Tajmahal Tajmahal 

ഒരു നല്ലനാളെയ്ക്കുവേണ്ട തൊഴിലും വിനോദസഞ്ചാരവും

വത്തിക്കാന്‍ 2019-ലെ വിനോദസഞ്ചാര ദിനത്തിനുള്ള സന്ദേശത്തില്‍നിന്നും എടുത്ത ചിന്തകള്‍...

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ജൂലൈ 24- Ɔ൦ തിയതി തിങ്കളാഴ്ചയാണ് സെപ്തംബര്‍ 27-ന് ആചരിക്കുന്ന വിനോദസഞ്ചാരദിനത്തിനുള്ള സന്ദേശം സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണ്‍പ്രസിദ്ധപ്പെടുത്തിയത്.

യുഎന്‍ തൊഴില്‍ സംഘടനയുടെ ശതാബ്ദിവര്‍ഷം
ഈ വര്‍ഷം ശതാബ്ദി ആഘോഷിക്കുന്ന യുഎന്നിന്‍റെ തൊഴില്‍ സംഘടനയുടെ (International Labour Organization ILO) അഭ്യര്‍ത്ഥനപ്രകാരമാണ് തൊഴിലിന്‍റെ ഭാവിയെക്കുറിച്ചുള്ള ചിന്തകൂടി ഇക്കുറി സന്ദേശത്തില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നത്. ജീവസന്ധാരണത്തിന്‍റെ വഴിയില്‍ വര്‍ദ്ധിച്ചുവരുന്ന നിര്‍ണ്ണായകമായ അവസ്ഥാവിശേഷം പരിഗണിക്കുമ്പോള്‍ ബഹുമുഖമായൊരു കാഴ്ചപ്പാടില്‍ ടൂറിസത്തിന് തൊഴില്‍ പരമായൊരു വീക്ഷണം നല്കുന്നത് നല്ലതാണ്. സകലര്‍ക്കും ന്യായമായ തൊഴില്‍ എന്ന സംജ്ഞയും, സംഘടിതമായ പരിശ്രമങ്ങളും യാഥാര്‍ത്ഥ്യമാക്കാതെ നാം ലോകത്തു ലക്ഷ്യംവയ്ക്കുന്ന സമാധാനം സുരക്ഷ, വികസനം, സമൂഹികസമഗ്രത എന്നിവ ആര്‍ജ്ജിക്കാനാവില്ല. സമഗ്രമാനവ പുരോഗതിക്ക് അനിവാര്യമായൊരു ഘടകമാണ് അന്തസ്സും നീതിയും സ്വതന്ത്രവുമായ ഒരു തൊഴില്‍ എല്ലാവര്‍ക്കും ഉണ്ടായിരിക്കുക എന്നത്.

അദ്ധ്വാനിച്ചു ജീവിക്കാന്‍ വിളിക്കപ്പെട്ടവര്‍
തൊഴില്‍ മനുഷ്യാന്തസ്സിന് യോജിച്ചതാണ്. ദൈവത്തിന്‍റെ പ്രതിച്ഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍റെ അന്തസ്സുകൂടിയാണ് തൊഴില്‍. തൊഴിലില്ലാത്തിടത്ത് വികസനമില്ല. അവിടെ സമൃദ്ധിയുമില്ല, നല്ല ഭാവിയുമില്ല. തൊഴിലിനെ ഒരു ഉദ്യോഗമായി നാം കാണരുത്. മറിച്ച് വ്യക്തി തന്‍റെ സ്വതസിദ്ധമായ കഴിവുകളോടെ സമൂഹത്തിലും ലോകത്തും ഇഴുകിച്ചേരുന്ന ഒരു സ്വാഭാവികമായ പ്രക്രിയയാണത്. മനുഷ്യന്‍ അദ്ധ്വാനിച്ചു ജീവിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ ജീവിതത്തിന് അര്‍ത്ഥംതരുന്നത് തൊഴിലാണ്. ജീവിതത്തിന് പക്വതയും വികസനവും സംതൃപ്തിയും തരുന്നത് തൊഴിലാണ്. അങ്ങനെ വ്യക്തിയുമായി ബന്ധപ്പെട്ടിരിക്കുന്ന തൊഴിലിനൊരു ധാര്‍മ്മിക മൂല്യമുണ്ട്.

വിനോദസഞ്ചാരവും തൊഴിലും
വിനോദസഞ്ചാരം തൊഴിലിന്‍റെ മേഖലയാണെങ്കിലും അതിലെ സാദ്ധ്യതകള്‍ വൈവിധ്യവും സങ്കീര്‍ണ്ണവുമാണ്. അതുകൊണ്ടുതന്നെ അനീതിയും അധാര്‍മ്മികതയും ചൂഷണവും ഈ മേഖലയുടെ ഭാഗധേയമാണ്. യാത്രാസൗകര്യങ്ങള്‍ ക്രമപ്പെടുത്തുന്നവര്‍, ഭക്ഷണ പാനീയങ്ങള്‍ സജ്ജമാക്കുന്നവര്‍, പാചകക്കാര്‍, സഞ്ചാരികളുടെ സഹായികള്‍, സാമൂഹ്യശൃംഖലാ സൗകര്യങ്ങള്‍ ഒരുക്കുന്നവര്‍ എന്നിങ്ങനെ നിരവധി ജോലികള്‍ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്.

ടൂറിസവും തദ്ദേശജനതയും
ടൂറിസത്തിന്‍റെ ശ്രദ്ധേയമായ ഭാഗമാണ് തദ്ദേശജനതകളും, അവരുടെ ജീവിതമേഖലയുടെ തിനിമയാര്‍ന്ന വശങ്ങളായ കാടും, മഴയും, പുഴയും തടാകവും, അതിലെ ജീവജാലങ്ങളുമെല്ലാം.
അതിനാല്‍  ടുറിസം തൊഴിലും, തദ്ദേശജനതകളും അവരുടെ സാംസ്കാരിക പൈതൃകവുമല്ലാം ഏറെ ബന്ധപ്പെട്ടു കിടക്കുന്നവയാണ്. അതിനാല്‍ തദ്ദേശജനതകളോടോ അവരുടെ പരിസ്ഥിതിയോടോ ചെയ്യുന്ന അതിക്രമം ഏറെ അധാര്‍മ്മികവും, നിഷേധാത്മകവുമാണെന്ന് സന്ദേശം ചൂണ്ടിക്കാട്ടുന്നു. പ്രദേശിക ഉപായസാധ്യതകളുടെ കാവല്‍ക്കാരും ഉപഭോക്താക്കളും ഗുണകാംക്ഷികളും തദ്ദേശജനതയാണ്. അങ്ങനെ ലോകത്തുള്ള അവരുടെ നിരവധിയായ സാന്നിദ്ധ്യത്തെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യേണ്ടതാണ്. അതിനാല്‍ ശരിയായ വിധത്തിലുള്ള ടൂറിസത്തിന്‍റെ വികസനത്തിന് മാനവികവും, സാംസ്ക്കാരികവും, സാമൂഹികവുമായ മാനങ്ങളുണ്ട്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 July 2019, 19:38