file foto : Cardinal Fernando Filoni in Taiwan, Prefect of the Congregation for the Propagation of Faith file foto : Cardinal Fernando Filoni in Taiwan, Prefect of the Congregation for the Propagation of Faith 

ഏഷ്യന്‍സഭയ്ക്കു ഭൂഷണമായി മക്കാവോയില്‍ പൊന്തിഫിക്കല്‍ സെമിനാരി

വത്തിക്കാന്‍റെ സുവിശേഷവത്ക്കരണത്തിനുള്ള പുതിയ സെമിനാരി തുറക്കുന്നത് ചൈനയുടെ ആശ്രിത രാജ്യമായ മക്കാവോയിലാണ്. 2019 സെപ്തംബറില്‍ പ്രവര്‍ത്തനം ആരംഭിക്കും.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

“പ്രൊപ്പഗാന്‍റ ഫീദേ”യുടെ കീഴില്‍
വിശ്വാസ പ്രഘോഷണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ തലവന്‍ കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോണി ഇക്കാര്യം ജൂലൈ 29-Ɔ൦ തിയതി തിങ്കളാഴ്ച ഇറക്കിയ പ്രസ്താവനയിലൂടെ വെളിപ്പെടുത്തി. “റിദേംത്തോരിസ് മാത്തര്‍” (Redemptoris Mater), “രക്ഷകന്‍റെ അമ്മ” എന്നു പേരിട്ടിരിക്കുന്ന ഈ വിശ്വാസപരിശീലനകേന്ദ്രവും സെമിനാരിയും സഭയുടെ പ്രേഷിതത്ത്വത്തിന്‍റെ മേഖലയിലെ കാലികമായ ക്രിയാത്മകതയാണെന്ന് ജൂലൈ 31-ന് റോമില്‍ ഇറക്കിയ പ്രസ്താവനയില്‍ കര്‍ദ്ദിനാള്‍ ഫിലോണി വിവരിച്ചു.

നവജ്ഞാനസ്നാനാര്‍ത്ഥികളെ രൂപപ്പെടുത്തുന്ന
നവീകരണപ്രസ്ഥാനത്തിന്‍റെ മേല്‍നോട്ടം

ജൂണ്‍ 29-ന് വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍ കര്‍ദ്ദിനാള്‍ ഫിലോണി ഒപ്പുവച്ച ഡിക്രിയിലൂടെയാണ് ഏഷ്യയുടെ സുവിശേഷവത്ക്കരണത്തിനായുള്ള ഈ സ്ഥാപനത്തെക്കുറിച്ച് പ്രഖ്യാപിച്ചത്.  ക്രൈസ്തവ ജീവിത നവീകരണപ്രസ്ഥാനവും നവജ്ഞാനസ്നാനാര്‍ത്ഥികളെ രൂപപ്പെടുത്തുന്നതിനുള്ള സംരംഭത്തെയുമാണ് (Neocatechumenate Way) ഈ  സ്ഥാപനം എല്പിച്ചിരിക്കുന്നത്.

അതിരുകള്‍ തേടിയിറങ്ങുന്ന സുവിശേഷമൗലികത
“ലോകമെങ്ങും പോയി നിങ്ങള്‍ സുവിശേഷം പ്രഘോഷിക്കുവിന്‍...” എന്ന സുവിശേഷദൗത്യവും, ആഗോള സഭാദ്ധ്യക്ഷനായ പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക പ്രബോധനം, “സുവിശേഷാനന്ദവും” (Evangelium Gaudium) ആഹ്വാനംചെയ്യുന്നതു പ്രകാരം അതിരുകളിലേയ്ക്ക് ഇറങ്ങിച്ചെന്ന് സുവിശേഷചൈതന്യം പങ്കുവയ്ക്കുവാനുള്ള ശ്രദ്ധേയമായ നീക്കമാണിത്.  പാവങ്ങളെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും ഉള്‍ക്കൊള്ളുന്ന ഒരു സാകല്യസംകൃതി വളര്‍ത്തുവാനുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ സവിശേഷമായ ആഹ്വാനം ഉള്‍ക്കൊണ്ടുമാണ് ഈ സ്ഥാപനം ഏഷ്യാഭൂഖണ്ഡത്തില്‍ ചൈന മഹാരാജ്യത്തോടു ചേര്‍ന്നു കിടക്കുന്ന മക്കാവോയില്‍ പിറവിയെടുക്കുന്നതെന്ന് കര്‍ദ്ദിനാള്‍ ഫിലോണി വ്യക്തമാക്കി.

സ്ഥാപനലക്ഷ്യം
ഏഷ്യഭൂഖണ്ഡത്തിന്‍റ സുവിശേഷവത്ക്കരണത്തിനായി വൈദികരെ രൂപപ്പെടുത്തുകയാണ് സെമിനാരിയുടെ അടിസ്ഥാനലക്ഷ്യം. പ്രാര്‍ത്ഥനാജീവിതത്തിലും, ദൈവിക പുണ്യങ്ങളിലും, തത്ത്വശാസ്ത്ര-ദൈവശാസ്ത്ര പഠനങ്ങളിലും സമര്‍പ്പിതരായ ഭാവി വൈദികരെ സുവിശേഷവത്ക്കരണത്തിന്‍റെ ആത്മീയ യാത്രയ്ക്കായി ഒരുക്കുന്നതോടൊപ്പം, സഭാശുശ്രൂഷയില്‍ താല്പര്യമുള്ള അല്‍മായരെയും കുടുംബങ്ങളെയും സുവിശേഷപ്രഘോഷണത്തിനും മതബോധനത്തിനുമായി രൂപപ്പെടുത്തുന്ന സ്ഥാപനമായിരിക്കുമിത്. കാനോനിക സ്ഥാനവും ഏഷ്യയുടെ തദ്ദേശത്തനിമയും നിലവാരവുമുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനവും, ആഗോളസഭയുടെ “വലിയ സെമിനാരി”യുമായി (A Major Seminary of the Church) അന്നാടിന്‍റെ നിയമങ്ങള്‍ക്കും സാമൂഹിക സാംസ്കാരിക ചുറ്റുപാടുകള്‍ക്കും അനുസൃതമായി ക്ലാസ്സുകളും പാഠ്യപദ്ധതികളും സെപ്തംബര്‍ മാസംമുതല്‍ പ്രവര്‍ത്തന നിരതമാകുമെന്ന് കര്‍ദ്ദിനാള്‍ ഫിലോണി വിശദീകരിച്ചു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 July 2019, 16:58