pope francis with a group of Japanese during the General Audience pope francis with a group of Japanese during the General Audience 

ജപ്പാന്‍കാര്‍ “ഉയിര്‍പ്പിന്‍റെ ജനത”യെന്ന് പാപ്പാ ഫ്രാന്‍സിസ്

ജാപ്പനീസ് ടിവി കെ.ടി.എന്നിനു (TV KTN) നല്കിയ അഭിമുഖത്തില്‍നിന്ന്.. ( http://www.ktn.co.jp/news/20190924271911/ )

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ഒക്ടോബര്‍ 1-Ɔο തിയതി ചൊവ്വാഴ്ച ജപ്പാന്‍റെ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റും നാഗസാക്കി അതിരൂപതാദ്ധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് ജോസഫ് മിത്-സ്വാക്കി തക്കാമിക്കും പ്രതിനിധി സംഘത്തിനും നല്കിയ വീഡിയോ അഭിമുഖത്തിലാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ പ്രസ്താവിച്ചത്.

രക്തസാക്ഷികളുടെ നാട്
ജപ്പാനിലെ ക്രൈസ്തവരെപ്പറ്റി ചിന്തിക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് അവിടെ വിശ്വാസത്തെപ്രതി ജീവന്‍ സമര്‍പ്പിച്ച രക്തസാക്ഷികളാണ്. പ്രത്യേകിച്ച് ഹിരോഷിമ നാഗസാക്കി നഗരങ്ങളിലെ രക്തസാക്ഷികള്‍ തന്നെ ആശ്ചര്യപ്പെടുത്തുന്നുണ്ടെന്നും പാപ്പാ പ്രസ്താവിച്ചു. അവിടത്തെ ജനതയെക്കുറിച്ച് തനിക്കുള്ള മതിപ്പ് അവരുടെ വിശ്വാസസ്ഥിരതയെയും സ്ഥിരോത്സാഹത്തെയും ആധാരമാക്കിയാണ്. വിശ്വാസത്തിനും സ്വാതന്ത്ര്യത്തിനുമായി ജീവന്‍ സമര്‍പ്പിച്ച ജനതയാണു ജപ്പാന്‍കാര്‍.

ഉയിര്‍ത്തെഴുന്നേറ്റ ജനത
ലോകത്ത് ആദ്യമായി ഏറ്റവും മാരകമായ ആറ്റോമിക് ബോംബാക്രമണത്തിന് ഇരയായവര്‍ ജപ്പാനിലെ ജനതയാണ്. അവിടെയും രക്തസാക്ഷിത്വം വരിച്ചവര്‍ ആയിരങ്ങളാണ്. എന്നാല്‍ ഈ അഗ്നിപരീക്ഷണങ്ങളില്‍നിന്നെല്ലാം “ഉയിര്‍ത്തെഴുന്നേറ്റ ജനത”യാണ് ജപ്പാന്‍കാരെന്നു പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. രക്തസാക്ഷിത്വത്തിന്‍റെ ദുരന്തങ്ങളില്‍നിന്നും ഉയിര്‍ത്തെഴുന്നേറ്റ ജപ്പാന്‍കാര്‍ എല്ലാമേഖലയിലും  സ്ഥിരോത്സാഹത്തോടും കഠിനാദ്ധ്വാനത്തോടെയും മുന്നോട്ടു കുതിക്കുകയാണെന്ന വസ്തുത അഭിനന്ദനാര്‍ഹമാണ്.

ആണവായുധങ്ങളുടെ ഉപയോഗം അധാര്‍മ്മികം
ഒരു സത്യം താന്‍ അടിവരയിട്ടു പ്രസ്താവിക്കട്ടെയെന്നു പറഞ്ഞ പാപ്പാ, ആറ്റംബോംബ് ബീഭത്സവും രാക്ഷസീയവുമാണെന്നും, ആണവോര്‍ജ്ജം യുദ്ധത്തില്‍ ഉപയോഗിക്കുന്നത് അധാര്‍മ്മികമാണെന്നും പങ്കുവച്ചുകൊണ്ടാണ് ഹ്രസ്വസന്ദേശം ഉപസംഹരിച്ചത്.

ആസന്നമാകുന്ന ജപ്പാന്‍ അപ്പസ്തോലിക സന്ദര്‍ശനം
നവംബര്‍ 23-മുതല്‍ 26-വരെ തിയതികളില്‍ പാപ്പാ ഫ്രാന്‍സിസ് ജപ്പാന്‍ സന്ദര്‍ശിക്കും. അതിനുമുന്‍പേ, 19-മുതല്‍ 26-വരെ തിയതികള്‍ 32-Ɔമത് പ്രേഷിത യാത്രയുടെ ആദ്യഘട്ടം തായിലണ്ടിലും ചെലവഴിക്കും. വിശുദ്ധനായ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായ്ക്കുശേഷം ജപ്പാന്‍റെയും തായിലണ്ടിന്‍റെയും മണ്ണില്‍ കാലുകുത്തുന്ന പത്രോസിന്‍റെ രണ്ടാമത്തെ പിന്‍ഗാമിയാണ് പാപ്പാ ഫ്രാന്‍സിസ്!

അഭിമുഖത്തിന്‍റെ വീഡിയോ ലിങ്ക് -  http://www.ktn.co.jp/news/20190924271911/  
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 October 2019, 09:55