A lone bird flies over the ocean after sunset in Solana Beach, California A lone bird flies over the ocean after sunset in Solana Beach, California 

കാരുണ്യത്തോടെ നമ്മിലേയ്ക്ക് ഇറങ്ങിവരുന്ന ദൈവം

ശരണഗീതം 16-Ɔο സങ്കീര്‍ത്തനത്തി‍ന്‍റെ പഠനം മൂന്നാം ഭാഗം 7-മുതല്‍ 11-വരെയുള്ള പദങ്ങളുടെ വ്യാഖ്യാനം :

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

16-‍Ɔο സങ്കീര്‍ത്തനം ഭാഗം മൂന്ന്

1. ജീവിതാനുഭവങ്ങളില്‍നിന്നുള്ള പ്രചോദനം
16–Ɔο സങ്കീര്‍ത്തനത്തി‍ന്‍റെ പഠനം നാം പദങ്ങളുടെ വ്യാഖ്യാനത്തിലൂടെ തുടരുകയാണ്. കഴിഞ്ഞ ആഴ്ചയില്‍ നാം ആദ്യഭാഗം 1-മുതല്‍ 6-വരെയുള്ള പദങ്ങളുടെ വ്യാഖ്യാനം പഠിച്ചതാണ്. ഇസ്രായേലില്‍ നവാഗതനായ ഒരു സംഗീതജ്ഞനും വിശ്വാസിയും എപ്രകാരം ദൈവത്തില്‍ ശരണപ്പെട്ടുകൊണ്ടു പ്രാര്‍ത്ഥിക്കുന്നുവെന്ന് ഗീതത്തിന്‍റെ ആദ്യഭാഗ പഠനം നമുക്കു മനസ്സിലാക്കിത്തന്നു. എന്നാല്‍ അന്യസംസ്കാരത്തില്‍നിന്നും ആദ്യമായി ഇസ്രായേലിന്‍റെ കൂട്ടായ്മയില്‍ എത്തിയ മനുഷ്യന്‍ എങ്ങനെ ദൈവജനത്തിന്‍റെ സമൂഹത്തില്‍ സവിശേഷമായ സ്വാതന്ത്ര്യവും ആനന്ദവും അനുഭവിച്ചുവെന്നും പദാനുപദമുള്ള പഠനത്തില്‍ വ്യക്തമാകുന്നു.

ദൈവത്തില്‍ ശരണപ്പെടുവാന്‍ ഗായകന് പ്രചോദനം ലഭിക്കുന്നത് താന്‍ പുതുതായി എത്തിച്ചേര്‍ന്ന ജീവിതചുറ്റുപാടുകളില്‍നിന്നാണെന്നത് ഏറെ ശ്രദ്ധേയമായ വസ്തുതയാണ്. ഇസ്രായേലിലെ ജനങ്ങളിലൂടെയും സംസ്കാരത്തിലൂടെയും ദൈവിക വെളിച്ചം ലഭിച്ചയാള്‍ തദ്ദേശവാസികളായ ജനങ്ങളുടെ അന്തസ്സാര്‍ന്ന സ്വാതന്ത്ര്യത്തിന്‍റെയും ആത്മീയ ആനന്ദത്തിന്‍റെയും ജീവിതശൈലിയാല്‍ പ്രചോദിതനായി ദൈവത്തിങ്കലേയ്ക്കു തിരിഞ്ഞതും ദൈവത്തില്‍ ശരണപ്പെട്ടതും സങ്കീര്‍ത്തനം 16-ന്‍റെ ആദ്യഭാഗത്ത്, 1-മുതല്‍ 6-വരെയുള്ള പദങ്ങളുടെ വ്യാഖ്യാനത്തിലൂടെ മനസ്സിലാക്കിയത്.

Musical version of Psalm 16
കര്‍ത്താവാണെന്‍ ഓഹരിയും പാനപാത്രവും
എന്‍റെ ഭാഗധേയമങ്ങേ കൈകളിലാണ്.
ദൈവമേ, കാത്തുകൊള്ളേണമേ
ഞാനങ്ങില്‍ ശരണംവയ്ക്കുന്നു
അവിടുന്നാണന്‍റെ കാര്‍ത്താവ്
അങ്ങില്‍നിന്നല്ലാതെ എനിക്ക് നന്മയില്ല (2)
- കര്‍ത്താവാണെന്‍

2. ഗീതത്തിന്‍റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള വ്യാഖ്യാനം
നവാഗതനായ സങ്കീര്‍ത്തകന്‍ തനിക്കു കിട്ടിയ പുതിയ ജീവിതസാഹചര്യങ്ങളിലും, പ്രത്യേകിച്ച് വിശ്വാസ വെളിച്ചത്തിലും ഏറെ ഉന്മേഷഭരിതനും ആഹ്ലാദചിത്തനുമാണ്. താന്‍ ‘ഏല്‍’ എന്ന പേരില്‍ അറിഞ്ഞ ദൈവത്തെ പിന്നീട് ഇസ്രായേലിലെ വിളിക്കുന്നത് യാവേയാണെന്ന തിരിച്ചറിവും സങ്കീര്‍ത്തകനുണ്ടായി. പകല്‍ എന്നപോലെതന്നെ രാത്രിയുടെ യാമങ്ങളിലും തന്നെ ചിന്തിക്കാനും നവമായ ആശയങ്ങള്‍ കുറിക്കുവാനും പ്രചോദിപ്പിക്കുന്നത് ദൈവമാണെന്നു സങ്കീര്‍ത്തകനു ബോധ്യമായെന്ന് വരികളില്‍നിന്നു മനസ്സിലാക്കാം.

3. അന്തരംഗമേ, ദൈവത്തെ വാഴ്ത്തൂ!
Recitation of Ps. 16 verse 7
എനിക്ക് ഉപദേശം നല്കുന്ന ദൈവത്തെ ഞാന്‍ വാഴ്ത്തുന്നു
രാത്രിയിലും എന്‍റെ അന്തരംഗം ചിന്തയാല്‍ നിറയുന്നു.

ദൈവത്തെക്കുറിച്ചു ഹൃദയത്തില്‍ ഉദിക്കുന്ന നല്ല വികാരത്തിനും, അവിടുന്നു ഹൃദയത്തില്‍ ഉദിപ്പിക്കുന്ന നല്ല ചിന്തകള്‍ക്കും, നന്ദിയുള്ളവനായി സങ്കീര്‍ത്തകന്‍ ദൈവത്തില്‍നിന്നും വീണ്ടും പ്രചോദനങ്ങള്‍ ഉള്‍ക്കൊണ്ട് എഴുതുന്ന വരികള്‍ നമുക്കു പരിശോധിക്കാം. പഴയ ചിന്താഗതയില്‍ എല്ലാ ആന്തരീക അവയവങ്ങളും മനുഷ്യന്‍റെ ചിന്തകളുടെയും നവമായ ആശയങ്ങളുടെയും സ്രോതസ്സായിരുന്നു. എന്നാല്‍ നാം മനസ്സിലാക്കേണ്ടത്, മനുഷ്യനെ ദൈവത്തിങ്കലേയ്ക്ക് ഉണര്‍ത്തുവാനും ഉയര്‍ത്തുവാനും ദൈവം മനുഷ്യന്‍റെ എല്ലാ ആന്തരീക അവയവങ്ങളെയും, അയാളുടെ ദഹനേന്ദ്രീയങ്ങളെപ്പോലും ഉപയോഗപ്പെടുത്തിയിരുന്നുവെന്ന് പഴമക്കാര്‍ വിശ്വസിക്കുന്നു. മനുഷ്യന്‍റെ വക്തിത്വം ദൈവം പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തുന്നു. അവന്‍റെ വികാരങ്ങളും, ഭാവനയും, ചന്താശക്തിയും, യുക്തിയുമെല്ലാം ദൈവത്തിങ്കലേയ്ക്കു തിരിയുന്നതിനും, അവിടുന്നു പ്രബോധിപ്പിച്ച വിശ്വാസ മൂല്യങ്ങളില്‍ വളര്‍ത്തുന്നതിനുമായി ഉപയോഗിച്ചുവെന്നാണ് സങ്കീര്‍ത്തന പദങ്ങള്‍ വെളിപ്പെടുത്തുന്നത്. ഗായകന്‍ അങ്ങനെ ദൈവത്തില്‍നിന്നു സ്വീകരിച്ച പ്രചോദനത്താല്‍ ബോധ്യത്തോടെ കുറിക്കുന്നത് എട്ടാമത്തെ വരിയില്‍ തെളിവാര്‍ന്നു കാണാം.

Recitation of Ps. 16 Verse 8
ദൈവം എപ്പോഴും എന്‍റെ കണ്‍മുന്‍പിലുണ്ട്
അവിടുന്നെന്‍റെ വലത്തു ഭാഗത്തുള്ളതുകൊണ്ടു
ഞാന്‍ കുലുങ്ങുകയില്ല, ഞാന്‍ തെല്ലും കുലുങ്ങുകയില്ല.
4. നമ്മിലേയ്ക്കു വരുന്ന ദൈവം
ദൈവം തനിക്കു നല്കിയ പുതുവെളിച്ചത്തിലും, സ്വാതന്ത്ര്യത്തിലും ആത്മീയ ആനന്ദത്തിലും സന്തോഷഭരിതനായി സങ്കീര്‍ത്തകന്‍ 9-Ɔമത്തെ വരിയില്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാം.

Recitation of Ps. 16 Verse 9
അതിനാല്‍, എന്‍റെ ഹൃദയം സന്തോഷിക്കുകയും
അന്തരംഗം ആനന്ദം കൊള്ളുകയും ചെയ്യുന്നു. എന്‍റെ ശരീരം
സുരക്ഷിതമായി വിശ്രമിക്കുന്നു.

ഗായകന്‍ ഇസ്രായേലിന്‍റെ കൂട്ടായ്മയില്‍ വരുംമുന്‍പ് തന്‍റെ ജനങ്ങളും സമൂഹവും ആരാധിച്ചിരുന്ന ദൈവത്തെ തദ്ദേശഭാഷയില്‍ “ഏല്‍” എന്നാണു വിളിച്ചിരുന്നത്. ദൈവം എന്ന വാക്കിന് മദ്ധ്യപര്‍വ്വദേശങ്ങളിലെ ഹീബ്രു, അറബി, ഗ്രീക്ക്, സിറിയക് തുടങ്ങിയ പുരാതന ഭാഷകളില്‍ ഏല്‍... El എന്ന മൂലംതന്നെയാണ് കാണുന്നത്. ഹെബ്രായ ഭാഷയില്‍ ഏലോയ് Eloi, ഏലോഹിം Elohim എന്നത് ഏല്‍... എന്ന മൂലത്തില്‍നിന്നും ഉത്ഭവിക്കുന്നതാണ്. ഇതിനോടു സാമ്യപ്പെട്ടതാണ് അറബിയിലെ “അള്ളാ” Allah എന്ന നാമവും. പഴയ നിയമത്തില്‍ ഉടനീളം വിവിധ ജനതകളും സംസ്കാരങ്ങളും ദൈവത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ഏല്‍... El എന്ന വാക്ക് ഉപയോഗിച്ചിട്ടുള്ളത് നമുക്കു പുരാതന മൂലരചനകളില്‍ കാണാം. ഉദാഹരണത്തിന്, “ദൈവം നമ്മോടുകൂടെ…” എന്ന് അര്‍ത്ഥംവരുന്ന ഇമ്മാനുവേല്‍ Immanu-el / God with us എന്ന പദപ്രയോഗത്തില്‍ നമുക്കു കാണാം. മോശയ്ക്കു വെളിപ്പെട്ടു കിട്ടിയ ഏല്‍... El ദൈവത്തെയാണ് Yahweh (h-y-h) to be, I am who am, “എന്നും ആയിരിക്കുന്നവന്‍…” എന്ന അര്‍ത്ഥത്തില്‍ ഇസ്രായേലിനു വെളിപ്പെടുത്തപ്പെട്ടത്. ഇതില്‍ ഒരു ചലനാത്മകതയുണ്ടെന്ന് വാക്കിന്‍റെ അര്‍ത്ഥത്തില്‍നിന്നുതന്നെ മനസ്സിലാക്കാവുന്നതാണ്.

Musical version of Psalm 16
ദൈവമേ ഞാനങ്ങേ വാഴ്ത്തുന്നു
എന്‍റെ അന്തരംഗമങ്ങലി‍ നിറയുന്നു
കര്‍ത്താവെപ്പോഴുമെന്‍റെ കണ്‍മുന്‍പിലുണ്ട്
ഞാന്‍ തെല്ലും കുലുങ്ങുകയില്ല (2).
- കര്‍ത്താവാണെന്‍

5. കാരുണ്യത്തോടെ നമ്മിലേയ്ക്ക് ഇറങ്ങിവരുന്ന ദൈവം
ദൈവത്തെ സംബന്ധിച്ച ഹെബ്രായ ഭാഷയിലെ “യാവേ..” എന്ന പദ പ്രയോഗത്തിലെ ചലനാത്മകത എന്താണെന്ന് പണ്ഡിതന്മാരുടെ വ്യാഖ്യാനത്തില്‍നിന്നും മനസ്സിലാക്കാം. യാവേ... എന്നാല്‍ “ആയിരിക്കുന്നവന്‍…” എന്ന അര്‍ത്ഥത്തില്‍ മൂന്നു വ്യത്യസ്ത വീക്ഷണങ്ങള്‍ ബൈബിള്‍ പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

a) “ബേരിയുടെ മകന്‍ ഹോസിയായ്ക്ക് കര്‍ത്താവില്‍-നിന്നുണ്ടായ അരുളപ്പാട്…”. The Word of God that came to Hosea എന്ന് കൃത്യമായും രേഖപ്പെടുത്തിക്കൊണ്ടാണ് ഹോസിയായുടെ പ്രവചനഗ്രന്ഥം ആരംഭിക്കുന്നത്. “ കര്‍ത്താവില്‍നിന്നുണ്ടായത്....” the Word that came from God … എന്നു പറയുന്നതിലെ ചലനാത്മകത ശ്രദ്ധേയമാണ്!

b) രണ്ടാമതായി നിരൂപകന്മാര്‍ ചൂണ്ടിക്കാണിക്കുന്ന ചലനം, ദൈവത്തില്‍നിന്നും മനുഷ്യരിലേയ്ക്കാണ്. കാരണം ജീവിക്കുന്ന ദൈവത്തില്‍നിന്നും സൃഷ്ടിയായ മനുഷ്യനിലേയ്ക്കുള്ള ചലനം ഏറെ ശ്രദ്ധേയമാണ്.
തന്‍റെ കൃപയിലും കാരുണ്യത്തിലും ദൈവമാണ് മനുഷ്യരിലേയ്ക്ക് ഇറങ്ങിവരുന്നത്. അവിടുന്നാണ് അതിനുള്ള താല്പര്യം എടുക്കുന്നതും, ആദ്യചുവിടുവയ്പ് നടത്തുന്നതും. പുറപ്പാടു ഗ്രന്ഥത്തില്‍ തന്‍റെ ജനത്തെ ഫറവോയുടെ ബന്ധനത്തില്‍നിന്ന് മോചിക്കുവാന്‍ പ്രചദോനമാകും വിധത്തില്‍ മോശയോട് ദൈവം സംസാരിക്കുന്നത്, “ഞാന്‍ നിന്നോടുകൂടെ ഉണ്ടായിരിക്കും, I will become (ehyeh) with you! ‍ഞാനാണ് നിന്നെ അയയ്ക്കുന്നത്” (പുറപ്പാട് 3, 12).

c) യാവേ Yahweh എന്ന വാക്കിനെ അതിന്‍റെ ഹെബ്രായ മൂലത്തെ അധികരിച്ച് നാം പരിഭാഷപ്പെടുത്തുകയാണെങ്കില്‍ അത് സജീവമായൊരു സകര്‍മ്മക ക്രിയയാണ്, a transitive verb which means, God who causes to come with… h-y-h “മോശയുടെ കൂടെയും, മനുഷ്യരുടെകൂടെയും ആയിരിക്കുവാന്‍ തയ്യാറായവന്‍ - ദൈവം,” എന്ന പ്രയോഗമാണ് കൂടുതല്‍ അര്‍ത്ഥവത്താകുന്നത്. പുറപ്പാടു ഗ്രന്ഥത്തില്‍ ഈ പ്രയോഗം ആവര്‍ത്തിച്ചു കാണാം.

6. ദൈവത്തില്‍ വിശ്രമിക്കേണ്ട മനുഷ്യന്‍
Recitation of Ps. 16, verses 10, 11.
അവിടുന്ന് എന്നെ പാതാളത്തില്‍ തള്ളുകയില്ല.
അങ്ങയുടെ പരിശുദ്ധന്‍ ജീര്‍ണ്ണിക്കാന്‍ അനുവദിക്കുകയില്ല.
അങ്ങ് എനിക്കു ജീവന്‍റെ മാര്‍ഗ്ഗം കാണിച്ചുതന്നു.
അങ്ങയുടെ സന്നിധിയില്‍ ആനന്ദത്തിന്‍റെ പൂര്‍ണ്ണതയുണ്ട്
അങ്ങയുടെ വലത്തുക്കൈയ്യില്‍ ശാശ്രത സന്തോഷമുണ്ട്.

ഇസ്രയേല്‍ ആരാധിക്കുന്ന “ഉടമ്പടിയുടെ ദൈവ”ത്തെ സങ്കീര്‍ത്തകന്‍ വെളിപ്പെട്ടു കിട്ടിയപ്പോഴുള്ള ആനന്ദം ഇവിടെ അതിന്‍റെ ഉച്ചസ്ഥായിയില്‍ ഈ ഗീതത്തിന്‍റെ അവസാനഭാഗത്ത് ഗായകന്‍ വാക്കുകളില്‍ വരച്ചുകാട്ടുന്നു. തന്‍റെ ശരീരം ദൈവത്തില്‍ പരമമായി വിശ്രമംകൊള്ളുമെന്നാണ് വരികള്‍ സമര്‍ത്ഥിക്കുന്നത്. ജീവന്‍ ദൈവത്തിന്‍റെ ദാനമാണെന്ന് അറിയുന്ന സകലരും ജീവിതത്തിലെന്നപോലെ ജീവിതാന്ത്യത്തിലും ദൈവത്തില്‍ പരമമായ ആനന്ദം കണ്ടെത്തും എന്ന ശുഭപ്രതീക്ഷയോടെ ഗായകന്‍ സങ്കീര്‍ത്തനം ഉപസംഹരിക്കുന്നു.

Musical version of Psalm 16
ദൈവമേ, എന്‍റെ ഹൃദയമങ്ങില്‍ സന്തോഷിക്കും
എന്‍റെ അന്തഃരംഗം കര്‍ത്താവില്‍ ‍ആനന്ദിക്കും
എന്‍റെ ദേഹം കര്‍ത്താവില്‍ സുരക്ഷിതമായ് വിശ്രമിക്കും
അവിടുന്നൊരിക്കലും എന്നെ ഉപേക്ഷിക്കുകയില്ല.
- കര്‍ത്താവാണെന്‍

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പരയാണിത്. ഒരുക്കിയത് ഫാദര്‍ വില്യം നെല്ലിക്കല്‍.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 January 2020, 18:20