2019.10.28 Tania Ávila Meneses, agente di pastorale giovanile (Bolivia) 2019.10.28 Tania Ávila Meneses, agente di pastorale giovanile (Bolivia) 

സ്ത്രീകള്‍ സമാധാനത്തിന്‍റെ പ്രയോക്താക്കള്‍

സ്ത്രീകളുടെ സമാധാനവും സുരക്ഷയും സംബന്ധിച്ച് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ നടത്തിയ പ്രഖ്യാപനത്തിന്‍റെ 20-Ɔο വാര്‍ഷികം അനുസ്മരിക്കുന്ന സമ്മേളനം.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

നവംബര്‍ 6-Ɔο തിയതി ബുധനാഴ്ച യുഎന്നിന്‍റെ ന്യൂയോര്‍ക്ക് ആസ്ഥാനത്തു സമ്മേളിച്ച സുരക്ഷാകൗണ്‍സിലിന്‍റെ സമ്മേളനത്തില്‍ വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ഔസ സമര്‍പ്പിച്ച പ്രബന്ധത്തിലെ പ്രസക്തമായ ചിന്തകള്‍ :

സ്ത്രീകളുടെ സുരക്ഷ – മെച്ചപ്പെട്ട അവസ്ഥ
സ്ത്രീകളുടെ സുരക്ഷസംബന്ധിച്ച് മെച്ചപ്പെട്ട അവസ്ഥയാണ് ആഗോളതലത്തില്‍ കാണുന്നത്. അവരുടെ ശബ്ദം പൂര്‍വ്വോപരി ലോകം ശ്രവിക്കുന്നുണ്ട്. സമാധാനത്തിന്‍റെയും അനുരജ്ഞനത്തിന്‍റെയും പാതയില്‍ സ്ത്രീകള്‍ക്ക് തനിമയാര്‍ന്ന സ്ഥാനം സമൂഹത്തിലുണ്ട്. എങ്കിലും സാമൂഹ്യ-സാംസ്കാരിക ഘടകങ്ങളാല്‍ ഇനിയും സ്ത്രീകളുടെ സുരക്ഷയെയും സമാധാനത്തെയും സംബന്ധിച്ച അവസ്ഥ മെച്ചപ്പെടാനുണ്ടെന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ വാക്കുകള്‍ ആര്‍ച്ചുബിഷപ്പ് ഔസ തന്‍റെ പ്രബന്ധത്തില്‍ ചൂണ്ടിക്കാട്ടി.

സ്ത്രീകള്‍ ചൂഷണംചെയ്യപ്പെടുന്ന സംഘട്ടനത്തിന്‍റെ മേഖലകള്‍
സംഘട്ടനത്തിന്‍റെ ചുറ്റുപാടുകളില്‍ സ്ത്രീകളല്ല അപരാധികള്‍, മറിച്ച് അവര്‍ ചൂഷണംചെയ്യപ്പെടുകയാണ്. സംഘട്ടനത്തിന്‍റെ പ്രത്യാഘാതങ്ങള്‍ സഹിക്കുന്നവരാണ് സ്ത്രീകള്‍. അവര്‍ നിര്‍ബന്ധിതരായി കുടിയൊഴിപ്പിക്കപ്പെടുന്നു, കുടിവെള്ളം, ശുചീകരണ സൗകര്യങ്ങള്‍ എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തവരായിത്തീരുന്നു. അവരുടെ ആരോഗ്യവും സുസ്ഥിതിയും മാത്രമല്ല, സുരക്ഷയിലുള്ള കുഞ്ഞുങ്ങളും കുടുംബവും ഈ കെടുതികള്‍ അനുഭവിക്കേണ്ടതായി വരുന്നു. മാത്രമല്ല സമാധാന വഴികളിലെ സംവാദത്തില്‍ സ്ത്രീകള്‍ പലപ്പോഴും പങ്കെടുപ്പിക്കപ്പെടുന്നില്ലെന്നതും ദുഃഖകരമാണ്. ആര്‍ച്ചുബിഷപ്പ് ഔസ തന്‍റെ പ്രബന്ധത്തില്‍ ചൂണ്ടിക്കാട്ടി.

സായുധപോരാട്ടത്തിന്‍റെ ചുറ്റുവട്ടത്തിലെ സ്ത്രീകള്‍
സായുധപോരാട്ടത്തിന്‍റെ മേഖലയില്‍ നടമാടുന്ന സ്ത്രീകളുടെ അധിക്രമം ഇനിയും അപലപിക്കേണ്ടതും ഉന്മൂലനം ചെയ്യേണ്ടതുമായ തിന്മയാണ്. ഇത്രയും നീചമായ പ്രവൃത്തികള്‍ ആവര്‍ത്തിക്കപ്പെടില്ലെന്ന് ഉറപ്പുവരുത്തേണ്ടത് സുരക്ഷാകൗണ്‍സിലിന്‍റെ ഉത്തരവാദിത്ത്വമാണെന്ന് ആര്‍ച്ചുബിഷപ്പ് ഔസ സമ്മേളനത്തെ അനുസ്മരിപ്പിച്ചു. തെറ്റുകാരെ നീതിപീഠത്തിനു മുന്നില്‍ കൊണ്ടുവരുകയും, അവര്‍ ശിക്ഷിക്കപ്പെടുകയും ചെയ്തെങ്കില്‍ മാത്രമേ ഈ തിന്മയെ ഇല്ലാതാക്കാനാവൂ എന്ന് വത്തിക്കാന്‍റെ പ്രതിനിധി അഭിപ്രായപ്പെട്ടു.

സ്ത്രീകള്‍ സമാധാനത്തിന്‍റെ വക്താക്കള്‍
സംഘട്ടന മേഖലകളില്‍ സ്ത്രീകളെ ഇരകളായി മാത്രം കാണുമ്പോഴും, അവര്‍ക്ക് സമൂഹത്തിലും കുടുംബങ്ങളിലും അയല്‍പക്കങ്ങളിലും സമാധാനത്തിന്‍റെ പ്രയോക്താക്കളാകുവാന്‍ കരുത്തുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് ഔസ ചൂണ്ടിക്കാട്ടി. സമൂഹത്തിലെ ക്ലേശകരമായ സാഹചര്യങ്ങളെക്കുറിച്ച് സ്ത്രീകള്‍ക്കുള്ള അറിവിന്‍റെ സ്പന്ദനം, അക്കാര്യത്തില്‍ പുരുഷന്മാര്‍ക്കുള്ള അറിവിനോടും വിവേചനത്തോടും ചേര്‍ത്തു വായിച്ചാല്‍ സാമൂഹിക പ്രശ്നപരിഹാരങ്ങള്‍ എളുപ്പമാകുമെന്ന് ആര്‍ച്ചുബിഷപ്പ് ഔസ സമ്മേളനത്തെ സമര്‍ത്ഥിച്ചു. അതിനാല്‍ ദേശീയവും പ്രാദേശികവും, അന്തര്‍ദേശീയവുമായ സാമൂഹിക തീര്‍പ്പുകളുടെ സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് പങ്കാളിത്തം നല്കേണ്ടതാണെന്നും ആര്‍ച്ചുബിഷപ്പ് ഔസ സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 November 2019, 18:02