തിരയുക

2019.03.01 Cardinal Tukson 2019.03.01 Cardinal Tukson  

വംശീയത അമേരിക്കയില്‍ മാത്രമല്ല ലോകത്ത് എവിടെയും...

ലോകത്ത് എവിടെയും വംശീയത നിലനില്ക്കുന്നുണ്ടെന്ന്, സമഗ്ര മാനവപുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണ്‍

-  ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. വംശീയത ഇന്നും ലോകത്തിനു ശാപം
ജൂണ് 3-ന് വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു നല്കിയ അഭിമുഖത്തിലാണ് കറുത്തവര്‍ഗ്ഗക്കാരനും ആഫ്രിക്കയിലെ ഖാന സ്വദേശിയുമായ കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ലോകത്ത് ധാരാളം രാജ്യങ്ങളില്‍ ഇനിയും വംശവിവേചനം നിലനില്ക്കുന്നുണ്ട് (Caste System), ചിലയിടങ്ങളില്‍  വര്‍ണ്ണവിവേചനമാണ്. തദ്ദേശജനതകളെ വിവേചിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന രാജ്യങ്ങളും നിരവധിയാണ്. മതവിവേചനത്തിനും പീഡനങ്ങള്‍ക്കും നേരെ കണ്ണടയ്ക്കുന്ന രാഷ്ട്രങ്ങളും ഇന്നു ലോകത്തുണ്ട്. അതിനാല്‍ ജോര്‍ജ്ജ് ഫ്ലോയിഡ് എന്ന വ്യക്തിയുടെ മരണത്തെപ്രതിയുള്ള പ്രതിഷേധം വിപ്ലവകരമായി ദീര്‍ഘിപ്പിക്കാതെ സംവാദത്തിന്‍റെയും സമാധാനത്തിന്‍റെയും വഴികളിലൂടെ നീതിക്കും അവകാശങ്ങള്‍ക്കുമായി പരിശ്രമിക്കണമെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്ക്സണ്‍  ജൂണ്‍ 4-Ɔο തിയതി  വത്തിക്കാന്‍ വാര്‍ത്താ വിഭാഗത്തിനു നല്കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.

2. ദൈവത്തിന്‍റെ പ്രതിച്ഛായ തരുന്ന അന്തസ്സ്
മനുഷ്യന്‍റെ അന്തസ്സ് ദൈവത്തില്‍നിന്നു വരുന്നതാണ്. നാം അവിടുത്തെ ഛായയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിനാല്‍ സകല മനുഷ്യരും തുല്യാന്തസ്സും അവകാശങ്ങളും ഉള്ളവരാണ്. ഈ ദൈവികാന്തസ്സും അവകാശവും നിലനിര്‍ത്തുകയെന്നതാണ് നമ്മുടെ കടമ. മൗലികമായ മനുഷ്യാന്തസ്സിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതാണ് ആശങ്കയ്ക്കു കാരണമാകുന്നത്. അമേരിക്കന്‍ നഗരങ്ങളിലെ പ്രതിഷേധപ്രകടനങ്ങള്‍ക്കു  കാരണവും ഇതുതന്നെയാണെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ ചൂണ്ടിക്കാട്ടി. ലോകത്ത് എവിടെയും, ഇന്നും കറുത്തവരായതുകൊണ്ടു മാത്രം നീതിയും അവകാശങ്ങളും നിഷേധിക്കപ്പെട്ട്, പാര്‍ശ്വവത്ക്കരണവും, തരംതാഴ്ത്തലും, പീഡനങ്ങളും അനുഭവിക്കുന്ന ലക്ഷോപലക്ഷം ജനങ്ങളുടെ മുറവിളിയാണ് അമേരിക്കയില്‍ കേള്‍ക്കുന്നതെന്ന് ദേശീയ മെത്രാന്‍ സംഘം പ്രസ്താവിച്ചത്, കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ ഉദ്ധരിച്ചു.

3. അനീതിപരമായ വിവേചനം
ദൈവം നല്കിയ വൈവിധ്യങ്ങള്‍ തനിമയാര്‍ന്നതും നല്ലതും പരസ്പരം അംഗീകരിക്കേണ്ടതുമാണ്. പകരം അവയില്‍ ചിലരെ നിഷേധാത്മകമായി വിവേചിക്കുന്നതാണ് വംശീയതയെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ വിശേഷിപ്പിച്ചു. ലോകത്ത് ദൈവം സൃഷ്ടിച്ച എല്ലാവരും ഒരേ നിറക്കാരല്ല, എല്ലാ പൂക്കള്‍ക്കും ഒരേ നിറമല്ലല്ലോ. എന്നാല്‍ എല്ലാ നിറങ്ങളും നല്ലതാണ്. അവയില്‍ ചെറുതും വലുതുമുണ്ട്. എന്നാല്‍ ചില നിറങ്ങളെ ഇഷ്ടമുള്ളതും ഇഷ്ടമില്ലാത്തതുമായി വിവേചിക്കുന്നത് മനുഷ്യരാണ്. ഇഷ്ടക്കുറവ് അസഹിഷ്ണുതയായി പ്രകടമാക്കുന്നതാണ് വംശീയത. അത് അനീതിയാണ്.

4. അക്രമം വെടിഞ്ഞ് സമാധാനവഴി തേടാം
ഒരാളെ കൊല്ലുന്നത് മനുഷ്യാന്തസ്സിന് ഇണങ്ങിയ പ്രവൃത്തിയല്ല. അത് മാനവ കുടുംബത്തിനുതന്നെ ചേര്‍ന്നതല്ല. നീതിക്കായുള്ള കരച്ചില്‍ ഉയരുമ്പോള്‍ വിശ്വമാനവികതയുടെ ദൈവികാന്തസ്സിനെക്കുറിച്ചുള്ള പുനര്‍നിര്‍വ്വചനവും വിവേകവുമാണ് ഇന്നത്തെ തലമുറയ്ക്കു നല്കേണ്ടത്. മാര്‍ട്ടിന്‍ ലൂതര്‍ കിങ് ചെയ്തത് അതാണ്. വിവേചനത്തിന് എതിരെ അഹിംസയുടെയും സമാധാനത്തിന്‍റെയും വഴികളിലൂടെയുള്ള പ്രതിഷേധമായിരുന്നു കിങിന്‍റേത്. കാരണം അഹിംസയുടെ മാര്‍ഗ്ഗത്തില്‍ ക്ഷമയും ഉള്‍ച്ചേര്‍ന്നിരിക്കുന്നുവെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ വ്യക്തമാക്കി.   അമേരിക്കയില്‍ പൊട്ടിപ്പുറപ്പെടുന്ന അക്രമാസക്തമാകുന്ന പ്രതിഷേധത്തില്‍നിന്നു ജനങ്ങളെ പിന്‍തിരിപ്പിച്ച്, സഭകളുടെ കൂട്ടായ്മകളും വിവിധ മതസമൂഹങ്ങളും സന്നദ്ധ സംഘടനകളും ഒത്തുചേര്‍ന്ന് കറുത്തവര്‍ഗ്ഗക്കാരുടെ അവകാശങ്ങള്‍ക്കായി സമാധാനപരമായി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കണമെന്ന് കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സ്ണ്‍ അഭിമുഖത്തില്‍ അഭപ്രായപ്പെട്ടു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 June 2020, 08:05