festival-di-luceAEM.jpg festival-di-luceAEM.jpg 

ജീവിത സമര്‍പ്പണത്തിന്‍റെ ആനന്ദോത്സവം!

ഈശോയുടെ സമര്‍പ്പണത്തിരുനാളിലെ സുവിശേഷവിചിന്തനം. വിശുദ്ധ ലൂക്കായുടെ സുവിശേഷം 2, 22-40. ശബ്ദരേഖയോടെ ...

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ഈശോയുടെ സമര്‍പ്പണത്തിരുനാള്‍

1. യേശുവിന്‍റെ ദേവാലയ സമര്‍പ്പണം
സാമൂഹിക ആചാരമനുസരിച്ച് ജരൂസലേം ദേവാലയത്തില്‍ നടത്തപ്പെട്ട ഈശോയുടെ സമര്‍പ്പണത്തെ, നമുക്കിന്ന് ഒരു കൂടിക്കാഴ്ചയുടെ തിരുനാള്‍, അല്ലെങ്കില്‍ കൂട്ടായ്മയുടെ തിരുനാള്‍ എന്നും വിളിക്കാവുന്നതാണ്. കാരണം യേശുവും തന്‍റെ ജനവുമായുള്ള കൂടിക്കാഴ്ചയാണ് അവിടെ നടന്നത്. മേരിയും ജോസഫവും യേശുവിനെ ദേവാലയത്തില്‍ കൊണ്ടുചെന്നപ്പോള്‍, ശിമയോനും അന്നയും - ഇസ്രായേലിലെ വയോജനങ്ങളായ രണ്ടുപേര്‍ യേശുവിനെ രക്ഷകനായി തിരിച്ചറിഞ്ഞ്, പ്രത്യേകമായി എതിരേല്ക്കുന്നു. അവരാണ് കൂടിക്കാഴ്ചയില്‍ ഇസ്രായേലിലെ ജനങ്ങളുടെ പ്രതിനിധികളാകുന്നത്.

2. ദൈവനിവേശിതരുടെ നേര്‍ക്കാഴ്ച
ചരിത്രത്തില്‍ അത് തീര്‍ച്ചയായും എല്ലാവിധത്തിലും നവമായൊരു കൂടിക്കാഴ്ച തന്നെയായിരുന്നു. കാരണം, ആദ്യമായി അത് ഇസ്രായേലിലെ പഴയ തലമുറയും യുവതലമുറയുമായുള്ള കൂടിക്കാഴ്ചയായിരുന്നു. യുവതലമുറ, ഇവിടെ ഉണ്ണിയേശുവും അവിടുത്തെ കൂട്ടിക്കൊണ്ടുവന്ന മാതാപിതാക്കളായ മേരിയും യൗസേപ്പുമായിരുന്നു. മറുഭാഗത്ത് പഴയതലമുറയെ പ്രതിനിധാനംചെയ്തത് ദേവാലയത്തില്‍ പതിവു സന്ദര്‍ശകരെപ്പോലെ അനുദിനം ജനങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്തിട്ടുള്ള ശിമ‍യോനും അന്നയുമായിരുന്നു. രണ്ടുപേരും ദൈവാരൂപിയാല്‍ പ്രചോദിതരായിട്ടാണ് സമര്‍പ്പണനാളില്‍ ദേവാലയത്തില്‍ എത്തിച്ചേര്‍ന്നതെന്ന് സുവിശേഷകന്‍ രേഖപ്പെടുത്തുന്നുണ്ട് (2, 26).

3. ദൈവിക കല്പനകള്‍ പാലിച്ചവര്‍
മറിയവും ജോസഫും കടിഞ്ഞൂല്‍പുത്രനെ ദേവാലയത്തില്‍ സമര്‍പ്പിക്കാന്‍ കൊണ്ടുവന്നത് കര്‍ത്താവിന്‍റെ നിയമപ്രകാരമാണെന്ന് സുവിശേഷകന്‍ നാലു പ്രാവശ്യം ആവര്‍ത്തിക്കുന്നുണ്ട്.
(a) “മോശയുടെ നിയമപ്രകാരം ശുദ്ധീകരണത്തിനുള്ള നിയമങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ജോസഫും മേരിയും ശിശുവിനെ ജരൂസലേം ദേവാലയത്തില്‍ കൊണ്ടുവന്നു” 22.
(b) “നിയമത്തില്‍ പറഞ്ഞിരിക്കുന്നതു പ്രകാരം കര്‍ത്താവിനു ഒരു ജോഡി ചെങ്ങാലികളെയോ പ്രാവിന്‍ കുഞ്ഞുങ്ങളെയോ ബലിയര്‍പ്പിക്കുവാനാണ് അവര്‍ ദേവാലയത്തില്‍ എത്തിയത്”24.
(c) “നിയമപ്രകാരമുള്ള അനുഷ്ഠാനങ്ങള്‍ക്കായി ജോസഫും മേരിയും ശിശുവായ യേശുവിനെ ദേവാലയത്തില്‍ കൊണ്ടുചെന്നു”27. (d) “കര്‍ത്താവിന്‍റെ നിയമപ്രകാരം എല്ലാം നിവര്‍ത്തിച്ചശേഷം അവര്‍ സ്വനഗരമായ ഗലീലിയിലെ നസ്രത്തിലേയ്ക്കു മടങ്ങി” 39.

4. സമര്‍പ്പണത്തിന്‍റെ ആനന്ദം
ഈ വരികള്‍ ഇവിടെ എടുത്ത് എഴുതിയപ്പോള്‍ മനസ്സിലേയ്ക്ക് ഓടിവന്നത് ഫ്രാങ്കോ സെഫിറേല്ലിയുടെ “നസ്രായനായ യേശു” എന്ന നീണ്ടചലച്ചിത്രത്തിലെ ദേവാലയ സമര്‍പ്പണരംഗമാണ്. ചെറുപ്പക്കാരായ മാതാപിതാക്കള്‍ - മേരിയും യൗസേപ്പിതാവും പുഞ്ചിരിച്ചുകൊണ്ട് അതീവ ശുഷ്ക്കാന്തിയോടെയാണ് തങ്ങളുടെ കൈക്കുഞ്ഞുമായി ദേവാലയത്തിലേയ്ക്കു കടന്നുവരുന്നത്. പുരോഹിതന്‍റെ കൈകളില്‍ കുഞ്ഞിനെ സമര്‍പ്പിക്കുമ്പോഴും ആ യുവദമ്പതികള്‍ മുഖാമുഖം നോക്കി പുഞ്ചിരി കൈമാറുന്നതെല്ലാം, അവരുടെ ഉള്ളില്‍ വിരിഞ്ഞ ആനന്ദമായി സെഫിറേല്ലി അഭ്രപാളികളില്‍ മനോഹരമായി പകര്‍ത്തിയിട്ടുണ്ട്. ദൈവസന്നിധിയില്‍ തങ്ങളുടെ കുഞ്ഞിനെ സമര്‍പ്പിക്കുവാനും, അത് ആഹ്വാനംചെയ്യുന്ന നിയമങ്ങള്‍ പാലിക്കുവാനും അവര്‍ക്കുള്ള അതിയായ സന്തോഷമാണ് ആ രംഗത്ത് അലതല്ലിനില്ക്കുന്നത്.

ദൈവകല്പനകള്‍ക്ക് അനുസൃതമായി ജീവിക്കുന്നതിലുള്ള ആ മാതാപിതാക്കളുടെ ആനന്ദമാണതെന്നാണ് നാം മനസ്സിലാക്കേണ്ടത്! തങ്ങള്‍ നിയമം പാലിച്ചു എന്നു വരുത്താന്‍ വേണ്ടിയല്ല അവരതു ചെയ്തത്. വ്യക്തികളുടെ സ്വാതന്ത്ര്യവും ബോധ്യവുമുള്ള ദൈവസന്നിധിയിലെ സമ്പൂര്‍ണ്ണസമര്‍പ്പണമാണ് അവിടെ ആനന്ദമായ് അലയടിച്ചത്. അപ്പോള്‍ സങ്കീര്‍ത്തകന്‍ ദൈവസന്നിധിയിലെ സന്തോഷം ഏറ്റുപാടിയതുപോലെ, “ദൈവമേ, അങ്ങേ കല്പനകള്‍ പിന്‍തുടരുന്നതില്‍ ഞങ്ങള്‍ ആനന്ദിക്കും. ദൈവമേ, അങ്ങേ നിയമത്തിലാണ് ഞങ്ങള്‍ ആനന്ദംകൊള്ളുന്നതെ”ന്ന് നമുക്കും ഏറ്റുപാടാം! (സങ്കീര്‍. 119, 14...77).

5. ജനത്തിന്‍റെ രക്ഷ പ്രതീക്ഷിച്ചവര്‍
വിശുദ്ധ ലൂക്കായുടെ സുവിശേഷഭാഗത്തേയ്ക്കു നമുക്കു മടങ്ങി വരാം. എന്താണ് സുവിശേഷകന്‍ മുതിര്‍ന്നവരെക്കുറിച്ചു പറയുന്നതെന്നു നോക്കാം.. വിശുദ്ധ ലൂക്കാ അടിവരയിട്ടും ആവര്‍ത്തിച്ചും പറയുന്നൊരു കാര്യം, യേശുവിന്‍റെ ദേവാലയ സമര്‍പ്പണത്തിനു സാക്ഷികളായ മുതിര്‍ന്നവര്‍, ശിമയോനും അന്നയും പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ടിരുന്നുവെന്ന് സുവിശേഷകന്‍ പറയുന്നുണ്ട്. ജരൂസലേമില്‍ ജീവിച്ച ശിമയോന്‍ നീതിമാനും ദൈവഭക്തനും ഇസ്രായേലിന്‍റെ ആശ്വാസം പ്രതീക്ഷിച്ചിരുന്നവനുമായിരുന്നു.  അപ്പോള്‍ ദൈവാരൂപി അവന്‍റെ മേല്‍ ഉണ്ടായിരുന്നു. രക്ഷകനെ കാണുന്നതുവരെ മരിക്കുകയില്ലെന്ന് അരൂപി അയാള്‍ക്കു വെളിപ്പെടുത്തി കൊടുത്തിരുന്നു. പരിശുദ്ധാത്മാവിന്‍റെ പ്രേരണയാലാണ് ആ ദിവസം, ആ സമയത്ത് അയാള്‍ ദേവാലയത്തില്‍ എത്തിയതെന്നും സുവിശേഷകന്‍ രേഖപ്പെടുത്തുന്നു (2, 25-27).

അന്ന ഒരു പ്രവാചികയായിരുന്നെന്നും, ദൈവകൃപയില്‍ ആശ്രയിച്ച് പ്രാര്‍ത്ഥനയിലും ഉപവാസത്തിലും, തന്‍റെ ഭര്‍ത്താവിന്‍റെ മരണശേഷം 83 വയസ്സുവരെ ദേവാലയത്തില്‍ ജീവിച്ചുവെന്നും സുവിശേഷം സാക്ഷ്യപ്പെടുത്തുന്നുണ്ട് (36-37). അതിനാല്‍ നമുക്കു പറയാം ഈ രണ്ടു പേരും - അന്നയും ശീമയോനും വയോധികരായിരുന്നെങ്കിലും ദൈവികനന്മയില്‍ നിറവുറ്റവരായിരുന്നു. അവരിലെ ഉന്മേഷവും ഊര്‍ജ്ജ്വസ്വലതയും ദൈവാരൂപിയുടെ വിളിയോടുള്ള വിധേയത്വത്തില്‍നിന്നും തുറവില്‍നിന്നും ലഭിച്ചിട്ടുള്ളതാണ്.

6. കൂടിക്കാഴ്ചയുടെ കേന്ദ്രം ക്രിസ്തു
അങ്ങനെ ജരൂസലേമില്‍ ഈശോയുടെ സമര്‍പ്പണനാളില്‍ നടന്ന കൂടിക്കാഴ്ച തിരുക്കുടുംബവും ദൈവജനത്തിന്‍റെ രണ്ടു പ്രതിനിധികളുമായിട്ടാണ്. എന്നാല്‍ കൂടിക്കാഴ്ചയുടെ കേന്ദ്രസ്ഥാനത്ത് ക്രിസ്തുവാണ്. എല്ലാറ്റിനെയും ചലിപ്പിക്കുന്നത് അവിടുന്നാണ്. ദൈവപിതാവിന്‍റെ ഭവനത്തിലേയ്ക്ക് സകലരെയും ആനയിക്കുന്നത് അവിടുന്നാണ്. അങ്ങനെ കര്‍ത്താവിന്‍റെ കല്പനകള്‍ പാലിക്കുന്നതില്‍ ഏറെ തല്പരരായ ജോസഫും മേരിയും, ദൈവാരൂപിയാല്‍ പ്രചോദിതരായ ശിമയോനും അന്നയും തമ്മിലുള്ള കൂടിക്കാഴ്ചയാണത്. ഇവിടെ കല്പനകള്‍ പാലിച്ചു ജീവിക്കുന്നവരും ദൈവാത്മാവാല്‍ പ്രചോദിതരുമാണ് അവരെല്ലാവരും. പ്രവചനങ്ങള്‍ മുന്നോട്ടു ചരിക്കുന്നത് ദൈവകല്പനകളുടെ പാതയിലാണ്. ഈ കൂട്ടായ്മയില്‍ പരിശുദ്ധ കന്യകാമറിയത്തിനല്ലാതെ മറ്റാര്‍ക്കാണ് ദൈവാത്മാവിന്‍റെ നിറവ് സമ്പന്നമായുള്ളത്? മറിയമല്ലാതെ മറ്റാരാണ് ദൈവാത്മാവിനോട് സമ്പൂര്‍ണ്ണവിധേയത്വം പാലിച്ചിട്ടുള്ളത്?!

7. സമര്‍പ്പിതരുടെ ആഗോളദിനം
ഈശോയുടെ സമര്‍പ്പണത്തിരുനാള്‍, അതുകൊണ്ടുതന്നെയാണ് സമര്‍പ്പിതരുടെ ദിനമായും സഭ ആചരിക്കുന്നത്! സുവിശേഷത്തിന്‍റെ വെളിച്ചത്തില്‍ സന്ന്യാസജീവിതം ക്രിസ്തുവുമായുള്ളൊരു കൂടിക്കാഴ്ചയാണ്. ഈ ആത്മീയ കൂട്ടായ്മയുടെ കൂടിക്കാഴ്ചയിലേയ്ക്കു നമ്മെ വിളിക്കുന്നത് ക്രിസ്തുവാണ്. മറിയത്തിന്‍റെയും ജോസഫിന്‍റെയും മാദ്ധ്യസ്ഥതയിലാണ് ക്രിസ്തു സമര്‍പ്പണ ജീവിതത്തിലേയ്ക്കു നീങ്ങിയതെന്ന് നമുക്കു ഒരു വിധത്തില്‍ പറയാം. ദൈവാത്മാവിനോടു തുറവുള്ളവരാണ് ആ വിളി കേട്ട് അവിടുത്തെ അനുഗമിക്കുവാനും തങ്ങളുടെ ജീവിതങ്ങള്‍ ദൈവത്തിനായി സമര്‍പ്പിക്കുവാനും തയ്യാറാകുന്നത്. ക്രിസ്തുവാണു സമര്‍പ്പിതര്‍ക്കും, അവിടുത്തെ അനുഗമിക്കുന്ന ഓരോ ക്രൈസ്തവനും പ്രചോദനവും പ്രേരകശക്തിയും. അവിടുന്നാണ് എല്ലാറ്റിനെയും ചലിപ്പിക്കുന്നത്, സഭയിലേയ്ക്കും സമര്‍പ്പണ ജീവിതത്തിലേയ്ക്കും വ്യക്തികളെ ആകര്‍ഷിക്കുന്നതും, വിളിക്കുന്നതും, നയിക്കുന്നതും.

8. ക്രൈസ്തവര്‍ എതിര്‍സാക്ഷ്യമാകാതിരിക്കട്ടെ!
അതുപോലെ സ്ത്രീ പുരുഷന്മാര്‍ക്ക്, വ്യക്തികള്‍ക്ക് ക്രിസ്ത്വാനുകരണത്തിന്‍റെ പാതയില്‍ ക്രിസ്തുവിനെ കണ്ടെത്തുവാനും, തിരിച്ചറിയുവാനും, അനുഗമിക്കുവാനും വ്യക്തി ജീവിതങ്ങളില്‍ നിമിത്തമാകുന്നത്, പ്രചോദനമേകുന്നത് സഭയിലെ ഒരോ പുണ്യാത്മാവിന്‍റെയും ക്രിസ്തുസാക്ഷിയുടെയും സിദ്ധിയും ചൈതന്യവും അവര്‍ക്ക് ഉള്‍ക്കൊള്ളുവാന്‍ സാധിക്കുമ്പോഴാണ്. ക്രിസ്ത്വാനുകരണത്തിന്‍റെ പാത ഏറെ പ്രതിസന്ധികളും പ്രയാസങ്ങളുമുള്ളതാണ്. ലോകത്ത് കൂടുതല്‍ സ്നേഹവും സമര്‍പ്പണവുമുള്ള കൂട്ടായ്മയുടെയുടെയും കൂടിക്കാഴ്ചയുടെയും ക്രിസ്തുസാക്ഷ്യത്തിന് വലിയ മൂല്യമുണ്ട്. ക്രൈസ്തവര്‍ എതിര്‍സാക്ഷ്യമാകുന്നത് എത്രയോ ഖേദകരം. ഒരു ക്രിസ്ത്യാനിയാണ്, അല്ലെങ്കില്‍ ക്രൈസ്തവ സമൂഹമാണ് പക്ഷംചേര്‍ന്നും വംശീയ ചിന്താഗതിയോടെയും അന്യരെ നിഷേധിച്ചു തള്ളുന്നതിന്‍റെ പിന്നിലെങ്കില്‍ അത് ക്രിസ്തീയമല്ല. എന്തു നേട്ടമുണ്ടായാലും അത് ക്രിസ്തീയമല്ല.

9. പ്രാര്‍ത്ഥന
നമ്മുടെ എളിയ ജീവിതങ്ങള്‍ സമൂഹത്തിലും കുടുംബങ്ങളിലും ക്രിസ്ത്വാനുകരണത്തിന്‍റെ പാതയില്‍ പൂര്‍ണ്ണമായി സമര്‍പ്പിക്കാന്‍ ഈ സമര്‍പ്പണത്തിരുനാള്‍ പ്രചോദനമാകട്ടെ! യേശുവിനെ സ്വര്‍ഗ്ഗിപിതാവിനും സമര്‍പ്പിച്ച ദൈവമാതാവായ കന്യകാനാഥയും, വിശുദ്ധ യൗസേപ്പിതാവും നിങ്ങളെയും എന്നെയും കാത്തുപാലിക്കട്ടെ! ജീവിതസമര്‍പ്പണവഴികളില്‍ വിശ്വസ്തരായി ജീവിക്കാന്‍ സഹായിക്കട്ടെ!

ഗാനമാലപിച്ചത് കെ. എസ് ചിത്ര. രചന ഡോക്ടര്‍ ചെറിയാന്‍ കുനിയന്തോടത്ത്,
സംഗീതം റെക്സ് ഐസക്സ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 February 2020, 15:06