Pope Francis attends a conference on human trafficking at the Vatican Pope Francis attends a conference on human trafficking at the Vatican 

നീതിയും സംരക്ഷണവും തേടുന്ന “ലാഭകരമായ കുറ്റകൃത്യം”

ജൂലൈ 30 വ്യാഴം – മനുഷ്യക്കടത്തിന് എതിരായ ആഗോളദിനം. ഈ കുറ്റകൃത്യം നിയന്ത്രിക്കാന്‍ ഇനിയും സുരക്ഷാ സംവിധാനങ്ങളില്ലെന്ന് വത്തിക്കാന്‍.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. വത്തിക്കാന്‍റെ നിരീക്ഷണം
മനുഷ്യക്കടത്തിന് എതിരെ കര്‍ശനമായ നടപടിക്രമങ്ങള്‍ ഇനിയും രാജ്യാന്തരതലത്തില്‍ രൂപപ്പെടണമെന്ന്, വിയന്നായിലെ യുഎന്‍ മനുഷ്യാവകാശ കേന്ദ്രത്തിലുള്ള വത്തിക്കാന്‍റെ സ്ഥിരംനിരീക്ഷകന്‍, ആര്‍ച്ചുബിഷപ്പ് ജോസഫ് ഗ്രേഷ് അഭിപ്രായപ്പെട്ടു. ലോകത്ത് നടമാടുന്ന അതിക്രമങ്ങളില്‍ ഏറെ “ലാഭകരമായ കുറ്റകൃത്യ”മായി മനുഷ്യക്കടത്ത് നില്ക്കുകയാണെന്നും, അതിനു കാരണം കുറ്റക്കാര്‍ ശിക്ഷാഭീതിയില്ലാതെ രക്ഷപെടുന്ന മേഖലയായി ഈ രാജ്യാന്തര അതിക്രമം വളരുകയാണെന്നും വത്തിക്കാന്‍റെ പ്രതിനിധി ആര്‍ച്ചുബിഷപ്പ് ഗ്രേഷ്, ജൂലൈ 22-ന് സമര്‍പ്പിച്ച തന്‍റെ പ്രബന്ധത്തില്‍ ചൂണ്ടിക്കാട്ടി.

2. നിയമ-സുരക്ഷാ സംവിധാനങ്ങളുടെ അഭാവം
മനുഷ്യരെ, പ്രത്യേകിച്ച് വ്രണിതാക്കളായ സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കേണ്ട രാഷ്ട്രങ്ങളില്‍ മനുഷ്യക്കടത്തിന് ഉത്തരവാദികളായ വന്‍ ഏജന്‍സികളെയും അധിക്രമകളെയും ശിക്ഷിക്കുവാന്‍ വേണ്ടുവോളം സൂക്ഷ്മതയുള്ള നിയമസംവിധാനം ഇനിയും രൂപപ്പെടുത്തിയിട്ടില്ല. സുരക്ഷയ്ക്കും സഹകരണത്തിനുമായുള്ള യൂറോപ്യന്‍ സംഘടനയോടു ചേര്‍ന്നു സമര്‍പ്പിച്ച പ്രബന്ധത്തില്‍ ആര്‍ച്ചുബിഷപ്പ് ഗ്രേഷ് വ്യക്തമാക്കി. അതുപോലെ മനുഷ്യക്കടത്തിന് ഇരയായവരുടെ അന്തസ്സു മാനിക്കുവാനോ, അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനോ, അവര്‍ക്കുള്ള പുരധിവാസ സംവിധാനങ്ങള്‍ സജ്ജമാക്കുന്നതിനോ ഉതകുന്ന സംവിധാനങ്ങളും ഇനിയും ആഗോളതലത്തില്‍ ഭരണകര്‍ത്താക്കള്‍ തയ്യാറാക്കിയിട്ടില്ലെന്ന സത്യം വത്തിക്കാന്‍റെ പ്രതിനിധി ചൂണ്ടിക്കാട്ടി.

3. ശിക്ഷയില്ലാത്ത അതിക്രമം
ആഗോളതലത്തില്‍ മനുഷ്യക്കടത്തിന് ഇരയായിട്ടുള്ളവരുടെ എണ്ണം ഇന്ന് 4 കോടിയോളമാണ് (40 million). ഇരകളായവര്‍ അതിന്‍റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുകയും ചൂഷിതരായി വലയുകയും ചെയ്യുമ്പോള്‍ കാരണക്കാരയ അതിക്രമികള്‍ ശിക്ഷിക്കപ്പെടുന്നില്ലെന്നും, ശിക്ഷാഭീതിയില്ലാത്തെ കുറ്റകൃത്യം രാജ്യാന്തരതലത്തില്‍ തുടരുകയാണെന്നും ആര്‍ച്ചുബിഷപ്പ് ഗ്രേഷ് പഠനങ്ങളുടെ അടിസ്ഥാനത്തില്‍ വിവരിച്ചു. വ്യക്തികളെ, വിശിഷ്യാ ദുര്‍ബലരെ സംരക്ഷിക്കേണ്ട രാഷ്ട്രങ്ങളും സുരക്ഷാ സംവിധാനങ്ങളും ഇനിയും ഈ മേഖലയിലെ സുരക്ഷാ-നിയമ സംവിധാനങ്ങള്‍ പരിശോധിക്കുകയും പുനരാവിഷ്ക്കരിക്കുകയും രാജ്യാതിര്‍ത്തികളിലും രാജ്യാന്തര തലത്തിലും നടമാടുന്ന ഈ വന്‍ അതിക്രമം ഇല്ലാതാക്കുകയും വേണമെന്ന് പാപ്പാ ഫ്രാന്‍സിസിന്‍റെയും വത്തിക്കാന്‍റെയും പേരില്‍ അഭ്യര്‍ത്ഥിച്ചു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 July 2020, 07:38