തിരയുക

Vatican News

#ആമസോണ്‍ സിനഡു നല്കുന്ന നവമായ വീക്ഷണം

അഴിമതിയാണ് സമൂഹത്തിന്‍റെ ധാര്‍മ്മിക അധഃപതനത്തിന് കാരണമെന്ന് ആമസോണ്‍ സിനഡുസമ്മേളനം.

- ഫാദര്‍ വില്യം  നെല്ലിക്കല്‍

1. സാധാരണക്കാരെ അധോഗതിയിലാഴ്ത്തുന്ന
അടിയുറച്ച അഴിമതി

ഒക്ടോബര്‍ 6-ന് ആരംഭിച്ച സിനഡ് 19-Ɔο തിയതി ശനിയാഴ്ച വാരാന്ത്യത്തില്‍ മിഷന്‍ ഞായര്‍ ആചരണത്തിന് പിരിയുമ്പോള്‍ പുറത്തുവിട്ട ഹ്രസ്വ-വീഡിയോ സന്ദേശത്തിലൂടെയാണ് ആമസോണ്‍ മഴക്കാടുകളെ നശിപ്പിക്കുന്ന അഴിമതിയെക്കുറിച്ച് സമ്മേളനം പരാമര്‍ശിച്ചത്. രാഷ്ട്രീയമീമാംസകളുടെ വലിയ ആദര്‍ശങ്ങള്‍ നേതാക്കള്‍ പറഞ്ഞാലും, സര്‍ക്കാര്‍ പക്ഷത്തും, വ്യാപാര-വ്യവസായ മേഖലകളിലും, സ്ഥാപനങ്ങളിലും വ്യാപകമായും അടിയുറച്ചും കണ്ടുവരുന്ന അഴിമതിയാണ് ഇന്ന് ലോകത്തെ പാവങ്ങളെയും സാധാരണക്കാരെയും അധോഗതിയില്‍ ആഴ്ത്തുന്നത് (പാപ്പാ ഫ്രാന്‍സിസ്, സുവിശേഷ സന്തോഷം, 60).

2. ആമസോണ്‍ മഴക്കാടുകളിലെ അഴിമതി
ആമസോണ്‍ മഴക്കാടുകളിലെ അഴിമതി എന്നു പറയുന്നത്, വെനസ്വേല മുതല്‍ ബ്രസീല്‍വരെ ഒന്‍പതു രാജ്യങ്ങളിലായി വ്യാപിച്ചു കിടുക്കുന്ന പാവപ്പെട്ടവരായ തദ്ദേശീയ ജനതകളെയും അവരുടെ ജീവിതചുറ്റുപാടുകളായ മഴക്കാടുകളെയും, അതിലെ പ്രകൃതി സമ്പത്തുക്കളെയും ചൂഷണംചെയ്യുന്നതാണ്. രണ്ടു തരത്തിലുള്ള അഴിമതിയാണ് തെക്കെ അമേരിക്കന്‍ മഴക്കാടുകളില്‍ നടമാടുന്നതെന്ന് സിനഡുസമ്മേളനം വ്യക്തമാക്കി - നിയമത്തിനു പുറത്തുള്ള അഴിമതിയും, നിയമസംവിധാനത്താല്‍ സംരക്ഷിതമായി പൊതുസ്വത്തുക്കള്‍ കാര്‍ന്നുതിന്നു നശിപ്പിക്കുന്ന അഴിമതിയും.

3. പരിസ്ഥിതിയെ മാനിക്കാതെ
ലാഭം കൊയ്യാനുള്ള ആര്‍ത്തി

അടുത്തകാലത്ത് ആമസോണിന്‍റെ സമ്പത്തില്‍ വന്‍സ്വകാര്യ കമ്പനികള്‍ ആരംഭിച്ചിരിക്കുന്ന നിക്ഷേപങ്ങളും പ്രവര്‍ത്തനങ്ങളും സാമൂഹ്യ പരിസ്ഥിതിയെ മാനിക്കാത്തതും ലാഭം കൊയ്യാനുള്ളതുമായ വന്‍ നീക്കങ്ങളാണ്. വിദേശനാണ്യം നേടാനുള്ള പൊതുനയങ്ങളില്‍ സര്‍ക്കാര്‍ പരിസ്ഥിതിയും തദ്ദേശീയരുടെ അവകാശങ്ങളും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വങ്ങള്‍ മറന്നുകളയുകയാണ്. പിന്നെ നിയമപാലകര്‍, രാഷ്ട്രീയക്കാര്‍, മതനേതാക്കള്‍ എല്ലാവരും അവരുടെ ഓഹരികള്‍ രഹസ്യമായി വാങ്ങുന്നതിനാല്‍ കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ തടയപ്പെടുന്നില്ല (Doc. Aparacida 77).

4. സ്വകാര്യകമ്പനികളോട് സര്‍ക്കാര്‍
സന്ധിചേരുന്ന അഴിമതി

സര്‍ക്കാരും വലിയ സ്വകാര്യകമ്പനികളും പ്രാദേശിക തലത്തില്‍ പലരുടെയും ഒത്താശയോടെ കൈകോര്‍ത്താണ് അഴിമതിക്ക് രൂപംനല്കുന്നത്. അഴിമതിയില്‍ പിടിക്കപ്പെടുന്ന അപൂര്‍വ്വം പേരെ ജയിലില്‍ അടയ്ക്കുന്നു. ധാരാളം പേര്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്, നാടുവിട്ടുപോകുന്നവരും കുറവല്ല. പൊതുമേഖലയിലും സ്വകാര്യമേഖലയിലും ഇന്നു നടമാടുന്ന സാമ്പത്തിക അഴിമതിയുടെ നിലവാരം വളരെ ഉയര്‍ന്നതാണ്. സാധാരണ പൗരസമൂഹത്തോട് യാതൊരു കടപ്പാടോ ഉത്തരവാദിത്ത്വമോ ഇല്ലാത്തപോലെയാണ് ഉദ്യോഗസ്ഥന്മാരും ജനനേതാക്കളും പ്രവര്‍ത്തിക്കുന്നത്.

5. അഴിമതിയും  അധാര്‍മ്മികതയും
അഴിമതി അധാര്‍മ്മികമെന്നു മാത്രമല്ല, മറ്റുവിധത്തിലുള്ള അധാര്‍മ്മികതകളുമായി അത് ബന്ധപ്പെട്ടുമിരിക്കുന്നു. സമൂഹത്തെയും അതിന്‍റെ സാമ്പത്തിക ധാര്‍മ്മിക ഭദ്രതയെ നശിപ്പിക്കുന്ന മയക്കുമരുന്നു കച്ചവടം, വ്യാജമദ്യവില്പന, മനുഷ്യക്കച്ചവടം എന്നീ മേഖലകളിലേയ്ക്കും അഴിമതി വ്യാപിച്ചുകിടക്കുന്നുവെന്ന് സിനഡു സമ്മേളനം ചൂണ്ടിക്കാട്ടി.

Link for the video - https://youtu.be/trNUfPBCAeg
 

21 October 2019, 15:38