2019.08.01 Padre Federico Lombardi, gesuita 2019.08.01 Padre Federico Lombardi, gesuita 

ക്ഷമ ഇക്കാലഘട്ടത്തില്‍ അനുപേക്ഷണീയം

“പ്രതിസന്ധിക്കും അപ്പുറം” : ഫാദര്‍ ഫെദറിക്കൊ ലൊമ്പാര്‍ദിയുടെ തുടര്‍പംക്തിയുടെ നാലാം പതിപ്പ്.

- ഫാദര്‍ വില്യം നെല്ലിക്കല്‍

ഈശോ സഭാംഗമായ ഫാദര്‍ ഫെദറിക്കൊ ലൊമ്പാര്‍ദി ഇപ്പോള്‍ റാത്സിങ്കര്‍ ഫൗണ്ടേഷന്‍റെ പ്രസിഡന്‍റായി പ്രവര്‍ത്തിക്കുന്നു. അദ്ദേഹം വത്തിക്കാന്‍റെ വക്താവും മാധ്യമവിഭാഗത്തിന്‍റെ മേധാവിയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

1. ക്ഷമ കുടുംബത്തിലും സമൂഹത്തിലും
മഹാമാരിയുടെ കാലത്തെ ഏകാന്ത ജീവിതത്തിനും, അതിനുശേഷം തുടങ്ങുന്ന പര്സപരബന്ധങ്ങളുടെ രണ്ടാംഘട്ടത്തിലും ഏറെ അധികം ആവശ്യമായ ഗുണഗണമാണ് ക്ഷമയെന്ന് ഫാദര്‍ ലൊമ്പാര്‍ദി ആമുഖമായി പ്രസ്താവിച്ചു. ഒരു കുടുംബത്തിന്‍റെ പരിമിതമായ ഇടത്തിലും സൗകര്യങ്ങളിലും, ഒരേ വ്യക്തികള്‍ക്കൊപ്പം നാളുകള്‍ ചെലവഴിക്കേണ്ടിവരിക മാത്രമല്ല, മറ്റെന്തിലും ഉല്ലാസത്തിനോ ഉന്മേഷത്തിനോ സാദ്ധ്യമല്ലാതെയും, ഒന്നു സ്വതന്ത്രമായി സഞ്ചരിക്കാന്‍പോലും കഴിയാത്ത അവസ്ഥ ആരുടെയും ക്ഷമയെ പരീക്ഷിക്കുന്ന സമയമാണെന്ന്, ഫാദര്‍ ലൊമ്പാര്‍ദി പ്രസ്താവിച്ചു. ഒരു സന്ന്യാസ സമൂഹത്തില്‍പ്പോലും പ്രാര്‍ത്ഥനയുടെയും സമൂഹത്തിന്‍റെ പൊതുവായ മറ്റു പരിപാടികളുടെയും ഇടയില്‍ വ്യക്തികള്‍ ഏറെ വിരസതയും ഒറ്റപ്പെടലും ആശങ്കയും വിഷാദവും അനുഭവിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

2. സാമൂഹ്യ പ്രതിബദ്ധതയുള്ള ക്ഷമ
വൈറസ് ബാധയ്ക്കു നാം കീഴ്പ്പെട്ടിട്ടില്ലെങ്കിലും ഈ കാലഘട്ടത്തിന്‍റെ പൊതുവായ പെരുമാറ്റരീതിയും നിബന്ധനകളും വിലക്കുകളും പരിമിതികളും നമ്മില്‍നിന്നും ഏറെ ക്ഷമ ആവശ്യപ്പെടുന്നുണ്ട്. മറിച്ച് തന്‍റെ വീട്ടിലും ചുറ്റുപാടിലും പ്രശ്നമില്ല. എല്ലാം ശരിയായി എന്നു കരുതി ലാഘവത്തോടെ പെരുമാറുന്നത് അവിവേകമായിരിക്കുമെന്ന് ഫാദര്‍ ലൊമ്പാര്‍ദി താക്കീതു നല്കുന്നു. മറിച്ച് ഇനിയും മറ്റുള്ളവരെക്കുറിച്ചും, സമൂഹത്തോടു മൊത്തമായുമുള്ള ശ്രദ്ധയോടെ ഏറെ ക്ഷമയും കരുതലും കാണിക്കുകയാണു സാമൂഹികപ്രതിബദ്ധതയെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

3. അനുപേക്ഷണീയമായ പുണ്യം
അനുദിന ജീവിതത്തിന് ആവശ്യമായ പുണ്യമാണ് ക്ഷമ. ക്ഷമയില്ലെങ്കില്‍ കുടുംബബന്ധങ്ങളും സാമൂഹിക കൂട്ടായ്മയും, എന്തിന് ജോലിയും തൊഴില്‍മേഖലയുമെല്ലാം സംഘര്‍ഷപൂര്‍ണ്ണവും പിരിമുറുക്കമുള്ളതുമാകും. മാത്രമല്ല സൂക്ഷിച്ചില്ലെങ്കില്‍ പ്രതിസന്ധിയുടെ ഇക്കാലഘട്ടത്തില്‍ അസഹ്യമായ അന്തരീക്ഷം കുടുംബത്തിലും സമൂഹത്തിലും സൃഷ്ടിക്കാന്‍ ക്ഷമയില്ലായ്മ കാരണമാക്കുമെന്ന് ഫാദര്‍ ലൊമ്പാര്‍ദി ചൂണ്ടിക്കാട്ടി. അതിനാല്‍ പരസ്പര അംഗീകാരത്തിന്‍റെ മനോഭാവത്തോടെ നാം അനുദിന ജീവിതചുറ്റുപാടുകളെയും വ്യക്തികളെയും അഭിമുഖീകരിക്കേണ്ടിയിരിക്കുന്നു.

4. ക്ഷമിക്കുന്ന സ്നേഹം
കൊറീന്തിയര്‍ക്കെഴുതിയ ലേഖനത്തില്‍ പൗലോസ് അപ്പസ്തോലന്‍ കുറിക്കുന്ന സ്നേഹത്തിന്‍റെ ഉത്കൃഷ്ടതയെക്കുറിച്ചുള്ള ഗീതത്തെ മനോഹരമായൊരു സാഹിത്യശകലമായോ കവിതയായോ മാത്രം കാണാതെ അത് നമ്മുടെ ജീവിതങ്ങള്‍ പ്രതിഫലിപ്പിക്കുന്നതാണോ എന്നു പരിശോധിക്കേണ്ടത്. പൗലോസ്ലീഹ സ്നേഹത്തിന്‍റെ വിവിധ മനോഭാവങ്ങളെ എണ്ണിപ്പറയുന്നു. അതില്‍ ശ്രദ്ധേയമാകുന്ന ചിന്തയാണ് - സ്നേഹം ക്ഷമയുള്ളതാണ്. അത് ആത്മപ്രശംസ ചെയ്യുന്നില്ല. അഹങ്കരിക്കുന്നില്ല. സ്വാര്‍ത്ഥം അന്വേഷിക്കുന്നില്ല. കോപിക്കുന്നില്ല. വിദ്വേഷം പുലര്‍ത്തുന്നില്ല. അനീതിയില്‍ സന്തോഷിക്കുന്നില്ല. സത്യത്തില്‍ ആഹ്ലാദിക്കുന്നു. എല്ലാം സഹിക്കുന്നു, വിശ്വസിക്കുന്നു, പ്രത്യാശിക്കുന്നു. സകലത്തെയും അതിജീവിക്കുന്നു. സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല, അസ്തമിക്കുന്നില്ല. സ്നേഹം സര്‍വ്വോത്കൃഷ്ടമാണെന്നെല്ലാം പ്രസ്താവിക്കുന്ന ലേഖനഭാഗം ഫാദര്‍ ലൊമ്പാര്‍ദി വിശദീകരിച്ചു (1 കൊറീന്തി. 13, 1-13).

5. വിശ്വാസവും പ്രത്യാശയുമുള്ള ക്ഷമ
നമ്മെ സ്നേഹിക്കുന്നവരോടും കൂടെ ജീവിക്കുന്നവരോടും മാത്രം കാണിക്കേണ്ട ഗുണഗണമല്ല ക്ഷമ. ക്ഷമ നമ്മുടെ വിശ്വാസത്തിന്‍റെയും ശരണത്തിന്‍റെയും ഭാഗമായി ജീവിതത്തില്‍ നിലനില്ക്കേണ്ടതാണ്. ഒരു കര്‍ഷകന്‍ നിലമൊരുക്കി, മഴയ്ക്കായി കാത്തിരിക്കുന്നു. എന്നിട്ട് വിത്തു വിതച്ച്, അതു തളിര്‍ത്തു വളര്‍ന്ന്, അവസാനം പൂവിട്ടു കായ്ക്കുന്നതുമെല്ലാം ദീര്‍ഘക്ഷമയുടെ പ്രതീകമായി ഫാദര്‍ ലൊമ്പാര്‍ദി വിവരിച്ചു (യാക്കോ 5, 7-8).

6. ആദിമ ക്രൈസ്തവരുടെ മാതൃക
ആദിമ ക്രൈസ്തവര്‍ പീഡനങ്ങളിലും ക്ഷമയോടെ വിശ്വാസത്തില്‍ ഉറച്ചുനിന്നു. പ്രതിസന്ധികള്‍ നമ്മെ ക്ഷമയുള്ളവരാക്കുന്നു. വിശ്വാസത്തിന്‍റെ ബലതന്ത്രമാണ് ക്ഷമ. ക്ഷ നമ്മെ പ്രത്യാശയുള്ളവരാക്കുന്നു. പ്രത്യാശ നിരാശരാക്കുന്നില്ല. അതിനാല്‍ ക്ഷമയോടെ ഈ മഹാമാരിയെ നേരിടാം. ഒറ്റയ്ക്കല്ല സഭാസമൂഹത്തോടും പൗരസമൂഹത്തോടും കൈകോര്‍ത്തു നീങ്ങാം. ക്രിസ്തു ക്ഷമാശീലനാണ്. അവിടുത്തെ ക്ഷമ നമുക്കു മാതൃകയാണ്.
“ക്ഷമയോടെ ഉറച്ചുനില്ക്കുന്നവര്‍ ജീവിതവിജയം കൈവരിക്കു”മെന്ന സുവിശേഷ ചിന്തയോടെയാണ് ഫാദര്‍ ലൊമ്പാര്‍ദി ക്ഷമയുടെ പംക്തി ഉപസംഹരിച്ചത് (ലൂക്ക 21, 19).
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 May 2020, 08:00