2019.06.21 Magnum Opus, Gesu di Nazaret di Franco Zeffirelli 2019.06.21 Magnum Opus, Gesu di Nazaret di Franco Zeffirelli 

ഭൗമികതയുടെ നിസ്സാരതയും ദൈവികതയുടെ അനശ്വരതയും

ആണ്ടുവട്ടം 33-Ɔο വാരം ഞായറാഴ്ചത്തെ സുവിശേഷവിചിന്തനം. വിശുദ്ധ ലൂക്കായുടെ സുവിശേഷം 21, 5-19 വരെ

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ആണ്ടുവട്ടം 33-Ɔο വാരം ഞായര്‍ - സുവിശേഷവിചിന്തനം

1. അന്ത്യനാളുകളെക്കുറിച്ചുള്ള ചിന്തകള്‍
അന്ത്യനാളുകളെക്കുറിച്ച് ചിന്തിക്കുന്നത് നല്ലതാണ്. കാരണം ജനിച്ചാല്‍ നാം ഒരുനാള്‍ മരിക്കണം, ഈ ഭൂമിയില്‍നിന്ന് നാം കടന്നുപോകണം. വിശുദ്ധ ലൂക്കാ രേഖപ്പെടുത്തിയിട്ടുള്ള അന്ത്യനാളുകളെക്കുറിച്ചുള്ള ക്രിസ്തുവിന്‍റെ പ്രബോധനങ്ങളുടെ ആദ്യഭാഗമാണ് ഇന്നത്തെ സുവിശേഷം വിവരിക്കുന്നത്. ജരൂസലേം ദേവാലയത്തിന്‍റെ ഉമ്മറത്തുനിന്നുകൊണ്ടാണ് ക്രിസ്തു സംസാരിച്ചത്. അവിടുന്ന് അതിനെക്കുറിച്ചൊരു പ്രസ്താവന നടത്തുന്നു. ഈ മഹാദേവാലയം വിലയേറിയ കല്ലുകളാലും കാണിക്കവസ്തുക്കളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നല്ലോ, എന്നു ആ സമയത്ത് അവിടെ നിന്നിരുന്ന ചില ആളുകള്‍ ആശ്ചര്യപൂര്‍വ്വം പറഞ്ഞുകൊണ്ടിരുന്നു (5). ഇതു കേട്ടതിനുശേഷമുള്ള ക്രിസ്തുവിന്‍റെ പ്രതികരണമാണ് ലൂക്കാ രേഖപ്പെടുത്തിയിരിക്കുന്നത്. നിങ്ങള്‍ ഈ കാണുന്നവയെല്ലാം കല്ലിന്മേല്‍ കല്ലുശേഷിക്കാതെ തകര്‍ക്കപ്പെടുന്ന സമയം ഇതാ വരുന്നു (6). ക്രിസ്തുവിന്‍റെ ഈ വാക്കുകളെ ചൊല്ലി അവിടുത്തെ ശിഷ്യന്മാരുടെ ഇടയില്‍ അപ്പോഴുണ്ടായ പ്രതികരണം നമുക്ക് ഊഹിക്കാവുന്നതാണ്. കാരണം ഈ മഹാദേവാലയം ഒരിക്കലും നശിക്കുകയില്ല എന്നായിരുന്നു.

2. ഭൗമികതയുടെ നിസ്സാരതയും നൈമിഷികതയും
ക്രിസ്തു ഒരിക്കലും ദേവാലയത്തെക്കുറിച്ച് ദുഷിപ്പ് സംസാരിക്കുകയായിരുന്നില്ല, മറിച്ച് മോടിപിടിപ്പിച്ചതും വിലപിടിപ്പുള്ളതുമായ സൗധങ്ങളും മനുഷ്യനിര്‍മ്മിതമായ രമ്യഹര്‍മ്മ്യങ്ങളുമെല്ലാം എത്ര മനോഹരമായിരുന്നാലും, എത്ര പുരാതനമായിരുന്നാലും, പുതിയതായിരുന്നാലും അവ താല്കാലികവും കടന്നുപോകുന്നതുമാണെന്ന് അവിടുന്ന് ജനങ്ങളെ അനുസ്മരിപ്പിക്കുകയായിരുന്നു. മനുഷ്യനിര്‍മ്മിതമായ മന്ദിരങ്ങള്‍ അവ ദേവാലയങ്ങളായാലും തീര്‍ത്ഥസ്ഥാനങ്ങളായാലും നശിച്ചുപോകുന്നതാണ്. അതിനാല്‍, ദൈവത്തിലല്ലാതെ, മറ്റൊന്നിലും സമ്പൂര്‍ണ്ണ സുരക്ഷ അര്‍പ്പിക്കേണ്ടതില്ലെന്നാണ് ഇന്നത്തെ വചനത്തിലൂടെ ക്രിസ്തു നമ്മോട് ആഹ്വാനംചെയ്യുന്നത്.

3. ഓര്‍മ്മയിലെ ഒരു ദുരന്തം
നിങ്ങളുടെയും എന്‍റെയും ഓര്‍മ്മയില്‍തന്നെ ഒരിക്കലും നശിക്കില്ലെന്നു നാം കരുതിയിരുന്ന എത്രയെത്ര മന്ദിരങ്ങളും മനോഹരമായ സൗധങ്ങളും നശിച്ചുപോയിരിക്കുന്നു. കാലക്രമത്തില്‍ ഭൗമികമായ ഈ നല്ലവീടും സ്വത്തുമെല്ലാം നശ്വരവും ക്ഷണികവുമാണെന്നു തെളിയിക്കുകയാണ്.
ബ്രിട്ടിഷ് യാത്രാക്കപ്പല്‍ “ടൈറ്റാനിക്കി”ന്‍റെ (The Titanic) കഥ ഓര്‍ക്കുന്നതു നല്ലതാണ്. പണിതീര്‍ന്നപ്പോള്‍ അത് ലോകത്തിലെ ഏറ്റവും വലുതും സുഖസൗകര്യങ്ങള്‍ ഉള്ളതുമായ കപ്പലായിരുന്നു. 3000-ത്തില്‍ അധികം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ പോരുന്ന വലുപ്പമായിരുന്നതിന്. ആദ്യയാത്രയ്ക്കുമുന്‍പ് യാത്രാക്കമ്പനി പരസ്യം ചെയ്തത് “മുങ്ങാത്ത കപ്പല്‍ ടൈറ്റാനിക്,” the unsinkable Titanic എന്നാണ്. 1912 ഏപ്രില്‍ 10-ന് ഇംഗ്ലണ്ടിലെ സതാംടണലില്‍നിന്നും അമേരിക്കയിലെ ന്യൂയോര്‍ക്കിലേയ്ക്ക് അതിന്‍റെ കന്നിയാത്ര പുറപ്പെട്ടത് 2240 യാത്രക്കാരും 900 ജോലിക്കാരുമായിട്ടാണ്. അത് ലോകത്തിന്‍റെ നാനാ ഭാഗത്തുനിന്നുമുള്ള സമ്പന്നരുടെ ഉല്ലാസയാത്രയായിരുന്നു.

5-Ɔο ദിവസം, അറ്റ്ലാന്‍റിക്കിന്‍റെ വിസ്തൃതമായ ആഴിപ്പരപ്പിലൂടെ ടൈറ്റാനിക് മുന്നോട്ടു കുതിക്കവെ രാത്രിയുടെ വൈകിയ യാമത്തില്‍ കപ്പല്‍ ഒരു മഞ്ഞുകട്ടയില്‍ പള്ളയിടിച്ചു. അതില്‍ വെള്ളം കയറിത്തുടങ്ങി. അടിയന്തിര സന്ദേശങ്ങള്‍ അടുത്തും അകലെയുമായി ലോകത്തിന്‍റെ നാനാഭാഗങ്ങളിലേയ്ക്കും അയച്ചെങ്കിലും, ഏറ്റവും അടുത്തുള്ളൊരു കപ്പല്‍ സഹായത്തിന് എത്തിയത് നാലു മണിക്കൂറുകള്‍ക്കു ശേഷമായിരുന്നു. അപ്പോഴേയ്ക്കും ടൈറ്റാനിക്ക് അറ്റ്ലാന്‍റിക്കിന്‍റെ അടിത്തട്ടില്‍ അമര്‍ന്നിരുന്നു. ഒരു രാത്രിയുടെ നിശ്ശബ്ദതയില്‍ 1500-പേരുടെ ജീവിതങ്ങള്‍ തണുത്തു വിറങ്ങലിച്ച് സമുദ്രത്തിന്‍റെ ആഴങ്ങളില്‍ മുങ്ങിമരിച്ചത് ഓര്‍മ്മയില്‍ ഇന്നും ഒരു ദുഃഖസ്മരണയാണ്.

4. സുരക്ഷ തേടുന്ന മനുഷ്യര്‍
മനുഷ്യന്‍റെ കരുത്തും കരബലവും ഇതുപോലെ പ്രകൃതിശക്തിക്കു മുന്നില്‍ അടിയറപറയേണ്ടിവന്നി‌ട്ടുള്ള നിസ്സഹായതയുടെ സംഭവങ്ങള്‍ നിരവധിയാണ്.  അതിനാഥനായവനെ ഓര്‍ത്തുപോകുന്ന നിമിഷങ്ങളുമാണവ!! എന്നാല്‍ മറുവശത്ത്, ചില കാര്യങ്ങള്‍ അന്ത്യസ്ഥാനമെന്നും, ഇനിയും മുന്നോട്ടു പോകാനാവാത്തതെന്നും നിനച്ചിരിക്കുമ്പോഴും, അവയെ മറികടക്കുവാനും വിജയിക്കുവാനും മനുഷ്യനു സാധിക്കുന്നത് ആശ്ചര്യകരമായി തോന്നിയേക്കാം! അത് ദൈവം തരുന്ന കരുത്തും, ദൈവത്തിന്‍റെ അപരിമേയമായ ഇടപെടലുമാണ്.

ജീവിത സുരക്ഷയെക്കുറിച്ചും സമ്പാദ്യത്തെക്കുറിച്ചുമെല്ലാം ആകുലപ്പെടുകയും കണക്കുകൂട്ടലുകള്‍ നടത്തുകയും ചെയ്യുന്നവരാണ് മനുഷ്യരെന്ന് ക്രിസ്തു നന്നായിട്ട് അറിഞ്ഞപോലെയാണ്. അവര്‍ക്കെല്ലാം അവിടുന്നു ഇതാ, ഒരു താക്കീതു നല്കുന്നു. നിങ്ങളെ ആരും വഴിതെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍ (8). കൂട്ടത്തില്‍ വ്യാജപ്രവാചകന്മാരെക്കുറിച്ചും ക്രിസ്തു ചൂണ്ടിക്കാണിക്കുന്നു. എന്തെന്നാല്‍, അവന്‍ താനാണെന്നും, സമയം സമാഗതമായെന്നും പറഞ്ഞുകൊണ്ട് പലരും തന്‍റെ നാമത്തില്‍ വരും. എന്നാല്‍ ആരും അവരുടെ പിന്നാലെ പോകരുതെന്ന് അവിടുന്നു പ്രസ്താവിക്കുന്നുണ്ട് (9).

5. മാറാത്തവന്‍ നമ്മെ മറക്കാത്തവന്‍!
ദുരന്തങ്ങള്‍ നമുക്കു ചുറ്റും ഇന്നും സംഭവിക്കുന്നു! ക്രിസ്തു പിന്നെയും കൂട്ടിച്ചേര്‍ത്തു. "യുദ്ധങ്ങളെയും കലഹങ്ങളെയും കുറിച്ചു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ഭയപ്പെടരുത്. അവയെല്ലാം ആദ്യം സംഭവിക്കേണ്ടതാണ്. എന്നാല്‍, അവസാനം ഇനിയും ആയിട്ടില്ല" (10-11). പ്രതിസന്ധികളും പ്രയാസങ്ങളും ദുരന്തങ്ങളും ഉണ്ടായപ്പോള്‍ തങ്ങള്‍ ദൈവത്തിന്‍റെ കരങ്ങളിലാണ് എന്ന പൂര്‍ണ്ണബോധ്യത്തോടും, ക്ഷമയോടും, പ്രശാന്തതയോടുംകൂടെ അവയെ മറികടന്നവരുടെ നിരവധി ജീവിതാനുഭവങ്ങള്‍ സഭാ ചരിത്രത്തില്‍ വായിക്കുവാന്‍ സാധിക്കും. കാരണം തങ്ങള്‍ ദൈവകരങ്ങളിലാണെന്ന ഉറച്ച വിശ്വാസവും ബോധ്യവുമായിരുന്നു ആ പുണ്യാത്മാക്കളുടേത്. മക്കളെ കൈവെടിയാത്ത കരുതലോടെ കാക്കുന്ന പിതാവാണ് ദൈവം. അവിടുന്ന് നമ്മെ ഒരിക്കലും ഉപേക്ഷിക്കുന്നില്ല. അവിടുന്ന് വിശ്വസ്തനും സ്നേഹ സമ്പന്നനുമായ പിതാവാണ്.
ഈ ഉറച്ചബോധ്യം നമ്മുടെ മനസ്സില്‍ എപ്പോഴും ഉണ്ടാകണം. അവിടുന്ന് മാറാത്തവനാണ്, മാറ്റമില്ലാത്തവനാണ്, ഒരിക്കലും തന്‍റെ മക്കളെ മറക്കാത്ത ദൈവമാണവിടുന്ന്! തന്‍റെ നാമത്തെ ഭയപ്പെടുന്നവരുടെമേല്‍ നീതിസൂര്യനെ ഉദിപ്പിക്കുന്നവനാണ് ദൈവമെന്ന് ഇന്നത്തെ ആദ്യ വായനയില്‍ പ്രവാചകന്‍ ഓര്‍മ്മപ്പെടുത്തുന്നു (മലാക്കി 3, 19-20).

6. ദൈവത്തിലുള്ള പ്രത്യാശയോടെ മുന്നേറാം!
ദൈവം എന്നെ ഉപേക്ഷിക്കില്ല എന്ന ഉറച്ചബോധ്യത്തോടെ പ്രത്യാശയില്‍ ചരിക്കുന്നവര്‍ക്ക്, വ്യക്തിപരമായും സാമൂഹികമായും ക്ലേശങ്ങളും ദുഃഖങ്ങളും  ഉണ്ടായാലും ക്രിസ്തുവില്‍ നമുക്കൊരു  പുതിയ ലോകം വളര്‍ത്തിയെടുക്കുവാനാകും. ഈ ഉറച്ചബോധ്യവും പ്രത്യാശയും ഏറെ പ്രധാനപ്പെട്ട കാര്യമാണ്. വിശുദ്ധഗ്രന്ഥത്തില്‍ നാം വായിക്കുന്ന “കര്‍ത്താവിന്‍റെ ദിവസ”ത്തെ അഭിമുഖീകരിക്കാന്‍ അങ്ങനെയുള്ളവര്‍ക്കേ സാധിക്കൂ! ക്രൈസ്തവ സമൂഹം പ്രത്യാശയുള്ള ഈ വിശ്വാസത്തില്‍ ജീവിക്കാന്‍ വിളിക്കപ്പെട്ടവരാണ്. ദൈവം തന്‍റെ കാരുണ്യത്തിലേയ്ക്ക് അനുദിനം നമ്മെ ക്ഷണിക്കുന്നുണ്ട്. ദൈവരാജ്യത്തിന്‍റെ വാഗ്ദാനങ്ങളില്‍ ദൃഷ്ടി പതിപ്പിച്ച് മുന്നേറുവാന്‍ ദൈവം തന്‍റെ കരുണയില്‍ ഓരോ ദിവസവും നമുക്കായി നല്കുന്നു. അവിടുന്നു  നമ്മെ കാക്കുന്നു, പരിപാലിക്കുന്നു,  നയിക്കുന്നു!

7. ദൈവം ചരിത്രത്തിന്‍റെ അതിനാഥന്‍
 മനുഷ്യന്‍റെ ജീവചരിത്രത്തെ നിയന്ത്രിക്കുന്നത് ദൈവമാണ്.  നമ്മുടെ ഓരോരുത്തരുടേയും ചരിത്രത്തെയും, ഈ ലോകത്തിലെ ഓരോന്നിന്‍റെയും അന്ത്യവും നിര്‍ണ്ണയിക്കുന്നത് ദൈവമാണെന്നുമുള്ള സത്യം ഈ സുവിശേഷഭാഗത്തിലൂടെ നമ്മുടെ മനസ്സിലും ഹൃദയത്തിലും പതിപ്പിക്കാന്‍ ക്രിസ്തു പരിശ്രമിക്കുന്നുണ്ട്. ദൈവത്തിന്‍റെ കരുണാകടാക്ഷത്തിലാണ് ചരിത്രം മുന്നോട്ടു ചരിക്കുന്നത്. അതിന്‍റെ അനിശ്ചിതത്ത്വങ്ങളിലൂടെയും, നന്മ തിന്മകള്‍ ഇടകലര്‍ന്ന വഴിത്താരയിലൂടെയും നാം മുന്നേറുകയാണ്. എന്തുതന്നെയായാലും ജീവിതത്തിന്‍റെ അനിശ്ചിതത്ത്വങ്ങള്‍ ‍എല്ലാം ദൈവകരങ്ങളില്‍ നിശ്ചിതത്ത്വങ്ങളാണെന്ന ബോധ്യത്തോടെ മുന്നേറാം, മുന്നോട്ടു നീങ്ങാം!!

8. വിശ്വാസം തരുന്ന പ്രത്യാശ
ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഒരുവന് ഈ ജീവിതം നിത്യതയിലേയ്ക്കുള്ള യാത്രയാണ്. ജീവിതമാകുന്ന തീര്‍ത്ഥാടനത്തിന്‍റെ അന്ത്യത്തില്‍ നാം നിത്യതയുടെ തീരങ്ങളിലെ പ്രശാന്തതയില്‍ സ്രഷ്ടാവും ജീവദാതാവും വിധിയാളനുമായ ദൈവസന്നിധി പ്രാപിക്കുമെന്നത് ക്രൈസ്തവ വിശ്വാസമാണ്. ഈ ലോക വഴികളില്‍, അതിനാല്‍ പരസ്നേഹത്തില്‍ ജീവിക്കാന്‍ പരിശ്രമിക്കാം. വീടും സമ്പത്തും സുഖസൗകര്യങ്ങളുമെല്ലാം സ്ഥിരവും ശാശ്വതവുമാണെന്നു കരുതുമെങ്കിലും, അവയെല്ലാം താല്ക്കാലികവും നശ്വരവുമാണ്. തനിയെ ഈ മണ്ണിലേയ്ക്കു വന്ന നാം ഒരുനാള്‍ തനിയെ മണ്ണിലേയ്ക്കു മടങ്ങുകയും ചെയ്യുന്നു. അതിനാല്‍ ആയുസ്സും അനുഗ്രഹങ്ങളും തന്നെ ദൈവത്തോടു വിശ്വസ്തരായും, ചുറ്റുമുള്ള സഹോദരങ്ങളോടു കരുണയും സ്നേഹവും ഉള്ളവരുമായി  മുന്നോട്ടുപോയാല്‍  ജീവിതത്തെ സുവിശേഷാത്മകമാക്കാം, ജീവിതകാലം രക്ഷയുടെ സമയമാക്കാം!

9. പ്രാര്‍ത്ഥന
ഈ ജീവിതയാത്രയിലെ അനിശ്ചിതത്ത്വങ്ങളിലൂടെയും, സുഖദുഃഖങ്ങളിലൂടെയും ദൈവമേ, അങ്ങു ഞങ്ങളെ നയിക്കണമേ! നിത്യജീവനിലും ദൈവരാജ്യത്തിലുമുള്ള ഉറച്ച വിശ്വാസത്തോടും പ്രത്യാശയോടുംകൂടെ ഈ ജീവിതയാത്ര മുന്നോട്ടു നയിക്കാന്‍ ഞങ്ങള്‍ക്കു കരുത്തേകണമേ !! അവിടുത്തെ മക്കളെ അങ്ങ് ഒരിക്കലും കൈവെടിയുകയില്ലെന്ന പ്രത്യാശയില്‍ ദൈവമേ, ഞങ്ങള്‍ മുന്നോട്ടു ചരിക്കട്ടെ, ഞങ്ങള്‍ ജീവിക്കട്ടെ!

ഗാനമാലപിച്ചത് രാജലക്ഷ്മിയാണ്. രചന ഫാദര്‍ സന്തോഷ് കോഴിപ്പാടന്‍, സംഗീതം ജെറി അമല്‍ദേവ്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 November 2019, 15:47