുന്ന ക്ലേശപൂര്‍ണ്ണമായ ജീവിതാവസ്ഥ കണക്കിലെടുത്തുകൊണ്ടാണ് ജൂലൈ 16-ന് രാവിലെ മുതല്‍ രാത്രിവരെ, 15 മണിക്കൂര്‍ നീണ്ട ഓണ്‍ലൈന്‍ തീര്‍ത്ഥാടനം ലൂര്‍ദ്ദിലേയ്ക്ക് സാദ്ധ്യമാക്കിയതെന്ന് തീര്‍ത്ഥാടന കേന്ദ്രത്തിന്‍റെ ഡയറക്ടര്‍, മോണ്‍സീഞ്ഞോര്‍ ഒലിവിയെ റിബെ ഡ്യുവോ-ഡ്യൂമാ പ്രസ്താവനയിലൂടെ അറിയിച്ചു.

2. അകലെയുള്ളവരെയും ദര്‍ശിക്കുന്ന
മാതൃകടാക്ഷം

ബര്‍ണഡീറ്റ് സുബീരോ കന്യകാനാഥയെ അവസാനമായി ലൂര്‍ദ്ദിലെ ചെറുഗുഹയില്‍ ദര്‍ശിച്ചത് 1858-ലെ ജൂലൈ 16-നായിരുന്നു. ഗ്രോട്ടോയുടെ സമീപത്തായി  ഒഴുകുന്ന പാവു (Pau) നദിയുടെ മറുകരയില്‍ നിന്നുമായിരുന്നു.  ഈ ചരിത്ര സംഭവത്തിന്‍റെ ധ്യാനത്തില്‍നിന്നും, അകലെയുള്ളവരെയും അമലോത്ഭവനാഥയുടെ സന്നിധിയിലേയ്ക്ക് അടുപ്പിക്കാം എന്നു ലഭിച്ച ചിന്തയാണ് മാധ്യമ സഹായത്തോടെയുള്ള ഒരു തീര്‍ത്ഥാടനത്തിന് വിശ്വാസികളെയും അവരുടെ സമൂഹത്തിലെ രോഗികളായ സഹോദരങ്ങളെയും ലൂര്‍ദ്ദിലേയ്ക്കു ക്ഷണിക്കുവാന്‍ പ്രേരിപ്പിച്ചതെന്ന് മോണ്‍. ഡ്യൂമ വിവരിച്ചു.

3. ഓണ്‍ലൈന്‍ പങ്കാളിത്തം
മഹാമാരിമൂലം ഈ വര്‍ഷത്തിന്‍റെ ആരംഭത്തില്‍ മൂന്നുമാസത്തോളം ഫ്രാന്‍സിലെ തീര്‍ത്ഥാടനകേന്ദ്രം അടച്ചിടുകയുണ്ടായി. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും അനുവര്‍ഷമുള്ള തീര്‍ത്ഥാടനങ്ങള്‍ ക്ലേശപൂര്‍ണ്ണമായ ലോകഗതിയില്‍ റദ്ദാക്കുകയാണുണ്ടായത്. എന്നാല്‍ ചരിത്രത്തില്‍ ആദ്യമായി ലൂര്‍ദ്ദുനാഥയുടെ സന്നിധിയിലേയ്ക്കു നടത്തിയ “ഈ-പില്‍ഗ്രിമേജി”ല്‍ (E-Pilgrimage) ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളില്‍നിന്നും ലക്ഷോപലക്ഷം ജനങ്ങള്‍ പ്രത്യാശയോടെ ഗ്രോട്ടോയിലെ ദിവ്യബലിയിലും, ജപമാലപ്രാര്‍ത്ഥനയിലും, രോഗികള്‍ക്കായുള്ള പ്രത്യേക ആശീര്‍വ്വാദത്തിലും പങ്കെടുത്തതായി മോണ്‍. ഡ്യൂമ സാക്ഷ്യപ്പെടുത്തി.

4. പ്രത്യാശയോടെ ജീവിതയാത്ര തുടരാം!
രോഗവും അതുമായി ബന്ധപ്പെട്ട വൈകല്യങ്ങളും ക്ലേശങ്ങളും ജീവിതത്തിന്‍റെ അവസാനമല്ലെന്നും, ദൈവത്തില്‍ പ്രത്യാശയര്‍പ്പിക്കുന്നവര്‍ക്ക് അവിടുന്നിലേയ്ക്കുള്ള തുടര്‍യാത്രയും തീര്‍ത്ഥാടനവുമായി ജീവിതം അംഗീകരിക്കാനാവുമെന്നുമാണ് ലൂര്‍ദ്ദുനാഥയുടെ സന്നിധിയിലേയ്ക്കു അനുദിനം പ്രത്യാശയോടെ തിരിയുന്ന നാനാമതസ്ഥരായ ആയിരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതെന്നും മോണ്‍. ഡ്യൂമ പങ്കുവച്ചു.

https://lourdesvolunteers.org/to-arrange-a-virtual-pilgrimage/
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 July 2020, 13:41