തിരയുക

An indigenous child of the Amazon region of Brazil poses An indigenous child of the Amazon region of Brazil poses 

കാലത്തിന്‍റെ കാലൊച്ച കേള്‍ക്കാം! ആമസോണ്‍ വിളിക്കുന്നു!

#ആമസോണ്‍ സിനഡ് - ഒക്ടോബര്‍ 15 ചൊവ്വാഴ്ച നടന്ന 12-Ɔമത് പൊതുസമ്മേളനത്തിന്‍റെ റിപ്പോര്‍ട്ട്.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

പാവങ്ങളുടെ പക്ഷംചേരുന്ന സഭയാണ് ആമസോണിന്‍റെ ആവശ്യമെന്ന ചിന്തകള്‍ ഉച്ചതിരിഞ്ഞു നടന്ന 12-Ɔമത് പൊതുസമ്മേളനത്തില്‍ ഉരുത്തിരിഞ്ഞു. 173 സിന‍ഡുപിതാക്കന്മാരും മറ്റു വിദഗ്ദ്ധരും, നിരീക്ഷകരും തദ്ദേശീയരായ പ്രതിനിധികളും പങ്കെടുത്ത സമ്മേളനത്തില്‍ പാപ്പാ ഫ്രാന്‍സിസ് അദ്ധ്യക്ഷനായിരുന്നു.

1. പാവങ്ങളുടെ പക്ഷംചേരുന്ന സഭ
ഒരു സഭാ സംവിധാനം  ആമസോണ്‍ മേഖലയുടെ ആവശ്യമാണ്.  അവിടത്തെ പാവങ്ങളെക്കുറിച്ചു സംസാരിക്കണമെങ്കില്‍ ആദ്യം അവിടത്തെ പീഡിതരായിട്ടുള്ള ജനസഞ്ചയത്തെക്കുറിച്ചു പ്രതിപാദിക്കണം. സുവിശേഷ മൂല്യങ്ങളില്‍ അടിയുറച്ചു നിന്നുകൊണ്ട് അവിടത്തെ പാവങ്ങളുടെ കരച്ചില്‍ ഇല്ലാതാക്കാനാണ് സഭ വിളിക്കപ്പെട്ടിരിക്കുന്നത്. അതിനാല്‍ ആമസോണില്‍ സഭയ്ക്ക് ഒരു നല്ല സമറിയക്കാരനെപ്പോലുള്ള പ്രേഷിതമുഖമാണുള്ളത്. രക്തസാക്ഷിത്വത്തെക്കുറിച്ചു പോലും ഭീതിയില്ലാതെ പാവങ്ങള്‍ക്കും പരിത്യക്തര്‍ക്കും, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കുമായി നിലകൊള്ളുകയാണ് ആമസോണിലെ സഭാദൗത്യം. മരണം പാര്‍ത്തു ജീവിക്കുന്നതിലും ഭേദം, ജീവനുവേണ്ടി മരണം വരിക്കുന്നതാണ്. സ്നേഹിക്കുന്നവര്‍ക്കായ് സ്വയം ജീവനേകുന്ന സ്നേഹത്തിലും മീതെ സ്നേഹമുണ്ടോ!? (യോഹ. 15, 13).
2. ചൂഷകരുടെ കെണിയില്‍നിന്നുള്ള മോചനം
പ്രശ്ന പരിഹാരമല്ല!

ആമസോണ്‍ മഴക്കാടുകളുടെ വ്രണിതമായ ചുറ്റുപാടുകളില്‍ ജീവിക്കുന്നവര്‍ ഒറ്റപ്പെട്ടു കഴിയുന്ന ജീവിതപരിസരങ്ങള്‍ കൊണ്ടുതന്നെ പരിത്യക്തരാണ്. ഉദാരഹണത്തിന് തെരുവോരങ്ങളില്‍ കഴിയുന്ന കുട്ടികളെ നിരീക്ഷിച്ചാല്‍  മനസ്സിലാക്കാം. എന്തെങ്കിലും ചെറിയ ജോലികളില്‍ വ്യാപൃതരായി ജീവിക്കുമ്പോഴും അവര്‍ വ്രണിതാക്കളാണ്. കാരണം, അവര്‍ ഏതു നിമിഷവും ചൂഷണംചെയ്യപ്പെടാം അല്ലെങ്കില്‍ തിന്മയുടെ ശക്തികള്‍ക്ക് ഇരകളാക്കപ്പെടാം.
അവരെ കെണികളില്‍ വീഴാതെ തടയുന്ന പ്രക്രിയ അപകടകരവുമാണ്. എന്നാല്‍ ചൂഷകരുടെ കെണിയില്‍നിന്നും പാവങ്ങളെ മോചിപ്പിക്കുന്ന പ്രക്രിയ മാത്രം പ്രശ്ന പരിഹാരമാവില്ലെന്ന് സിനഡു സമ്മേളനം നിരീക്ഷിച്ചു.

3. ആമസോണിലെ പ്രേഷിതവൃത്തി
ഒരു കൂട്ടുത്തരവാദിത്തം

ആമസോണ്‍ പ്രവിശ്യ ആകമാനം ചൂഷകരുടെയും അതിക്രമികളുടെയും കൂടാണെന്നു പറയാം. അതിനാല്‍ ജനങ്ങളുടെ ഭാവിഭാഗധേയം സുരക്ഷിതമാക്കാന്‍ അവരോടു ചേര്‍ന്നുനില്ക്കുന്ന കൂട്ടുത്തരവാദിത്ത്വമാണ് ആമസോണിലെ പ്രേഷിതദൗത്യം. അതിനായി ആമസോണിലെ വിശ്വാസികള്‍ ആവശ്യപ്പെടുന്ന ഉത്തരവാദിത്ത്വവും ദൗത്യവും ദൈവം തന്‍റെ മക്കള്‍ക്കു വാഗ്ദാനംചെയ്തിട്ടുള്ള ദൈവരാജ്യത്തിന്‍റെ വഴികളില്‍ പ്രത്യാശയോടെ ലാളിത്യത്തില്‍ ജീവിക്കാനാണ്.

4. ആമസോണിനെ പരിരക്ഷിക്കേണ്ടത്
ആഗോള ഉത്തരവാദിത്ത്വം

പൊതുഭവനമായ ഭൂമി സംരക്ഷിക്കേണ്ടത് ക്രൈസ്തവ ധര്‍മ്മമാണ്. അതിനാല്‍ ക്രൈസ്തവരെ ആമസോണ്‍ വെല്ലുവിളിക്കുന്നുണ്ട്. സൃഷ്ടിയുടെ മൂല്യം മനസ്സിലാക്കേണ്ടവരാണ് വിശ്വാസികള്‍. വരും  തലമറയുടെ ഭാവി ഇന്നിന്‍റെ തലമുറയ്ക്ക് അവഗണിക്കാവുന്നതല്ല. അതിനാല്‍ വ്യക്തിപരമായും സാമൂഹികമായും ആഗോളതലത്തില്‍ നാം പരിസ്ഥിതി നന്മയ്ക്കും സംരക്ഷണത്തിനുമായി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ആമസോണിനെയും അവിടത്തെ തദ്ദേശജനതകളെയും സംരക്ഷിക്കേണ്ടത് മാനവികതയുടെ ഉത്തരവാദിത്ത്വമാണ്. ഇന്നു നാം അനുഭവിക്കുന്ന കാലാവസ്ഥ വ്യതിയാനത്തിന്‍റെ വെളിച്ചത്തില്‍തന്നെ ഒരു ആഗോളപ്രതികരണം ആമസോണിന്‍റെ സുസ്ഥിതിക്ക്  അനിവാര്യമാണ്. അതിനാല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിവുള്ള ശാസ്ത്രജ്ഞന്മാരുടെയും പണ്ഡിതന്മാരുടെയും, പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാഡമിപോലുള്ള  സ്ഥാപനങ്ങളുടെയും ആഗോളതലത്തിലുള്ള സഹകരണം ഇന്ന് അടിയന്തിരമായ ആവശ്യമാണ്.

5. പ്രകൃതി സംരക്ഷണത്തിന്‍റെ വിദ്യാഭ്യാസപരിപാടികള്‍
പ്രകൃതി സംരക്ഷണത്തെക്കുറിച്ച് അവബോധം ഉണര്‍ത്തുന്ന വിദ്യാഭ്യാസ പരിപാടികള്‍ ഇന്ന് ആമസോണിന്‍റെ ആവശ്യമാണ്. ഇതു സംബന്ധിച്ച് ക്രൈസ്തവര്‍ക്ക് പരിസ്ഥിതിയോടുള്ള ഉത്തരവാദിത്ത്വം വ്യക്തമാക്കുന്ന ഒരു നിയമം സഭയുടെ കാനോന നിയമത്തില്‍ എഴുതിച്ചേര്‍ക്കേണ്ടതുണ്ടെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.

6. പാരിസ്ഥിതികമായ പരിവര്‍ത്തനം
ക്രിസ്തുവിലും അവിടുത്തെ സുവിശേഷത്തിലും വേരൂന്നിക്കൊണ്ട് സിനഡ് സഭയോടു അഭ്യര്‍ത്ഥിക്കുന്നത് ആഴമായ ഒരു പാരിസ്ഥിതിക പരിവര്‍ത്തനമാണ്. ആമസോണ്‍ ഒരു രാഷ്ട്രത്തിന്‍റെയോ സര്‍ക്കാരിന്‍റെയോ കുത്തകയല്ലാത്തതിനാല്‍, അതിന്‍റെ കരച്ചില്‍ ആഗോളകുടുംബം ശ്രവിക്കുകയും പ്രതികരിക്കുകയും ചെയ്യേണ്ടത്  കാലത്തിന്‍റെ കാലൊച്ചയാണ്. യാഥര്‍ത്ഥത്തില്‍ ആമസോണിന്‍റേതായ തദ്ദേശത്തനിമയുള്ള സഭ രൂപീകരിക്കാനായാല്‍ ലോകത്തിന്‍റെ വളരെ ലോലമായ ആ ഭൂപ്രദേശം ക്രിസ്തുവിന്‍റെ ഫലവത്തായ “കൗദാശിക സാന്നിദ്ധ്യ”മായി (Fruitful sacramental presence) മാറുമെന്ന്  സിനഡുസമ്മേളനം വിലയിരുത്തി.

7. ആമസോണിനെ ഉള്‍ക്കൊള്ളാന്‍
സഭയ്ക്കുണ്ടാകേണ്ട തുറവും എളിമയും

ആമസോണ്‍ പ്രവിശ്യയുടെ തനിമയും സവിശേഷമായ പാരിസ്ഥിതിക ചുറ്റുപാടുകളും ജനങ്ങളുടെ സംസ്ക്കാര വൈവിധ്യങ്ങളും മനസ്സിലാക്കുമ്പോള്‍ അവര്‍ക്ക് അവരുടേതും മൗലികവുമായ ആത്മീയതയും ദൈവശാസ്ത്രവും വികസിപ്പിച്ചെടുക്കേണ്ടത് ആവശ്യമാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. പെന്തക്കോസ്തയുടെ അരൂപിയില്‍ ഒരു സംസ്കാരാന്തര സംവാദവും (inter-cultural dialogue), തദ്ദേശ സമൂഹങ്ങള്‍ തമ്മില്‍ തതുല്യമായ പാരസ്പരികതയും, കൂട്ടായ്മയും വളര്‍ത്തിയെടുക്കേണ്ടത് ആവശ്യമാണ്. അങ്ങനെ പൊതുഭവനമായ ഭൂമി സംരക്ഷിക്കാന്‍ ഉതകുംവിധം ആമസോണിന്‍റെ രക്ഷയ്ക്കായി പ്രവര്‍ത്തിക്കാന്‍ വേണ്ടുന്ന തുറവും എളിമയുള്ള മനോഭാവവും ഇന്ന് ആഗോള സഭയുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 October 2019, 18:57