തിരയുക

VATICAN-THAILAND-JAPAN-RELIGION-POPE with international news agencies VATICAN-THAILAND-JAPAN-RELIGION-POPE with international news agencies 

ആണവനയ ധാര്‍മ്മികത മതബോധനത്തില്‍ ഉള്‍പ്പെടുത്തും

ജപ്പാനില്‍നിന്നു മടങ്ങവെ വിമാനത്തില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ വാര്‍ത്താസമ്മേളനത്തിലെ പ്രസക്തഭാഗങ്ങള്‍

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ആണവ നിരായുധീകരണത്തെ സംബന്ധിച്ച പ്രബോധനം കത്തോലിക്കാ സഭയുടെ മതബോധനത്തിന്‍റെ ഭാഗമാക്കുമെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.

1. മടക്കയാത്രയിലെ മനംതുറന്ന പ്രസ്താവനകള്‍
നവംബര്‍ 26-Ɔο തിയതി ചൊവ്വാഴ്ച തായിലാന്‍റ്-ജപ്പാന്‍ അപ്പസ്തോലികയാത്ര കഴിഞ്ഞ് വത്തിക്കാനിലേയ്ക്കു മടങ്ങവെ വിമാനത്തിലുണ്ടായിരുന്ന രാജ്യാന്തര വാര്‍ത്താ ഏജന്‍സികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആണവ നയം സംബന്ധിച്ച ധാര്‍മ്മികത കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തില്‍ ചേര്‍ക്കുമെന്ന് പാപ്പാ പ്രസ്താവിച്ചത്. അവയുടെ ഉപയോഗത്തിന്‍റെ അധാര്‍മ്മികത മാത്രമല്ല, യാദൃശ്ചികമായോ, ഏതെങ്കിലും ഒരു രാഷ്ട്രത്തലവന്‍റെ ക്രോധപാരവശ്യത്താലോ മനുഷ്യകുലം മുഴുവനും ഇല്ലായ്മചെയ്യപ്പെടാന്‍ കരുത്തുള്ള വിനാശത്തിന്‍റെ സാദ്ധ്യതയാണ് ആണവായുധ യുദ്ധത്തില്‍ ഉള്ളതെന്ന് പാപ്പാ അഭിമുഖത്തില്‍ വ്യക്തമാക്കി.

2. ആണവാക്രമണത്തിന് ഇരയായ നഗരങ്ങള്‍
ഹിരോഷിമ, നാഗസാക്കി നഗരങ്ങള്‍ രണ്ടു വ്യത്യസ്ത യാഥാര്‍ത്ഥ്യങ്ങളാണെന്ന്, രണ്ടു നഗരങ്ങളും സന്ദര്‍ശിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി പാപ്പാ പ്രസ്താവിച്ചു. നാഗസാക്കി അനുഭവിച്ച ആണവാക്രമണത്തിനും വിനാശങ്ങള്‍ക്കും പുറമേ, ഒരു നീണ്ടകാലഘട്ടത്തില്‍ ക്രൈസ്തവര്‍ ആയിരക്കണക്കിന് കൊല്ലപ്പെട്ട നഗരവുമാണത്. കാരണം ക്രൈസ്തവര്‍ തിങ്ങിപ്പാര്‍ത്ത നഗരമായിരുന്നത്. അതുകൊണ്ടാണ് അവിടെത്തന്നെയുള്ള രക്തസാക്ഷികളുടെ ശ്മശാനമായ നിഷസാക്കാ കുന്നും താന്‍ സന്ദര്‍ശിച്ചതെന്ന് പാപ്പാ വിശദീകരിച്ചു.

3. ഹിരോഷിമ – മാനവ ക്രൂരതയുടെ മുഖം
മാനുഷിക ക്രൂരതയ്ക്ക് ഇരയായ നഗരമാണ് ഹിരോഷിമ! അവിടത്തെ ബോംബാക്രമണത്തില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ടു. എന്നാല്‍ അത് ഒരു ക്രിസ്ത്യന്‍ നഗരമായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് താന്‍ അവിടം പ്രത്യേകമായി സന്ദര്‍ശിച്ചത്. സ്വാഭാവികമായും  മാനുഷിക ക്രൂരതയ്ക്കെതിരായ പ്രബോധനത്തിന്‍റെ നിലപാടാണ് അവിടെ താന്‍ സ്വീകരിച്ചതെന്നും പാപ്പാ വ്യക്തമാക്കി. ആണവാക്രമണം അധാര്‍മ്മികമാണെന്ന സത്യം അവിടെയും ആവര്‍ത്തിച്ചുവെന്ന് പാപ്പാ അനുസ്മരിപ്പിച്ചു.

4. സുരക്ഷമല്ലാത്ത ആണവമേഖല
ആണവോര്‍ജ്ജത്തിന്‍റെ ഉപയോഗം ഇനിയും സമ്പൂര്‍ണ്ണ സുരക്ഷമല്ലാതിരിക്കെ, ആണവനിലയങ്ങള്‍ കെട്ടിപ്പടുക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് പാപ്പാ പ്രസ്താവിച്ചു. ജപ്പാനിലെ ഫുക്കൂഷിമയും, റഷ്യയിലെ ചെര്‍നോബിലും ആണവനിലയങ്ങളുടെ അപകടങ്ങളുടെ ഭീതിദമായ ഉദാഹരണങ്ങളാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. അതിനാല്‍ സമ്പൂര്‍ണ്ണ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ ഉറപ്പുവരുത്തുവാന്‍ ശാസ്ത്ര ലോകത്തിന് സാധിക്കാതിരിക്കെ ആണവോര്‍ജ്ജത്തിന്‍റെ വികസനവും ഉപയോഗവും നിരോധിക്കേണ്ടതാണെന്ന നിലപാടില്‍ താന്‍ ഉറച്ചുനില്ക്കുന്നതായി പാപ്പാ പ്രസ്താവിച്ചു. ജീവന്‍റെയും പരിസ്ഥിതിയുടെയും വിനാശമാണ് ആണവോര്‍ജ്ജം കാരണമാക്കുന്നത്. അതിനാല്‍ നിര്‍മ്മിതിയും (construction), സുരക്ഷയും (safety), സൃഷ്ടിയുടെ സംരക്ഷണവും (care of creation) ഒരുമിച്ചു നീങ്ങേണ്ടതാണെന്നും പാപ്പാ ഫ്രാന്‍സിസ് അഭിപ്രായപ്പെട്ടു.

5. കിഴക്കും പടിഞ്ഞാറും
കിഴക്കിന്‍റെ സവിശേഷതയെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി ഉപഭോഗസംസ്കാരവും സുഖലോലുപതയും പാശ്ചാത്യലോകത്ത് മുന്തിനില്ക്കുമ്പോള്‍ ഏറെ വ്യത്യസ്തമായ അറിവിന്‍റെയും ധ്യാനാത്മകതയുടെയും ശൈലി കിഴക്കിന്‍റെ പ്രത്യേകതയായി പാപ്പാ ഫ്രാന്‍സിസ് ചൂണ്ടിക്കാട്ടി. യൂറോപ്പ് ഭൗമികതയില്‍ ദൃഢപ്പെട്ടു നില്ക്കുമ്പോള്‍ പൗരസ്ത്യരുടെ നീക്കവും ആത്മീയതയും ആത്മീയ ആനന്ദത്തില്‍ ഊന്നിയതാണ്. ഉപവാസം, തപസ്സ്, ധ്യാനം, ത്യാഗപ്രവൃത്തികള്‍ എന്നിവയിലൂടെ ആര്‍ജ്ജിക്കുന്ന ആത്മീയനിഷ്ഠയും ജീവിതക്രമവും ഇന്നും കിഴക്കിന്‍റെ പ്രത്യേകതയായി പാപ്പാ ചൂണ്ടിക്കാട്ടി.

6. പാപ്പാ പങ്കുവച്ച മറ്റു വിഷയങ്ങള്‍
നിരായുധീകരണവും രാഷ്ട്രങ്ങളുടെ സുരക്ഷയും, വന്‍രാഷ്ട്രങ്ങള്‍ ഉള്‍പ്പെടുന്ന ആയുധവിപണനം, വധശിക്ഷയും നിറയുന്ന ജയിലുകളും, പത്രോസിന്‍റെ ചില്ലിക്കാശും വത്തിക്കാനിലെ അഴിമതിയും, പ്രതിസന്ധികള്‍ തിങ്ങിയ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമായി വത്തിക്കാന്‍റെ ബന്ധം, എന്നിങ്ങനെയുള്ള വിഷയങ്ങള്‍ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കും ഉത്തരംപറയാന്‍ യാത്രയുടെ ആദ്യപകുതിയില്‍ ഒരുമണിക്കൂറില്‍ അധികം പാപ്പാ ഫ്രാന്‍സിസ് ചെലവഴിച്ചു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 November 2019, 09:46