2020.01.16 Cardinale Robert Sarah 2020.01.16 Cardinale Robert Sarah 

മുന്‍പാപ്പായെ സഹരചയിതാവാക്കിയ കര്‍ദ്ദിനാളിന് തിരുത്ത്

കര്‍ദ്ദിനാള്‍ റോബര്‍ട്ട് സറായാണ് തന്‍റെ ഗ്രന്ഥത്തില്‍ മുന്‍പാപ്പാ ബെനഡിക്ടിനെ സഹരചയിതാവ് ആക്കിയത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. തെറ്റു തിരുത്തണമെന്ന് വത്തിക്കാന്‍
പൗരോഹിത്യ ബ്രഹ്മചര്യം സംബന്ധിച്ച കര്‍ദ്ദിനാള്‍ റൊബെര്‍ട്ട് സറായുടെ പുസ്തകത്തിന്‍റെ പുറംചട്ടയില്‍നിന്നും മുന്‍പാപ്പാ ബെനഡിക്ട് 16-Ɔമന്‍റെ പേരും ചിത്രവും നീക്കംചെയ്യണമെന്ന്, അപ്പസ്തോലിക അരമനയുടെ പ്രീഫെക്ടും മുന്‍പാപ്പാ ബെനഡിക്ടിന്‍റെ സെക്രട്ടറിയുമായ ആര്‍ച്ചുബിഷപ്പ് ഹോര്‍ഹെ ജാന്‍സ്വെയിന്‍ രേഖാമൂലം കര്‍ദ്ദിനാളിനോട് ആവശ്യപ്പെട്ടു. കര്‍ദ്ദിനാള്‍ റോബര്‍ട്ട് സറാ ആരാധനക്രമകാര്യങ്ങള്‍ക്കും കൂദാശകള്‍ക്കുമായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ടാണ്. പൗരോഹിത്യ ബ്രഹ്മചര്യം സംബന്ധിച്ച കര്‍ദ്ദിനാള്‍ സറായുടെ പുസ്തകത്തില്‍ മുന്‍പാപ്പാ ബെനഡിക്ടിന്‍റെ പേരോ, ചിത്രമോ ഉപയോഗിക്കരുതെന്ന് പ്രസാധകരോടും ഗ്രന്ഥകര്‍ത്താവായ. കര്‍ദ്ദിനാള്‍ റോബര്‍ട് സറായോടും ജനുവരി 14-Ɔο തിയ്യതി   ചൊവ്വാഴ്ച നേരിട്ടു നല്കിയ അഭ്യര്‍ത്ഥനയിലൂടെയാണ് ആര്‍ച്ചുബിഷപ്പ് ജാന്‍സ്വെയിന്‍ ആവശ്യപ്പെട്ടത്.

2. പുസ്തകത്തെക്കുറിച്ചു നടത്തിയ ചര്‍ച്ചയും
മുന്‍പാപ്പാ ഉദാരമായി നല്കിയ കുറിപ്പും

പൗരോഹിത്യ ബ്രഹ്മചര്യത്തെക്കുറിച്ച് കര്‍ദ്ദിനാള്‍ സറാ പുസ്തകം പ്രസിദ്ധീകരിക്കുന്നതു സംബന്ധിച്ച് ഇരുവരും – മുന്‍പാപ്പായും കര്‍ദ്ദിനാളും സംസാരിച്ചിട്ടുള്ളതായും, പൗരോഹിത്യത്തെ സംബന്ധിച്ചുള്ള തന്‍റെ ചെറിയ കുറിപ്പു മാത്രം ഇഷ്ടാനുസരണം പുസ്തകത്തില്‍ ചേര്‍ക്കാന്‍ മുന്‍പാപ്പാ ബെനഡിക്ട് അനുമതി നല്കിയിട്ടുള്ളതും പ്രസ്താവനയില്‍ ആര്‍ച്ചുബിഷപ്പ് ജാന്‍സ്വെയിന്‍ എടുത്തുപറയുന്നുണ്ട്. ഒന്നും എഴുതാന്‍ സാധിക്കാത്ത തന്‍റെ ക്ഷയിക്കുന്ന ശാരീരികാവസ്ഥയെയും മങ്ങുന്ന ഓര്‍മ്മകളെയും കുറിച്ച് പാപ്പാ ബെനഡിക്ട് കര്‍ദ്ദിനാളിനോട് തന്‍റെ സാന്നിദ്ധ്യത്തില്‍ തുറന്നു പ്രസ്താവിച്ചതായും ആര്‍ച്ചുബിഷപ്പ് ജാന്‍സ്വെയിന്‍ റോമില്‍ പ്രസിദ്ധപ്പെടുത്തിയ പ്രസ്താവനയിലും സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ പുസ്തകത്തിന്‍റെ സഹരചയിതാവായി പേരു ചേര്‍ക്കുന്നതിനോ, ആമുഖത്തിലും ഉപസംഹാരത്തിലും മുന്‍പാപ്പായുടെ കൈയ്യൊപ്പ് ഉപയോഗിക്കുന്നതിനോ അനുമതി വാങ്ങിയിട്ടില്ലെന്നും, തെറ്റിദ്ധാരണകള്‍ ഉണ്ടാക്കാവുന്ന വിധത്തില്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍ അവ നീക്കചെയ്യണമെന്നും പ്രസ്താവനയിലൂടെ ആര്‍ച്ചുബിഷപ്പ് ജാന്‍സ്വെയിന്‍ ആവശ്യപ്പെട്ടു.

3. പ്രസാധകര്‍ക്കും വത്തിക്കാന്‍റെ അറിയിപ്പ്
ജനുവരി 15-Ɔο തിയതി ബുധനാഴ്ച ഫ്രഞ്ചിലും 20- Ɔο തിയതി ഇംഗ്ലിഷിലുമുള്ള പതിപ്പുകള്‍ പുറത്തിറങ്ങാന്‍ ഇരിക്കെയാണ് കര്‍ദ്ദിനാള്‍ സറായുടെ പുസ്തകത്തില്‍ മുന്‍പാപ്പാ ബെനഡിക്ടിനുള്ള പങ്ക് വത്തിക്കാന്‍ സത്യസന്ധമായി നിഷേധിക്കുന്നത്. പ്രസ്താവനയ്ക്കു പുറമേ, നേരിട്ടുള്ള ടെലിഫോണ്‍ സന്ദേശത്തിലൂടെയും കര്‍ദ്ദിനാള്‍ സറായുടെ പുസ്തകവുമായി ബന്ധപ്പെട്ട് മുന്‍പാപ്പായെ സഹരചയിതാവായി തെറ്റിദ്ധരിപ്പിക്കുന്ന എല്ലാ ഘടങ്ങളും നീക്കംചെയ്യണമെന്ന് ആര്‍ച്ചുബിഷപ്പ് ജാന്‍സ്വെയിന്‍ പ്രസാധകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

4. ആമസോണ്‍ സിനഡുമായി ബന്ധപ്പെട്ട ആശങ്കകള്‍
പൗരോഹിത്യ ബ്രഹ്മചര്യം നൂറുശതമാനവും സഭയുടെ പ്രബോധനങ്ങളിലും പാരമ്പര്യത്തിലും സംരക്ഷിക്കപ്പെടണമെന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ നിലപാട് വിവിധ അവസരങ്ങളില്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതാണ്. ആമസോണ്‍ സിനിഡിലെ ചര്‍ച്ചകളില്‍ ഇതു സംബന്ധിച്ച ലാഘവത്വവും, അവിടത്തെ സഭയ്ക്കു മാത്രമായി ബ്രഹ്മചര്യത്തിന്‍റെ കാര്യത്തില്‍ ഇളവുകളും ഉണ്ടാകുമെന്ന ഭീതി സഭയിലെ യഥാസ്ഥിതികരുടെ ഇടയില്‍ നിലനില്ക്കെയാണ് പൗരോഹിത്യ ബ്രഹ്മചര്യം സംബന്ധിച്ചുള്ള തന്‍റെ ഗ്രന്ഥത്തില്‍ ദൈവശാസ്ത്ര പണ്ഡിതനായ മുന്‍പാപ്പാ ബെനഡിക്ടുമായി, വ്യക്തമായ ധാരണകള്‍ ഇല്ലാതെയും അനുമതിവാങ്ങാതെയും കര്‍ദ്ദിനാള്‍ സറാ ഇങ്ങനെയൊരു “കൂട്ടുഗ്രന്ഥ”ത്തിന് മുതിര്‍ന്നത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 January 2020, 09:04