Let's protect our nature Let's protect our nature 

സൃഷ്ടിയെ സംരക്ഷിക്കാന്‍ ഒരു മാസക്കാലത്തെ കര്‍മ്മപദ്ധി

പൊതുഭവനമായ ഭൂമിയെ സംരക്ഷിക്കാന്‍ ക്രൈസ്തവര്‍ ഒത്തൊരുമിക്കുന്ന ഒരു മാസത്തെ കര്‍മ്മപദ്ധതിയില്‍ പങ്കുചേരാന്‍ ആഹ്വാനം.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

പൊതുഭവനമായ ഭൂമി സംരക്ഷിക്കാന്‍
പൊതുഭവനമായ ഭൂമിയെയും അതിലെ ജൈവവൈവിധ്യങ്ങളെയും സംരക്ഷിക്കാന്‍ അനുവര്‍ഷം ക്രൈസ്തവര്‍ ആചരിക്കുന്ന “സൃഷ്ടിക്കായി ഒരുമാസം” (Season of Creation) പരിപാടിയില്‍ കൈകോര്‍ത്തു പ്രവര്‍ത്തിക്കണമെന്ന്, സമഗ്ര മാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണ്‍ ആഹ്വാനംചെയ്തു. ജൂലൈ 16 -Ɔο തിയതി ചൊവ്വാഴ്ച വത്തിക്കാന്‍റെ ദിനപത്രം, “ലൊസര്‍വത്തോരെ റൊമാനോ”യില്‍ (L’Osservatore Romano) പ്രസിദ്ധപ്പെടുത്തിയ പ്രസ്താവനയിലൂടെയാണ് പൊതുഭവനമായ ഭൂമി സംരക്ഷിക്കാന്‍ സഭകള്‍ കൂട്ടായ്മയോടെ പ്രവര്‍ത്തിക്കണമെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്സ്ണ്‍ ആഹ്വാനംചെയ്തത്.

സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള
പ്രാര്‍ത്ഥനാദിനം മുതല്‍ ഒരുമാസം

സെപ്തംബര്‍ 1, സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള പ്രാര്‍ത്ഥനാദിനം മുതല്‍ ഒക്ടോബര്‍ 4, പരിസ്ഥിതിയുടെ മദ്ധ്യസ്ഥനായ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ തിരുനാള്‍വരെ നീണ്ടുനില്ക്കുന്ന കാലയളവാണ് “സൃഷ്ടിയുടെ ഒരുമാസം” (Season of Creation) ക്രൈസ്തവര്‍ - ഇടവകകളും, സ്ഥാപനങ്ങളും, സംഘടനകളും, യുവജനപ്രസ്ഥാനങ്ങളും ഇതര സഭകളോടു കൈകോര്‍ത്തു പ്രവര്‍ത്തിക്കണമെന്നും,   പരിസ്ഥിതിയുടെ സംരക്ഷത്തിന് ആവതു ചെയ്യാന്‍ ഒത്തൊരുമിച്ചു   പ്രാര്‍ത്ഥനാപൂര്‍വ്വം പരിശ്രമി ക്കണമെന്നും  കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ അനുസ്മരിപ്പിച്ചു.

പ്രാര്‍ത്ഥനാപൂര്‍വ്വം പങ്കെടുക്കാം

മേല്പറഞ്ഞ ദിവസങ്ങളില്‍ ഉപയോഗിക്കാന്‍ ഉതകുന്ന ആരാധനക്രമ പരിപാടികള്‍, പ്രാര്‍ത്ഥനകള്‍, വിശുദ്ധഗ്രന്ഥ പാരായണ ഭാഗങ്ങള്‍, ദൈവശാസ്ത്രപരമായ പ്രഭാഷണങ്ങള്‍, ഗാനങ്ങള്‍ എന്നിവ ലഭ്യമാക്കുമെന്നും കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ അറിയിച്ചു. ഒപ്പം പ്രകൃതിയെയും അതിലെ ജീവജാലങ്ങളെയും സംരക്ഷിക്കാന്‍ പോരുന്ന തരത്തിലുള്ള സംഘടിതമായ രാജ്യാന്തര, ദേശീയ പ്രാദേശീയ പരിപാടികളിലും ക്രൈസ്തവര്‍ പങ്കെടുക്കാന്‍ പരിശ്രമിക്കണമെന്നതാണ് സംഘാടകരായ സഭൈക്യക്കൂട്ടായ്മയുടെ ആഗ്രഹം. സങ്കീര്‍ണ്ണവും സൂക്ഷ്മവുമായ ഈ പ്രകൃതി സംരക്ഷണപരിപാടിയില്‍ നാം അറിവോടും താല്പര്യത്തോടുംകൂടി പ്രാര്‍ത്ഥനാപൂര്‍വ്വം പങ്കെടുക്കേണ്ടതാണ്.

തദ്ദേശജനതകളെ സംബന്ധിക്കുന്ന അടുത്ത സിനഡുസമ്മേളനം
ദൈവം ദാനമായി നല്കിയ വൈവിധ്യമാര്‍ന്നതും മനോഹരവുമായ ജീവജാലങ്ങളില്‍ ചിലവ ഭൂമുഖത്തുനിന്നും പൂര്‍ണ്ണമായും അപ്രത്യക്ഷ്യമാകുന്നുവെങ്കില്‍ അതിന് ഉത്തരവാദികള്‍ മനുഷ്യന്‍ തന്നെയാണ്. ആഗോളതലത്തില്‍ കാലാവസ്ഥാ വ്യതിയാനവും, താപവര്‍ദ്ധനവും, മറ്റു പ്രകൃതി ദുരന്തങ്ങളും സൃഷ്ടിക്കാന്‍ കാരണമാകുന്ന ആമസോണ്‍ കാടുകളും ജലാശയങ്ങളും പ്രകൃതി വിഭവങ്ങളും ചൂഷണംചെയ്യപ്പെട്ട്, ഭൂമി നശിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് തദ്ദേശജനതകളെ സംബന്ധിച്ച, ആമസോണിയന്‍ സിനഡ് പാപ്പാ ഫ്രാന്‍സിസ് വിളിച്ചുകൂട്ടിയിരിക്കുന്നത്.

ആമസോണില്‍ തുടങ്ങി ലോകത്തിന്‍റെ അതിരുകളോളവും
തദ്ദേശജനതകളുടെ അവകാശങ്ങള്‍ സംരക്ഷിച്ച് അവരുടെ പാര്‍പ്പിടമായ ആമസോണിയന്‍ പരിസ്ഥിതിയെയും, അതിലെ മഴക്കാടുകളെയും ജലാശയങ്ങളെയും സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയും അതിന്‍റെ ആഗോളപ്രസക്തിയുമാണ് സിനഡിന്‍റെ പ്രതിപാദ്യവിഷയം. അതുപോലെ ലോകത്തുള്ള സകല തദ്ദേശജനതകളുടെയും അവകാശങ്ങളും അന്തസ്സും മാനിക്കുന്ന വിധത്തിലുള്ള നിഗമനങ്ങളില്‍ എത്തിച്ചേരുവാന്‍ സിനഡിനുശേഷമുള്ള പ്രബോധനങ്ങളിലൂടെ സാധിക്കുമെന്നാണ് സഭ പ്രത്യാശിക്കുന്നത്. ഒക്ടോബര്‍ 6-മുതല്‍ 27-വരെ തിയതികളിലാണ് ആമസോണ്‍ പ്രവിശ്യയെയും അവിടുത്തെ തദ്ദേശജനതകളെയും സംബന്ധിച്ച് മെത്രാന്മാരുടെ സിനഡുസമ്മേളനം വത്തിക്കാനില്‍ അരങ്ങേറാന്‍ പോകുന്നത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 July 2019, 09:45