തിരയുക

Vatican News
Cardinal Marc Ouellet Cardinal Marc Ouellet  (Vatican Media)

സഞ്ചാരികള്‍ക്കു ദൈവം സഹയാത്രികന്‍

മെത്രാന്മാരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ മാര്‍ക്ക് ക്വേലെയുടെ പ്രഭാഷണത്തില്‍നിന്ന്.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും തീര്‍ത്ഥാടനം
ആഗസ്റ്റ് 11-Ɔο തിയതി ഞായറാഴ്ച പോര്‍ച്ചുഗലിലെ ഫാത്തിമയില്‍ സമ്മേളിച്ച കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും 47-Ɔമത് ദേശീയ തീര്‍ത്ഥാടനത്തിന് പ്രാരംഭമായി അര്‍പ്പിച്ച സമൂഹബലിയിലെ വചനപ്രഭാഷണത്തിലാണ് കര്‍ദ്ദിനാള്‍ ക്വേലെ സഭയുടെ തീര്‍ത്ഥാടന സ്വഭാവത്തെക്കുറിച്ച് പ്രതിപാദിച്ചത്.  ഈ  ദേശീയ തീര്‍ത്ഥാടനം ആഗസ്റ്റ്  18-ന് സമാപിക്കും.

സഭ സഞ്ചാരികളുടെ കൂട്ടായ്മ
കുരിശിലെ ക്രിസ്തുവിനെപ്പോലെ കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും എവിടെയും വ്രണിതാക്കളും, പരിത്യക്തരും, വെറുക്കപ്പെട്ടവരും, നിന്ദിതരുമായ ജനതയാണ്. അവര്‍ എടുത്തിരിക്കുന്ന ജീവിതപാതയിലെ പ്രയാസങ്ങള്‍ക്കിടയില്‍ ഈ ജനസഞ്ചയത്തിനു സമാശ്വസിപ്പിക്കപ്പെടാനും, പരിചരിക്കപ്പെടാനും, പതറാതെ മുന്നേറുവാനുമുള്ള കെല്പു നല്കണമേയെന്ന് എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് കര്‍ദ്ദിനാള്‍ ക്വേലെ അഭ്യര്‍ത്ഥിച്ചു. സഞ്ചാരികളും യാത്രികരുമായ ഒരു ജനതയുടെ കൂട്ടായ്മയാണ് സഭ. കൂടെക്കൂടെ പീഡിപ്പിക്കപ്പെടുകയും, യാതനകള്‍ അനുഭവിക്കുകയും ചെയ്യുന്നൊരു സമൂഹമാണ് സഭ. എന്നാല്‍ വിശ്വാസ സമൂഹത്തിന്‍റെ തീര്‍ത്ഥാടനത്തിലും അവരുടെ പീഡനങ്ങളിലും യാതനകളിലും ദൈവം അവരുടെകൂടെ നടക്കുന്നുണ്ടെന്നതാണ് സത്യം.

കൂടെ നടന്ന പുറപ്പാടിന്‍റെ ദൈവം
സാഹയാത്രികനായ ദൈവം തന്‍റെ കരുണാകടാക്ഷവുമായി എന്നും അവശരും വിവശരുമായ ജനത്തിന്‍റെകൂടെ നടക്കുന്നുണ്ടെന്ന സത്യം, ഇന്നിന്‍റെ കുടിയേറ്റക്കാരും അഭയാര്‍ത്ഥികളുമായവര്‍ക്ക് ഉറപ്പു നല്കുന്നുവെന്ന് കര്‍ദ്ദിനാള്‍ ക്യേലെ പ്രസ്താവിച്ചു. ഇതു വെളിപ്പെടുത്തുന്നതാണ് പഴയനിയമത്തില്‍ ഇസ്രായേലില്‍ ജനത്തിന്‍റെ പുറപ്പാടും, മരുഭൂമി താണ്ടിയുള്ള യാത്രയും ചെങ്കടല്‍ കടക്കലും. അവരുടെ അനുദിന ക്ലേശങ്ങളില്‍ ദൈവത്തിന്‍റെ ഇടപെടലുകളുടെ കൃപാസ്പര്‍ശം എപ്പോഴും ഉണ്ടായിരുന്നുവെന്ന് കര്‍ദ്ദിനാള്‍ ക്വേലെ ചൂണ്ടിക്കാട്ടി. രാത്രിയില്‍ അഗ്നിസ്തംഭമായും, പകല്‍ മേഘത്തൂണായും ഇസ്രായേല്‍ ജനത്തോടൊപ്പം ദൈവം സഞ്ചരിച്ചുവെന്ന് പുറപ്പാടു ഗ്രന്ഥത്തില്‍ നാം വായിക്കുന്നുണ്ട് (പുറപ്പാട് 13, 21).

താഴ്മയില്‍ മനുഷ്യരുടെമദ്ധ്യേ വസിച്ച ദൈവം – ക്രിസ്തു!
ദൈവത്തിന്‍റെ അത്യപൂര്‍വ്വ സാന്നിദ്ധ്യം യാഥാര്‍ത്ഥ്യമാകുന്നത് ക്രിസ്തുവിലും അവിടുത്തെ മനുഷ്യാവതാരത്തിലുമാണ്. സ്നേഹത്തില്‍ ദൈവം മനുഷ്യരിലേയ്ക്കു താഴ്മയിലും വിനയത്തിലും ഇറങ്ങിയതാണ് – മനുഷ്യനായ ദൈവം, ക്രിസ്തു! ലോകത്തിന്‍റെ സ്വാര്‍ത്ഥതയ്ക്കും വിദ്വേഷത്തിനും അടിമപ്പെട്ടവരായ എളിയവര്‍ക്കും പാവങ്ങള്‍ക്കുമൊപ്പം അവിടുന്നു സ്വയം സാരൂപ്യപ്പെടുത്തി. അങ്ങനെ മനുഷ്യകുലത്തോട് ഏറെ അടുത്തുള്ള ദൈവത്തിന്‍റെ മുഖം ക്രിസ്തുവിന്‍റേതാണ്.

എളിയവരുടെ കൂടെയായിരിക്കാനുള്ള വിളി
അവിടുന്നു പഠിപ്പിച്ച സ്നേഹത്തിന്‍റെ കല്പനയിലൂടെയും ഉടമ്പടിയിലൂടെയും അവിടുന്നു വിളിച്ചു. അങ്ങനെ എളിയവരും പാവങ്ങളുമായ സമൂഹത്തിന്‍റെ പിന്‍നിരയിലാക്കപ്പെട്ടതും, സ്വാര്‍ത്ഥതയാല്‍ പരിത്യക്തരും, പീഡിതരും വഞ്ചിതരും, അധിക്ഷേപിക്കപ്പെട്ടവരുമായി അവിടുത്തെ സ്നേഹം നിര്‍ലോഭമായി പങ്കുവയ്ക്കുവാന്‍ ജ്ഞാനസ്നാനപ്പെടുത്തിയവരെ ക്രിസ്തു ക്ഷണിക്കുന്നു.

തീര്‍ത്ഥാടനത്തിന്‍റെ പരമമായ ലക്ഷ്യങ്ങളിലേയ്ക്ക്
ഫാത്തിമയിലുള്ള ദൈവമാതാവിന്‍റെ തിരുനടയിലെ ഈ തീര്‍ത്ഥാടനത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് പരിത്യക്തരും പാവങ്ങളും പുറംതള്ളപ്പെട്ടവരുമായ അഭയാര്‍ത്ഥികളോടും കുടിയേറ്റക്കാരോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാം. ഈ ഭൂമിയില്‍ അനുയാത്രചെയ്യുന്ന മാനവകുലത്തിന്‍റെ പരമായ ലക്ഷ്യം ഈ ഭൂമിയിലെ ക്ലേശപൂര്‍ണ്ണമായ തീര്‍ത്ഥാടനത്തിലൂടെ സകലരും സ്വര്‍ഗ്ഗീയ ജരൂസലേമില്‍ എത്തിച്ചേരണമെന്നാണ്. മഴയിലും വെയിലിലും, മഞ്ഞിലും വേനലിലൂടെയുമുള്ള ക്ലേശപൂര്‍ണ്ണമായ ജീവിതയാത്രയിലൂടെ സ്വര്‍ഗ്ഗീയ ജരൂസലേമിലേയ്ക്കുള്ള യാത്രയ്ക്കുള്ളൊരു മാതൃകയാണു കുടിയേറ്റക്കാരും അഭയാര്‍ത്ഥികളുമായവര്‍ നല്കുന്നതെന്ന് കര്‍ദ്ദിനാള്‍ ക്വേലെ ചൂണ്ടിക്കാട്ടി.
 

14 August 2019, 19:56