തിരയുക

Vatican News
കുരിശ് കുരിശ് 

വാഴ്ത്തപ്പെട്ട ബര്‍ത്തൊലൊമെയൊ വിശുദ്ധരുടെ നിരയിലേക്ക്!

"സമാന വിശുദ്ധപദ പ്രഖ്യാപനവും" വിശുദ്ധരുടെ നാമകരണത്തിനായുള്ള സംഘത്തിന്‍റെ പുതിയ 8 പ്രഖ്യാപനങ്ങളും.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

നിണസാക്ഷികളുടെ വാഴ്ത്തപ്പെട്ട ബര്‍ത്തൊലൊമേയൊയെ ഫ്രാന്‍സീസ് പാപ്പാ വിശുദ്ധനായി അംഗീകരിക്കുകയും അദ്ദേഹത്തോടുള്ള ആരാധനാക്രമപരമായ വണക്കം സാര്‍വ്വത്രികസഭയിലേക്കു വ്യാപിപ്പിക്കുകയും ചെയ്തു.

വെള്ളിയാഴ്ച (05/07/2019) വിശുദ്ധരുടെ നാമകരണത്തിനായുള്ള സംഘത്തിന്‍റെ  അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ ബെച്ചുവിന് അനുവദിച്ച കൂടിക്കാഴ്ചാവേളയിലാണ് വിശുദ്ധപദപ്രഖ്യാപനത്തിനു തുല്ല്യമായ ഈ അംഗീകാരം പാപ്പാ നല്കിയത്.

ഇതോടെ നിണസാക്ഷികളുടെ വാഴ്ത്തപ്പെട്ട ബര്‍ത്തൊലൊമേയൊയുടെ പേര് സഭയിലെ വിശുദ്ധരുടെ പട്ടികയില്‍ ചേര്‍ക്കപ്പെട്ടു.

ഒരു വ്യക്തിയെ വിശുദ്ധപദത്തിലേക്കുയര്‍ത്തുന്ന ഔപചാരിക നടപടികള്‍ കൂടാതെതന്നെ അദ്ദേഹത്തെ വിശുദ്ധനായി ആഗോളസഭയില്‍ വണങ്ങുന്നതിന് അനുവദിക്കുന്നതിനെ “സമാന വിശുദ്ധപദപ്രഖ്യാപനം”,  അഥവാ, “ഇക്യുവലെന്‍റെ  കാനണൈസേഷന്‍” എന്നാണ് പറയുന്നത്.

1632-ല്‍ ഉര്‍ബന്‍ എട്ടാമന്‍ പാപ്പായാണ് ഈ പ്രത്യേക നടപടിക്രമം സഭയില്‍ ഏര്‍പ്പെടുത്തിയത്.

നിണസാക്ഷികളുടെ വാഴ്ത്തപ്പെട്ട ബര്‍ത്തൊലൊമേയൊ, അല്ലെങ്കില്‍ ബെര്‍ത്തൊലൊമെയൊ ഫെര്‍ണാണ്ടസ് പോര്‍ട്ടുഗല്‍ സ്വദേശിയാണ്. 1514 മെയ് 3ന് പോര്‍ട്ടുഗലിന്‍റെ തലസ്ഥാനമായ ലിസ്ബണില്‍ ജനിച്ച അദ്ദേഹം ഡോമീനിക്കന്‍ സഭയില്‍ ചേരുകയും അന്നാട്ടിലെ ബ്രാഗ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായിത്തീരുകയും ചെയ്തു.

1590 ജൂലൈ 16 ന് പോര്‍ട്ടുഗലിലെ തന്നെ വ്യാന ദൊ കസ്തെല്ലൊയില്‍ വച്ച് ബര്‍ത്തൊലൊമേയൊ മരണമടഞ്ഞു.

2001 ല്‍ വിശുദ്ധ രണ്ടാം ജോണ്‍ പോള്‍ മാര്‍പ്പാപ്പായാണ് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.

പുതിയ പ്രഖ്യാപനങ്ങള്‍

വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘം പുതിയ 8 പ്രഖ്യാപനങ്ങള്‍ പുറപ്പെടുവിച്ചു.

വെള്ളിയാഴ്ച (05/07/2019) വിശുദ്ധരുടെ നാമകരണത്തിനായുള്ള സംഘത്തിന്‍റെ  അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ ബെച്ചുവിന് അനുവദിച്ച കൂടിക്കാഴ്ചാവേളയില്‍ ഫ്രാന്‍സീസ് പാപ്പായുടെ അംഗീകാരം ലഭിച്ചിതിനെ തുടര്‍ന്നാണ് ഈ പ്രഖ്യാപനങ്ങള്‍ ഉണ്ടായത്.

ഇവയില്‍ ആദ്യത്തേത് അമേരി‍ക്കന്‍ ഐക്യനാടുകളിലെ ആര്‍ച്ചുബിഷപ്പായിരുന്ന ധന്യന്‍ ഫുള്‍ട്ടന്‍ ജെ ഷീനിന്‍റെ മദ്ധ്യസ്ഥതയാല്‍ നടന്ന ഒരത്ഭുതം അംഗീകരിക്കുന്നതാണ്.

മറ്റു പ്രഖ്യാപനങ്ങള്‍ 6 ദൈവദാസരുടെയും 1 ദൈവദാസിയുടെയും വീരോചിതപുണ്യങ്ങള്‍ അംഗികരിക്കുന്നവയാണ്.

 

06 July 2019, 13:05