Sanctuary of the Divino Amore Marian Pigrim Center of Rome Diocese Sanctuary of the Divino Amore Marian Pigrim Center of Rome Diocese 

മാതൃകയാക്കാവുന്ന ആരാധനക്രമ വാരാഘോഷം

ഇറ്റലിയില്‍ ‌അനുവര്‍ഷമുള്ള ആരാധനക്രമ വാരാഘോഷത്തിന്‍റെ 70-Ɔο വാര്‍ഷികം ആചരിച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

അനുവര്‍ഷം ആചരിക്കുന്ന ആരാധനക്രമവാരം
ദേശീയതലത്തില്‍ അനുവര്‍ഷം ആചരിക്കുന്ന ആരാധക്രമവാരത്തിന്‍റെ 70-Ɔο വാര്‍ഷികം ഇറ്റലിയിലെ മെസ്സീനയില്‍ ആചരിച്ചത് ആഗസ്റ്റ് 26-മുതല്‍ 29-വരെ തിയതികളിലാണ്. സഭാജീവിതത്തിന്‍റെ ഓജസ്സും, സഭാമക്കളുടെ കൂട്ടായ്മയുടെ ഉച്ചസ്ഥായിയുമാകണം ആരാധനക്രമമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. നാലുദിവസം നീണ്ടതും 500-ല്‍ അധികം പ്രതിനിധികള്‍ സമ്മേളിച്ചതുമായ സംഗമത്തില്‍ മെത്രാന്മാരുടെയും, വൈദികരുടെയും, സന്ന്യസ്തരുടെയും, ദേവാലയ ഗായക സംഘങ്ങളുടെയും ശുശ്രൂഷകരുടെയും സന്നദ്ധസേവകരുടെയും പ്രതിനിധികളും പങ്കെടുത്തു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ വഴിയാണ് പാപ്പാ സംഘാടകര്‍ക്ക് മെസ്സീനയിലേയ്ക്ക് സന്ദേശം അയച്ചത്.

സജീവ പങ്കാളിത്തത്തിലൂടെ ആര്‍ജ്ജിക്കേണ്ട ആത്മീയാനുഭവം
വത്തിക്കാന്‍ സൂനഹദോസിന്‍റെയും സഭയുടെ കാലികമായ പ്രബോധനങ്ങളുടെയും വെളിച്ചത്തില്‍ സജീവ ജനപങ്കാളിത്തവും സഭാനിബന്ധനകള്‍ പാലിക്കുന്നതുമായ ചിട്ടയുള്ള ആരാധനക്രമം നിലനിര്‍ത്തുന്നതില്‍ പ്രാദേശിക സഭയിലെ മെത്രാന്മാരും അജപാലകരും, ഗാനശുശ്രൂഷകരും, മറ്റു സഹായികളും ശ്രദ്ധപുലര്‍ത്തേണ്ടതാണ്. ആരാധനക്രമത്തിന്‍റെ ശരിയായ അറിവ്, അതിന്‍റെ അന്തസത്തയുള്ള ഭാഷ, പ്രത്യേകിച്ച് ദിവ്യബലിയുടെ അര്‍പ്പണത്തില്‍ പാലിക്കേണ്ട ഔദ്യോഗിക ക്രമങ്ങള്‍ എന്നിവയെക്കുറിച്ച് വൈദികര്‍ക്കും ദേവാലയ ശുശ്രൂഷകര്‍ക്കും ഒരുപോലെ അവബോധമുണ്ടായിരിക്കേണ്ടതും, അവ പാലിക്കേണ്ടതുമാണ്. എങ്കില്‍ മാത്രമേ സജീവ പങ്കാളിത്തമുള്ള പ്രാര്‍ത്ഥനയുടെ ആന്തരികതയും, കര്‍മ്മങ്ങളുടെ അര്‍ത്ഥഗര്‍ഭമായ പുനരാവിഷ്ക്കരണവും വഴി വിശ്വാസികളില്‍ ആത്മീയാനുഭവം വളര്‍ത്താന്‍ സാധിക്കുകയുള്ളൂവെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

കാലികമായി പുനര്‍പരിശോധിക്കേണ്ട ആരാധനക്രമം
ആരാധനക്രമത്തിന്‍റെ നവീകരണം ഇറ്റലിയിലെ വാര്‍ഷിക വാരാചരണത്തിന്‍റെ ലക്ഷ്യമാകയാല്‍ ജീവിതവിശുദ്ധി കേന്ദ്രീകരിച്ചുള്ള ആരാധനക്രമമാണ് ലക്ഷ്യംവയ്ക്കേണ്ടത്. ശബ്ദമുഖരിതവും, ബാഹ്യമായ ആഘോഷങ്ങളുടെ പൊള്ളയായ അനുഷ്ഠാനവുമാക്കി ആരാധനക്രമത്തെ മാറ്റുന്ന രീതിയില്‍നിന്നും ഇനിയും സമൂഹങ്ങള്‍ പുറത്തുവരേണ്ടതുണ്ടെന്ന്, വത്തിക്കാന്‍ സൂഹനദോസിന്‍റെ ആരാധനക്രമത്തെ സംബന്ധിച്ച പ്രമാണരേഖ ഉദ്ധരിച്ചുകൊണ്ട് പാപ്പാ ഉദ്ബോധിപ്പിച്ചു (Sacrosactum concilium). ആരാധനക്രമം വിശുദ്ധയുടെ ആഘോഷമാകയാല്‍ അതില്‍ പങ്കെടുക്കുന്നവര്‍ വിശുദ്ധീകരിക്കപ്പെടുന്ന വിധത്തില്‍ അത് ആചരിക്കാന്‍ അജപാലകരുടെയും ദേവാലയശുശ്രൂഷകരുടെയും കൂട്ടായ്മ വിശ്വാസസമൂഹത്തെ സഹായിക്കേണ്ടതാണ്. ആരാധനക്രമം, വിശിഷ്യ ദിവ്യബലി സഭയുടെ വിശ്വാസസമൂഹത്തിന്‍റെ മുഴുവനും ജീവനായി ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യേണ്ടതാണ്. അതിന് കാലികമായ ഈ പഠനപദ്ധതിയും തെറ്റുകള്‍ തിരുത്താനുള്ള അവസരവും എന്നും ദേശീയ പ്രാദേശിക സഭകള്‍ക്കു ലഭ്യമാക്കേണ്ടതാണ്.

അപഭ്രംശങ്ങള്‍ ഒഴിവാക്കാം
അപ്രാപ്യമായ ദൈവിക വിശുദ്ധി ക്രിസ്തുവില്‍ മനുഷ്യര്‍ക്കു ലഭ്യമായതിന്‍റെ ആഘോഷമാണ് വിശുദ്ധ കുര്‍ബ്ബാന. ദൈവത്തിന്‍റെ കാരുണ്യം ഒരു സ്നേഹവിരുന്നിന്‍റെ സാദൃശ്യത്തില്‍ അവിടുന്നു ലോകത്തിനു ലഭ്യമാക്കിയതിന്‍റെ ഓര്‍മ്മയും ആചരണവുമാണത്. അതിന്‍റെ അര്‍ത്ഥവും, അരൂപിയും, ഓജസ്സും നശിപ്പിക്കുന്ന ഘടകങ്ങള്‍ക്ക് സമൂഹബലിയര്‍പ്പണത്തില്‍ സ്ഥാനമില്ലെന്നും, അവ പാടേ ഉപേക്ഷിക്കേണ്ടതാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. ഇങ്ങനെ മാത്രമേ ദൈവിക വിശുദ്ധിയില്‍ പങ്കുചേരുന്ന വിശേഷഭാഗ്യവും വിശേഷ അവകാശവുമാക്കി ആരാധനക്രമത്തെ സമൂഹത്തിന്‍റെ ആഘോഷമാക്കി വളര്‍ത്താന്‍ സാധിക്കൂ!

ജീവിതബന്ധിയാകേണ്ട  ആരാധനക്രമം
ദൈവാരൂപി വിശ്വാസസമൂഹത്തെ ക്രിസ്തുവിനോടു സാരൂപ്യപ്പെടുത്തുകയും അടുപ്പിക്കുകയും ചെയ്യുന്ന പാവനവേദിയാണ് ആരാധനക്രമത്തിന്‍റെ ആഘോഷം. അതു വിശുദ്ധമായി കൈകാര്യംചെയ്യുന്നവര്‍ക്കും ആചരിക്കുന്നവര്‍ക്കും മാത്രമേ അവിടെ സ്ഥാനമുള്ളൂ. ക്രിസ്തുവിന്‍റെ പരമാര്‍പ്പണംപോലെ നമ്മെയും അനുദിന ജീവിതത്തിന്‍റെ ചുറ്റുപാടുകളി‍ല്‍ സഹോദരങ്ങള്‍ക്കായി സ്വയാര്‍പ്പണം ചെയ്യാന്‍ യോഗ്യരാക്കി രൂപാന്തരപ്പെടുത്തുന്ന ത്യാഗത്തിന്‍റെയും സ്നേഹത്തിന്‍റെയും വേദിയാവണം ആരാധനക്രമം. അതിനാല്‍ അത് രൂപാന്തരീകരണത്തിന്‍റെയും അനുരജ്ഞനത്തിന്‍റെയും അനുഭവമാണെന്നും മനസ്സിലാക്കേണ്ടതാണ്. അത് ആരും തന്നിഷ്ടപ്രകാരം (do-it-yourself) ചെയ്യേണ്ട സ്വകാര്യമായ പരിപാടിയല്ല, മറിച്ച് സഭാസമൂഹത്തിന്‍റെ സജീവമായ ആഘോഷവും വിശ്വാസത്തിന്‍റെ പ്രഘോഷണവും ആവിഷ്ക്കരണവുമാണത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 August 2019, 09:34