തിരയുക

Life in a shared flat in times of pandemic coronavirus Life in a shared flat in times of pandemic coronavirus  

“കൊറോണക്കാലവും” മാധ്യമങ്ങളുടെ അമിത സ്വാധീനവും

ഡിജിറ്റല്‍ ശ്രൃംഖലകള്‍ മാനുഷികബന്ധം വളര്‍ത്തുകയില്ലെന്ന നിരീക്ഷണം – ഡോ. ലൂക്കാ പെറോണ്‍, മാധ്യമവിദഗ്ദ്ധന്‍.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. അനിവാര്യമായി വരുന്ന മാധ്യമശ്രൃംഖലകള്‍
ഇന്ന് അനിവാര്യമായിരിക്കുന്ന ഡിജിറ്റല്‍ ശ്രൃംഖലകള്‍ മാനുഷിക ബന്ധങ്ങള്‍ വളര്‍ത്തുന്നില്ലെന്ന് ഇറ്റലിയിലെ ട്യൂറിന്‍ അതിരൂപതയുടെ മാധ്യമ ഡയറക്ടര്‍, ഫാദര്‍ (ഡോ.) ലൂക്കാ പെറോണ്‍ അഭിപ്രായപ്പെട്ടു. കുടുംബങ്ങളില്‍ അടച്ചുപൂട്ടിയ സാഹചര്യത്തില്‍ ആധുനിക ഡിജിറ്റല്‍ മാധ്യമശ്രൃംഖലകള്‍ തുണയും ആശ്വാസവുമാണ്. ജപ്പാനിലെ “ഹിക്കികൊമോറി”കളെപ്പോലെ (Hikikomori) മാധ്യമങ്ങളില്‍ കുടുങ്ങിയ അസ്വാതന്ത്ര്യത്തിന്‍റെ വിഷാദ ജീവിതങ്ങളെക്കാള്‍ നല്ലത്, മാധ്യമങ്ങള്‍ തരുന്ന ആവശ്യമായ താല്ക്കാലിക സമാശ്വാസവും നന്മകളും അവലംബിച്ചു ജീവിക്കുന്നതാണെന്നും ഫാദര്‍ ലൂക്കാ വിവരിച്ചു.

ഹിക്കികൊമോറി (Hikikomori) എന്ന് ജാപ്പനീസ് ഭാഷയില്‍ പറയുന്ന തരക്കാര്‍ ‍ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് അടിമപ്പെട്ട്, സമൂഹിക ജീവിതത്തില്‍നിന്നും പൂര്‍ണ്ണമായി വലിഞ്ഞ്, സ്വന്തം മുറിയില്‍ ഡിജിറ്റല്‍ മാധ്യമശ്രൃംഖലകളില്‍ കുടുങ്ങിക്കിടക്കുന്ന ഏകാന്തതയുടെയും പലപ്പോഴും വിഷാദത്തിന്‍റെയും ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന യുവതലമുറക്കാരാണ്.

2. ഇറ്റലിയിലെ ട്യൂറിന്‍ അതിരൂപതയുടെ
മാധ്യമ ഡയറക്ടറുടെ നിരീക്ഷണം

മാര്‍ച്ച് 31-Ɔο തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ വാര്‍ത്താ വിഭാഗത്തിനു നല്കിയ അഭിമുഖത്തിലാണ് ഇന്നിന്‍റെ സാഹചര്യത്തിന്‍ ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കുള്ള സ്വാധീനത്തെക്കുറിച്ച് ഫാദര്‍ പെറോണ്‍ വിശദമാക്കിയത്. ഈ കൊറോണക്കാലത്ത് ഡിജിറ്റല്‍ മാധ്യമങ്ങളുടെ അമിതമായ സ്വാധീനത്തിലാണ് കുടുംബങ്ങള്‍. പ്രാര്‍ത്ഥനയ്ക്കും, ദിവ്യബലിയില്‍ പങ്കെടുക്കുവാനും, പഠിക്കുവാനും, ജോലിചെയ്യുവാനും, കാര്യങ്ങള്‍ അറിയുവാനും, പകര്‍ച്ചവ്യാധിയുടെ നിജസ്ഥിതി ആഗോളതലത്തില്‍ മനസ്സിലാക്കുവാനും, സാധനങ്ങള്‍ വാങ്ങുവാനും, സര്‍ക്കാരിന്‍റെയും സഭയുടെയും തീരുമാനങ്ങള്‍ അറിയുവാനുമെല്ലാം നവമായ ഡിജിറ്റല്‍ തലങ്ങളും സാദ്ധ്യതകളും നാം തേടിനടക്കുകയാണ്.

ഒരു മയക്കുമരുന്നു പോലുള്ള സ്വാധീനത്തില്‍ കുടുംബങ്ങളെ, പ്രത്യേകിച്ച് യുവതലമുറയെ സ്വാധീനിക്കാന്‍ ഡിജറ്റല്‍ മാധ്യമങ്ങള്‍ക്കു കരുത്തുണ്ട്. പകര്‍ച്ചവ്യാധിയുടെ പേരില്‍ അവ മനുഷ്യബന്ധങ്ങള്‍ വിച്ഛേദിച്ച് ഏകാന്തതയുടെ ഒറ്റമുറിയിലും, വിഷാദത്തിന്‍റെയും ഒറ്റപ്പെടലിന്‍റെയും മാനസിക അവസ്ഥയിലും വ്യക്തികളെ തളച്ചിടാന്‍ സാദ്ധ്യതയുണ്ടെന്ന് ഡിജിറ്റല്‍ മാധ്യമ വിദഗ്ദ്ധന്‍കൂടിയായ ഫാദര്‍ പെറോണ്‍ വിശദീകരിച്ചു.

3. തത്സമയ സംപ്രേഷണവും
റെക്കോര്‍ഡ് ചെയ്തവയും തിരിച്ചറിയണം

മാധ്യമശ്രൃംഖലകളില്‍ ചടഞ്ഞിരുന്ന് സംതൃപ്തിയടയാതെ,  ജീവിതക്രമത്തിന്‍റെ മറ്റു കാര്യങ്ങളിലേയ്ക്കും - വീട്ടിലും പരിസരത്തുമായി നീങ്ങുവാനും, ചലിക്കുവാനും ഗാര്‍ഹിക പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകുവാനും, അയല്‍പക്കങ്ങളെക്കുറിച്ച് പ്രതിബദ്ധതയുള്ളവരാകുവാനും സന്മനസ്സു കാട്ടണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇന്ന് എവിടെയും വിവിധ മാധ്യമതലങ്ങളിലൂടെ ലഭ്യമാകുന്ന ദിവ്യബലി, ആരാധന, പ്രാര്‍ത്ഥന, ധ്യാനപ്രസംഗം എന്നിവയെല്ലാം വിവേചനത്തോടെ ഉപയോഗിച്ചില്ലെങ്കില്‍ ഒരു ഉല്ലാസപരിപാടിപോലെ ഉള്‍ക്കൊള്ളുന്ന രീതിയും, വെറും സമയം കൊല്ലുന്ന മാധ്യമപരിപാടികളുമായി മാറുമെന്നും ഫാദര്‍ പെറോണ്‍ താക്കീതുനല്കി.

അടിയന്തിര സാഹചര്യങ്ങളില്‍പ്പോലും, തത്സമയം അല്ലാത്ത (Recorded) ദിവ്യബലി, ദിവ്യകാരുണ്യ ആരാധന, പ്രാര്‍ത്ഥന എന്നിവ കാണാമെന്നല്ലാതെ, അവയ്ക്ക് ആത്മീയ ഫലപ്രാപ്തി ഇല്ലെന്നകാര്യം സഭ പ്രബോധനങ്ങളുടെയും നിര്‍ദ്ദേശങ്ങളുടെയും വെളിച്ചത്തില്‍ മനസ്സിലാക്കിയിരിക്കണമെന്നും ഫാദര്‍ പെറോണ്‍ ചൂണ്ടിക്കാട്ടി. ഡിജിറ്റല്‍ ശ്രൃംഖലകള്‍ നാം ആയിരിക്കുന്നതിലും കൂടുതല്‍ മനുഷ്യത്വമുള്ളവരാകാന്‍ നമ്മെ സഹായിക്കുന്നുണ്ടോ എന്നു ചിന്തിക്കേണ്ടതാണ്. മറിച്ച് മാനുഷികതയ്ക്ക് ബദലായ ഒരു മാസ്മരിക ലോകത്തേയ്ക്ക് ഒളിച്ചോടാന്‍ ഡിജിറ്റല്‍ കണ്ണിചേരലുകള്‍ ഇടയാക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

4. മാധ്യമങ്ങള്‍ക്ക് അടയറ പറയണമോ?
മാധ്യമങ്ങളിലൂടെയും ഡിജിറ്റല്‍ ശ്രൃംഖലകളിലൂടെയുമല്ലാതെ യാതൊരു മനുഷ്യസമ്പര്‍ക്കവുമില്ലാത്ത ജപ്പാനിലെ “ഹിക്കികൊമോറി”കള്‍ (Hikikomori) ഇന്ന് സമൂഹത്തില്‍ എവിടെയും ഏതു രാജ്യത്തും ഒരു പ്രതിഭാസവും പ്രശ്നവുമായി മാറുന്നുണ്ട്.
അതിനാല്‍ കൊറോണ വീട്ടിലിരുപ്പിന്‍റെയും (lock out) ഏകാന്തതയുടെയും കാലത്ത് ഒറ്റപ്പെടലിന്‍റെ ദുരവസ്ഥയില്‍ പെട്ടുപോകാതെ, വീടിന്‍റെ അടഞ്ഞ ചുറ്റുപാടുകളില്‍ ജീവിക്കുമ്പോഴും ലോകത്തിനും, വേദനക്കുന്ന മനുഷ്യകുലത്തിനും, പാവങ്ങള്‍ക്കും, സര്‍വ്വോപരി ദൈവത്തിനുമായി ഹൃദയം തുറക്കാന്‍ മറന്നുപോകരുതെന്ന് ഫാദര്‍ പെറോണ്‍ അഭിമുഖത്തില്‍ ഓര്‍മ്മിപ്പിച്ചു.

മനുഷ്യന്‍റെ അസ്തിത്വത്തിന്മേലുള്ള പൂര്‍ണ്ണാധികാരം, അല്ലെങ്കില്‍ മേല്‍നോട്ടം മാധ്യമങ്ങള്‍ക്ക് അടിയറ പറയണമോ, എന്ന് ഫാര്‍ പെറോണ്‍ അവസാനമായി ചോദിക്കുന്നുണ്ട്. കാരണം, മാധ്യമങ്ങളിലേയ്ക്ക് നാം ആഴമായി പ്രവേശിക്കുമ്പോഴെല്ലാം അത്രത്തോളം വ്യക്തിഗത വിവരങ്ങളാണ് ഡിജിറ്റല്‍ മാധ്യമങ്ങളുടെ ഉപയോഗംവഴി വലിയ മാധ്യമവലയങ്ങളും ശ്രൃംഖല കമ്പനികളും ശേഖരിച്ചെടുക്കുന്നതെന്നത് പലരും ചിന്തിക്കാത്തൊരു കാര്യമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അദ്ദേഹം അഭിമുഖം ഉപസംഹരിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 April 2020, 08:04