തിരയുക

Vatican News
2018.12.17 Presepe Sant'Anna in Vaticano 2018 2018.12.17 Presepe Sant'Anna in Vaticano 2018 

പുല്‍ക്കൂട്ടിലെ സ്നേഹത്തിന്‍റ വിപ്ലവം

“എല്ലാവരെയും ഉള്‍ക്കൊള്ളുന്നൊരു സാകല്യ സംസ്കൃതി വളര്‍ത്താന്‍ പുല്‍ക്കൂടു പ്രചോദനമാണ്.” - പാപ്പാ ഫ്രാന്‍സിസ്

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. പുല്‍ക്കൂടിന്‍റെ പൊരുളുമായി ഒരു പ്രബോധനം
ഡിസംബര്‍ 1-ന്, ആഗമനകാലത്തെ ആദ്യഞായറാഴ്ച അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് ആദ്യമായി 1223-ലെ ക്രിസ്തുമസ് രാവില്‍ ജീവസ്വരൂപങ്ങള്‍കൊണ്ട് പുല്‍ക്കൂടു നിര്‍മ്മിക്കുകയും, അവിടെ ദിവ്യബലി അര്‍പ്പിക്കുകയും ചെയ്ത ഇറ്റലിയിലെ റിയേത്തിയിലുള്ള ഗ്രേച്യോ ഗുഹ പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിക്കുകയും അവിടെ പ്രാര്‍ത്ഥിക്കുകയും ചെയ്തു. എന്നിട്ട് പുല്‍ക്കൂടനെ സംബന്ധിച്ചു ഒരുക്കിയതും, “വിസ്മയകരമായ അടയാളം” Admirabile Signum എന്നു ശീര്‍ഷകം ചെയ്തിട്ടുള്ളതുമായ അപ്പസ്തോലിക ലിഖിതം (Apostolic Letter) അവിടെവച്ച് പ്രബോധിപ്പിക്കുകയുണ്ടായി. പുല്‍ക്കൂടിനെ സംബന്ധിച്ച ചരിത്രപരവും, സാമൂഹികവും ദൈവശാസ്ത്രപരവുമായ പ്രബോധനത്തിന്‍റെ 6-Ɔമത്തെ ഖണ്ഡികയിലാണ് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സംസ്ക്കാരത്തെക്കുറിച്ച് പുല്‍ക്കൂടുമായി ബന്ധപ്പെടുത്തി പാപ്പാ പ്രതിപാദിച്ചിരിക്കുന്നത്.

2. എളിയവര്‍ക്കു തുണയാകുന്ന ദൈവം
പുല്‍ക്കൂട്ടിലെ പാവങ്ങളുടെയും എളിയവരുടെയും സാന്നിദ്ധ്യം അനുസ്മരിപ്പിക്കുന്നത്, തന്‍റെ സ്നേഹം ഏറ്റവും ആവശ്യമുള്ളവരുടെയും തന്‍റെ സാന്നിദ്ധ്യത്തിനായി കേഴുന്നവരുടെയും മദ്ധ്യേ ആയിരിക്കുവാനാണ് ദൈവം മനുഷ്യനായത് എന്ന സത്യമാണ്. ശാന്തശീലനും വിനീതഹൃദയനുമായ ഈശോ (മത്തായി 11 : 29), ദാരിദ്രനായി ജനിച്ചുകൊണ്ടും, ലാളിത്യമാര്‍ന്ന ജീവിതം നയിച്ചുകൊണ്ടും ജീവിതത്തില്‍ ആവശ്യമായതും പ്രധാനപ്പെട്ടതും എന്താണെന്നും, അതനുസരിച്ച് ജീവിക്കണമെന്നും നമ്മെ പഠിപ്പിക്കുന്നു. അതിനാല്‍ ക്രിസ്തുവിന്‍റെ ശിഷ്യരായവര്‍ സമ്പത്തിലും, മോഹിപ്പിക്കുന്ന ആനന്ദ വാഗ്ദാനങ്ങളാലും കബളിപ്പിക്കപ്പെടരുതെന്ന് തിരുപ്പിറവിയുടെ രംഗചിത്രീകരണം ആഹ്വാനംചെയ്യുന്നു.

3. പുല്‍ക്കൂട്ടിലെ സ്നേഹത്തിന്‍റെ വിപ്ലവം
പുല്‍ക്കൂടുകളുടെ പശ്ചാത്തലത്തില്‍ അങ്ങ് അകലെ ഹേറോദേസു രാജാവിന്‍റെ കൊട്ടാരം ചിത്രീകരിക്കപ്പെടുന്നത് സാധാരണമാണ്. രക്ഷകന്‍റെ ആഗമനത്തെക്കുറിച്ചുള്ള സദ്വാര്‍ത്തയ്ക്ക് ചെവിയും കൊട്ടാര കവാടവും ഒരുപോലെ കൊട്ടിയടച്ച നാടുവാഴിയാണത്. പരിത്യക്തര്‍ക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും അന്തസ്സും പ്രത്യാശയും നല്കുന്ന യഥാര്‍ത്ഥ വിപ്ലവത്തിന് ദൈവം തുടക്കമിട്ടിരിക്കുന്നു : അത് സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും വിപ്ലവമാണ്! അതിനാല്‍ ആരും അവഗണിക്കപ്പെടാത്തതും പാര്‍ശ്വവത്ക്കരിക്കപ്പെടാത്തതുമായ മനുഷ്യത്വവും സാഹോദര്യവുമുള്ള ഒരു സാകല്യസംസ്കൃതി (An all inclusive culture) വളര്‍ത്തണമെന്ന് യേശു പുല്‍ക്കൂട്ടില്‍നിന്നും എളിമയോടെ, എന്നാല്‍ ശക്തമായി ആഹ്വാനംചെയ്യുന്നു.

4. ക്രിസ്തു തുറന്ന നവമായ സാമൂഹികത
സുവിശേഷത്തിലെ വിവരണവുമായി യാതൊരു ബന്ധമില്ലാത്തതെന്നു തോന്നിയേക്കാവുന്ന ചില രൂപങ്ങള്‍ ചിലപ്പോള്‍ കുട്ടികള്‍, എന്തിന് പ്രായപൂര്‍ത്തിയായവര്‍പോലും പുല്‍ക്കൂട്ടില്‍ ഇണക്കിവയ്ക്കാറുണ്ട്. അവയ്ക്കോരോന്നിനും യഥാര്‍ത്ഥത്തില്‍ ദൈവത്തിന്‍റെ സൃഷ്ടിയായ സകലത്തിനോടും ബന്ധമുണ്ട്. അങ്ങനെ കുട്ടികള്‍ ഇഷ്ടപ്പെട്ടു വയ്ക്കുന്ന വിചിത്രമായ രൂപങ്ങള്‍ക്കുപോലും ക്രിസ്തു ലോകത്തിനായി തുറന്നിരിക്കുന്ന നവമായ സാമൂഹികതയില്‍ പ്രസക്തിയുണ്ട്. കൊല്ലപ്പണിക്കാരന്‍ തുടങ്ങി ഇടയന്മാര്‍വരെയും, റൊട്ടിയുണ്ടാക്കുന്നയാള്‍ മുതല്‍ സംഗീതജ്ഞ‍ന്‍വരെയും, വെള്ളം കോരി തലയില്‍ കുടവും വച്ചുകൊണ്ട് കളിക്കുന്ന കുട്ടികള്‍ക്കിടയിലൂടെ നീങ്ങുന്ന സ്ത്രീയുടെ ചിത്രീകരണവുമെല്ലാം അനുദിന ജീവിതത്തിന്‍റെ സാധാരണത്ത്വങ്ങളിലെ വിശുദ്ധിയുടെ അടയാളങ്ങളാണ്. യേശു നമ്മിലേയ്ക്ക് ഇറങ്ങിവന്ന്, അവിടുത്തെ ദൈവികജീവന്‍ നമ്മളുമായി പങ്കുവയ്ക്കുമ്പോള്‍ ജീവിതത്തിന്‍റെ സാധാരണ കാര്യങ്ങള്‍ അനിതരസാധാരണങ്ങളായി രൂപാന്തരപ്പെടുന്നു.

4. അപ്പസ്തോലിക ലിഖിതം 
Cf. Admirabilis Signum, 6.1 and 6.2
for original text in English :
http://w2.vatican.va/content/francesco/en/apost_letters/documents/papa-francesco-lettera-ap_20191201_admirabile-signum.html
 

04 December 2019, 19:58