തിരയുക

Pope Francis in the General Congregation sipping the herbal drink of Argentina Pope Francis in the General Congregation sipping the herbal drink of Argentina 

സിനഡുഹാളിലെ പാനോപചാരം ഗോത്രപ്രതിനിധികളുമായി

സിനഡുഹാളില്‍ പൊതുസമ്മേളനത്തിനിടെ ഗോത്രപ്രതിനിധികള്‍ നല്കിയ ഔഷധപാനീയം കുടിക്കുന്ന പാപ്പാ ഫ്രാന്‍സിസ്.

- ഫാദര്‍ വില്യം നെല്ലിക്കല്‍

ഒക്ടോബര്‍ 15, ചൊവ്വാഴ്ച
പാപ്പായ്ക്കു സമ്മാനിച്ച ‘ഷിമരോ’ ഹെര്‍ബല്‍ പാനീയം
തന്‍റെ ജനന്മനാടായ അര്‍ജന്‍റീനയിലെ ദേശീയ പാനീയം - “ഷിമരോ” (National traditional beverage - Chimarrao) പാപ്പാ ഫ്രാന്‍സിസിന് കുടിക്കാന്‍ നല്കിയത് സിനഡില്‍ പങ്കെടുക്കുന്ന ആമസോണിന്‍റെ തദ്ദേശീയരായ പ്രതിനിധികളാണ്. പോര്‍ച്ചുഗീസ്, സ്പാനിഷ് ഭാഷകളില്‍ ‘ഷിമരോ’യെന്നും (Chimarrao) , മെയ്റ്റ് (Mate)  എന്ന് ഇംഗ്ലിഷിലും അറിയപ്പെടുന്ന  തദ്ദേശീയരുടെ ഈ ഔഷധപാനീയം തെക്കെ അമേരിക്കയില്‍ “ഹെര്‍ബല്‍ ചായ”പോലെ ജനകീയമാണ്.

“ഇഷ്ടമാണ് ഷിമരോ ഔഷധപാനീയം”
“ചായയെയും കാപ്പിയെക്കാളും തനിക്കിഷ്ടം ‘ഷിമരോ’യാണ്. ഉപകാരംചെയ്തില്ലെങ്കിലും ഉപദ്രവമില്ലല്ലോ...!” എന്നു പുഞ്ചിരിയോടെ പറഞ്ഞുകൊണ്ട് കയ്യിലുള്ള “ഷിമരോ”യുടെ ബൊമ്പീലയില്‍നിന്നും (sipping tube) പാപ്പാ ഫ്രാന്‍സിസ് രണ്ടു കവിള്‍  കുടിച്ചു.  കുടിവെള്ളം മാത്രം ലഭ്യമാക്കിയിട്ടുള്ള സിനഡുഹാളില്‍ പതിവുതെറ്റിച്ച് പാപ്പാ ഫ്രാന്‍സിസ്  “ഷിമരോ” കുടിച്ചത് സിനഡിലെ തദ്ദേശജനതകളുടെ പ്രതിനിധികള്‍ സമ്മാനിപ്പിച്ചപ്പോഴാണ്.  വിസ്തൃതമായ ആമസോണ്‍ കാടുകളെ ഉള്‍ക്കൊള്ളുന്ന തെക്കെ അമേരിക്കന്‍ രാജ്യങ്ങളായ ബ്രസീല്‍, എക്വദേര്‍, വെനസ്വേല, സൂരിനാം, പെറു, കൊളംബിയ, ബൊളീവിയ, ഗ്വിയാന, ഫ്രഞ്ച് ഗ്വിയാന എന്നിവയുടെ പ്രതിനിധികള്‍ സിനഡിന്‍റെ ഭാഗമാണ്.

അര്‍ജന്‍റീനയുടെ ദേശീയപാനീയം
സാമൂഹിക സൗഹൃദത്തിന്‍റെ തനിമയും അടയാളവുമായി ഇന്നും അര്‍ജന്‍റീനയില്‍ ഉപയോഗിക്കുന്ന “ഷിമരോ” ഔഷധപാനീയത്തോടു പാപ്പാ ഫ്രാന്‍സിസിന് പ്രിയമുണ്ടെന്നതില്‍ സംശയമില്ല. വത്തിക്കാനില്‍ ബുധനാഴ്ചകളില്‍ നടക്കുന്ന പ്രതിവാര പൊതുകൂടിക്കാഴ്ച പരിപാടികള്‍ക്കു മുന്‍പ് തുറന്ന പേപ്പല്‍ വാഹനത്തില്‍ ജനമദ്ധ്യത്തിലൂടെ നീങ്ങുമ്പോള്‍ എതെങ്കിലും ഒരു തെക്കെ അമേരിക്കന്‍ സ്വദേശിയോ, അര്‍ജന്‍റീനക്കാരനോ “ഷിമരോ”യുടെ “ഗ്വാമ്പാ” പാത്രം ഉയര്‍ത്തിയാല്‍ വാഹനം നിര്‍ത്തി, തന്‍റെ അംഗരക്ഷകരുടെ സഹായത്തോടെ അതു വാങ്ങി, രണ്ടു കവിള്‍ കുടിച്ച്, മടക്കിക്കൊടുത്തു മുന്നോട്ടു നീങ്ങുന്നത് ഇടയ്ക്കിടെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ അരങ്ങേറുന്ന രംഗമാണ്. തദ്ദേശീയരും ഗോത്രവര്‍ഗ്ഗക്കാരും സാധാരണക്കാരുമായ ജനങ്ങളോടു പാപ്പാ ഫ്രാന്‍സിസിനുള്ള വാത്സല്യത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും പ്രതീകമാണ് ഈ ‘ഷിമരോ’ പങ്കുവയ്ക്കല്‍.

ഗ്വരാനി ഗോത്രവര്‍ഗ്ഗക്കാരുടെ ഇഷ്ടപാനീയം
തെക്കെ അമേരിക്കന്‍ രാജ്യങ്ങളായ അര്‍ജന്‍റീന, ബ്രസീല്‍, പരാഗ്വേ, ബൊളീവിയ, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ഗ്വരാനി (Guarani) ഗോത്രവര്‍ഗ്ഗക്കാരുടെ ഇടയില്‍  ഉപയോഗത്തിലുള്ളതാണ് ഈ പാനീയം.  15-Ɔο നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധം മുതല്‍ അന്നാടുകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഈശോസഭക്കാരായ മിഷണറിമാരാണ്  മറ്റു രാജ്യങ്ങളിലേയ്ക്ക് പാനീയവും അതിന്‍റെ മിശ്രിതവും  പ്രചരിപ്പിച്ചെന്നാണ് ചരിത്രം.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 October 2019, 15:06