#ആമസോണ്‍ സിനഡ് : സമ്മേളനത്തിലെ ദൃശ്യബിംബങ്ങള്‍

സിനഡില്‍ പങ്കെടുക്കുന്ന വിവിധ രാജ്യക്കാരും ഭാഷക്കാരുമായ വ്യക്തികളുടെ പ്രതികരണങ്ങളെയും സിനഡിന്‍റെ ലക്ഷ്യങ്ങളെയും കുറിച്ച്....

- ഫാദര്‍ വില്യം നെല്ലിക്കല്‍

ഒക്ടോബര്‍ 14, തിങ്കള്‍
1. സിനഡ് - ആമസോണിനെക്കുറിച്ചുള്ള സ്വപ്നം
#ആമസോണ്‍ സിനഡ് ഒരു വലിയ സ്വപ്നവും (dream) ഇനിയും എത്തിപ്പെടേണ്ട ലക്ഷ്യത്തിലേയ്ക്കുള്ള പ്രത്യാശ (hope) പൂര്‍ണ്ണമായ നീക്കവുമാണ്. സിനഡ് (Synod) എന്ന വാക്കു സൂചിപ്പിക്കുന്നതുപോലെ കൂട്ടായ്മയ്ക്കും സംവാദത്തിനുമുള്ള (communion and dialogue) വേദിയാണിത്. ആമസോണ്‍ പ്രവിശ്യയിലെ തദ്ദേശീയ ജനതകളെക്കുറിച്ചും അവരുടെ സാമൂഹിക ചുറ്റുപാടുകളെക്കുറിച്ചും, ജീവിതാവസ്ഥയെ കുറിച്ചും പഠിക്കുകയും ചിന്തിക്കുകയും, അവ മെച്ചപ്പെടുത്തുവാനുള്ള പ്രതിവിധികള്‍ ആരായുകയും ചെയ്യുന്ന വേദിയാണ് #ആമസോണ്‍ സിനഡ്.

2. നന്മയ്ക്കുള്ള സാഹോദര്യസാന്നിദ്ധ്യം
ആമസോണ്‍ മഴക്കാടുകളുടെ സംരക്ഷണത്തിനും  ലോകത്തിന്‍റെ നിലനില്പിനുമായി  വ്യക്തികളെയും പ്രസ്ഥാനങ്ങളെയും സഭാസമൂഹങ്ങളെയും കൂട്ടിയിണക്കുന്ന സാഹോദര്യത്തിന്‍റെ വലിയ സാന്നിദ്ധ്യമാണ് (fraternal presence) ഈ സിനഡ്. തദ്ദേശീയ ജനതയ്ക്കുവേണ്ടിയുള്ള സഭയുടെ പ്രത്യേകമായ പ്രവര്‍ത്തനങ്ങളും, നീക്കങ്ങളും നിലപാടുകളും അറിയുവാനും, സഭാധികാരികളെ പ്രത്യേകിച്ച് പാപ്പാ ഫ്രാന്‍സിസിനെ അടുത്തു കേള്‍ക്കുവാനും മനസ്സിലാക്കുവാനുമുള്ള അവസരം സിനഡു സമ്മേളനം നല്കുന്നു. സഭയും ലോകവും, ആമസോണും തദ്ദേശജനതകളും, ലോകരാഷ്ട്രങ്ങളും അവിടങ്ങളിലെ തദ്ദേശീയരും എല്ലാം ഇവിടെ പരസ്പരം കണ്ണിചേര്‍ക്കപ്പെടുകയാണ് (Everything being connected). എന്നാല്‍ തദ്ദേശീയ ജനതകളുടെയും, പ്രത്യേകിച്ച് ആമസോണിലെ തദ്ദേശീയരുടെയും പങ്കാളിത്തമുള്ള (participation) നിറപ്പകിട്ടാര്‍ന്ന വേദിയാണ് ഒക്ടോബര്‍ 27-വരെ നീളുന്നതും വത്തിക്കാനിലെ സിനഡുഹാളില്‍ അരങ്ങേറുന്നതുമായ #ആമസോണ്‍ സിനഡ്.

3. സിനഡ് - പാപ്പാ ഫ്രാന്‍സിസിന്‍റെ വാക്കുകളില്‍
ദൈവാരൂപിയുടെ പ്രചോദനത്താല്‍ ആമസോണിലെ ജനങ്ങളുടെയും മാനവകുലത്തിന്‍റെ ആകമാനം നന്മയ്ക്കുമായി ഒത്തൊരുമിച്ചുള്ള ഒരു യാത്രയാണ് (walking together) ആമസോണിലെ തദ്ദേശജനതയെ കേന്ദ്രീകരിച്ചുള്ള മെത്രാന്മാരുടെ ഈ പ്രത്യേക സിനഡുസമ്മേളനം (Special Assembly of Amazonian Synod). ദൈവജനത്തെ ശ്രവിക്കുവാനും, പഠിക്കുവാനും, മനസ്സിലാക്കുവാനും പ്രത്യേകാവകാശമുള്ള സഭാസ്ഥാപനവും പ്രസ്ഥാനവുമാണിത്. സിനഡു പിതാക്കന്മാര്‍ തുറവോടും സന്നദ്ധതയോടുംകൂടെ  ദൈവഹിതം മനസ്സിലാക്കുവോളം സഭാപ്രതിനിധികളുടെയും ജനപ്രതിനിധികളുടെയും കരച്ചില്‍ ശ്രവിക്കേണ്ട വേദിയുമാണിത് (സുവിശേഷ സന്തോഷം 6).

4. അ‌ടിയന്തിരമായ ശ്രദ്ധയും
പിന്‍തുണയും തേടുന്ന ആമസോണിയന്‍ തദ്ദേശീയജനത

ആമസോണ്‍ സമൂഹങ്ങളെക്കുറിച്ച് 2017-മുതല്‍ നടത്തിയ വളരെ ഗഹനവും ദീര്‍ഘവുമായ പഠനങ്ങളുടെ വെളിച്ചത്തിലാണ് സിനഡുസമ്മേളനം വത്തിക്കാനില്‍ സംവിധാനം ചെയ്തിരിക്കുന്നതും, ചര്‍ച്ചകളും പഠനങ്ങളും പുരോഗമിക്കുന്നതും. വിവിധ ആമസോണ്‍ രാജ്യങ്ങളില്‍ പ്രാദേശികതലത്തിലും ദേശീയതലത്തിലും നടത്തിയ പഠനങ്ങളെയും, റിപ്പോര്‍ട്ടുകളെയും സ്ഥിതിവിവരക്കണക്കുകളെയും ആധാരമാക്കിയാണ് സിനഡിന്‍റെ പഠനരേഖ (instrumentul laboris) ഒരുക്കിയിരിക്കുന്നത്. അതിനാല്‍, എല്ലാം അപകടനിലയിലേയ്ക്കു നീങ്ങിക്കൊണ്ടിരിക്കുന്ന ആമസോണ്‍ പ്രവിശ്യയെയും അവിടത്തെ ജനതയെയും കുറിച്ച് അറിവും പരിചയവുമുള്ള വിദഗ്ദ്ധരെയും, പ്രതിനിധികളെയും, മെത്രാന്മാരെയും നേരില്‍ ശ്രവിക്കാനുള്ള വലിയ അവസരമാണ് ഈ പ്രത്യേക സിനഡ്. നാടകീയമായി പൊന്തിവന്നതും നവമായി ആവിഷ്കൃതവും, എന്നാല്‍ അടിയന്തിരവുമായ ശ്രദ്ധയും പിന്‍തുണയും ആവശ്യപ്പെടുന്ന വിഷയമാണ് ആമസോണെന്ന് കേള്‍ക്കാന്‍ സന്നദ്ധയുള്ളവര്‍ക്ക് സിനഡില്‍നിന്നും മനസ്സിലാക്കാം. ഇതിനു കാരണം ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ അത് അര്‍ഹിക്കുന്നത്ര പ്രാധാന്യം ഇന്നുവരെയ്ക്കും ലഭിക്കാതെ പോയിട്ടുണ്ട്.

5. രണ്ടാം വാരത്തിലേയ്ക്കു നീങ്ങുന്ന സിനഡ്
പാരിസ്ഥിതികവും അജപാലനപരവുമായ മാനസാന്തരവും  നവമായ സമീപനവുമാണ് സിനഡില്‍നിന്നും ആമസോണിയന്‍ ജനത പ്രതീക്ഷിക്കുന്നത്. ആമസോണ്‍ കേഴുന്നത് അനുരജ്ഞിതമാകുന്നൊരു പ്രതികരണത്തിനായിട്ടാണ്. ഈ പ്രതികരണത്തിന് സഹായകമാകുന്ന ആമസോണിന്‍റെ ശബ്ദം, സമഗ്രമായ പരിസ്ഥിതി – ഭൂമിയുടെയും പാവങ്ങളുടെയും കരച്ചില്‍, അവിടെ ആവശ്യമായ പ്രവാചക വീക്ഷണമുള്ളൊരു തദ്ദേശീയ സഭ എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ചാണ് ഒക്ടോബര്‍ 6-ന് ആരംഭിച്ച സിനഡുസമ്മേളനം അതിന്‍റെ രണ്ടാം വാരത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുന്നത്.

6. ആമസോണ്‍ തേടുന്ന പരിസ്ഥിതിപരമായ
പരിവര്‍ത്തനങ്ങള്‍

ജീവന്‍റെ സമ്പന്നതയുള്ള, എന്നാല്‍ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ ആമസോണ്‍ പ്രവിശ്യയുടെ യാഥാര്‍ത്ഥ്യങ്ങളെ അടുത്ത് അറിയുവാനും പ്രതിവിധികള്‍ തേടാനുമുള്ള കൂട്ടായ്മയുടെ അവസരമാണ് ഈ സിനഡുസമ്മേളനം. അതിനാല്‍ വരുംകാലങ്ങളില്‍ ക്രിസ്തുവിന്‍റെ സുവിശേഷമൂല്യങ്ങള്‍  പങ്കുവയ്ക്കത്തക്കവിധത്തില്‍ തുറവോടും വിവേചനത്തോടുംകൂടെ നവമായ പാതകള്‍ ആമസോണില്‍ തുറക്കുവാന്‍ പോരുന്ന പരിസ്ഥിതിപരവും അജപാലനപരുവുമായ പരിവര്‍ത്തനങ്ങള്‍ വരുത്താനാണ് ഈ സിനഡു സമ്മേളനം ലക്ഷ്യംവയ്ക്കുന്നതും ഈ ദിനങ്ങളില്‍ പരിശ്രമിക്കുന്നതും.

ഒക്ടോബര്‍ 6-ന് ആരംഭിച്ച സിനഡ് 27-ന് സമാപിക്കും. 
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 October 2019, 12:31