അവന്‍റൈന്‍ കുന്നിലെ തപസ്സാചരണത്തെക്കുറിച്ച്

ഹ്രസ്വ വീഡിയോ - വിശുദ്ധ ആന്‍സലമിന്‍റെ നാമത്തിലുള്ള യൂണിവേഴ്സിറ്റിയുടെ റെക്ടറുമായുള്ള അഭിമുഖം.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. ഒരു പാരമ്പര്യത്തിന്‍റെ തനിയാവര്‍ത്തനം
റോമാ നഗരത്തിലെ ഏഴു കുന്നുകളില്‍ ഒന്നാണ് അവന്‍റൈന്‍ (Aventine Hill) അവിടെയാണ് ബെനഡിക്ടൈന്‍ ആശ്രമം, വിശുദ്ധ ആന്‍സെലമിന്‍റെ യൂണിവേഴ്സിറ്റി, ഡൊമിനിക്കന്‍ സന്ന്യാസസമൂഹത്തിന്‍റെ കീഴിലുള്ള സാന്‍ സബീനയുടെ മഹാദേവാലയം എന്നിവ. റോമിലെ അവന്‍റൈന്‍ കുന്നില്‍ പത്രോസിന്‍റെ പിന്‍ഗാമികള്‍ തപസ്സാചരണത്തിന് തുടക്കംകുറിക്കുന്ന പാരമ്പര്യത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ടെന്ന് അവന്‍റൈന്‍ കുന്നിലെ സെന്‍റ് ആന്‍സലേം പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയുടെ റെക്ടര്‍, ബെനഡിക്ടൈന്‍ സന്ന്യാസ വൈദികന്‍, ബര്‍ണാര്‍ഡ് ഹെക്കര്‍സ്റ്റോഫര്‍ പ്രസ്താവിച്ചു. ഫെബ്രുവരി 25-Ɔο തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.

2. ജനകീയ ഭക്തിയുടെ പുനര്‍ജനി
തപസ്സുകാലത്ത് റോമിലെ വിവിധ ദേവാലയങ്ങളിലേയ്ക്ക് വിശ്വാസികള്‍ തീര്‍ത്ഥാടനം നടത്തുകയും പ്രാര്‍ത്ഥിക്കുകയും, അവിടെ ദിവ്യബലിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. അങ്ങനെയുള്ള റോമിലെ സ്ഥാനികദേവാലയങ്ങളില്‍ (Station Churches) പ്രധാനപ്പെട്ടതും പ്രഥമസ്ഥാനമുള്ളതുമായിരുന്നു അവന്‍റൈന്‍ കുന്നിലെ സാന്‍ സബീനയുടെ മഹാദേവാലയം. ഈ മഹാദേവാലയം അവിടെയുള്ള ഡൊമിനിക്കന്‍ സഭാസമൂഹത്തിന്‍റെ മേല്‍നോട്ടത്തിലുള്ളതാണ്. തപസ്സാരംഭത്തിന് അവിടെ പത്രോസിന്‍റെ പിന്‍ഗാമികള്‍ വന്ന് തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കുന്ന പതിവ് ഹൊണോറിയൂസ് 3-Ɔമന്‍ പാപ്പായുടെ കാലംവരെ (1150-1227 വരെ) നിലനിന്നിരുന്നതിന് ചരിത്രരേഖകളുണ്ട്. കാലാന്തരത്തില്‍ പാരമ്പര്യം നിലച്ചുപോയെങ്കിലും, ഏകദേശം 800 വര്‍ഷങ്ങള്‍ക്കുശേഷം വിശുദ്ധനായ ജോണ്‍‍ 23-Ɔമന്‍ പാപ്പാ പുനരാരംഭിച്ചത് ഇന്നും തുടരുകയാണെന്ന് ഓസ്ട്രിയക്കാരനും ദൈവശാസ്ത്രപണ്ഡിതനുമായ ഫാദര്‍ ഹെക്കര്‍സ്റ്റോഫര്‍ പറഞ്ഞു.

3. റോമാനിവാസികളുടെ തപസ്സാരംഭം
ഈ പുരാതന പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട് തപസ്സാചരണത്തിന് തുടക്കം കുറിക്കാന്‍ ബുധനാഴ്ച പാപ്പാ ഫ്രാന്‍സിസ് ബെനഡിക്ടൈന്‍ സമൂഹത്തില്‍ എത്തിയത് തന്നെ സംബന്ധിച്ച് ഒരു ആത്മീയാഘോഷവും തപസ്സിന്‍റെ നല്ല തുടക്കവുമാണെന്നും ഫാദര്‍ ഹെക്കര്‍സ്റ്റോഫര്‍ അഭിമുഖത്തില്‍ സന്തോഷത്തോടെ പ്രസ്താവിച്ചു. ആദ്യം ബെനഡിക്ടൈന്‍ ആശ്രമത്തില്‍നിന്നും പാപ്പാ സഹകാര്‍മ്മികര്‍ക്കൊപ്പം ഫെബ്രുവരി 26-ബുധനാഴ്ച പ്രാദേശിക സമയം 4 മണിക്ക്, (ഇന്ത്യയിലെ സമയം രാത്രി 8.30-ന്) പ്രദക്ഷിണമായി സമീപത്തുള്ള ബസിലിക്കയിലേയ്ക്ക് നീങ്ങിയതോടെ വിഭൂതിത്തിരുനാളിന്‍റെ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമായി. പ്രദക്ഷിണം സാന്‍ സബീനയുടെ ബസിലിക്കയില്‍ എത്തിയപ്പോള്‍, പാപ്പാ ചൊല്ലിയ ആമുഖപ്രാര്‍ത്ഥനയോടെ ആദ്യം ഭസ്മാശീര്‍വ്വാദകര്‍മ്മം നടന്നു. തുടര്‍ന്ന് ഭസ്മാഭിഷേകമായിരുന്നു. വചനപാരായണത്തിന്‍റെ അന്ത്യത്തില്‍ പാപ്പാ ഫ്രാന്‍സിസ് സുവിശേഷചിന്തകള്‍ പങ്കുവച്ചു. വിശ്വാസികളുടെ പ്രാര്‍ത്ഥനയെത്തുടര്‍ന്ന് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലിയോടെയാണ് റോമിലെ വിശ്വാസികള്‍ക്ക് തപസ്സാചരണത്തിന് തുടക്കമായത്.

4. കുന്നില്‍ പാര്‍ക്കുന്ന സന്ന്യസ്തര്‍
പാപ്പാ അദ്ധ്യക്ഷനായുള്ള റോമാരൂപതയിലെ വിശ്വാസികളെയും, തീര്‍ത്ഥാടകരെയും കൂടാതെ, കര്‍ദ്ദിനാളന്മാരും, മെത്രാന്മാരും, വൈദികരും, സന്ന്യസ്തരും, അവന്‍റൈന്‍ കുന്നിലെ ഡൊമിനിക്കന്‍ സഭാംഗങ്ങളും, ബെനഡിക്ടൈന്‍ സമൂഹവും പാപ്പാ ഫ്രാന്‍സിസിന്‍റെ കാര്‍മ്മികത്വത്തിലുള്ള തിരുക്കര്‍മ്മങ്ങളില്‍ ആവേശത്തോടെ പങ്കെടുത്തു. 
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 February 2020, 16:46