തിരയുക

Mosaic of Christ in the chapel of Christ the Redeemer, in  the Apostolic Palace of Vatican Mosaic of Christ in the chapel of Christ the Redeemer, in the Apostolic Palace of Vatican 

ഈശോ പഠിപ്പിച്ച നിത്യജീവന്‍റെ "ഇടുങ്ങിയ വാതില്‍"

ആണ്ടുവട്ടം 21- Ɔο വാരം ഞായറാഴ്ചത്തെ സുവിശേഷ വിചിന്തനം. വിശുദ്ധ ലൂക്കാ 13, 22-30.

- ഫാദര്‍ വില്യം നെല്ലിക്കല്‍

ആണ്ടുവട്ടം 21- Ɔο വാരം ഞായറാഴ്ചത്തെ സുവിശേഷചിന്തകള്‍

യാഥാസ്ഥിതികര്‍ ഇഷ്ടപ്പെടാത്ത സത്യത്തിന്‍റെ വെളിച്ചം
ലോകത്തിന് ഇന്ന് ഏറ്റവും പ്രിയങ്കരനാണ് പാപ്പാ ഫ്രാന്‍സിസ്..., വിശിഷ്യ പാവങ്ങള്‍ക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും പീഡിതര്‍ക്കും. എന്നാല്‍ ഏറെ വിമര്‍ശിക്കപ്പെടുന്ന വിവാദപുരുഷനും പാപ്പാ ഫ്രാന്‍സിസു തന്നെയാണ്. ഇതു ചെയ്യുന്നത് സഭയ്ക്കു അകത്തുള്ളവരും സഭയോടു ചേര്‍ന്നുനില്ക്കുന്നവരുമാണ്. കാരണം കാരുണ്യത്തിന്‍റെ സുവിശേഷലബ്ധിക്കായി നിയമത്തിന്‍റെ വള്ളിപുള്ളികള്‍ മാറ്റിയതും, പാപികളോടു കരുണകാണിക്കാന്‍ സഭാനിയമങ്ങളില്‍ ഇളവുവരുത്തിയതും, സഭയെ നവീകരിക്കാന്‍ ശ്രമിക്കുന്നതുമൊക്കെയാണ് യാഥാസ്ഥിതികര്‍ക്ക് പാപ്പായോട് അപ്രീതിയുണ്ടാകാന്‍ കാരണമായിരിക്കുന്നത്! അതുപോലെ ഒരു യാഥാസ്ഥിതികന്‍ ഈശോയെ സമീപിച്ച് രക്ഷയെക്കുറിച്ച് ഉന്നയിച്ച ചോദ്യമാണ് ഇന്നത്തെ സുവിശേഷഭാഗത്തിലൂടെ വിശുദ്ധ ലൂക്കാ വരച്ചുകാട്ടുന്നത്.

ദൈവത്തിന്‍റെ ഊടുവഴികളും മനുഷ്യന്‍റെ എഴുപ്പവഴികളും
യാഥാസ്ഥിതികന്‍ ഈശോയോടു ആരാഞ്ഞ ചോദ്യത്തിന്‍റെ മറുപടിയിലൂടെയാണ് ഇന്നത്തെ സുവിശേഷഭാഗം ചുരുളഴിയുന്നത്. രക്ഷപ്പെടുന്നവര്‍ ചുരുക്കമാണോ? ചോദ്യകര്‍ത്താവിന്‍റെ മനോഭാവം ചോദ്യത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്. ചുരുക്കം പേരേ രക്ഷപ്പെടൂ! എന്നാല്‍ അക്കൂട്ടത്തില്‍ ഞാനുണ്ട്, ഞാന്‍ രക്ഷപ്പെടും. സ്വയം ന്യായീകരിക്കുന്നൊരു മനോഭാവമാണിത്. സ്വന്തം രക്ഷ ഉറപ്പാണെന്നു വിചാരിക്കുന്നവരുടെ മനോഭാവത്തിലേയ്ക്കാണ് ഈശോ തിരുത്തലുമായി സുവിശേഷഭാഗത്ത് കടന്നുവരുന്നത്. ഈശോ പറയുന്നത്, ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുന്നവരാണ് രക്ഷപ്പെടുന്നത് (24).

ഇടുങ്ങിയ വാതിലിന്‍റെ ഉപമ
ആത്മരക്ഷയെക്കുറിച്ചു ധ്യാനിക്കാനാണ് ഇന്നത്തെ വചനം നമ്മെ ക്ഷണിക്കുന്നത്. ഇടുങ്ങിയ വാതിലിന്‍റെ ഉപമ പഠിപ്പിക്കുന്ന ഈശോ പറയുന്നത്, എത്രപേര്‍ പ്രവേശിക്കുമെന്നത് അപ്രസക്തമാണെന്നും,  രക്ഷയ്ക്കുള്ള മാര്‍ഗ്ഗവും നിത്യജീവന്‍റെ വഴിയും ക്ലേശകരമാണെന്നുമാണ്. ഇടുങ്ങിയ വാതില്‍ ക്രിസ്തുതന്നെയാണ്. അവിടുത്തെ സുവിശേഷത്തിന്‍റെ വെല്ലുവിളിയുമാണത്. “ഞാനാണു വാതില്‍, ആടുകളുടെ വാതില്‍ ഞാന്‍തന്നെ!” (യോഹ. 10, 9). ഇതു ക്രിസ്തുവിന്‍റെ വാക്കുകളാണ്. അപ്പോള്‍ ഇടുങ്ങിയ വാതില്‍ നല്ലിടയനായ ക്രിസ്തുവിലുള്ള വിശ്വാസത്തിന്‍റെ വാതിലാണ്. എളിമയും വിനീതഭാവവും, സത്യവും നീതിയുമുള്ളവര്‍ക്ക് അവിടെ ദൈവത്തിന്‍റെ ക്ഷമയും കാരുണ്യവും ലഭിക്കും. ദൈവിക കാരുണ്യത്തിന്‍റെ കവാടം ചെറുതും ഇടുങ്ങിയതുമാണെങ്കിലും അത് എപ്പോഴും എല്ലാവര്‍ക്കുമായി തുറന്നിട്ടിരിക്കുകയാണ്. ദൈവത്തിനു പ്രത്യേക തിരഞ്ഞെടുപ്പുകളില്ല, അവിടെ വക ഭേദമില്ല. അങ്ങനെ ക്രിസ്തു തരുന്ന രക്ഷയുടെ വാതില്‍ ഇടുങ്ങിയതെങ്കിലും അതിരുകളില്ലാത്ത ദൈവസ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും വാതിലാണത്.

ദൈവിക കാരുണ്യത്തിന്‍റെ വാതില്‍
ജീവിതവഴിയിലെ ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാന്‍ ഈശോ നമ്മെ ക്ഷണിക്കുന്നു. അത് അനുതാപത്തിന്‍റെതും അനുരഞ്ജനത്തിന്‍റേതുമാകയാല്‍, കൂട്ടായ്മയ്മ  വളര്‍ത്തുന്നതും സന്തോഷദായകവുമാണ്. പാപികളും ബലഹീനരുമാണെങ്കിലും നമ്മോടു ക്ഷമിക്കാനും നമ്മെ ആശ്ലേഷിച്ചു സ്വീകരിക്കാനും ദൈവം കാത്തിരിക്കുന്നു. ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തി, നമ്മുടെ അസ്തിത്വത്തിനു അര്‍ത്ഥം നല്കുവാനും യഥാര്‍ത്ഥമായ സന്തോഷം നല്കുവാനും ക്രിസ്തു കാത്തിരിക്കുന്നു,  നമ്മെ ക്ഷണിക്കുന്നു! ക്രിസ്തു നമുക്കായി തുറന്നുവച്ചിരിക്കുന്ന വിശ്വാസത്തിന്‍റെയും ജീവിതവിശുദ്ധിയുടെയും ഇടുങ്ങിയ വാതിലിലൂടെ കടക്കാന്‍  നമ്മുടെ ലൗകിക മനോഭാവവും, ദുശ്ശീലങ്ങളും, സ്വാര്‍ത്ഥതയും സങ്കുചിത മനഃസ്ഥിതിയും പാടെ ഉപേക്ഷിക്കാന്‍ നമുക്കു സാധിക്കണം. ദൈവത്തിന്‍റെ കാരുണ്യവും സനേഹവും ആശ്ലേഷിക്കുമ്പോള്‍ നമ്മില്‍ മാനസാന്തരം യാഥാര്‍ത്ഥ്യമാകും. മാത്രമല്ല, നമ്മുടെ ജീവിതങ്ങള്‍ പരിശുദ്ധാത്മാവിന്‍റെ ദിവ്യവെളിച്ചത്താല്‍ പ്രകാശിതമാകും. അവിടുത്തെ ദിവ്യസ്നേഹാഗ്നിയാല്‍ നമ്മുടെ ജീവിതങ്ങളും, അതുവഴി ചുറ്റുമുള്ളവരുടെ ജീവിതങ്ങളും പ്രകാശിതമാകും!

 ഇടുങ്ങിയ വാതില്‍ക്കല്‍  കാത്തിരിക്കുന്ന ദൈവം
അനുദിന ജീവിതത്തില്‍ ക്രിസ്തുവിന്‍റെ ഈ ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുന്നതിനു തടസ്സമാകുന്ന കാര്യങ്ങള്‍ എന്തെല്ലാമെന്ന് ആത്മപരിശോധന ചെയ്യുന്നതു നല്ലതാണ്. അത് എന്‍റെ അഹങ്കാരമാകാം, ധാര്‍ഷ്ട്യഭാവമാകാം, ജീവിതത്തില്‍ പതിയിരിക്കുന്ന പാപങ്ങളാകാം. എന്നാല്‍ ദൈവത്തിന്‍റെ കാരുണ്യകവാടം ഇടുങ്ങിയതെങ്കിലും സദാ നമുക്കായി തുറന്നിരിക്കയാണ്. ആ വാതില്‍ക്കല്‍ ദൈവം എന്നും നമുക്കായി ഒരു നല്ലിടയനെപ്പോലെ കാത്തിരിക്കുന്നു. രക്ഷയുടെ വാതിലിലൂടെ പ്രവേശിക്കാന്‍ ദൈവം നമുക്കായി നിരവധി സാദ്ധ്യതകള്‍ നല്കുന്നുമുണ്ട്. സുവിശേഷത്തില്‍ അവിടുത്തെ സമീപിച്ച മനുഷ്യനെപ്പോലെ ആരെല്ലാം രക്ഷപ്പെടും, ഞാന്‍ രക്ഷപ്പെടുമോ... എന്നെല്ലാമോര്‍ത്ത് ആകുലപ്പെടേണ്ടതില്ല. രക്ഷയ്ക്കുള്ള സാദ്ധ്യതകള്‍ ജീവിതചുറ്റുപാടുകളില്‍ കണ്ടെത്തുകയും അവ അംഗീകരിക്കുകയുമാണു വേണ്ടത്.

ഇത് രക്ഷയുടെ ഇടുങ്ങിയ വാതില്‍!
സുവിശേഷം അനുസ്മരിപ്പിക്കുന്നതുപോലെ നാം പ്രതീക്ഷിക്കാത്ത യാമത്തിലും ദിനത്തിലും ദിവ്യയജമാനന്‍ ഉണര്‍ന്ന് നമുക്കെതിരെ വാതില്‍ കൊട്ടിയടയ്ക്കും (ലൂക്കാ 13, 25).  നാം ചിന്തിച്ചേക്കാം... അവിടുന്നു നല്ലവനും സ്നേഹസമ്പന്നനുമാണെങ്കില്‍ പിന്നെന്തിനാണ് വാതില്‍ അടയ്ക്കുന്നത്? കാരണമുണ്ട്,  ജീവിതം ഒരു “വീഡിയോ ഗെയ്മോ,” “ടി.വി. സീരിയലോ” ഉല്ലാസപരിപാടിയോ, ചൂതുകളിയോ അല്ല! അത് നൈമിഷികവും, പരമമായ ലക്ഷ്യങ്ങളുള്ളതുമാണ്. ലാഘവത്തോടെ കാണേണ്ടതല്ലത്, ഗൗരവത്തോടെ ഉള്‍ക്കൊള്ളേണ്ടതാണ്. ഇടുങ്ങിയ വഴി കടന്ന്, രക്ഷയുടെയും ദൈവിക കാരുണ്യത്തിന്‍റെയും വിശാലമായ വഴിയില്‍ പ്രവേശിക്കാന്‍, ജീവിതത്തിലെ വിശ്വാസത്തിന്‍റെ ഉമ്മറപ്പടി കടക്കാന്‍ ദൈവം തരുന്ന അവസരങ്ങളും ജീവിതചുറ്റുപാടുകളും വിശ്വസ്തതയോടെ ഉപയോഗിക്കാന്‍ പരിശ്രമിക്കാം. ദൈവസ്നേഹത്തില്‍ വിലയംപ്രാപിച്ച പുണ്യാത്മാക്കള്‍ സകലരും ആശ്ലേഷിച്ചിട്ടുള്ള രക്ഷയുടെ പാതയാണിത്. യഥാര്‍ത്ഥമായ സ്നേഹമാണ് രക്ഷ, അതുതന്നെയാണ് എളിമയും, ക്ഷമയും നീതിയും! തങ്ങളെ മറന്നും മറ്റുള്ളവര്‍ക്കായ്, വിശിഷ്യ എളിയവര്‍ക്കും  പാവങ്ങള്‍ക്കുമായി എല്ലാം ത്യജിക്കുന്നവര്‍ക്കുള്ള ആനന്ദത്തിന്‍റെ പാതയാണ് ഇടുങ്ങിയ വാതിലുള്ള ക്രിസ്തു പഠിപ്പിക്കുന്ന രക്ഷയുടെ പാത, നിത്യജീവന്‍റെ പാത!

കസന്‍സാക്കീസിന്‍റെ പരിത്യക്തനായ ഫ്രാന്‍സിസ്!
നിക്കോസ് കസന്‍സാക്കീസ് വിവരിക്കുന്ന ഫ്രാന്‍സിസ് അസ്സീസിയുടെ ജീവിതത്തിന്‍റെ രണ്ടാം ഘട്ടത്തില്‍ അസ്സീസിയിലെ ആശ്രമത്തില്‍നിന്നും സ്വന്തം സഹോദരങ്ങളാല്‍ ഫ്രാന്‍സിസ് പുറത്താക്കപ്പെടുന്നു. അങ്ങനെയാണ് അദ്ദേഹം പോര്‍സ്യൂങ്കോളയില്‍ ഏറെ നാളുകള്‍ ലിയോ എന്ന സഹോദരനോടൊപ്പം ഏകാന്തതയിലും പ്രാര്‍ത്ഥനയിലും കഴിയുന്നത്.  എന്നാല്‍ നാളുകള്‍ കഴിഞ്ഞ് അദ്ദേഹം ഒരിക്കല്‍ അസ്സീസിയില്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു.

ഫ്രാന്‍സിസ് പുനരാവിഷ്ക്കരിച്ച മൗലിക ജീവിതം
ഫ്രാന്‍സിസും ലിയോയും എത്തിയപ്പോള്‍ കണ്ടത്, അക്കാലഘട്ടത്തില്‍ സഹോദരസംഘത്തെ നയിച്ചിരുന്ന ബ്രദര്‍ ഏലീയാസ് കുര്‍ബ്ബാനയൊക്കെ വേഗം തീര്‍ത്തിട്ട് പള്ളിയുടെ മദ്ധ്യത്തില്‍ വടിയും പിടിച്ച് ഒരു പീഠത്തില്‍ ഇരുന്നുകൊണ്ട്, ചുറ്റുമുള്ള സഹോദരന്മാരെ ഇനിമുതല്‍ അനുസരിക്കേണ്ട പുതിയ നിയമങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നതായിരുന്നു. ഫ്രാന്‍സിസ് വത്തിക്കാനില്‍നിന്നും അംഗീകാരം വാങ്ങിയിട്ടുള്ള സഭയുടെ അടിസ്ഥാന നിയമാവലി ഉപേക്ഷിച്ചിട്ട്, സഹോദരന്‍ ഏലിയാ എഴുതിയുണ്ടാക്കിയ പുതിയ നിയമാവലി വ്യാഖ്യാനിച്ചു കൊടുക്കുകയാണ്. ഇതു കേട്ട് രോഷാകുലനായ ഫ്രാന്‍സിസ് ഉയര്‍ന്ന സ്വരത്തില്‍ പ്രതികരിച്ചു. “ബ്രദര്‍ ഏലിയാ, നിങ്ങള്‍ യേശുവിന്‍റെ ആടുകളെ വഴിതെറ്റിക്കുകയാണ്. നിങ്ങള്‍ വ്യാഖ്യാനിച്ച പുതിയ നിയമത്തിന്‍റെ പാത സമൃദ്ധിയുടേതാണ്. വിശാലമായ ഈ എളുപ്പവഴി മാനുഷികമാണ്. അത് ദൈവത്തിങ്കലേയ്ക്കു ആരെയും നയിക്കുകില്ല. ക്രിസ്ത്വാനുകരണത്തിന്‍റെ വഴി ഇടുങ്ങിയതും ക്ലേശപൂര്‍ണ്ണവുമാണ്.

ഇന്നത്തെ സമ്മേളനത്തിലേയ്ക്ക് എന്നെ കൊണ്ടുവന്നത് ദൈവമാണ്. സഹോദരങ്ങളേ, നിങ്ങള്‍ പിന്‍തിരിയൂ! നിങ്ങള്‍ സഭയുടെ പഴയ നിയമങ്ങള്‍ അനുസരിച്ചു ജീവിക്കണം. അവിടെ ലാളിത്യവും ഹൃദയവിശുദ്ധിയും, ക്ഷമയും, ത്യാഗവും, കാരുണ്യവുമുണ്ട്. പഴയ ഇടുങ്ങിയ വഴിയിലേയ്ക്കു വരൂ! അതാണു നമുക്കായി യേശു തുറന്നിട്ട വഴി. നിത്യജീവന്‍റെ വഴി! അതു ക്രൂശിതന്‍റെ പാതയാണ്! ഫ്രാന്‍സിസ് പറഞ്ഞു.

ക്രിസ്തു തരുന്ന വിരുന്നും വചനവും
ഇന്നത്തെ സുവിശേഷഭാഗത്ത്, ഇടുങ്ങിയ വാതിലിലൂടെ കടക്കാന്‍ ഈശോ ആവശ്യപ്പെടുമ്പോള്‍, ചോദ്യകര്‍ത്താവ് തിരികെപ്പറയുന്നൊരു കാര്യമുണ്ട്. “അങ്ങയുടെ സാന്നിദ്ധ്യത്തില്‍ ഞങ്ങള്‍ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തിട്ടുണ്ട്. ഞങ്ങളുടെ തെരുവുകളില്‍ അങ്ങു പഠിപ്പിച്ചത് ഞങ്ങള്‍ ശ്രവിച്ചിട്ടുണ്ട്.” (ലൂക്ക് 13, 26). ഇവിടെ രക്ഷയുടെ വഴിയിലേയ്ക്കുള്ള രണ്ടു സൂചനകളാണുള്ളത്. ഒന്ന്, യേശുവിന്‍റെ സാന്നിദ്ധ്യത്തില്‍ ഞങ്ങള്‍ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തിട്ടുണ്ട്, എന്നത് പരിശുദ്ധ കുര്‍ബാനയുടെ സൂചനയാണ്.
രണ്ട്, അങ്ങു തെരുവുകളില്‍ പഠിപ്പിച്ചത് ഞങ്ങള്‍ കേട്ടിട്ടുണ്ടെന്നത് തിരുവചനത്തിലേയ്ക്കുള്ള സൂചനയാണ് - ദൈവവചനവും വിശുദ്ധ കുര്‍ബാനയും! ഇതു രണ്ടും രക്ഷയുടെ വഴികളാണ് തീര്‍ച്ച!

വിശ്വാസ സമൂഹത്തിന്‍റെ കരച്ചില്‍
നിങ്ങളും ഞാനും പളളിയില്‍ പോകുന്നുണ്ട്, കുര്‍ബ്ബാന കൂടുന്നുണ്ട്, വചനം ശ്രവിക്കുന്നുണ്ട്!! വിശ്വസിക്കുന്ന ഒരു സമൂഹത്തിന്‍റെ കരച്ചിലാവാമിത്. ക്രിസ്തു നമ്മെ തിരുത്തുന്നുണ്ട്. എത്രയധികം വചനം ശ്രവിച്ചാലും, എത്ര അധികം വചനം പ്രഘോഷിച്ചാലും, എത്രപ്രാവശ്യം ദിവ്യബലിയില്‍ പങ്കുകൊണ്ടാലും, എത്രപ്രാവശ്യം കുര്‍ബാന സ്വീകരിച്ചാലും, രക്ഷയുടെ വാതില്‍ ഇടുങ്ങിയതാണ്! അത് സ്വയാര്‍പ്പണത്തിന്‍റെയും ശൂന്യവത്ക്കരണത്തിന്‍റെയും പാതയാണ്!
കുഞ്ഞുങ്ങളോളം ചെറുതാകുക! ഇത് ക്രിസ്തുവിന്‍റെ സുവിശേഷത്തിന്‍റെ ആത്മാവാണ്. ചെറുതാകുവാനും, എളിമയില്‍ ജീവിക്കാനും, സ്നേഹത്തില്‍ സമര്‍പ്പിതരാകാനും, സത്യത്തിലും നീതിയിലും ജീവിക്കാനുമുള്ള സ്വര്‍ഗ്ഗരാജ്യത്തിന്‍റെ വാതില്‍ ഇടുങ്ങിയതും ക്ലേശപൂര്‍ണ്ണവുമാണ്. ഇതു ക്രിസ്തു നമ്മെ പഠിപ്പിച്ചിട്ടുള്ള വഴിയാണ്, ക്രിസ്ത്വാനുകരണത്തിന്‍റെ വഴിയാണ്. ഇടുങ്ങിയതെങ്കിലും സ്നേഹത്തിന്‍റെയും ലാളിത്യത്തിന്‍റെയും ത്യാഗത്തിന്‍റെയും ആ ജീവിതപാത സന്തോഷത്തോടും അര്‍പ്പണത്തോടുംകൂടെ പിന്‍ചെല്ലാം. ക്രിസ്തുവിനെ അനുഗമിക്കാം. രക്ഷയുടെ വാതിലിലേയ്ക്കു നടന്നടുക്കാം! നിത്യജീവന്‍റെ വഴിയും വാതിലുമാണിത്!

ഗാനമാലപിച്ചത് കെ.ജി. മര്‍ക്കോസും അലീനയുമാണ്. രചന ഫാദര്‍ മൈക്കിള്‍ പനച്ചിക്കല്‍, സംഗീതം സണ്ണിസ്റ്റീഫന്‍.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 August 2019, 15:32