കൺന്ധമാലില്‍ നടന്ന ഭീകരത... കൺന്ധമാലില്‍ നടന്ന ഭീകരത... 

ആഗസ്റ്റ് 30 - ഒറീസ്സയില്‍ "രക്തസാക്ഷികളുടെ ദിനം"

കത്തോലിക്കാ സഭാ വിശുദ്ധ സ്നാപകയോഹന്നാന്‍റെ രക്തസാക്ഷിത്വത്തെ അനുസ്മരിക്കുന്ന ആഗസ്റ്റ് 29ന്‍റെ അടുത്ത ദിവസത്തെയാണ് ഒറീസ്സയില്‍ രക്തസാക്ഷികളുടെ ദിനമായി തിരഞ്ഞെടുത്തത്. ഒറീസ്സയിലെ മെത്രാന്മാരുടെ പ്രാദേശിക സമ്മേളനമാണ് ഇത് സ്ഥാപിച്ചത്. 2007-2008 ലെ ക്രിസ്ത്യാനികൾക്കെതിരെ നടന്ന പീഡനങ്ങളിൽ ജീവൻ ഹോമിച്ച 101 പേരെ ആദരിക്കാനും അവരുടെ ജീവിതബലിയെ അനുസ്മരിക്കാനുംആഗസ്റ്റ് 30 നെ രക്തസാക്ഷി ദിനമായി ഒറീസ്സയിലെ സഭ ആചരിക്കുന്നു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"നീതിക്കുവേണ്ടി പീഡനമേല്‍ക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; സ്വര്‍ഗ്ഗരാജ്യം അവരുടേതാണ്‌. എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്‍മകളും നിങ്ങള്‍ക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍; നിങ്ങള്‍ ആനന്ദിച്ചാഹ്‌ളാദിക്കുവിന്‍; സ്വര്‍ഗ്ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന പ്രവാചകന്‍മാരെയും അവര്‍ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട്‌."(മത്തായി.5:10-12)

സഭയെയും, ലോകത്തെയും ഒരേ പോലെ വേദനിപ്പിച്ച സംഭവമാണ് 1999 ൽ ഒറീസ്സയിൽ ഓസ്ട്രേലിയാക്കാരനായ ഒരു ക്രൈസ്തവ മിഷനറിയെയും അദ്ദേഹത്തിന്‍റെ രണ്ട് ആൺകുട്ടികളെയും ദാരുണമായി കത്തിച്ച് കൊലപ്പെടുത്തിയ സംഭവം. അതിനെ തുടർന്ന് 2008 ൽ മനുഷ്യമനസ്സാക്ഷിയെ മരവിപ്പിച്ച മറ്റൊരു പീഡനപരമ്പരയായിരുന്നു കണ്ഡമാലിൽ ക്രൈസ്തവർക്കെതിരായി നടന്ന ഭീകരമായ പീഡനങ്ങൾ. മനുഷ്യരെന്ന് കരുതാതെ അവരുടെ ശരീരത്തെ മാരക ആയുധങ്ങളാൽ മുറിപ്പെടുത്തിയും, സ്ത്രീകളെ ബലാൽസംഗം ചെയ്തും, വീടുകളെ കത്തിച്ചു നശിപ്പിച്ചും മതവിശ്വാസത്തിന്‍റെ പേരിൽ മനുഷ്യർ മനുഷ്യരോടു  കാണിച്ച ക്രൂരതകളുടെ ഓർമ്മ ഇന്നും അവരെ വേട്ടയാടുന്നു.അങ്ങനെ ലോകഭൂപടത്തിൽ ഇന്ത്യയിൽ ഒറീസ്സാ എന്ന സംസ്ഥാനത്തില്‍ ആരും ശ്രദ്ധിക്കപ്പെടാതിരുന്ന കന്ധമാൽ എന്ന പ്രദേശം ലോകശ്രദ്ധയിൽപ്പെട്ടു.

ലോക രാഷ്ട്രങ്ങളിൽ ഇന്ത്യയെപ്പോലെ ഇത്ര വൈവിധ്യമാർന്ന ഒരു രാഷ്ട്രം വേറെയുണ്ടോ എന്ന് ഒരു പക്ഷേ സംശയമാണ്. ഭാഷകളിലും, വേഷങ്ങളിലും, സംസ്കാരങ്ങളിലും ഒരു സംസ്ഥാനത്തു നിന്ന് മറ്റൊന്നിലേക്ക് കടക്കുമ്പോൾ കാണുന്ന വൈവിധ്യത അനന്യമാണ്. അതേ പോലെ തന്നെ ഇന്ത്യയെ സംബന്ധിച്ച് എടുത്ത് പറയേണ്ട ഒന്നാണ് അവളുടെ മതവിശ്വാസവും. വളരെ ആഴത്തിൽ വേരൂന്നിനില്‍ക്കുന്ന ഈശ്വരാഭിമുഖ്യമാവാം ഇന്ത്യയിൽ ഇത്രമാത്രം മതങ്ങൾ തഴച്ച് വളരാൻ കാരണം. ഏതൊരു കോണിലും ഈശ്വരവിശ്വാസത്തെ പ്രതിനിധീകരിക്കുന്ന പ്രതീകങ്ങൾ കണ്ടെത്താൻ ഒരു പ്രയാസവുമില്ല. എല്ലാ മതങ്ങളേയും സ്വാഗതം ചെയ്യുന്ന,  സന്തോഷപൂർവ്വമായ സഹവാസം നടത്തുന്ന നാടായിരുന്നു ഇന്ത്യ.

ലോക ജനാധിപത്യ രാഷ്ട്രങ്ങളുടെ മുൻനിരയിലുള്ള ഇന്ത്യയുടെ മനോഹരമായ ഭരണഘടനയും ഈ സഹവാസത്തിനുമ സഹവർത്തിത്വത്തിനും ഉറപ്പു നൽകുന്നുണ്ട്.

മതസ്വാതന്ത്ര്യത്തിനായുള്ള ഭരണഘടനയിലെ പ്രമാണം

ഭരണഘടനയിലെ 25ആം പ്രമാണം ഇങ്ങനെ പ്രസ്താവിക്കുന്നു.

എല്ലാ വ്യക്തികൾക്കും ഒരേപോലെ തങ്ങളുടെ മനസ്സാക്ഷിയുടെ സ്വാതന്ത്ര്യവും, പൊതു സമാധാനത്തിനും, സദാചാരത്തിനും, ആരോഗ്യത്തിനും വിധേയമായി തങ്ങളുടെ മത വിശ്വാസം സ്വതന്ത്രമായി പ്രഖ്യാപിക്കാനും, ആചരിക്കാനും, പ്രചരിപ്പിക്കാനും  അവകാശമുണ്ട്.

ഇന്ത്യയുടെ ഭരണഘടന ഉറപ്പു നൽകുന്ന അടിസ്ഥാന അവകാശങ്ങളിൽ ഒന്നാണ് മതസ്വാതന്ത്ര്യം. ഒരു മതേതര രാഷ്ട്രം എന്ന നിലക്ക് ഓരോ പൗരനും ഉറപ്പു നൽകുന്ന ഒന്നാണ് ഏതു മതവും സ്വീകരിക്കാനുള്ള അവകാശം. ഒരുപക്ഷേ മതത്തിന്‍റെ പേരിൽ തന്നെ വിഭജിക്കപ്പെട്ട ഇന്ത്യയുടെ ആത്മാവിന്‍റെ വേദനയകറ്റാൻ നൽകുന്ന മരുന്നാവാം ഭരണഘടനയിലെ 25, 26, 27, 28 ഖണ്ഡികകൾ.

25ആം ഖണ്ഡിക മനസ്സാക്ഷിയുടെ സ്വാതന്ത്ര്യത്തിനും, സ്വാതന്ത്രമായ വിശ്വാസ പ്രഖ്യാപനത്തിനും, മതാചാരങ്ങൾക്കും അതിന്‍റെ പ്രചാരണത്തിനും സ്വാതന്ത്ര്യം അനുവദിക്കുമ്പോൾ, 26ആം ഖണ്ഡിക മതപരമായ കാര്യനിർവ്വഹണത്തിനും, ഉപവി പ്രവർത്തനങ്ങൾക്കും, സ്വത്തും മറ്റും കൈകാര്യം ചെയ്യുന്നതിനും മതസംഘടനകൾക്ക് സ്വാതന്ത്ര്യം നൽകുന്നു. 27ൽ മതം പ്രചരിപ്പിക്കുന്നതിനോ നിലനിർത്തുന്നതിനോ കപ്പം കൊടുക്കാൻ ഒരാളെയും നിർബന്ധിക്കുകയില്ല എന്ന് നിർദ്ദേശിക്കുമ്പോൾ 28 ൽ മതപഠന ക്ലാസ്സുകൾ നടത്താനും, പങ്കെടുക്കാനും, ആരാധനകൾ നടത്താനും ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സ്വാതന്ത്ര്യം നൽകുന്നു. 

മതമൗലീകവാദം

മതമൗലീകവാദം ഇന്ന് ലോകത്തെ തന്നെ വിഴുങ്ങുന്ന ഒരു ഭീകര സത്യമായി വളർന്നു കഴിഞ്ഞു. ലോകത്തിന്‍റെ സമാധാന പ്രക്രിയയ്ക്ക് വിഘാതമായി നില്‍ക്കുന്ന ഒന്നായി മാറിയിരിക്കുന്നു ദൈവനാമത്തിലുള്ള ഭീകരപ്രവർത്തനങ്ങൾ. സ്രഷ്ടാവും പിതാവുമായ ഈശ്വരന്‍റെ നാമത്തിൽ അവിടുത്തെ മക്കളായ മനുഷ്യർ പരസ്പരം കൊന്നൊടുക്കി തങ്ങളുടെ ദൈവത്തിന്‍റെ "മഹിമ" ഉയർത്തിക്കാണിക്കാൻ പരിശ്രമിക്കുന്ന ഭോഷത്വത്തിന്‍റെ പൊള്ളത്തരം ഇനിയും മനസ്സിലാക്കാനും മനസ്സിലാക്കിക്കൊടുക്കാനും മതനേതാക്കൾ പോലും മടിച്ചു നില്‍ക്കുന്ന ഈ കാലഘട്ടത്തിൽ മതസ്വാതന്ത്ര്യം എന്നതു പോലും മതമൗലികവാദമായി വ്യാഖ്യാനിക്കപ്പെടാം. ഈ ചിന്തയിൽ നിന്ന് നമുക്ക് ഒറീസ്സായിലേക്ക് ഒന്ന് കടന്നു ചെല്ലാം.

2008 ആഗസ്റ്റ് മാസം ഒറീസ്സയിൽ മതമൗലീക വാദികൾ ക്രൈസ്തവർക്കെതിരെ ആക്രമണം അഴിച്ചുവിട്ടു. ഭയാനകമായിരുന്നു അതിന്‍റെ പരിണതഫലം. 120 പേർ കൊല്ലപ്പെടുകയും 56000 വിശ്വാസികൾ നിർബന്ധിത പാലായനം നടത്തേണ്ടി വരികയും, 415 ഗ്രാമങ്ങളിലായി 8000ത്തോളം വീടുകൾ തീയിട്ട് നശിപ്പിക്കുകയും കൊള്ളയടിക്കുകയും, 40ഓളം സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും, 12000 ത്തോളം കുട്ടികളെ മാറ്റിപ്പാർപ്പിച്ച് അവരുടെ പഠനം തടസ്സപ്പെടുത്തുകയും ചെയ്തു.

മതപീഡനത്തിന്‍റെ കദനമേറ്റ കൺന്ധമാല്‍

ഒറീസ്സയിലെ വനനിബിഡമായ കൺന്ധമാൽ പ്രവിശ്യയിൽ കൂടുതലും ഗോത്രവർഗ്ഗക്കാർ താമസിക്കുന്ന പ്രദേശത്താണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ഗോത്രവർഗ്ഗക്കാരുടെ സ്ഥലങ്ങൾ ബലപ്രയോഗത്താൽ കൈവശപ്പെടുത്തിയെന്നും, ഗോത്രവർഗ്ഗ സർട്ടിഫിക്കറ്റുകൾ വ്യാജമായി നിർമ്മിച്ചു എന്നും, നിയമാനുസൃതമല്ലാതെ ഗോത്രവർഗ്ഗക്കാരുടെ ഇടങ്ങളിൽ ആരാധനാലയങ്ങൾ പ്രത്യേകിച്ച് ക്രിസ്തീയ ആരാധനാലയങ്ങൾ നിർമ്മിച്ചുവെന്നതും, മതപരിവർത്തനം നടത്തിയെന്നും, ഗോത്രവർഗ്ഗക്കാരെ ചൂഷണം ചെയ്യുന്നുവെന്നും മറ്റു മായിരുന്നു ആരോപണങ്ങൾ. മാവോയിസ്റ്റ്കളുടെ ഒളിപ്പോരാളികൾ ഇക്കാലത്ത് അവിടെ വ്യാപകമായ അക്രമണങ്ങൾ നടത്തിയിരുന്നു. ഒറീസ്സയിൽ ക്രിസ്ത്യൻ മിഷനറിമാർ പാവപ്പെട്ട ഗോത്രവർഗ്ഗക്കാരെ പണവും ഭക്ഷണവും നല്‍കി മതം മാറ്റം നടത്തുന്നു എന്ന ആരോപണമുണ്ടായിരുന്നു. ജാതി വ്യവസ്ഥ നിലനിന്നിരുന്ന അവിടെ ഭൂരിഭാഗവും അധ:കൃതവർഗ്ഗമായി കണക്കാക്കിയിരുന്ന പാനാ വർഗ്ഗത്തിൽപ്പെട്ടവർ ഭൂരിഭാഗം ക്രിസ്തീയരായി മാറുകയും സാമ്പത്തീകമായി ഉയരുകയും ചെയ്തു.  

കൺന്ധമാലില്‍ നടന്ന ഭീകരത

ക്രിസ്തീയ മിഷനറിമാർ അവിടെയുള്ള മൺവീടുകൾ ഇഷ്ടികയും കുമ്മായവും വച്ച് നന്നാക്കുകയും മറ്റും ചെയ്ത് അവിടത്തുകാരെ സഹായിച്ചിരുന്നതും

തീണ്ടായ്മയിൽ നിന്ന് ഒരു മോചനവും ആഗ്രഹിച്ച ജനങ്ങൾ  ഈ വ്യവസ്ഥയില്ലാത്ത മറ്റു മതവിശ്വാസങ്ങളിലേക്ക് മാറാൻ ഏറ്റം എളുപ്പമായിരുന്നു. ഈ നാളുകളിൽ ഭൂരിഭാഗം പനാ വർഗ്ഗത്തിൽപെട്ടവർ ക്രിസ്തീയവിശ്വാസം സ്വീകരിച്ചു. മതമൗലീക വാദികൾ മതം മാറ്റത്തെക്കുറിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു. പലപ്പോഴായി ക്രിസ്ത്യൻ മിഷനറിമാർ ആക്രമിക്കപ്പെട്ടു. അവിടെയിവിടെയായി നടന്നിരുന്ന ഈ അക്രമണങ്ങൾ വഷളായത് ലക്ഷ്മണാനന്ദ സരസ്വതി സ്വാമി ക്രിസ്ത്യൻ മൗലീകവാദികളാൽ ആക്രമിക്കപ്പെട്ടു എന്ന വാർത്ത പരന്നതോടെയാണ്. അദ്ദേഹത്തിന്‍റെ കൊലപാതകം കൊളുത്തി വിട്ട അക്രമങ്ങളിൽ വെന്തെരിഞ്ഞത് 50 ഓളം ക്രിസ്തീയവിശ്വാസികളും, 750 ഓളം വീടുകളും, 95 ക്രിസ്തീയ ആരാധനാലയങ്ങളുമാണ്.

ആഗസ്റ്റ് 30 -  ഒറീസ്സയില്‍ രക്തസാക്ഷികളുടെ ദിനം

കത്തോലിക്കാ സ‌ഭ വിശുദ്ധ സ്നാപകയോഹന്നാന്‍റെ രക്തസാക്ഷിത്വത്തെ അനുസ്മരിക്കുന്ന ആഗസ്റ്റ് 29ന്‍റെ അടുത്ത ദിവസത്തെയാണ് ഒറീസ്സയില്‍ രക്തസാക്ഷികളുടെ ദിനമായി തിരഞ്ഞെടുത്തത്. ഒറീസ്സയിലെ മെത്രാന്മാരുടെ പ്രാദേശിക സമ്മേളനമാണ് ഇത് സ്ഥാപിച്ചത്. ആഗസ്റ്റ് 30 രക്തസാക്ഷി ദിനമായി ഒറീസ്സയിലെ സഭ കൊണ്ടാടുമ്പോൾ 2007-2008 ലെ ക്രിസ്ത്യാനികൾക്കെതിരെ നടന്ന പീഡനങ്ങളിൽ ജീവൻ ഹോമിച്ച 101 പേരെ ആദരിക്കാനും അവരുടെ ജീവിതബലിയെ മാനിക്കാനും എടുത്ത ഈ തീരുമാനം ഒത്തിരി സന്തോഷം പകരുന്നു എന്ന് കട്ടക് - ഭുവനേശ്വർ അതിരൂപതാ മെത്രാനും പ്രാദേശീക മെത്രാൻ സമിതി അദ്ധ്യക്ഷനുമായ ജോൺ ബാർവ്വ അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ മുഴുവനും ഈ ദിവസം രക്തസാക്ഷി ദിനമായി ആചരിക്കപ്പെടും എന്നും അദ്ദേഹം അറിയിച്ചു. പ്രാദേശീക മെത്രാൻ സമിതി ഈ അക്രമണങ്ങളെക്കുറിച്ച് പഠിക്കാൻ വൈദീകരും ഗവേഷകരും ഉൾപ്പെട്ട ഒരു സംഘത്തെ ഏർപ്പാടാക്കിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. കർണ്ണാടകയിലെ ബാംഗ്ലൂരിൽ നടന്ന ഒരു അനുസ്മരണത്തിൽ  ലഹളയെ അതിജീവിച്ച ഒരു സ്ത്രീ തന്‍റെ ഭർത്താവിനെ ക്രിസ്തീയ വിശ്വാസത്തിന്‍റെ പേരിൽ എങ്ങനെയാണ് ക്രൂരമായി വധിച്ചതെന്ന് വിശദീകരിച്ചു. പാട്രിക് നായ്ക്കും കുടുംബവും മതമൗലീകളാൽ പിടിക്കപ്പെട്ട് വലിച്ചിഴച്ച്, അടിച്ച് നിർദ്ദയം കൊല ചെയ്യപ്പെടുകയായിരുന്നു. അതിനു ശേഷം ജനക്കൂട്ടം അവരുടെ അവയവങ്ങൾ ഒന്നൊന്നായി അരിഞ്ഞു മാറ്റി.

ഒരു ഓസ്ട്രേലിയൻ ക്രിസ്ത്യൻ മിഷനറിയായിരുന്നു എബ്രഹാം സ്റ്റുവർട്ട് സ്റ്റെയിൻസ്. അദ്ദേഹത്തെയും, അദ്ദേഹത്തിന്‍റെ രണ്ട് ആൺമക്കളായ ഫിലിപ്പ്  (10വയസ്സ്), തിമോത്തി (6വയസ്സ്) എന്നിവരെ ഒരു സംഘം ചുട്ടുകൊന്നു. 1999 ജനുവരി 23 ന് ഇന്ത്യയിലെ ഒറിസ്സയില്‍ മനോഹർപൂർ-കിയോഞ്ജർ ഗ്രാമത്തിൽ തങ്ങളുടെ വാഹനത്തിൽ ഉറങ്ങുമ്പോൾ ബജ്രംഗ്ദൾ എന്ന മതമൗലികവാദ സംഘടനയില്‍പ്പെട്ടവര്‍ അവരെ കത്തിച്ചു കൊന്നു. വാഹനത്തോടൊപ്പം സ്റ്റെയിനും നിഷ്കളങ്കരായ രണ്ട് ആണ്‍കുട്ടികളും എരിഞ്ഞു ചാരമായിതീര്‍ന്നു.

തുടർച്ചയായ അക്രമണങ്ങള്‍

2008 സെപ്റ്റംബർ 1 ന് ഒറീസ്സാ സംസ്ഥാനസർക്കാർ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് അവകാശപ്പെട്ടു. എന്നിരുന്നാലും, കലാപത്തിൽ നിരവധി വീടുകളും ആരാധനാലയങ്ങളും കത്തിച്ചു.  പ്രത്യേകിച്ച് ഏറ്റവും മോശമായ കാന്ധമൽ ജില്ലയിൽ. 12,539 പേർ ദുരിതാശ്വാസ ക്യാമ്പുകളിലും, 783 പേർക്ക് രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലും ഭക്ഷണം നൽകി. കലാപം നിയന്ത്രിക്കാൻ പാരാ മിലിട്ടറി സേനയുടെ 12 കമ്പനികൾ, ഒറീസ്സാ സംസ്ഥാനം മറ്റും പോലീസിന്‍റെ 24 പ്ലാറ്റൂണുകൾ, സായുധപോലീസ് റിസർവ്വ് സേനയുടെ രണ്ട് വിഭാഗങ്ങൾ, പ്രത്യേക പരിശോധന സംഘത്തിന്‍റെ (എസ്ഒജി) രണ്ട് ടീമുകൾ എന്നിവരെ വിന്യസിച്ചിട്ടുണ്ട്.

2008 സെപ്റ്റംബർ 4ന് 2500 ഓളം ജനങ്ങള്‍ താമസിച്ചിരുന്ന ടിക്കബാലി ഗവൺമെന്‍റ് ഹൈസ്‌കൂൾ ദുരിതാശ്വാസ ക്യാമ്പിൽ ക്രൈസ്തവ അഭയാർഥികളുടെ നേരേ ആക്രോശിക്കുകയും അഭയാർഥികൾക്കുള്ള സാധനങ്ങൾ അപഹരിക്കുകയും ചെയ്തു.  12 ദിവസം നീണ്ട കർഫ്യൂ ഉത്തരവിനെത്തുടർന്ന് പട്ടിണി കിടക്കുകയാണെന്ന് പറഞ്ഞ 300 ഓളം പേരെ പ്രകോപിതരായ വിഎച്ച്പി ഗോത്രവർഗക്കാർ ടിക്കബാലിയിലെ ക്രിസ്ത്യൻ ലഹളയ്ക്ക് ഇരയായവർക്കായുള്ള ഒരു ദുരിതാശ്വാസക്യാമ്പിൽ ആക്രമണം നടത്തി. തുടർന്ന് ഒരു കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തതുൾപ്പെടെ സെപ്റ്റംബർ 7,15,30 എന്ന തിയതികളിൽ പല ആക്രമണങ്ങളും അരങ്ങേറി.

വാർത്താ ഏജൻസിയായ ഫിഡെസിന്‍റെ റിപ്പോര്‍ട്ടനുസരിച്ച്, 2012ൽ  ക്രിസ്ത്യാനികളെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. 2019 ഫെബ്രുവരിയിൽ  ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത ഒരു വിശ്വാസി കൊല്ലപ്പെട്ടു.

77 സംഭവങ്ങളിൽ 16 എണ്ണം തമിഴ്‌നാട് സംസ്ഥാനത്തും 12 എണ്ണം ഉത്തർപ്രദേശിലും ആറ് മഹാരാഷ്ട്രയിലും അഞ്ചെണ്ണം ഛത്തീസ്ഗഡിലുമാണ് നടന്നത്. ആന്ധ്രാപ്രദേശ്, ബീഹാർ, ജാര്‍ഖണ്ഡ്, കേരളം എന്നീ സംസ്ഥാനങ്ങളിൽ നാല് ആക്രമണങ്ങള്‍ നടന്നു.  2018ല്‍  ഉടനീളം ഇന്ത്യയിലെ ക്രിസ്ത്യാനികൾക്കെതിരായ 325 സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത്തരത്തിലുള്ള 351 കേസുകൾ റിപ്പോർട്ട് ചെയ്തു. 2016ൽ ഇത് 230 ആയിരുന്നു.

നാശനഷ്ടങ്ങള്‍

18,000 ത്തിലധികം പേർക്ക് പരിക്കേൽക്കുകയും 50,000 പേർ പലായനം ചെയ്യുകയും ചെയ്തു. 2008 ഒക്ടോബർ വരെ 11,000 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞതായി മറ്റൊരു റിപ്പോർട്ട് പറയുന്നു.  ചില ആദിവാസികൾ അയൽ സംസ്ഥാനങ്ങളിലെ അതിർത്തി ജില്ലകളിലേക്ക് പലായനം ചെയ്തു.  ഈ മതപീഡനങ്ങള്‍ 310 ഗ്രാമങ്ങളെ ബാധിച്ചു. 4,640 വീടുകളും, 252 പള്ളികളും 13 വിദ്യാഭ്യാസ സ്ഥാപനങ്ങളും ആക്രമണസമയത്ത് കത്തിനശിച്ചു. കലാപത്തിൽ ഒന്നിലധികം ഹിന്ദുക്ഷേത്രങ്ങളും അജ്ഞാത ഹിന്ദു സഹോദരങ്ങളും കൊല്ലപ്പെട്ടു.

നശിപ്പിച്ച പള്ളികൾ പുനർനിർമിക്കുന്നതിന് 2008 ഒക്ടോബർ 14ന് കട്ടക്ക് ആർച്ച് ബിഷപ്പ് റാഫേൽ ചീനാഥ് 30 മില്യൺ രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്കായി 550,000 രൂപയും വീടുകൾ തകർന്നവര്‍ക്കും, കത്തിപ്പോയ വീടുകളുള്ളവര്‍ക്കും 60,000 രൂപ നഷ്ടപരിഹാരവും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതികരണങ്ങള്‍

അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി മൻ‌മോഹൻസിംഗ് ഒറീസ്സാ അക്രമണത്തെ ലജ്ജാകരമെന്ന് വിശേഷിപ്പിക്കുകയും സാമുദായിക സംഘട്ടനങ്ങൾ അവസാനിപ്പിച്ച് സാധാരണ നില പുനഃസ്ഥാപിക്കാനും കേന്ദ്രത്തിന്‍റെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. കലാപങ്ങള്‍  അവസാനിപ്പിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിനോടു ആവശ്യപ്പെടുകയും ചെയ്തു.

2008 ഓഗസ്റ്റ് 27 ബുധനാഴ്ച, ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പാ അക്രമണത്തെ അപലപിക്കുകയും ഇരകളാക്കപ്പെട്ട പുരോഹിതന്മാർ, കന്യാസ്ത്രീകൾ, ജനങ്ങളോടൊത്ത് ഐക്യദാർഡ്യം പ്രകടിപ്പിക്കുകയും ചെയ്തു. അക്രമത്തെ  ശക്തമായി അപലപിച്ച പാപ്പാ ഇന്ത്യൻ മത-സിവിൽ അധികാരികളോടു "വിവിധ മതവിഭാഗങ്ങൾക്കിടയിൽ സമാധാനപരമായ സഹവർത്തിത്വവും ഐക്യവും പുനഃസ്ഥാപിക്കാൻ  ഒരുമിച്ച് പ്രവർത്തിക്കാൻ" ആഹ്വാനം ചെയ്യുകയും ചെയ്തു.

അമേരിക്കായെ ആസ്ഥാനമായുള്ള HUMAN RIGHTS WATCH എന്ന സംഘടന കടുത്ത നിരാശ പ്രകടിപ്പിച്ചു. 2007 ലെ ക്രിസ്തുമസ് ആക്രമണ​ത്തെത്തുടർന്ന് സംസ്ഥാനസർക്കാർ നടപടിയെടുക്കാത്തതിൽ സംഘടന ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

കൂടുതൽ ആക്രമണങ്ങൾ തടയാൻ ഗൗരവമായ നടപടി  ആവശ്യപ്പെട്ട് ഇറ്റലി വിദേശകാര്യ മന്ത്രാലയം ഇന്ത്യയുടെ അംബാസഡറോടു ആവശ്യപ്പെട്ടു.

ആക്രമണത്തെ ശമിപ്പിക്കാൻ അധികാരികൾ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും ആക്രമണത്തിന് കാരണമായ കുറ്റവാളികളെ കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിടണമെന്നും United States Commission on International Religious Freedom (USCIRF) ആവശ്യപ്പെട്ടു.

ക്രിസ്ത്യാനികൾക്കെതിരായ അതിക്രമങ്ങളിൽ യൂറോപ്യൻ യൂണിയൻ ആശങ്ക പ്രകടിപ്പിക്കുകയും ഭരണകക്ഷികൾ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.

മത സ്വാതന്ത്ര്യത്തെക്കുറിച്ച് സഭാ പഠനങ്ങള്‍

കത്തോലിക്കാ സഭ മനുഷ്യാവകാശങ്ങൾ, ആത്മസംരക്ഷണം, സഭയും ഭരണകൂടവും തമ്മിലുള്ള ബന്ധം, മതസ്വാതന്ത്ര്യം എന്നിവയെക്കുറിച്ചുള്ള സുപ്രധാനമായ ഒരു പഠനം വികസിപ്പിച്ചെടുത്തിട്ടുണ്ട്.

മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള രണ്ടാമത്തെ വത്തിക്കാൻ കൗൺസിലിന്‍റെ പ്രഖ്യാപനം

 1965 ഡിസംബർ 7 ന് രണ്ടാം വത്തിക്കാൻ കൗൺസിൽ മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള Dignitatis humanae പ്രഖ്യാപനത്തെ അംഗീകരിച്ചു.  മനുഷ്യന്‍റെ  അന്തസ്സിനെക്കുറിച്ചുള്ള സഭയുടെ ശാശ്വതമായ പഠിപ്പിക്കലിൽ ഈ പ്രഖ്യാപനം മതസ്വാതന്ത്ര്യത്തില്‍ വേരൂന്നിയിരിക്കുന്നു. മതസ്വാതന്ത്ര്യമെന്നത് മനുഷ്യാന്തസ്സിനെ ഉയർത്തുന്ന ഒരു സമൂഹത്തിന്‍റെ മൂലക്കല്ലാണെന്നും, അത് ഒരു മനുഷ്യന്‍റെ മൗലികാവകാശമാണെന്നും  ദൈവത്തെക്കുറിച്ചുള്ള സത്യം അന്വേഷിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും ഈ പ്രഖ്യാപനം പഠിപ്പിക്കുന്നു. മതപീഡനത്തെ കുറിച്ച് പയസ് പന്ത്രണ്ടാം പാപ്പാ,  ലിയോ പതിമൂന്നാമന്‍ പാപ്പാ ,ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ, ബെനഡിക്ട് പതിനാറാമൻ മാർപാപ്പാ,ഫ്രാൻസിസ് പാപ്പാ എന്നിവരുടെ ചാക്രീകലേഖനങ്ങളും, പ്രബോധഞങ്ങളുമുണ്ട്.  

സത്യത്തെ പ്രഘോഷിക്കുന്നവര്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പാ

പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾക്കായി പ്രാർത്ഥിക്കുവാന്‍ ആവശ്യപ്പെട്ടു കൊണ്ട്  2019,മാർച്ച് 5ആം തിയതി ഫ്രാന്‍സിസ് പാപ്പാ നല്‍കിയ  വീഡിയോ സന്ദേശത്തില്‍ ക്രൈസ്തവർ പീഡനത്തിന് വിധേയർക്കപെടുന്നത് അവർ സത്യം പറയുന്നത് കൊണ്ടും ക്രിസ്തുവിനെ സമൂഹത്തിൽ പ്രഘോഷിക്കുന്നതും കൊണ്ടാണെന്നും വ്യക്തമാക്കി. വിശ്വസിക്കാൻ പ്രയാസമാണെങ്കിലും ഒന്നാം നൂറ്റാണ്ടുകളേക്കാൾ കൂടുതൽ രക്തസാക്ഷികൾ ഇന്ന് ഉണ്ടെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

മതസ്വാതന്ത്ര്യം ഉറപ്പില്ലാത്ത രാജ്യങ്ങളിലെ പ്രശ്‌നമെന്നനിലയിൽ, അവകാശങ്ങൾ "സിദ്ധാന്തത്തിലും കടലാസിലും" മാത്രം സംരക്ഷിക്കപ്പെടുന്ന സ്ഥലങ്ങളിലാണ് മതപീഡനങ്ങള്‍ സംഭവിക്കുന്നതെന്നും പാപ്പാ വെളിപ്പെടുത്തി.

ഇപ്പോഴും പീഡനങ്ങളും അക്രമങ്ങളും അനുഭവിക്കുന്ന അനേകം ക്രിസ്ത്യാനികൾക്കായി നമുക്ക് പ്രാർത്ഥിക്കാം. ദൈവം അവർക്ക് വിശ്വസ്ത്ഥയുടെ ധൈര്യം നൽകട്ടെ.‌‌ ക്രിസ്തുവിന്‍റെ പ്രഘോഷണം ഒരു വിളംബരമല്ല. അത് അസ്ഥികളിലേക്ക് നേരിട്ടിറങ്ങുകയും ഹൃദയത്തിന്‍റെ ആഴത്തിലേക്ക്ചെന്ന് മാറ്റം വരുത്തുകയും ചെയ്യുന്നു. ലോകാരൂപിക്ക് അത് സഹിക്കാനാവില്ല. അതിനാൽ പീഡനമുണ്ടാകുന്നുവെന്ന് പാപ്പാ വ്യക്തമാക്കുന്നു.

ലോകത്തിന്‍റെ പാപം നീക്കുന്ന കുഞ്ഞാടിന്‍റെ  രക്തത്തിൽ തങ്ങളുടെ വസ്ത്രങ്ങളെ നനച്ചവരാണ് വിശുദ്ധർ എന്ന് വെളിപാട് പുസ്തകം പരാമർശിക്കുന്നു. വിശ്വാസത്തെ പ്രതി, ക്രിസ്തുവിനെ പ്രതി, ക്രിസ്തു പഠിപ്പിച്ച ദൈവരാജ്യത്തെപ്രതി പീഡനമേറ്റ് രക്തസാക്ഷികളായവരെ അനുസ്മരിക്കുമ്പോൾ യഥാർത്ഥത്തിൽ സുവിശേഷത്തെ ജീവിക്കുവാൻ തങ്ങളുടെ ജീവിതത്തെ കഠിനമായ പീഡനങ്ങൾക്ക് വിട്ടുകൊടുത്ത രക്ത സാക്ഷികളായ സഹോദരങ്ങളെ പ്രതി ദൈവത്തിന് നന്ദി പറയാം. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇന്നും ക്രിസ്തുവിനെ പ്രതി പീഡനങ്ങൾക്ക് വിധേയമാകുന്ന എല്ലാവർക്കും ഉന്നതത്തിൽ നിന്നും ശക്തി ലഭിക്കുന്നതിനും അവരുടെ വിശ്വാസം പതറാതിരിക്കുവാനും അവർക്ക് വേണ്ടി പ്രാർത്ഥിക്കാം.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 August 2019, 12:40