രോഗവിമുക്തിക്കായി ഇറ്റാലിയന്‍ കുടുംബങ്ങളുടെ പ്രാര്‍ത്ഥന
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. പ്രത്യാശയോടെ ഇറ്റാലിയന്‍ ജനത
മാര്‍ച്ച് 19, വ്യാഴാഴ്ച വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാള്‍ ദിനത്തില്‍ പ്രാദേശിക സമയം രാത്രി 9 മണിക്ക്, ഇന്ത്യയിലെ സമയം വെള്ളിയാഴ്ച വെളുപ്പിന് 1.30-ന് പ്രകാശത്തിന്‍റെ ജപമാലരഹസ്യങ്ങള്‍ ചൊല്ലിയാണ് തിരുക്കുടുംബ പാലകന്‍റെയും പാലകിയുടെയും മദ്ധ്യസ്ഥതയില്‍ കൊറോണവൈറസ് ബാധയില്‍നിന്നുള്ള സംരക്ഷണത്തിനായി ഇറ്റാലിയന്‍ ജനത കുടുംബങ്ങളില്‍ പ്രാര്‍ത്ഥിച്ചത്. തന്‍റെ പരസ്യജീവിതകാലത്ത് യേശു പ്രകടമാക്കിയ ദൈവികകാരുണ്യ പ്രവൃത്തികളുടെ ധ്യാനമാണ് പ്രകാശത്തിന്‍റെ അഞ്ചുരഹസ്യങ്ങള്‍. എല്ലാവീടുകളുടെയും ഉമ്മറത്തെ് പ്രത്യാശയുടെ പ്രതീകമായി വെളുത്ത കൊടിനാട്ടിയും വിളക്കു കത്തിച്ചുവച്ചുമാണ് പ്രകാശത്തിന്‍റെ ദിവ്യരഹസ്യം ജനങ്ങള്‍ വീടുകളില്‍ ഇരുന്നു ചൊല്ലി പ്രാര്‍ത്ഥിച്ചത്.
2. ദേശീയ മെത്രാന്‍ സമിതിയുടെ നേതൃത്വം
ഇറ്റാലിയന്‍ മെത്രാന്‍ സമിതിയുടെ ടി.വി.2000 തത്സമയ സംപ്രേഷണത്തിലൂടെ ജപമാല പ്രാര്‍ത്ഥനയ്ക്ക് നേതൃത്വംനല്കി. വൈറസ് ബാധയില്‍നിന്നു രക്ഷിക്കണമേയെന്ന ഇറ്റാലിയന്‍ ജനതയുടെ പ്രാര്‍ത്ഥനയില്‍ പാപ്പാ ഫ്രാന്‍സിസ് വീഡിയോ സന്ദേശത്തിലൂടെ പങ്കുചേര്‍ന്നു. ആമുഖമായി പാപ്പാ ജനങ്ങളെ അഭിസംബോധനചെയ്യുകയും ആമുഖപ്രാര്‍ത്ഥനചൊല്ലുകയും ചെയ്തു. മുന്‍പൊരിക്കലും ലോകത്തു സംഭവിക്കാത്ത ഈ മഹാമാരിയില്‍ പതറാതെ ഉറച്ചുനില്ക്കണമെന്ന ആഹ്വാനമാണ് പാപ്പാ നല്കിയത്. പ്രത്യാശയും വിശ്വാസവും ദൈവത്തില്‍ അര്‍പ്പിച്ച് അജപാലകരോടു ചേര്‍ന്നുനിന്ന് ഈ വിപത്തിനെ ദൈവസഹായത്താല്‍ മറികടക്കാമെന്ന് പാപ്പാ ആമുഖമായി ജനങ്ങളെ ഉദ്ബോധിപ്പിച്ചു.
3. പാപ്പാ ഫ്രാന്‍സിസിന്‍റെ ആമുഖ പ്രാര്‍ത്ഥന
ജപമാല വിശുദ്ധാത്മാക്കളുടെ വിനീതമായ പ്രാര്‍ത്ഥനയാണ്. അവിടെ നാം മറിയത്തോടു ചേര്‍ന്ന് യേശുവിനെയും, അവിടുന്നിലൂടെ ലോകത്തിനു ലഭിച്ച ദൈവപിതാവിന്‍റെ സ്നേഹത്തെയും കാരുണ്യത്തെയുമാണ് ധ്യാനിക്കുന്നത്. തിരുക്കുടുംബ പാലകനായ യൗസേപ്പിതാവിന്‍റെ തിരുനാളില്‍ എല്ലാ കുടുംബങ്ങളെയും കാത്തുരക്ഷിക്കണമേയെന്ന് തിരുക്കുടുംബത്തിന്‍റെ പാലകനോടു നമുക്കു പ്രാര്‍ത്ഥിക്കാം. ഭാവിയെക്കുറിച്ചുള്ള ആശങ്കകളില്‍ വലഞ്ഞ ആ പുണ്യതാതന്‍ പ്രതിസന്ധിയെ നേരിടാന്‍ നമ്മെ നയിക്കുകയും കാത്തുപാലിക്കുകയും ചെയ്യുമെന്ന് പാപ്പാ ജനങ്ങളെ ഉദ്ബോധിപ്പിച്ചു.
കുടുംബങ്ങള്‍ക്ക് അമ്മയായ കന്യകാനാഥയുടെ മാദ്ധ്യസ്ഥം തേടിക്കൊണ്ട് തന്‍റെ തിരുക്കുമാരനോട് ഈ നാടിനെയും ലോകത്തെയും കാത്തുസംരക്ഷിക്കണമേയെന്ന് മുട്ടിപ്പായി പ്രാര്‍ത്ഥിക്കാം എന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് വത്തിക്കാനില്‍ വിശുദ്ധ യൗസേപ്പിതാവിന്‍റെ ഛായാചിത്രത്തിനു മുന്നില്‍നിന്നുകൊണ്ട് ഉരുവിട്ട പ്രാര്‍ത്ഥനാസന്ദേശം പാപ്പാ ഫ്രാന്‍സിസ് ഉപസംഹരിച്ചത്.