കൊറോണ വൈറസ് ബാധയില്‍ ചൈനാ... കൊറോണ വൈറസ് ബാധയില്‍ ചൈനാ...  

ചൈനയ്ക്കായി പ്രാർത്ഥിക്കുവാന്‍ ശ്രീലങ്കയിലെ ക്രൈസ്തവ, മുസ്ലീം, ബുദ്ധമത വിശ്വാസികള്‍ ഒന്നുചേരുന്നു.

ശ്രീലങ്കയിലെ ക്രിസ്ത്യാനികളും,മുസ്ലീങ്ങളും,ബുദ്ധമതക്കാരും,കൊറോണ വൈറസ് ബാധിച്ച ചൈനാ ജനതയ്ക്കു വേണ്ടിയും, പകർച്ചവ്യാധി അവസാനിക്കാനും പ്രാർത്ഥിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഫെബ്രുവരി 15 ശനിയാഴ്ച കൊളംബോയിലെ ആർച്ച് ബിഷപ്പ് കർദിനാൾ മാൽക്കം രഞ്ജിത്ത് കൊച്ചിക്കാഡെയിലെ വിശുദ്ധ അന്തോണീസ് ദേവാലയത്തിൽ ഒരു പ്രത്യേക ദിവ്യബലി അര്‍പ്പിച്ചു. ചൈനീസ് അംബാസഡർ ചെംഗ് സ്യൂയുവാനും അതില്‍ പങ്കെടുത്തു. ഇത്തരം പ്രകൃതിദുരന്തത്തിനെതിരെ പോരാടാൻ നിർബന്ധിതരായ ചൈനീസ് ജനതയോടു കത്തോലിക്കരുടെ ഐക്യദാർഡ്യം കർദിനാൾ രഞ്ജിത്ത് പ്രകടിപ്പിക്കുകയും ചെയ്തു.

കൊറോണ വൈറസ് ബാധിച്ച രാജ്യങ്ങളുമായുള്ള അടുപ്പം കാണിക്കുന്നതിനും വൈറസ് ബാധിച്ച ആളുകൾക്ക് ദൈവാനുഗ്രഹം ലഭിക്കുന്നതിനും ഫെബ്രുവരി 14ന് കൊളംബോയിലെ ദേവദഗഹ പള്ളിയിൽ മുസ്ലീങ്ങൾ പ്രത്യേക പ്രാർത്ഥന നടത്തി. ചൈനയ്ക്കു വേണ്ടി പ്രാർത്ഥിക്കാനുള്ള  സംരംഭം ആരംഭിച്ചത് ശ്രീലങ്ക-ചൈന ജേണലിസ്റ്റ് ഫോറത്തിൽ നിന്നാണ്. കൊറോണ വൈറസിന്‍റെ ഇരകളോടു ഐക്യദാർഡ്യം പ്രകടിപ്പിക്കുന്നതിനായി ബുദ്ധമത ചടങ്ങുകളും അനുഷ്ഠിക്കപ്പെട്ടു. സുനാമി, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, യുദ്ധം, ഭീകരാക്രമണം തുടങ്ങിയ ദുരന്തങ്ങൾക്കിടയിലും നിരവധി അവസരങ്ങളിൽ ചൈന ശ്രീലങ്കയ്ക്ക് നൽകിയ പിന്തുണയെ മത സമൂഹങ്ങൾ അനുസ്മരിക്കുകയും ചെയ്തു.

നിലവിൽ, ചൈനയിൽ 1,700 ൽ അധികം പേർ മരിക്കുകയും 68,500ൽ അധികം രോഗബാധിതരാകുകയും ചെയ്തു. ലോകമെമ്പാടുമുള്ള രോഗികളുടെ എണ്ണവും വർദ്ധിച്ച നിലയില്‍ പതിനായിരക്കണക്കിനാളുകൾ നിരീക്ഷണത്തില്‍ കഴിയുകയും ചെയ്യുന്നു.അന്താരാഷ്ട്ര സമൂഹത്തിലെ എല്ലാ നേതാക്കളും ഒത്തുചേർന്ന് അവരുടെ പുരോഗതിക്ക് പകരം ലോകത്തിന്‍റെ മുഴുവൻ സുരക്ഷയും ശ്രദ്ധിച്ചാൽ, ഈ വിപത്തുകൾ തടയാൻ നമുക്ക് കഴിയുമെന്ന്  കർദിനാൾ  പ്രസ്താവിച്ചതായി യുസി‌എ ന്യൂസ് റിപ്പോർട്ട് ചെയ്തു. വികസനത്തെ ലക്ഷ്യം വച്ച് മനുഷ്യന്‍റെ പ്രവര്‍ത്തനങ്ങള്‍ വഴി പ്രകൃതിക്ക് സംഭവിച്ച വിനാശത്തിൽ നിന്നുണ്ടാകുന്ന ദുരന്തങ്ങൾ ലോകത്തിന് കൂടുതൽ നാശം വരുത്തുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ചൈനയിലെ ഹുബെ പ്രവിശ്യയിൽ നിന്നുള്ള 43കാരിയില്‍‍  കൊറോണ വൈറസ് ബാധയുണ്ടെന്ന് ശ്രീലങ്കയിലെ ആദ്യ കേസ് സ്ഥിരീകരിച്ചു. വിനോദ സഞ്ചാരത്തിനായി രാജ്യത്തെത്തിയ 33 ഓളം വിദ്യാർത്ഥികളെ പകർച്ചവ്യാധിയുടെ പ്രഭവകേന്ദ്രമായ വുഹാനിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തു. ബന്ദാരനായ്ക്ക് വിമാനത്താവളത്തിൽ, കൊറോണ വൈറസ് കണ്ടെത്താന്‍ 4 സ്കാനറുകളുള്ള ഒരു പ്രത്യേക പാസഞ്ചർ ടെർമിനൽ സജ്ജമാക്കി, രാജ്യത്ത് എത്തുന്ന എല്ലാ യാത്രക്കാരെയും പരിശോധിച്ചു വരുന്നു. ജനങ്ങളോടു പൊതുയോഗങ്ങൾ ഒഴിവാക്കണമെന്നും വൈറസ് നിയന്ത്രണത്തിലാകുന്നതുവരെ പൊതുയോഗങ്ങൾ റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യണമെന്ന് വിവിധ മതവിഭാഗങ്ങളുടെ പ്രതിനിധികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 February 2020, 15:44