2020.02.21 Stanislaus Gadecki Arcivescovo presidente della conferenza episcopale della polonia 2020.02.21 Stanislaus Gadecki Arcivescovo presidente della conferenza episcopale della polonia 

പാവങ്ങള്‍ക്കായുള്ള മുറവിളിയാണ് പാപ്പായുടെ “പ്രിയ ആമസോണ്‍”

ആമസോണ്‍ സിനഡിനുശേഷമുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക പ്രബോധനം, “കേരിദ ആമസോണിയ”യെക്കുറിച്ചൊരു (Querida Amazonia) പ്രതികരണം.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. ആമസോണ്‍ സിനഡിനുശേഷമുള്ള പ്രബോധനം
ആമസോണിയന്‍ സിനഡിനുശേഷം പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച “കേരിദ ആമസോണിയ,” (Querida Amazonia), “പ്രിയ ആമസോണ്‍” എന്ന അപ്പസ്തോലിക ലിഖിതം പാവങ്ങള്‍ക്കും തദ്ദേശജനതകള്‍ക്കുമായുള്ള സഭയുടെ ഇന്നിന്‍റെ മുറവിളിയാണെന്ന് പോളണ്ടിലെ മെത്രാന്‍ സംഘം പ്രതികരിച്ചു. ആമസോണിനെ സംബന്ധിച്ച മെത്രാന്മാരുടെ സിനഡുസമ്മേളത്തിന്‍റെ പഠനങ്ങളെ ആധാരമാക്കി പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച അപ്പോസ്തോലിക പ്രബോധനത്തെക്കുറിച്ചു നടത്തിയ പഠനത്തിനുശേഷെ പോളണ്ടിലെ മെത്രാന്‍ സംഘം ഫെബ്രുവരി 19–Ɔο തിയതി ബുധനാഴ്ച പ്രസിദ്ധപ്പെടുത്തിയ പ്രസ്താവനയിലാണ് ഇങ്ങനെ പ്രതികരിച്ചത്.

2. ആമസോണ്‍ വിളിക്കുന്നു!
ആമസോണിലെ പാവങ്ങളുടെയും തദ്ദേശീയ ജനതകളുടെയും ക്ലേശങ്ങളും, അവരുടെ അവകാശങ്ങളും ലോകം അറിയുവാനും, അതിനായി പോരാടുവാനും പാപ്പാ ഫ്രാന്‍സിസിന്‍റെ നവമായ പ്രബോധനം സഹായകമാകുമെന്ന് പോളിഷ് മെത്രാന്‍ സംഘത്തിനുവേണ്ടി, പ്രസിഡന്‍റും പോസ്നാന അതിരൂപതയുടെ (Poznana) മെത്രാപ്പോലീത്തയുമായ സ്റ്റാനിസ്ലാവൂസ് ഗദേസ്ക്കി അഭിപ്രായപ്പെട്ടു. സാധാരണ ജനങ്ങളും സഭാശുശ്രൂഷകര്‍പോലും മറന്നുപോവുകയും എത്തിപ്പെടാന്‍ മടിക്കുകയും ചെയ്യുന്ന വിസ്തൃതമായ ആമസോണ്‍ മഴക്കാടുകളുടെ ഭൂപ്രദേശത്തേയ്ക്കും, വൈവിധ്യമാര്‍ന്ന സാംസ്കാരികതയുള്ള ജനതകളിലേയ്ക്കും അവരുടെ ജീവിതപരിസരങ്ങളിലേയ്ക്കും ഈ പ്രബോധനത്തിലൂടെ പാപ്പാ ഫ്രാന്‍സിസ് ലോകശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. ആമസോണിലെ തദ്ദേശജനതകളെയും, അവരുടെ ഭൂപ്രദേശത്തെ സമ്പന്നമായ പ്രകൃതിയെയും ജീവജാലങ്ങളെയും സംരക്ഷിക്കാനുമുള്ള ശ്രമകരവും നീതിനിഷ്ഠവുമായ കര്‍മ്മപദ്ധതിയാണ് “കേരിദ ആമസോണിയ” എന്ന അപ്പസ്തോലിക ലിഖിതമെന്നും പോളണ്ടിലെ മെത്രാന്മാര്‍ ചൂണ്ടിക്കാട്ടി.

3. നീതിക്കായുള്ള കരച്ചില്‍
സര്‍ക്കാരിന്‍റെയും സ്വകാര്യകമ്പനികളുടെയും നിരുത്തരവാദിത്ത്വപരമായ സാമ്പത്തിക ലക്ഷ്യങ്ങള്‍ ആയിരങ്ങള്‍ക്ക് ഭവനവും  ജീവനോപാധിയുമായ ആമസോണിന്‍റെ പ്രകൃതിയെ നശിപ്പിക്കുമ്പോള്‍ തദ്ദേശ ജനതകളോടുള്ള സഭയുടെ പക്ഷംചേരലും നീതിക്കായുള്ള പോരാട്ടവുമാവുകയാണ് "കെരിദ ആമസോണിയ,"  പ്രിയ ആമസോണെന്നും  എന്ന് മെത്രാന്മാരുടെ പ്രസ്താവന സമര്‍ത്ഥിച്ചു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 February 2020, 10:03