2019.02.14 Cardinale Kevin Joseph Farrell, prefetto del Dicastero per i Laici, la Famiglia e la Vita 2019.02.14 Cardinale Kevin Joseph Farrell, prefetto del Dicastero per i Laici, la Famiglia e la Vita 

രണ്ടു വലിയ സംഗമങ്ങള്‍ വത്തിക്കാന്‍ മാറ്റിവച്ചു

മാറ്റിവയ്ക്കല്‍ മാനവകുടുംബത്തോടുള്ള ഐക്യദാര്‍ഢ്യത്തോടെയെന്ന് കര്‍ദ്ദിനാള്‍ കെവിന്‍ ഫാരെല്‍.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. കുടുംബങ്ങളുടെയും യുവജനങ്ങളുടെയും
ആഗോള സംഗമങ്ങള്‍

കുടുംബങ്ങളുടെ രാജ്യാന്തര സംഗമവും ആഗോള യുവജനദിനവും മാറ്റിവച്ചതു സംബന്ധിച്ച് വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു നല്കിയ അഭിമുഖത്തിലാണ് അല്‍മായര്‍, കുടുംബം, ജീവന്‍, എന്നിവയുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ഫാരെല്‍ ഇങ്ങനെ പ്രസ്താവിച്ചത്. ജൂണ്‍ 2021-ല്‍  റോമില്‍ നടക്കേണ്ട കുടുംബങ്ങളുടെ രാജ്യാന്തര സംഗമം 2022-ലേയ്ക്കും, 2022 ഓഗസ്റ്റില്‍ പോര്‍ച്ചുഗലിലെ ലിസ്ബണ്‍ നഗരത്തില്‍ സംഗമിക്കേണ്ടിയിരുന്ന ആഗോള യുവജനമേള  2023-ലേയ്ക്കുമാണ് മാറ്റിവച്ചിരിക്കുന്നതെന്ന് ഏപ്രില്‍ 22-ന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

2. മാനവകുടുംബത്തോടുള്ള സഭയുടെ ഐക്യദാര്‍ഢ്യം
സംഘടനാപരമായ ക്രമീകരണങ്ങള്‍, പങ്കെടുക്കുന്നവരുടെ സൗകര്യങ്ങള്‍, സാമ്പത്തികം എന്നീ കാര്യങ്ങള്‍ കണക്കിലെടുത്താണ് ഈ ആഗോള പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സഭയുടെ  വളരെ പ്രധാനപ്പെട്ട രണ്ടു സംഗമങ്ങളും മാറ്റിവച്ചിരിക്കുന്നത്. എന്നാല്‍ മാനവ കുടുംബത്തോടുള്ള സഭയുടെ ഐക്യദാര്‍ഢ്യവും കൂട്ടായ്മയും വെളിപ്പെടുത്തുവാന്‍ വേണ്ടിയുമാണ് ഈ മാറ്റിവയ്ക്കലെന്ന്  കര്‍ദ്ദിനാള്‍ ഫാരെല്‍ വ്യക്തമാക്കി. സാധാരണഗതിയില്‍ സംഗമം നടക്കേണ്ട സമയത്തില്‍നിന്നും ഒരു വര്‍ഷത്തെ വ്യത്യാസത്തില്‍ വലിയ പരിപാടികള്‍ സംവിധാനം ചെയ്യാറുണ്ടെങ്കിലും ഒരു മഹാമാരിയുടെ വന്‍കെടുതിയില്‍ ലോകത്തിന്‍റെ അവസ്ഥ നമുക്കു ചുരുങ്ങിയ കാലയളവില്‍ അനുമാനിക്കാന്‍  ആവാത്തതാകയാലാണ് രണ്ടു വര്‍ഷത്തേയ്ക്ക് മാറ്റിവച്ചതെന്ന് കര്‍ദ്ദിനാള്‍ വിശദീകരിച്ചു.

3. കുടുംബങ്ങളില്‍ ബലപ്പെടേണ്ട കൂട്ടായ്മ
സമൂഹജീവിതത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം കുടുംബമാണ്. അതുപോലെ കുടുംബം സമൂഹത്തിന്‍റെ അടിസ്ഥാന ഘടകവുമാണ്. ഈ പൂട്ടിയിരിപ്പിന്‍റെ കാലത്ത് വിരസതയെക്കുറിച്ച് പരാതിപ്പെടാതെ ആരോഗ്യപരമായ കാരണങ്ങള്‍ക്കായും സമൂഹത്തിന്‍റെ നന്മയ്ക്കായിട്ടും കുടുംബങ്ങള്‍ പൂര്‍വ്വോപരി അന്യോന്യം സഹായിച്ചും സഹകരിച്ചും ജീവിക്കാന്‍ പഠിക്കേണ്ട സമയമാവട്ടെ ഇതെന്നും കര്‍ദ്ദിനാള്‍ ഫാരല്‍ ഉദ്ബോധിപ്പിച്ചു. കുടുംബങ്ങളിലുള്ളവര്‍ പരസ്പരം മാനിക്കുകയും വിലമതിക്കുകയും വേണമെന്നും,  കരുതലുള്ളവരായി ജീവിക്കുകയുംവേണമെന്ന് അദ്ദേഹം അനുസ്മരിപ്പിച്ചു.

4. “മാനവകുടുംബ”മെന്ന സംജ്ഞ
ആഗോളവത്ക്കരണം കൊണ്ടുമാത്രമല്ല ലോകം ഒരു കുടുംബമാകുന്നത്, അത് സാഹോദര്യത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും സമാധാനത്തിന്‍റെയും ലോകമാവണമെന്ന് കര്‍ദ്ദിനാള്‍ ഫാരെല്‍ ഉദ്ബോധിപ്പിച്ചു. അങ്ങനെ അതിരുകള്‍ക്കപ്പുറവും കൂട്ടായ്മയുടെ കണ്ണിചേര്‍ക്കാന്‍ ഈ അത്യപൂര്‍വ്വരോഗത്തിന്‍റെ വെല്ലുവിളി സഹായകമാകണമെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് കര്‍ദ്ദിനാള്‍ അഭിമുഖം ഉപസംഹരിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 April 2020, 07:34