2019.10.15 DOMINIC JALA arcivescovo di Shillong 2019.10.15 DOMINIC JALA arcivescovo di Shillong 

ആര്‍ച്ചുബിഷപ്പ് ജാലയുടെ മൃതസംസ്കാരകര്‍മ്മം ഒക്ടോബര്‍ 23-ന് ബുധനാഴ്ച

ഭൗതികശേഷിപ്പുകള്‍ അമേരിക്കയില്‍നിന്നും ഓക്ടോബര്‍ 20 ഞായറാഴ്ച ഷില്ലോങില്‍ എത്തിച്ചേരും.

- ഫാദര്‍ വില്യം നെല്ലിക്കല്‍

അന്തിമോപചാരശുശ്രൂഷകള്‍
അമേരിക്കയില്‍ അന്തരിച്ച  ഷില്ലോങ് അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ഡോമിനിക്ക് ജാലയുടെ അന്തിമോപചാര ശുശ്രൂഷകള്‍ ഒകോട്ബര്‍ 23, ബുധനാഴ്ച, ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 1 മണിക്ക് ക്രിസ്ത്യാനികളുടെ സഹായമായ കന്യകാനാഥയുടെ ഷില്ലോങിലെ ഭദ്രാസന ദേവാലയത്തില്‍ നടത്തപ്പെടും.  തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം ഭൗതികശേഷിപ്പുകള്‍ ഭദ്രാസനദേവാലയത്തിന്‍റെ വളപ്പില്‍ അടക്കം ചെയ്യും.  അമേരിക്കയിലെ ഓക്ലാണ്ടിലുണ്ടായ കാറപകട  മരണത്തിന്‍റെ എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി ഭൗതികശേഷിപ്പുകള്‍ ഒക്ടോബര്‍ 20, ഞായറാഴ്ച വൈകുന്നേരം ഷില്ലോങില്‍ എത്തിച്ചേരുമെന്ന് ഭാരതത്തിലെ ലത്തീന്‍ മെത്രാന്‍ സമിതിയുടെ ബാംഗളൂര്‍ ഓഫീസില്‍നിന്നും സെക്രട്ടറി, ഫാദര്‍ സ്റ്റീഫന്‍ ആലത്തറ അറിയിച്ചു. 

ഒരു സലീഷ്യന്‍ അജപാലകന്‍റെ അകാലനിര്യാണം 
അമേരിക്കയില്‍ കലിഫോര്‍ണിയയിലെ ഓക്ലാണ്ടില്‍വച്ചാണ് ഒക്ടോബര്‍ 10, വ്യാഴാഴ്ച കാറപടത്തില്‍ ആര്‍‍ച്ചുബിഷപ്പ് ജാല മരണമടഞ്ഞത്.  ന്യൂയോര്‍ക്കില്‍ നടന്ന ആരാധനക്രമ സംബന്ധിയായ രാജ്യാന്തര സമ്മേളനത്തില്‍ ഭാരതസഭയെ പ്രതിനിധീകരിച്ച് പങ്കെടുത്തശേഷം സഹോദര വൈദികരെ സന്ദര്‍ശിക്കുന്ന യാത്രയിലാണ് അപകടമുണ്ടായത്. ആര്‍ച്ചുബിഷപ്പ് ജാലയുടെ സഹായിയായി കൂടെയുണ്ടായിരുന്ന സലീഷ്യന്‍ വൈദികന്‍ മാത്യു വെള്ളാങ്കലും (58) അപകടത്തില്‍ മരണമടയുകയുണ്ടായി. ഫാദര്‍ വെള്ളാങ്കല്‍ ഓക്ലാണ്ട് രൂപതയില്‍ സേവനംചെയ്യുകയായിരുന്നു. 41 വര്‍ഷക്കാലം വൈദികനും 19 വര്‍ഷം ഷില്ലോങ് അതിരൂപതയുടെ മെത്രാപ്പോലീത്തയുമായി സേവനംചെയ്ത  സമര്‍ത്ഥനായ സലീഷ്യന്‍ പ്രേഷിതന്‍റെ സമര്‍പ്പണ ജീവിതമാണ് ആകസ്മികമായി പൊലിഞ്ഞുപോയത്.

ലാളിത്യമാര്‍ന്ന ജീവിതം
സഭയുടെ ആരാധനക്രമ വിഷയത്തില്‍ ഡോക്ടര്‍ ബിരുദധാരിയാണ് അന്തരിച്ച ആര്‍ച്ചുബിഷപ്പ് ജാല. മൗളീയിലെ സലീഷ്യന്‍ കോളെജില്‍ അദ്ധ്യാപകനായിരുന്നു. വിസ്തൃതമായ  ഗൗഹാത്തി സലീഷ്യന്‍ പ്രവിശ്യയുടെ വൈസ്-പ്രൊവിന്‍ഷ്യാളായും, പ്രൊവിന്‍ഷ്യാളായും ഫാദര്‍ ഡോമിനിക് ജാല സ്തുത്യര്‍ഹമായ സേവനംചെയ്തിട്ടുണ്ട്.  മികവുറ്റ യുവജന പ്രേഷിതനായിരുന്നു. എളിമയും ലാളിത്യമാര്‍ന്ന ജീവിതശൈലിയുംകൊണ്ട് ഒരു സലീഷ്യന്‍ വൈദികനെന്ന നിലയില്‍  അദ്ദേഹം സമൂഹത്തില്‍  ഡോണ്‍ബോസ്കൊയുടെ നല്ല മാതൃയായിരുന്നു.  ഒരു നല്ല സംഗീതജ്ഞന്‍ കൂടിയായിരുന്നു യുവജനങ്ങളുടെ ഈ  അജപാലകന്‍.   അദ്ദേഹം എവിടെയും സ്വീകാര്യനായിരുന്നു, പ്രത്യേകിച്ച് യുവജനങ്ങള്‍ക്ക്! 

പ്രേഷിത സമര്‍പ്പണത്തിന്‍റെ  നാള്‍വഴി
1951-ല്‍ മേഘാലയിലെ മൗളായില്‍  ജനിച്ചു.
1977-ല്‍ സലീഷ്യന്‍ സഭയില്‍ പൗരോഹിത്യം സ്വീകരിച്ചു.
2000-Ɔമാണ്ടില്‍ 48-Ɔമത്തെ വയസ്സില്‍ അദ്ദേഹം ഷില്ലോങിന്‍റെ മെത്രാപ്പോലീത്തയായി നിയമിതനായി.
2003-മുതല്‍ 2007-വരെ ആര്‍ച്ചുബിഷപ്പ് ജാല ഭാരതത്തിലെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ ആരാധനക്രമ കാര്യങ്ങള്‍ക്കുള്ള കമ്മിഷന്‍റെ ചെയര്‍മാനായി സേവനംചെയ്തിട്ടുണ്ട്.
ഇംഗ്ലിഷ് സംസാരിക്കുന്ന രാജ്യങ്ങളുടെ ആരാധനക്രമ സംബന്ധിയായ രാജ്യാന്തര കമ്മിഷന്‍ അംഗമാണ് ആര്‍ച്ചുബിഷപ്പ് ജാല.
2015-മുതല്‍ ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ സഭയുടെ ആരാധനക്രമ കാര്യങ്ങള്‍ക്കായുള്ള കമ്മിഷന്‍റെ ചെയര്‍മാനുമായിരുന്നു.
2016-മുതല്‍ അദ്ദേഹം മേഘാലയിലെ നോങ്സ്റ്റേയിന്‍ രൂപതയുടെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായും സേവനംചെയ്യുകയായിരുന്നു.
2019 സെപ്തംബര്‍
പാപ്പാ ഫ്രാന്‍സിസുമായുള്ള നേര്‍ക്കാഴ്ച

ഭാരതത്തിന്‍റെ വടക്കു-കിഴക്കന്‍ പ്രവിശ്യയിലെ മെത്രാന്‍ സംഘത്തോടൊപ്പം “ആദ് ലീമിന” സന്ദര്‍ശനത്തിന്‍റെ ഭാഗമായി  സെപ്തംബര്‍ 18-ന് ആര്‍ച്ചുബിഷപ്പ് ജാല വത്തിക്കാനിലെത്തി.
21-ന് പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ആരാധനക്രമ കമ്മിഷന്‍റെ രാജ്യാന്തര സംഗമത്തിനായി റോം വഴി അമേരിക്കയില്‍ എത്തിയത്.

ഭാരതസഭയുടെ ഈ നല്ല അജപാലകന് സ്നേഹപൂര്‍വ്വം നിത്യശാന്തി നേരുന്നു!!
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 October 2019, 17:47