VATICAN-RELIGION-POPE-WORD OF GOD-MASS VATICAN-RELIGION-POPE-WORD OF GOD-MASS 

സഭാസമൂഹങ്ങളില്‍ “ദൈവവചന ഞായര്‍” ആചരിക്കാം!

ജനുവരി 26, ദൈവവചനത്തിന്‍റെ ഞായര്‍ ആചരണത്തിന് പാപ്പാ ഫ്രാന്‍സിസ് തുടക്കം കുറിച്ചു.

- ഫാദര്‍  വില്യം  നെല്ലിക്കല്‍ 

വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ജനുവരി 26 ഞായറാഴ്ച  പ്രാദേശിക സമയം രാവിലെ 10 മണിക്ക്  സമൂഹബലിയര്‍പ്പിച്ചുകൊണ്ടാണ്  ആഗോളസഭയില്‍ ദൈവവചന ഞായറിന് പാപ്പാ ഫ്രാന്‍സിസ്  തുടക്കം കുറിച്ചത്.   ദിവ്യബലിയുടെ അന്ത്യത്തില്‍ പ്രതീകാത്മകമായി സമൂഹത്തിന്‍റെ വിവിധ തുറകളിലും നിന്നുമുള്ളവര്‍ക്ക്  വിശുദ്ധ ഗ്രന്ഥത്തിന്‍റെ പ്രതികള്‍  പാപ്പാ സമ്മാനിച്ചു.   കുടുംബങ്ങളുടെയും, യുവജനങ്ങളുടെയും, ഉദ്യോസ്ഥരുടെയും, വിദ്യാര്‍ത്ഥികളുടെയും, ശാസ്ത്രജ്ഞന്മാരുടെയും, കായിക താരങ്ങളുടെയും, പൊലീസ് ഉദ്യോഗസ്ഥരുടെയും, കലാകാരന്മാരുടെയും, വയോജനങ്ങളുടെയും, അംഗവൈകല്യമുള്ളവരുടെയുമെല്ലാം  പ്രതിനിധികള്‍ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. 

1. സാഹോദര്യത്തിന്‍റെ ഓര്‍മ്മപ്പെടുത്തല്‍
നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് റൈനോ ഫിസിക്കേലയാണ് ദൈവവചനത്തിന്‍റെ പ്രഥമ ഞായറിനെക്കുറിച്ച് പ്രസ്താവനയിലൂടെ അനുസ്മരിപ്പിക്കുകയുണ്ടായി. ജനുവരി 17-ന് ഇറക്കിയ പ്രസ്താവനയിലൂടെയാണ്  ദൈവവചനത്തിന്‍റെ ഞായര്‍ ആഗോളസഭയില്‍ ആചരിക്കുന്നതിന് പാപ്പാ ഫ്രാന്‍സിസ് നല്കിയിട്ടുള്ള ആഹ്വാനത്തെക്കുറിച്ച് ആര്‍ച്ചുബിഷപ്പ് ഫിസിക്കേല സഭാസമൂഹങ്ങളെയും സഭാദ്ധ്യക്ഷന്മാരെയും അനുസ്മരിപ്പിച്ചത്.

2. ദൈവവചനം ഇനിയും മാനസങ്ങള്‍ തുറക്കട്ടെ!
“തിരുവെഴുത്തുകള്‍ മനസ്സിലാക്കുവാന്‍ തക്കവിധം അവിടുന്ന് അവരുടെ മനസ്സുകള്‍ തുറന്നു” (ലൂക്കാ 24, 45), എന്ന ദൈവവചനമാണ് പാപ്പായുടെ  ഈ പ്രബോധനത്തിന് ആധാരമാകുന്നത്. ക്രൈസ്തവര്‍ തങ്ങളുടെ അനുദിന ജീവിതത്തില്‍ വചനത്തിനുള്ള പ്രധാന്യവും പ്രസക്തിയും മനസ്സിലാക്കി ജീവിക്കുന്നതിനുവേണ്ടിയാണ് പാപ്പാ ഫ്രാന്‍സിസ് ആഗോളസഭയില്‍ തിരുവചനത്തിന്‍റെ ഞായര്‍ പ്രഖ്യാപിച്ചിട്ടുള്ളതെന്ന്, ആര്‍ച്ചുബിഷപ്പ് റൈനോ ഫിസിക്കേല പ്രസ്താവനയിലൂടെ എല്ലാവരെയും ഈ ദിനത്തെക്കുറിച്ച് എടുത്തുപറഞ്ഞത്.

3. പാപ്പാ ഫ്രാന്‍സിസിന്‍റെ നവമായ പ്രബോധനം
ദൈവവചനത്തോടുള്ള ബഹുമാനവും, സ്നേഹവും, വിശ്വസ്തതയും വളര്‍ത്താന്‍ ആരാധനക്രമ കാലത്തെ ആണ്ടുവട്ടം മൂന്നാം വാരം ഞായറാഴ്ച  "ദൈവവചന ദിന"മായി ആചരിക്കുവാനാണ് പാപ്പാ ഫ്രാന്‍സിസ് ആഹ്വാനംചെയ്തിട്ടുള്ളത്. 2019 സെപ്തംബര്‍ മാസം 30-ന് തിരുവചനത്തിന്‍റെ ധ്യാനത്തിനും പരിഭാഷയ്ക്കുമായി തന്‍റെ ജീവിതം സമര്‍പ്പിച്ച വിശുദ്ധ ജെറോമിന്‍റെ തിരുനാളില്‍ പ്രബോധിപ്പിച്ച (Aperuit Illis) “മനസ്സുകള്‍ തുറക്കപ്പെട്ടു...” എന്നര്‍ത്ഥം വരുന്ന സ്വാധികാര പ്രബോധനമായ അപ്പസ്തോലിക ലിഖിതത്തിലൂടെയാണ് പാപ്പാ ഫ്രാന്‍സിസ്  ദൈവവചനത്തിന്‍റെ ഞായറാഴ്ച പ്രഖ്യാപിച്ചത്.

4. ഇന്ത്യയില്‍ ഇനിയും വൈകും
ഇന്ത്യയില്‍ ഗാന്ധിസമാധിയോടു ചേര്‍ന്നുവരുന്ന ഞായര്‍, ഈവര്‍ഷം ലോകസമാധാന ദിനത്തിനായി നീക്കിവച്ചിട്ടുള്ളതിനാല്‍,  "തിരുവനചനത്തിനുള്ള ഞായര്‍"  ദേശീയ മെത്രാന്‍ സമിതിയോ, പ്രാദേശീക സഭകളോ ഇനിയും തിട്ടപ്പെടുത്തിയിട്ടില്ലെന്ന് ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍, സ്റ്റീഫന്‍ ആലത്തറ വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തെ ബാംഗളൂര്‍ ഓഫിസില്‍നിന്നും അറിയിച്ചു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 January 2020, 18:55