സമാധാനത്തിനെതിരെ സാമ്പത്തിക നേട്ടത്തിന്‍റെ പദ്ധതിയുമായി ട്രംപ്
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. നവമായ വിഭജന നീക്കങ്ങള്‍
ജനുവരി 28-Ɔο തിയതി ചൊവ്വാഴ്ച വാഷിങ്ടണിലെ വൈറ്റ് ഹൗസില്‍ പ്രസിഡന്‍റ് ഡൊനാള്‍ഡ് ട്രംപും ഇസ്രായേലി പ്രധാനമന്ത്രി നെതന്യാഹും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് സമാധാനത്തിന് എതിരെ സമൃദ്ധിയുടെ പദ്ധതിയെ (peace to prosperity plan) ചുറ്റിപറ്റിയുള്ള വിശുദ്ധനാട്ടിലെ ഇരുസംസ്ഥാനങ്ങളുടെ - പലസ്തീന്‍-ഇസ്രായേലി രാജ്യങ്ങളുടെ വിഭജനം സംബന്ധിച്ച നവവും ആശ്ചരപ്പെടുത്തുന്നതുമായ നിര്‍ദ്ദേശങ്ങളുമായി അമേരിക്കന്‍ പ്രസിഡന്‍റ് മുന്നോട്ടു വന്നിരിക്കുന്നത്. വിശുദ്ധനാടിന്‍റെ സംരക്ഷണ ചുമതലയുണ്ടായിരുന്ന ആര്‍ച്ചുബിഷപ്പ് പിയെര്‍ ബത്തീസ്ത പിസ്സബാല, കപ്പൂച്ചിന്‍ വത്തിക്കാന്‍ വാര്‍ത്താ വിഭാഗത്തിന് ജനുവരി
30-Ɔο തിയതി വ്യാഴാഴ്ച നല്കിയ അഭിമുഖത്തിലാണ് പൊന്തിവരുന്ന നവമായ നീക്കങ്ങളെക്കുറിച്ച് പരാമര്‍ശിച്ചത്.
2. സഭാ നേതൃത്വത്തിന്‍റെ പ്രതിഷേധം
പലസ്തീനിലെ ജോര്‍ദ്ദാന്‍, വെസ്റ്റ് ബാങ്ക് പ്രദേശങ്ങളില്‍ അടുത്ത കാലത്തുണ്ടായിട്ടുള്ള ഇസ്രായേലി സമൂഹങ്ങളുടെ കുടിയേറ്റത്താവളങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടും, ജരൂസലേം പൂര്‍ണ്ണമായും ഇസ്രായേലിനു നല്കിക്കൊണ്ടുമുള്ള നവമായ നീക്കങ്ങളെ വിശുദ്ധനാട്ടിലെ കത്തോലിക്ക സഭാനേതാക്കള്‍ ജനുവരി 29-ന്, ബുധനാഴ്ച ഇറക്കിയ പ്രസ്താവനയിലൂടെ ഏകപക്ഷീയമായി നിഷേധിക്കുകയുണ്ടായി. പലസ്തീന്‍കാരുടെ അന്തസ്സു അവകാശങ്ങളും അവഗണിക്കുന്ന തീര്‍പ്പുകളാണിതെന്ന് അപലപിക്കുകയുമുണ്ടായി. വിശുദ്ധനാട്ടിലെ കത്തോലിക്ക മെത്രാന്മാര്‍ക്കൊപ്പം, ഇതര കത്തോലിക്കാ റീത്തുകളുടെ പാത്രിയര്‍ക്കിസുമാരും, വിശുദ്ധനാട്ടിന്‍റെ സംരക്ഷകരായ ഫ്രാന്‍സിസ്ക്കന്‍ സമൂഹവുമാണ് ട്രംപിന്‍റെ പുതിയ വിഭജന പദ്ധതിയെ ജനങ്ങള്‍ക്കുവേണ്ടി തുറന്നു നിഷേധിച്ചത്.
3. ജനതകളുടെ സമത്വം മാനിക്കാത്ത ഗൂഢാലോചന
പലസ്തീനിയന്‍ ജനതയുടെ ന്യായമായ അവകാശങ്ങള്‍ മാനിക്കാത്തതും, അവരുടെ ജന്മഭൂമിക്കായുള്ള അഭ്യര്‍ത്ഥനയെ അതിലംഘിക്കുന്നതും, ഇസ്രായേലിന്‍റെ രാഷ്ട്രീയ കാര്യക്രമങ്ങള്‍ അംഗീകരിച്ചു നല്കുന്നതുമാണ് അമേരിക്കയുടെ ഈ വിഭജനപദ്ധതിയെന്നും കത്തോലിക്കാപക്ഷം കുറ്റപ്പെടുത്തി. ജനതകള്‍ തമ്മിലുള്ള സമത്വം മാനിക്കുന്ന മുന്‍കരാറുകളുടെ അടിസ്ഥാനത്തിനുള്ള പലസ്തീന്‍-ഇസ്രായേല്‍ ഇരുരാഷ്ട്രങ്ങളുടെ ന്യായമായ വിഭജനമാണ് ഇനിയും തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന കുറിപ്പോടെയാണ് കത്തോലിക്ക സഭാദ്ധ്യക്ഷന്മാര്‍ വിശുദ്ധനാടിന്‍റെ വിഭജനം സംബന്ധിച്ച് ട്രംപ്-നെതന്യാഹു സ്വകാര്യ തീരുമാനങ്ങളോടുള്ള പ്രതികരണം ഉപസംഹരിച്ചത്.