Pope Francis addressed the General Chapter of the Augustinians Discalceated Pope Francis addressed the General Chapter of the Augustinians Discalceated 

“ക്രൈസ്തവികതയുടെ അതികായനാണ് വിശുദ്ധ അഗസ്റ്റിന്‍!”

പാപ്പാ ഫ്രാന്‍സിസ് അഗസ്തീനിയന്‍ നിഷ്പാദുക സന്ന്യാസമൂഹത്തിന്‍റെ പൊതുസമ്മേളനത്തെ അഭിസംബോധനചെയ്തപ്പോള്‍....

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

“ജനറല്‍ ചാപ്റ്ററി”ലെ അംഗങ്ങളോട് 
സെപ്തംബര്‍ 12-Ɔο തിയതി വ്യാഴാഴ്ച രാവിലെ അഗസ്തീനിയന്‍ ആഗോള നിഷ്പാദുക സന്ന്യാസ സമൂഹത്തിന്‍റെ പൊതുസമ്മേളനത്തെ വത്തിക്കാനിലെ ക്ലെമെന്‍റൈന്‍ ഹാളില്‍ പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്തു. സഭയുടെ സുപ്പീരിയര്‍ ജനറല്‍, ഫാദര്‍ ദൊറിയാനോ ചെത്രോണിയുടെ ആമുഖാശംസയ്ക്ക് നന്ദിപറഞ്ഞുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് പ്രഭാഷണം ആരംഭിച്ചത്. 200 - സഭാംഗങ്ങള്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. 

“ആത്മീയസിദ്ധിയുടെ ഒരു വര്‍ഷം”
വിശുദ്ധ അഗസ്റ്റിന്‍ പകര്‍ന്നുതന്ന “ആത്മീയസിദ്ധിയുടെ വര്‍ഷം” ആചരിക്കാന്‍ ഒരുമിച്ചുകൂടിയിരിക്കുന്ന സഭയുടെ പൊതുസമ്മേളനത്തെ അഭിനന്ദിച്ച പാപ്പാ, വിശുദ്ധ അഗസ്റ്റിന്‍റെ സിദ്ധികള്‍ പങ്കുവയ്ക്കുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും വൈവിധ്യമാര്‍ന്ന കൂട്ടായ്മകള്‍ ലോകത്തു വളര്‍ന്നിട്ടുള്ളത് ആശ്ചര്യത്തോടെ ആമുഖമായി അനുസ്മരിച്ചു. അതുകൊണ്ടുതന്നെയാണ് വിശുദ്ധ അഗസ്റ്റിനെ ക്രൈസ്തവ ആത്മീയതയുടെ അതികായനായി താന്‍ കരുതുന്നതെന്നും പാപ്പാ സമര്‍ത്ഥിച്ചു.

വിശുദ്ധ അഗസ്റ്റിന്‍ പഠിപ്പിച്ച എളിമയുടെ ആത്മീയത
“അത്യുന്നതനായ ദൈവത്തെ എളിമയുടെ അരൂപിയോടെ സേവിക്കുക,” എന്ന വിശുദ്ധ അഗസ്റ്റിന്‍റെ ആത്മീയതയില്‍ ഇനിയും ആഴമായി സഭ രൂഢമൂലമാകണം. കൂടുതല്‍ ആഴത്തില്‍ ആത്മീയതയുടെ വേരുറക്കാന്‍ ഇന്നു സഭയിലും ലോകത്തും നിര്‍വ്വഹിക്കുന്ന വിവിധങ്ങളായ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്ക് വെളിച്ചമേകാന്‍ പ്രാര്‍ത്ഥനയും സമൂഹത്തിന്‍റെ കൂട്ടായ വിവേചനവും ഉപകാരപ്രദമാകുമെന്നും പാപ്പാ ഫ്രാന്‍സിസ് അഗസ്തീനിയന്‍ കൂട്ടായ്മയെ ഉദ്ബോധിപ്പിച്ചു.

വേരുകള്‍ വിച്ഛേദിക്കരുത്!
ആധുനികത ഉള്‍ക്കൊള്ളാന്‍ വേരുകള്‍ വിച്ഛേദിക്കണമെന്നു ചിന്തിക്കുന്നവരുണ്ട്. അതു ശരിയല്ല! അതു വിനാശത്തിന്‍റെ തുടക്കമായിരിക്കും. കാരണം ആത്മീയതയും പുരാതനമായ ആത്മീയതയുടെ വേരുകളും, പാരമ്പര്യവുമാണ് സഭാസമൂഹത്തിന്‍റെ ഭാവിക്ക് എന്നും അടിത്തറയും ഉറപ്പുമായി നില്ക്കേണ്ടത്. വേരുകള്‍ വലിച്ചെടുക്കുന്ന സത്ത ആഗിരണംചെയ്താണ് ചെടി വളര്‍ന്നു വലുതായി, പുഷ്പിച്ചു ഫലമണിയുന്നത്.

സാക്ഷ്യത്തിന്‍റെ മൂലക്കല്ല് – പ്രാര്‍ത്ഥനയും പരിത്യാഗവും

പ്രാര്‍ത്ഥനയും പരിത്യാഗവും ഇന്ന് ക്രൈസ്തവ സാക്ഷ്യത്തിന്‍റെ മൂലക്കല്ല് അല്ലാതായിട്ടുണ്ട്. എന്നാല്‍ അവ വ്യക്തിജീവിതത്തില്‍ എളിമയുടെയും ഉപവിയുടെയും പ്രവൃത്തികളോടു കൂട്ടിയിണക്കുന്നതായിരിക്കും അഗസ്തീനിയിന്‍ ആത്മീയത. നിഷ്പാദുകത്വം ദാരിദ്യ അരൂപിയുടെയും വിരക്തിയുടെയും ദൈവപരിപാലനയിലുള്ള ആശ്രയബോധത്തിന്‍റെയും പ്രതീകമാണ്. എന്നാല്‍ നിഷ്പാദുകത്വം ഇന്നിന്‍റെ സന്ന്യാസത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ എടുക്കേണ്ടതല്ല. ദൈവാത്മാവ് ക്രൈസ്തവ സമര്‍പ്പണത്തില്‍ ശക്തമായി ആവശ്യപ്പെടുന്ന സുവിശേഷ ചൈതന്യമാണത്. അത് സുവിശേഷത്തിന്‍റെ മൗലികതയുമാണ്.

എളിമയുടെ അരൂപിയില്‍ ദൈവത്തെ സസന്തോഷം ശുശ്രൂഷിക്കാന്‍ ഏവര്‍ക്കും സാധിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 September 2019, 09:23