2020.06.25 Icona perpetua soccorso 2020.06.25 Icona perpetua soccorso 

സുകൃതമണികളുടെ മലയാളപരിഭാഷ നിജപ്പെടുത്തി

കന്യകാനാഥയുടെ പ്രാര്‍ത്ഥനാമാലിക പരിഷ്ക്കരണം : കെ.സി.ബി.സി. നിജപ്പെടുത്തിയ പരിഭാഷ :

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. മേരിയന്‍ ലുത്തീനിയായുടെ നവീകരണം
പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച ജപമാലയുടെ ലുത്തീനിയായിലെ നവമായ മൂന്നു സുകൃതമണികളുടെ പരിഭാഷ കേരളത്തിലെ കത്തോലിക്ക മെത്രാന്‍ സമിതി നിജപ്പെടുത്തി. ജപമാലയുടെ അവസാനഭാഗത്ത് കത്തോലിക്ക കുടുംബങ്ങളില്‍ അനുദിനം ചൊല്ലുന്ന ദൈവമാതാവിനോടുള്ള പ്രാര്‍ത്ഥനാമാലികയിലേയ്ക്ക് കാലിക പ്രസക്തിയുള്ള മൂന്നു ജപമണികള്‍കൂടിയാണ് പാപ്പാ ഫ്രാന്‍സിസ് കൂട്ടിച്ചേര്‍ത്തത്. വത്തിക്കാന്‍റെ ഔദ്യോഗിക ഭാഷയായ ലത്തീനില്‍ ആരാധാനക്രമ കാര്യങ്ങള്‍ക്കായുള്ള സംഘം ജൂണ്‍ 20 ദൈവമാതാവിന്‍റെ വിമലഹൃദയത്തിരുനാളിലാണ് ഈ നവീകരണം പ്രസിദ്ധപ്പെടുത്തിയത്.

2. ദൈവമാതാവിന്‍റെ മൂന്നു സുകൃതമണികള്‍
Mater Spei, (Mother of Hope) എന്ന യാചനയ്ക്ക് “പ്രത്യാശയുടെ മാതാവേ…,
Mater Misericordiae, (Mother of Mercy) എന്നതിന് കാരുണ്യത്തിന്‍റെ മാതാവേ…,
Solacium Migrantium (Solace of the Migrants) എന്ന മൂന്നാമത്തേതിന്
അഭയാര്‍ത്ഥികളുടെ ആശ്വാസമേ... എന്നുമായി സുകൃത മണികളുടെ പരിഭാഷ നിജപ്പെടുത്തിയതായി കേരളത്തിലെ മെത്രാന്‍ സമിതിയുടെ കാര്യാലയം പി.ഒ.സി.-യില്‍നിന്നും ബൈബിള്‍ കമ്മിഷന്‍ സെക്രട്ടറി, ഫാദര്‍ ഡോ. ജോഷി മയ്യാറ്റില്‍ ജൂണ്‍ 25, വ്യാഴാഴ്ച വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തെ അറിയിച്ചു.

3. പുതിയ സുകൃതമണികളുടെ സ്ഥാനങ്ങള്‍
മൂന്നു പുതിയ യാചനകള്‍ ദൈവമാതാവിന്‍റെ പ്രാര്‍ത്ഥനാമാലികയില്‍ ചേര്‍ക്കേണ്ട സ്ഥാനങ്ങള്‍ പാപ്പാ ഫ്രാന്‍സിസ് തന്നെ നിര്‍ദ്ദേശിച്ചിട്ടുള്ളതാണ്. അതുപ്രകാരം ആദ്യമായി “പ്രത്യാശയുടെ മാതാവേ…,” എന്ന യാചന ലുത്തിനിയായുടെ ആദ്യഭാഗത്ത് ദൈവപ്രസാദവരത്തിന്‍റെ മാതാവേ, എന്ന യാചനയ്ക്കുശേഷവും, തുടര്‍ന്ന് “കാരുണ്യത്തിന്‍റെ മാതാവേ…” എന്ന യാചന തിരുസഭയുടെ മാതാവേ എന്ന യാചനയ്ക്കുശേഷവും, മൂന്നാമതായി “അഭയാര്‍ത്ഥികളുടെ ആശ്വാസമേ…” എന്ന യാചന പാപികളുടെ സങ്കേതമേ എന്ന യാചനയ്ക്കുശേഷവും കൂട്ടിച്ചേര്‍ക്കണമെന്നതാണ് പാപ്പായുടെ നിര്‍ദ്ദേശം.

2020 ജൂണ്‍ 20, പരിശുദ്ധ കന്യകാമറിയത്തിന്‍റെ വിമലഹൃദയത്തിരുനാളില്‍ ആരാധനക്രമകാര്യങ്ങള്‍ക്കും കൂദാശകള്‍ക്കുമുള്ള വത്തിക്കാന്‍ സംഘം പുറപ്പെടുവിച്ച കത്തിലൂടെയാണ് പാപ്പായുടെ നവമായ ഈ പ്രബോധനം ആഗോളതലത്തില്‍ മെത്രാന്‍ സംഘങ്ങളുടെ തലവന്മാര്‍വഴി ലോകമെമ്പാടുമുള്ള സഭാമക്കളെ അറിയിച്ചിട്ടുള്ളത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 June 2020, 13:50