ലോക മിഷൻ ഞായര്‍ ദിവ്യബലി  സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ അര്‍പ്പിച്ച ശേഷം പാപ്പാ മടങ്ങുന്നു. ലോക മിഷൻ ഞായര്‍ ദിവ്യബലി സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ അര്‍പ്പിച്ച ശേഷം പാപ്പാ മടങ്ങുന്നു. 

93-മത്തെ ലോക മിഷൻ ഞായർ

"അവൻ അവരോടു പറഞ്ഞു; നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ. "(മര്‍ക്കോ.16:15)

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ലോക മിഷൻ ഞായർ

ഒക്ടോബർ 20 ആം തിയതി ആഗോള കത്തോലിക്കാ തിരുസഭ 93-മത്തെ ലോക മിഷൻ ഞായർ ആചരിക്കുന്നു. എല്ലാ വർഷവും ഒക്ടോബർ മാസത്തിൽ ആചരിക്കപ്പെടുന്ന മിഷൻ ഞായർ ഈ വർഷം പ്രേഷിത വസന്തവുമായാണ് നമ്മിലെത്തിയത്. ഈ മിഷൻ ഞായർ ദിനത്തിൽ സാർവ്വത്രിക സഭ മുഴുവനും പ്രേഷിത പ്രവർത്തനങ്ങളെ സഹായിക്കുവാൻ ഒരുമയോടെ കടന്നുവരുന്നു. ആഗോള കത്തോലിക്കാ സഭയിൽ മിഷൻ ഞായറാഴ്ച്ചയിൽ അർപ്പിക്കപ്പെടുന്ന ദിവ്യബലി മദ്ധ്യേ നല്‍കപ്പെടുന്ന കാഴ്ച്ചയർപ്പണം ലോകത്തിലുള്ള പുതിയതും, ദരിദ്രമായതും, വികസിക്കാത്തതുമായ സഭകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, ദൈവവിളി പരിപോഷണ  പ്രവര്‍ത്തനങ്ങള്‍ക്കായും വിനിയോഗിക്കപ്പെടുന്നു.

നമ്മുടെ സ്നേഹത്തെയും സാഹോദര്യത്തെയും ആഗോളസഭയുടെ പ്രേഷിത പ്രവർത്തനങ്ങളോടു ചേര്‍ത്തു വച്ച് വെളിപ്പെടുത്താനുള്ള ഒരു സമയമാണ് മിഷൻ ഞായർ ആഘോഷങ്ങള്‍. ഈ ലോകത്തിൽ സുവിശേഷ പ്രഘോഷണത്തിലായിരിക്കുന്ന മിഷനറിമാരെല്ലാവരെയും പ്രാർത്ഥനയിൽ സ്മരിക്കുകയും വിശക്കുന്നവർക്ക് ഭക്ഷണം നൽകണമെന്നും, വിവസ്ത്രരെ ഉടുപ്പിക്കണമെന്നും പറഞ്ഞ ക്രിസ്തു മൊഴികൾക്ക് നമ്മുടെ കാഴ്ച്ചയർപ്പണം വഴി  ഉത്തരം നൽകുവാൻ നമ്മെ ഓർമ്മിപ്പിക്കുന്ന ദിനമാണ് മിഷൻ ഞായർ. എല്ലാ വർഷവും ഒക്ടോബർ മാസത്തിന്‍റെ മൂന്നാം ഞായറാഴ്ച്ചയിൽ അനുസ്മരിക്കപ്പെടുന്ന മിഷൻ ഞായറിന് ആദ്യമായി തുടക്കം കുറിച്ചത് പരിശുദ്ധ പിതാവ് പിയൂസ് പതിനൊന്നാമൻ മാർപാപ്പായാണ്. പ്രേഷിത പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന നിയോഗത്തോടു കൂടിയാണ് പാപ്പാ മിഷൻ ഞായർ 1926 ൽ ആരംഭിച്ചത്.

മാമ്മോദീസായിലൂടെ അയക്കപ്പെട്ട ജനം

2019ലെ ലോക മിഷൻ ഞായർ പ്രമാണിച്ച് ഫ്രാന്‍സിസ് പാപ്പാ നൽകിയ സന്ദേശത്തിൽ എന്താണ് മിഷൻ പ്രവർത്തനമെന്നും മിഷൻ പ്രവർത്തനങ്ങളുടെ പ്രചോദനം എന്താണെന്നും വളരെ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. കൂടാതെ ബെനഡിക്ട് പതിനഞ്ചാമൻ പുറപ്പെടുവിച്ച മാക്സിമും ഇല്ലൂദ് എന്ന അപ്പോസ്തോലീക തിരുവെഴുത്തിന്‍റെ നൂറാം വാർഷികവും മുന്നിൽ കണ്ട് ഈ ഒക്ടോബർ മാസം സഭ മുഴുവനിലും മിഷൻ ബോധം പുനര്‍ജീവിപ്പിക്കാനും പാപ്പാ ആഹ്വാനം ചെയ്തിരുന്നു. ജ്ഞാനസ്നാനപ്പെടുത്തി അയക്കുന്നു എന്നാണ് മിഷൻ മാസ ആഹ്വാനത്തിന്‍റെ ശീർഷകം. ക്രിസ്തുവിന്‍റെ സഭ ലോകത്തിൽ പ്രേഷിതപ്രവര്‍ത്തനത്തില്‍ എന്ന് ഉപശീർഷകം നൽകി പാപ്പാ നമ്മുടെ മിഷൻ പ്രവർത്തനത്തിന്‍റെ ആധാരം മാമ്മോദീസായിൽ നമുക്ക് ലഭിച്ച  വിളിയാണെന്ന് സൂചിപ്പിക്കുന്നു. എല്ലാ മനുഷ്യരും സത്യം അറിഞ്ഞ്  ദൈവത്തിന്‍റെ കരുണയുടെ കൂദാശയായ സഭാ പ്രവർത്തനത്തിലൂടെ രക്ഷപ്രാപിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു എന്ന് ഫ്രാൻസിസ് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

യേശുവിലുള്ള വിശ്വാസം ദൈവത്തിന്‍റെ കണ്ണിലൂടെയും ഹൃദയം കൊണ്ടും എല്ലാറ്റിനെയും ശരിയായ വിധത്തിൽ കാണാൻ നമ്മെ പ്രാപ്തരാക്കുന്നു. ദൈവീക ജീവൻ പങ്കിടാൻ പ്രത്യാശ നമ്മെ ക്ഷണിക്കുന്നു. സാഹോദര്യ സ്നേഹത്തിന്‍റെ മുന്നാസ്വാദനം കൂദാശകളിലൂടെ ലോകം മുഴുവനിലേക്കും കടന്നു ചെല്ലാൻ നമ്മെ നിർബന്ധിക്കുന്നു. മിഷനറിയാകാനുള്ള വിളി എല്ലാവർക്കും വ്യക്തിപരമായ ഒന്നാണ്. എന്നേയ്ക്കു മുള്ളതുമാണ്.  ജ്ഞാനസ്നാനം സ്വീകരിച്ച എല്ലാവരും ഓരോ മിഷനാണ്. സ്നേഹത്തിലായവർക്ക് ഒരിക്കലും നിഷ്ക്രിയരായിരിക്കാൻ കഴിയില്ല. അവർ ആകർഷിതരും ആകർഷിക്കുന്നവരുമാണ്. അവർ സ്വയം നൽകുകയും ജീവൻ നൽകുന്ന ബന്ധങ്ങൾ കെട്ടിപ്പടുക്കുകയും ചെയ്യും. ദൈവസ്നേഹത്തെക്കുറിച്ചു പറയുമ്പോൾ ആരും ഉപയോഗശൂന്യരോ നിസ്സാരരോ അല്ല. അതിനാൽ നാം ഓരോരുത്തരും ലോകത്തിന് ഒരു പ്രേഷിതരാണ്, ദൈവസ്നേഹത്തിന്‍റെ ഫലമാണ്.

മാമ്മോദീസാ നമുക്ക് തരുന്ന നവജീവൻ നമ്മെ ദൈവത്തിന്‍റെ തന്നെ രൂപത്തിലും സാദൃശ്യത്തിലും യേശുവിന്‍റെ ശരീരമായ സഭയുടെ അംഗങ്ങളുമാക്കി എല്ലാ പിതൃത്വത്തിന്‍റെയും മാതൃത്വത്തിന്‍റെയും ഉറവിടമായ ദൈവത്തിന്‍റെ തന്നെ മക്കളാക്കുന്നു. അങ്ങനെ നമ്മുടെ മിഷൻ പ്രവർത്തനം ദൈവത്തിന്‍റെ പിതൃത്വത്തിലും സഭയുടെ മാതൃത്വത്തിലും അടിസ്ഥാനപ്പെട്ടിരിക്കണം എന്ന് പാപ്പാ നമ്മെ ഓർമ്മിപ്പിക്കുന്നു. ഇത് ഒരു ക്രിസ്ത്യാനിയുടെ സത്വ സവിശേഷതയാണ് എന്ന് പാപ്പാ എടുത്തു പറയുന്നു. യേശുവിൽ ദൈവം നൽകുന്ന സാർവത്രിക രക്ഷ നമ്മെ എല്ലാ ദേശീയ, വർഗ്ഗ, സാമ്പത്തിക, സൈനീക, കൊളോണിയൽ താല്‍പര്യങ്ങൾ വച്ച് നടത്തുന്ന വചനപ്രഘോഷണങ്ങളിൽ നിന്ന് മുക്തമാക്കുന്നു എന്ന് മാക്സിമും ഇല്ലൂദ് ഉദ്ധരിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചു. അതിനാൽ സ്വന്തം വീടും,നാടും ഒക്കെ വിട്ട് കർത്താവിന്‍റെ കൂദാശകളാൽ ഇനിയും മാറ്റപ്പെടാത്ത ഇടങ്ങളിൽ മിഷനു വേണ്ടി ഇറങ്ങിപ്പുറപ്പെടാൻ സ്ത്രീ പുരുഷൻമാരെ സഭയ്ക്കിന്നാവശ്യമുണ്ടെന്ന് പാപ്പാ വ്യക്തമാക്കുന്നു. മാക്സിമും ഇല്ലൂദ് എന്ന അപ്പോസ്തോലിക തിരുവെഴുത്തിന്‍റെ നൂറാം വർഷാഘോഷം ആമസോൺ സിനസുമായി ഒരുമിച്ചു വന്നതും അവിടേയ്ക്കുള്ള സഭയുടെ പ്രേഷിത പ്രവർത്തനങ്ങൾക്ക് ഉത്തേജകമാകുമെന്നും പാപ്പാ പ്രത്യാശിക്കുകയും ചെയ്യുന്നു.

അസാധാരണ പ്രേഷിത മാസം

അസാധാരണ പ്രേഷിത മാസമായാണ് ഒക്ടോബർ മാസത്തെ പാപ്പാ വിശേഷിപ്പിച്ചിരിക്കുന്നത്. അതീവ തീവ്രതയോടെ ജീവിക്കണമെന്നും പാപ്പാ സന്ദേശത്തില്‍ ആഹ്വാനം ചെയ്തിരുന്നു. അസാധാരണ പ്രേഷിത മാസത്തെ അതീവ തീവ്രതയോടെ ജീവിക്കാൻ നാലു മാനങ്ങള്‍ പാപ്പാ പറയുന്നത്:

1.ദിവ്യബലി, ദൈവവചനം, വ്യക്തിപരവും സമൂഹപരവുമായ പ്രാർത്ഥന എന്നിവയിലൂടെ സഭയിൽ സജീവമായി ജീവിക്കുന്ന യേശുക്രിസ്തുവുമായുള്ള വ്യക്തിപരമായ കണ്ടുമുട്ടൽ.

2. സാക്ഷ്യം: പ്രേക്ഷിത വിശുദ്ധർ, സാക്ഷികൾ, വിശ്വാസ പ്രബോധകർ എന്നിവർ ലോകം മുഴുവനും വ്യാപിച്ചിരിക്കുന്ന തിരുസഭയുടെ സാക്ഷികളാണ്.

3. പ്രേഷിത രൂപീകരണം: വചനപരവും,  മതബോധന പരവും, ആത്മീയപരവും,   ദൈവശാസ്ത്രപരവുമായ രൂപീകരണം.

4. ഉപവി പ്രേഷിതത്വം. എന്നിവയെ കുറിച്ചാണ്.

ക്രിസ്തുവിന്‍റെ മരണത്തെയും പുനരുത്ഥാനത്തെയും പ്രഖ്യാപിക്കുന്നതിനുള്ള വെല്ലുവിളിയെ അഭിമുഖീകരിക്കുന്നതിന് സഭയുടെ പ്രേഷിത പ്രവർത്തനത്തിന് ഒരു പുതു പ്രചോദനവും, പ്രാന്തപ്രദേശങ്ങളിലെത്താന്‍ മാനുഷീകവും, സാംസ്കാരികവും, മതപരമായവുമായ ക്രമീകരണങ്ങള്‍ ആവശ്യമാണെന്നും വ്യക്തമാക്കിയ പാപ്പാ സുവിശേഷത്തിന് അന്യരായ ജനതകളിലേക്കുള്ള പ്രേഷിതദൗത്യത്തെ കുറിച്ച് സൂചിപ്പിച്ചവസരത്തില്‍  മിസ്സിയോ ആദ് ജെന്തെസ് എന്നാ​ണതിനെ നാം വിളിക്കുന്നുവെന്നും സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. സഭാദൗത്യത്തിന്‍റെ ഹൃദയം പ്രാർത്ഥനയാണെന്ന് നാം ഓർക്കണമെന്നും മാമ്മോദീസാ സ്വീകരിച്ച് ക്രിസ്തുവിന്‍റെ സഭയാല്‍ അയക്കപ്പെട്ട എല്ലാവരും ഈ അസാധാരണ പ്രേഷിത മാസത്തിൽ ഒരു പുതിയ പ്രേഷിത വസന്തം സൃഷ്ടിക്കുവാന്‍ പരിശുദ്ധാത്മാവിനോടു പ്രാർത്ഥിക്കണമെന്നും പാപ്പാ നിര്‍ദ്ദേശിച്ചു.

സഭയിൽ നവപ്രേഷിത വസന്തം

ഒക്ടോബർ മാസത്തിലേക്കുള്ള മാർപാപ്പായുടെ വീഡിയോ സന്ദേശത്തിൽ സഭയിൽ ഒരു പുത്തൻ പ്രേഷിത വസന്തത്തിനായി പാപ്പാ പ്രാർത്ഥിച്ചു. അസാധാരണ പ്രേഷിത മാസത്തിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഒക്ടോബർ മാസത്തിലെ വീഡിയോ സന്ദേശത്തിൽ എല്ലാ കത്തോലിക്കരേയും അഭിസംബോധന ചെയ്തു കൊണ്ട് പ്രേഷിതബോധത്തെ പുനർജ്ജനിപ്പിക്കാനും, യേശുവിനെയും അവിടുത്തെ മരണ, ഉത്ഥാനരഹസ്യങ്ങളെ പ്രഖ്യാപിക്കാനുമുള്ള വെല്ലുവിളികളെ നേരിടാനും പാപ്പാ ആഹ്വാനം ചെയ്തു.  "അസാധാരാണ പ്രേഷിത മാസ"ത്തിനായി മാർപ്പാപ്പാ ആവശ്യപ്പെട്ടത് ജനതതികളിലേക്കുള്ള സഭയുടെ പ്രേഷിതദൗത്യത്തിൽ കൂടുതൽ വളരാനും ബോധവൽക്കരിക്കാനും സഭാ ജീവിതത്തിലും അജപാലനത്തിലും പുത്തൻ ഉണർവ്വോടെ പ്രേഷിതപരിവർത്തനം ഏറ്റെടുക്കുന്നതിനും വേണ്ടിയാണ്. പൊന്തിഫിക്കൽ മിഷൻ സംഘടനകൾ പാപ്പായുടെ വാക്കുകൾ ഏറ്റെടുത്ത് ഈ അവസരം കൃപയുടെ തീക്ഷണവും ഫലപ്രദവുമായ സമയമാണെന്നും, പ്രേഷിത പ്രവർത്തനത്തിന്‍റെ ആത്മാവായ പ്രാർത്ഥനയും മറ്റു സംരംഭങ്ങളും പ്രോൽസാഹിപ്പിക്കാനുള്ള അവസരമാണെന്നും അറിയിച്ചു.

പ്രേഷിത ദൗത്യം സഭയുടെ സകല പ്രവർത്തനങ്ങളുടേയും മാതൃകയാണ്. ഇനിയും സഭ പിറക്കാനുള്ള ഇടങ്ങളും പ്രത്യേക പിൻതുണ ആവശ്യമുള്ള "പ്രേഷിത പ്രദേശങ്ങൾ" എന്ന് വിളിക്കുന്നയിടങ്ങളുണ്ട്. ഇത്തരം 1109 സ്ഥലങ്ങൾ ആഫ്രിക്കാ, ഏഷ്യ, ഓഷ്യാനിയ, അമേരിക്കകളിലുമുണ്ട്. ആഗോളസഭയുടെ തന്നെ 37%വും അതായത് കത്തോലിക്കാ സഭയുടെ മൂന്നിൽ ഒന്ന് പ്രേഷിത പ്രദേശമാണ്. പുത്തൻ ദേശങ്ങളയും, സാമൂഹീക, വിദ്യാഭ്യാസ, അജപാലന സ്ഥാപനങ്ങളെയും മറ്റെല്ലാത്തരം ആവശ്യങ്ങളെയും നേരിടാൻ വേണ്ടി ഈ സാഹചര്യങ്ങളിൽ പ്രവർത്തനങ്ങളുടെ നിരന്തരമായ പരിവർത്തനമാണ് ആവശ്യം. സഭയുടെ വലിയ സാമൂഹീക വിദ്യാഭ്യാസ സംരഭങ്ങൾ മിഷൻ പ്രദേശങ്ങളിലാണ് നടക്കുന്നത്. ഇന്നും സുവിശേഷത്തിന് അന്യമായിരിക്കുന്ന മാനുഷിക സാംസ്കാരിക മതസാഹചര്യങ്ങളുള്ള പ്രാന്തപ്രദേശങ്ങളിലേക്ക് എത്താൻ തന്‍റെ വീഡിയോ സന്ദേശത്തിലൂടെ പാപ്പാ നിർദ്ദേശിച്ചു. പ്രേഷിത ശിഷ്യരെന്ന നിലയിൽ സുവിശേഷം പ്രഘോഷിക്കാൻ എല്ലാവർക്കും ഒരു സാര്‍വ്വത്രികമായ വിളിയുണ്ടെന്നും എന്നാൽ ഈ പ്രചോദനാത്മകമായ നവീകരണം മതപരിവർത്തനത്തിലേക്കല്ല മറിച്ച് ദൈവത്തെയും അവിടുത്തെ ദൈവീകജീവനെയും, കരുണാദ്രസ്നേഹത്തെയും, വിശുദ്ധിയെയും" പകർന്നു നൽകാനാണ് പരിശ്രമിക്കേണ്ടതെന്നും പാപ്പാ ഓർമ്മിപ്പിച്ചു. പരിശുദ്ധാത്മാവാണ് നമ്മെ അയയ്ക്കുകയും, കൂടെ നടക്കുകയും, നയിക്കുകയും ചെയ്യുന്നതെന്നും, ആത്മാവാണ് നമ്മുടെ പ്രേഷിത പ്രവർത്തനങ്ങളുടെ ഉറവിടമെന്നും പാപ്പാ കൂട്ടിച്ചേർത്തു. സുവിശേഷത്തിന്‍റെ സന്തോഷമാണ് പ്രേഷിത പ്രവർത്തനത്തിന്‍റെ തുടക്കമെന്നും ആ സന്തോഷം ജനതകളുടെ സംസ്കാരത്തെയും പാരമ്പര്യങ്ങളെയും ബഹുമാനിച്ച് കൊണ്ടും പ്രേഷിതപ്രവർത്തനത്തിന്‍റെ ആത്മാവ് പ്രാർത്ഥനയാണ് എന്ന ബോധ്യത്തോടെയും മുന്നോട്ടു പോകാൻ പാപ്പാ ഓർമ്മിപ്പിച്ചു.

പ്രാര്‍ത്ഥനയും ഉപേക്ഷയും

ലോക മിഷൻ ഞായറാഴ്ചയില്‍ അർപ്പിക്കപ്പെട്ട ദിവ്യബലി മദ്ധ്യേ നൽകിയ വചനസന്ദേശത്തിൽ പ്രേഷിതത്വം ആരംഭിക്കുന്നത് മലമുകളിലാണെന്നും അവിടെ ദൈവത്തെയും സഹോദരങ്ങളെയും കണ്ടെത്താൻ കഴിയുമെന്നും പ്രബോധിപ്പിച്ച പാപ്പാ ഈ ലോകത്തിന്‍റെ ലൗകീകമായ വസ്തുക്കളിൽ സംതൃപ്തരാകാതെ ഉന്നതങ്ങളില്ലേക്ക് ഉയർന്നു പോകണമെന്നും സൂചിപ്പിച്ചു. പ്രഘോഷണത്തിനായി നാം ഇറങ്ങുമ്പോൾ ആദ്യമായി നമ്മിൽ വേണ്ടത് ഉപേക്ഷയാണെന്നു വ്യക്തമാക്കിയ പാപ്പാ ഭാരം നിറഞ്ഞതും ആവശ്യമില്ലാത്തതുമായ നമ്മുടെ ഭാണ്ഡക്കെട്ടുകളെ ഉപേക്ഷിച്ചാല്‍ മാത്രമേ നമുക്ക് മിഷൻ പ്രവർത്തനത്തിന്‍റെ മലമുകളിലേക്ക് കയറാൻ കഴിയുകയുള്ളുവെന്നും പ്രബോധിപ്പിച്ചു.

ലോകത്തിന്‍റെ മാലിന്യത്തില്‍ മുഴുകി നില്‍ക്കുന്നവര്‍ക്ക് ശുദ്ധമായ വായു പകരുക, മലമുകളില്‍  പ്രാർത്ഥനയില്‍ വച്ച് യേശുവിനെ കണ്ടുമുട്ടുമ്പോഴെല്ലാം നമുക്ക് സന്തോഷം പകരുന്ന സമാധാനം ഭൂമിയിലേക്ക് കൊണ്ടുവരുക, ദൈവം എല്ലാവരേയും സ്നേഹിക്കുന്നുവെന്നും, അവിടുന്ന് നമ്മെ സ്നേഹിക്കുന്നതില്‍ തളരുന്നില്ലെന്നും നമ്മുടെ വാക്കുകളിലൂടെയും,ജീവിതത്തിലൂടെയും   മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുക്കുക. ഇതാണ് നമ്മുടെ ദൗത്യം എന്ന പാപ്പായുടെ ആഹ്വാനം നമ്മെ നമ്മുടെ പ്രേഷിത വിളിയില്‍ കൂടുതല്‍ ഊര്‍ജ്ജസ്വലരാകാന്‍ കരുത്ത് നല്‍കട്ടെ.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 October 2019, 14:32